23 September Saturday

കൌതുകക്കാഴ്ചകളൊരുക്കി തായ്‌ലന്‍ഡ്

പി ജി സുജUpdated: Sunday Nov 6, 2016

ഇന്ത്യക്കാര്‍ അവധിക്കാലം ചെലവഴിക്കാന്‍ വിദേശരാജ്യങ്ങളില്‍പോകുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ഇതു മുതലെടുക്കുകയാണ് ടൂറിസത്തില്‍ ഇന്ത്യക്കൊപ്പം മുന്നേറുന്ന അയല്‍രാജ്യങ്ങള്‍. തായ്ലന്‍ഡ് ഇക്കൂട്ടത്തില്‍ മുന്‍നിരയിലാണ്. പല കാര്യങ്ങളിലും കേരളത്തിനോടു സാമ്യമുള്ള തായ്ലന്‍ഡ് ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള സഞ്ചാരികള്‍ക്കായി കൌതുകക്കാഴ്ചകളൊരുക്കി പുതിയ സീസണ് തയ്യാറെടുക്കുകയാണ്. വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങളാണ് തായ്ലന്‍ഡ് വിനോദസഞ്ചാരികള്‍ക്കുമുന്നില്‍ തുറന്നിടുന്നത്്. പട്ടായ എന്ന യുവാക്കളുടെ പറുദീസയായ കടല്‍തീര വിനോദസഞ്ചാരകേന്ദ്രത്തിനു പകരം ഫുക്കറ്റ്, ഹുവാഹിന്‍ തുടങ്ങിയ പുതുനഗരങ്ങള്‍തന്നെ തായ്ലന്‍ഡ് ലോകസഞ്ചാരികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു. ബാങ്കോക്കാകട്ടെ ഷോപ്പിങ്ങിന്റെ കണ്ണഞ്ചിക്കുന്ന കേന്ദ്രവും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ചെറുപ്പക്കാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന നിരവധിയിടങ്ങള്‍ ഇവിടെയുണ്ടെന്ന ടൂറിസം അതോറിറ്റിയുടെ പ്രചാരണം ഫലംകണ്ടു തുടങ്ങിയെന്ന് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡ് ഡയറക്ടര്‍ സൊരയ ഹോംച്യൂ പറയുന്നു. 

2015ല്‍ 10.69 ലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് തായ്ലന്‍ഡ് സന്ദര്‍ശിച്ചതെന്ന് തായ്ലന്‍ഡ് എമിഗ്രേഷന്‍ ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വളര്‍ച്ചയാണ് അടുത്തവര്‍ഷം ലക്ഷ്യമിടുന്നതെന്ന് സൊരയ്യ വ്യക്തമാക്കി. ഇതിനായി വിവിധ പദ്ധതികളാണ് തായ്ലന്‍ഡ് ടൂറിസം അതോറിറ്റി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. വിവാഹവേദിയൊരുക്കാനുള്ള ഇടം, മധുവിധു ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്കുള്ള പ്രിയകേന്ദ്രം, സ്ത്രീകള്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാനാവുന്ന സ്ത്രീസൌഹൃദരാജ്യം തുടങ്ങിയ നിരവധി ആകര്‍ഷണങ്ങളാണ് തായ്ലന്‍ഡ് ഉയര്‍ത്തിക്കാട്ടുന്നത്.

സാഹസികപ്രിയര്‍ക്കും ഇഷ്ടലൊക്കേഷനാണിവിടം. കടലിനുള്ളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചെങ്കുത്തായ പാറയിടുക്കുകളിലേക്കുള്ള കയാക്കിങ്  സഞ്ചാരം, 1974ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ലൊക്കേഷനായ പനാങ് കടലിടുക്കിനു സമീപമുള്ള സുവര്‍ണദ്വീപ് എന്നിവയൊക്കെ സാഹസികര്‍ക്ക് തികഞ്ഞ സംതൃപ്തി നല്‍കുന്നു. ഗോള്‍ഫ് കളിക്കാരുടെയും പ്രിയകേന്ദ്രമാണിവിടം.   ഫുക്കറ്റിലെയും മറ്റും പൈതൃകമുറങ്ങുന്ന തെരുവുകള്‍, തായ് മസാജിങ്,  വൈവിധ്യമാര്‍ന്ന തായ്ഭക്ഷണ വിഭവങ്ങള്‍ എന്നിവയും കുടുംബങ്ങളുടെ ആകര്‍ഷണങ്ങളാണ്്. ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി  വനിതാ ഗോള്‍ഫറായ വാണികപുറിനെ ഇന്ത്യയിലെ തായ്ലന്‍ഡ് ഗോള്‍ഫ് അമ്പാസഡറായും ഹിന്ദി ടിവി താരം അനുഷ ദണ്ഡേക്കറെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചിട്ടുണ്ട്.

ഇന്ത്യന്‍നഗരങ്ങളില്‍ വരുംമാസങ്ങളില്‍ റോഡ്ഷോകള്‍ നടത്തി തായ്ലന്‍ഡിലെ ടൂറിസംസാധ്യതകള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സൊരയ്യ പറഞ്ഞു.    കൊച്ചിയില്‍നിന്ന്  ഈ വര്‍ഷം ആദ്യംമുതല്‍ തലസ്ഥാനമായ ബാങ്കോക്കിലേക്ക്  തായ് എയര്‍ ഏഷ്യയുടെ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചതോടെ  8000 രൂപയില്‍ താഴെ മാത്രം ചെലവുവരുന്ന രീതിയില്‍ യാത്ര ആസൂത്രണംചെയ്യാനാകും. അഞ്ചുദിവസത്തേക്ക് യാത്രയും താമസവും ഭക്ഷണവും ഉള്‍പ്പെടെ 25,000 രൂപയില്‍ താഴെ ചെലവുവരുന്ന പാക്കേജുകളൊരുക്കുന്ന ഗ്രൂപ്പുകളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top