30 March Thursday

മുത്തശ്ശിമരവും ഫോസ്സിലുകളും പറഞ്ഞുകേട്ടൊരു അറബിക്കഥയും ...ആന്‍ പാലി എഴുതുന്നു

ആന്‍ പാലിUpdated: Wednesday Feb 12, 2020


പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'


ബ്രിട്ടീഷ് രാജവംശത്തിൽ നിന്നും ലോകത്തിനു തന്നെ ഒരു വലിയ മാതൃക എന്ന നിലയിലാണ് വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും തമ്മിലുള്ള വിവാഹജീവിതം എന്നും വർണ്ണിച്ചിട്ടുള്ളത്. ഭർത്താവ് മരിച്ചതിന് ശേഷമുള്ള ഓരോ രാത്രികളിലും രാജ്ഞി ആൽബർട്ടിന്റെ ഉടുപ്പുകൾ പുണർന്നുകൊണ്ടും ബാക്കി വന്ന സുഗന്ധം നിശ്വസിച്ചുകൊണ്ടുമാണ് ഉറങ്ങിയതെന്നുകൂടി പറയപ്പെടുന്നു. ലോകം കീഴടക്കാൻ പുറപ്പെട്ട ബ്രിട്ടീഷുകാർ ബന്ധങ്ങളിൽ പരസ്പരവിശ്വാസത്തിനും സത്യസന്ധതയ്ക്കുമെല്ലാം ഊന്നൽ നൽകുന്ന പ്രിയപ്പെട്ട വിക്ടോറിയൻ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് രാജ്ഞിയോടുള്ള കൂറും പ്രഖ്യാപിച്ചു . എന്നാൽ അതേ വിക്ടോറിയ രാജ്ഞിയുടേയും ആൽബർട്ട് രാജകുമാരന്റേയും പേരിലുള്ള ഒരു മ്യൂസിയം മോഷണമുതലുകളുടെ പ്രദർശനശാല ആക്കിയാലോ? വെറുതെ പറയുന്നതല്ല കേട്ടോ ...


ലോകത്തിലെ അത്യുഗ്രൻ മ്യൂസിയങ്ങളിലൊന്നാണ് വിക്ടോറിയ ആൻഡ്  ആൽബർട്ട് , അഥവാ വീ ആൻഡ് എ മ്യൂസിയം, നല്ല സുന്ദരൻ വസ്തുക്കളുടെ അമൂല്യശേഖരം. മാർച്ച് മാസത്തിലെ പ്രസന്നമായ ഒരു പ്രഭാതത്തിലാണ്  വീ ആൻഡ് എ മ്യൂസിയമുള്ള സൗത്ത് കെൻസിംഗ്ടണിലേക്ക് യാത്ര പോയത്. സാധാരണ ജോലിക്കു പോകുമ്പോൾ ആ വഴിയൊക്കെ പോകാറുണ്ടെങ്കിലും ഒരിക്കലും അവിടെയിറങ്ങി ഒന്ന് നോക്കാനോ കാഴ്ചകൾ കാണാനോ ശ്രമിച്ചില്ല എന്നതാണ് സത്യം. അതിന് കാരണവുമുണ്ട്, ഒരു ദിവസം മുഴുവനും ചെലവഴിച്ചാൽ മാത്രമേ എക്സിബിഷൻ റോഡിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും സയൻസ്  മ്യൂസിയവും വി ആൻഡ് എ മ്യൂസിയവും വിശദമായി കാണാൻ കഴിയൂ. ഇതിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വലിയ പ്രദർശനഹാളും അതിലുള്ള ഭീമാകാരൻ ദിനോസറിനേയുമൊക്കെ നമ്മൾ പല ചിത്രങ്ങളിലും കണ്ടിട്ടുണ്ട്. അവിടെ എത്തുന്ന ഓരോ സന്ദർശകനേയും ശ്രദ്ധിച്ചുനോക്കി നിശ്ശബ്ദനായി ഇരിക്കുന്ന കുലീനനായ ഒരു വൃദ്ധന്റെ പ്രതിമയുണ്ട്, പരിണാമസിദ്ധത്തിന്റെ വക്താവ് ചാൾസ് ഡാർവിനാണത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്ത ഫോസ്സിലുകളും വിവിധ സംസ്‌കാരങ്ങളിൽ നിന്നുമുള്ള ഒട്ടനവധി അറിവുകൾ പകർന്നു നല്കുന്നയിടം.

രണ്ടാമത്തെ സയൻസ് മ്യൂസിയം കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. ഓരോ ശാസ്ത്രശാഖയ്ക്കും വിവിധങ്ങളായ പരീക്ഷണശാലകൾ, ശാസ്ത്രം എങ്ങനെയാണ് മനുഷ്യജീവിതം മാറ്റിയെഴുതിയതെന്ന് പറഞ്ഞു തരുന്ന പുസ്തകങ്ങളും വിഡിയോകളും പ്രദര്ശനവസ്തുക്കളും നിറഞ്ഞ വിവിധ ഹാളുകൾ. അതിൽത്തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടത് റോബോട്ട്സിനെക്കുറിച്ചും സ്പേസിനെപ്പറ്റിയുമുള്ള എക്സിബിഷനാണ്, നമ്മൾ അറിഞ്ഞതോ കരുതുന്നതോ മാത്രമല്ല ഈ ലോകമെന്ന് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മനസ്സിലാക്കാൻ സ്പേസ് മ്യൂസിയം ഒന്ന് പോയിക്കണ്ടാൽ മതി.


ഏറ്റവുമൊടുവിലാണ് വിക്ടോറിയ ആൻഡ്  ആൽബർട്ട് മ്യൂസിയത്തിൽ പോയത് .സ്വർണ്ണത്തിലും വെള്ളിയിലുമുള്ള നിരവധി ആഭരണങ്ങളും  ശില്പങ്ങളും  പെട്ടികളുമൊക്കെ ഓരോ ഇഞ്ചിലും കൗശലപൂർവ്വം കൊത്തിവെച്ചിരിക്കുന്ന അലങ്കാരപ്പണികൾ കൊണ്ടും അപൂർവ്വയിനം രത്നക്കല്ലുകൾ കൊണ്ടും വേറിട്ട് നിൽക്കുന്നു. ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്കു കയറുമ്പോൾ ഇത്രയ്‌ക്കൊക്കെ സമ്പത്ത്‌ ഈ ഭൂമിയിലുണ്ടോ എന്ന് കണ്ണ് മിഴിച്ചു പോകുന്നത്രയും വർണ്ണാഭമായ ലോകം! ഏതോ അറബിക്കഥയിലെ നിധിശേഖരം കാണുന്ന അവസ്ഥ! കുറച്ചു കഴിഞ്ഞപ്പോൾ കഥയേതെന്ന് വ്യക്തമായി. നാൽപതു കള്ളന്മാരുടെ പിറകെ പോയി കൊള്ളമുതൽ സൂക്ഷിച്ച ഗുഹയിൽ ചെന്ന് കയറിയ ആലിബാബയുടെ കഥ തന്നെ!

ചില ചെറിയ ഉദാഹരണങ്ങൾ പറയാം, ശ്രീലങ്കയിൽ നിന്നുള്ള സ്വർണ്ണബുദ്ധപ്രതിമ, ആഫ്രിക്കയിൽ നിന്നുമുള്ള ആഭരണങ്ങൾ, ഗ്രീക്ക് ശില്പങ്ങൾ, ബെനിൻ വെങ്കലഫലകങ്ങൾ, മഗ്ദലയിൽ നിന്നുമുള്ള കിരീടം എന്നിങ്ങനെ പോയി കീഴടക്കിയ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള വിവിധയിനം കൊള്ളവസ്തുക്കൾ മ്യൂസിയത്തിൽ 'അഭിമാനത്തോടെ' പ്രദർശിപ്പിച്ചിരിക്കുകയാണ്. അവിടെ വെച്ചാണ് ആദ്യമായി ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നത്.  ചൈനയും ഈജിപ്തും ശ്രീലങ്കയും ആഫ്രിക്കയുമൊക്കെ  മാത്രമല്ല നമ്മുടെ ഇന്ത്യ കൂടി ഈ അനീതിക്ക് ഇരകളായല്ലോ എന്ന സങ്കടം ബാക്കിയാവുന്ന നിമിഷം. എത്ര സുന്ദരമായ ഒരു ലോകം എന്ന് കണ്ണുകൾ ആർദ്രമാവേണ്ട ഒരിടത്തുനിൽക്കുമ്പോളാണ്  ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൊരു തേങ്ങൽ പുറത്തേയ്ക്കു വരുന്നത്, 'കളളൻ ' എന്ന് വിരൽചൂണ്ടി ആ രാജ്യത്തെ കുറ്റപ്പെടുത്താൻ തോന്നുന്നത്.

കയ്യിലുള്ള പ്രദർശനസ്തുക്കളൊക്കെ നേരായ വഴിയിലൂടെയോ ലോണിലൂടെയോ മാത്രം ലഭിച്ചതാണെന്നൊക്കെ ബ്രിട്ടീഷുകാർ പറയുന്നുണ്ട്. എന്നാൽ അതൊക്കെ പൊള്ളയായ വാദങ്ങളാണെന്ന് ചരിത്രാന്വേഷികളും പൈതൃകസംരക്ഷകരുമൊക്കെ ഉറക്കെപ്പറയുകയും ചിലരെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ ഈ വർഷമെങ്കിലും കുറച്ചൊക്കെ കയ്യിൽ നിന്നും കൊടുത്തേ പറ്റൂ എന്ന അവസ്ഥയിലാണ് ബ്രിട്ടൻ. നമ്മുടെ കോഹിനൂർ രത്‌നം ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടമലങ്കരിക്കുന്ന കഥയൊക്കെ കെട്ടവരാണ് നമ്മൾ. എന്നാൽ അത് ഒരു വലിയ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമേ ആവുന്നുള്ളൂ എന്ന് വിക്ടോറിയ ആൻഡ്  ആൽബർട്ട് മ്യൂസിയത്തിൽലെ കാഴ്ചകൾ നമുക്ക് പറഞ്ഞു തരും.  നൂറ്റാണ്ടുകൾ പ്രയത്നിച്ചു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ അപനിർമ്മാണം നടന്നത് മാനവികതയുടെ ഒരു നുള്ളു പോലും കരുതിവയ്ക്കാനാവാത്തതുകൊണ്ടാണെന്ന് ബോധ്യമായ ദിവസം. ചില യാത്രകൾ അസ്വസ്ഥതകൾ സമ്മാനിക്കുന്നതും അതുകൊണ്ടൊക്കെതന്നെയാണ്.


പറയാൻ ബാക്കി വെച്ചത്- ചില പ്രത്യേക പരിപാടികൾക്കൊക്കെ ചെറിയ തുക നല്കണമെങ്കിലും  എക്സിബിഷൻ റോഡിലെ മൂന്ന് മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമാണ്. അത് വഴി നടക്കുമ്പോൾ ഒരു ചുവന്ന മരക്കഷ്ണം കണ്ടാൽ മനസ്സുകൊണ്ടെങ്കിലും ഒന്ന് നമിക്കാതെ പോവരുത്. ഡൈനോസറുകളെക്കാളും കൂടുതൽ പൂർണ്ണചന്ദ്രന്മാരെക്കണ്ട ഒരു വൃക്ഷമുത്തശ്ശിയുടെ ശേഷിക്കുന്ന ഭാഗമാണത്.  മുന്നൂറ്റിമുപ്പതു മില്യൺ വർഷങ്ങൾ പഴക്കമുള്ള വൃക്ഷമുത്തശ്ശിയെ  സ്കോട്ലൻഡിൽ നിന്നും കണ്ടെത്തി ലണ്ടനിലെത്തിച്ചതാണ്. തൊടാൻ പാടില്ലെങ്കിലും മുത്തശ്ശിയുടെ അടുത്ത് പോയി ഒരു ഫോട്ടോ ഒക്കെ എടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top