കിഴുന്ന കടപ്പുറത്തേക്ക് വരൂ; വ്യത്യസ്തമാണിവിടം

കിഴുന്ന ബീച്ച്

ഇ പ്രഭാകരൻ
Published on Feb 05, 2025, 04:39 PM | 2 min read
കേരളത്തിലെ തന്നെ ഏറ്റവും മനോഹര മായ ബീച്ചുകളിൽ ഒന്നെന്ന് തീർച്ചയായും മനസിൽ കുറിക്കാം. കണ്ണൂർ ജില്ലയിലെ കിഴുന്ന ബീച്ച് ഒരിക്കൽ സന്ദർശിക്കുക. വ്യത്യസ്തമായ വിനോദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുന്നവരുടെ ആകർഷണമാണിവിടം.
മൂന്ന് കിലോമീറ്റർ നീളത്തിൽ തികച്ചും ശാന്തമായകടൽത്തീരം. നഗര ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് യാത്രികരുടെ തിക്കിതിരക്കലുകൾ ഇല്ലാത്ത സ്വസ്ഥമേഖല. വൃത്തിയുള്ളതും, ആഴം കുറഞ്ഞതുമായ കടൽത്തീരം കടൽ കാണാൻ എത്തുന്നവർക്കും മറക്കാനാവാത്ത അനുഭവമാവും.
വരഞ്ഞുവെച്ച ചിത്രം പോലെ വശ്യമനോഹരമാണിവിടം. പകലുകളിൽ കടൽക്കാറ്റേറ്റ് വെറുതെ ഇരിക്കാനും, കരയെ ആഞ്ഞ് പുൽകുന്ന തിരമാലകൾ കണ്ടിരുന്ന് സ്വയം മറക്കാനും, സൺബാത്ത് ചെയ്യാനും, വെയിൽചായുന്ന നേരത്ത് പൂഴിമണലിൽ വോളിബോളോ, ഫുട്ബോളോ കളിക്കാനും, ആഴം കുറഞ്ഞ തീരത്ത് കുളിക്കാനും ഇവിടെയെത്താം. യാത്രികരിൽ സ്വദേശികളും, വിദേശികളുമുണ്ട്.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കിഴുന്ന ഡിവിഷനിലാണ് ഈ തീരം. പലരും ഈ ബീച്ചിനെക്കുറിച്ച് അറിഞ്ഞ് വരുന്നതേയുള്ളു. അറിഞ്ഞും, കേട്ടും ഇവിടെയെത്തുന്നവരുടെ എണ്ണം വർധിക്കയാണ്.
ഒരിക്കൽ വന്നവർ വീണ്ടും, വീണ്ടും മറക്കാതെ എത്തുന്നു.
റിസോർട്ടുകളിൽ താമസിച്ച് കടൽത്തീരത്തിന്റെ ഭംഗിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർക്കും സൌകര്യങ്ങളുണ്ട് .
വരുമോ ഒരു ടൂറിസം ഇടനാഴി
ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശമാണ് കിഴുന്ന തീരത്തിന് തുടർച്ചയായുള്ളത്. കിഴുന്നയ്ക്ക് ചേർന്ന് ഇരുവശങ്ങളിലുമായി കിടക്കുന്ന ഏഴര, മുനമ്പ്, തോട്ടട ബീച്ചുകൾക്കൊപ്പം അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകൾ, ധർമ്മടം തുരുത്ത് എന്നിവ ഒറ്റ യാത്രാ ശൃംഖലയിൽ ഉൾപ്പെടുത്താം.
ഇവ കൂട്ടിയിണക്കി 20 കി മി നീളത്തിൽ ഒരു ടൂറിസം ഇടനാഴി രൂപപ്പെടുത്തനും സാധ്യതയുണ്ട്. സർക്കാരിൻ്റെ പരിഗണനയിലുള്ള തീരദേശ റോഡ് കൂടി യാഥാർത്ഥ്യമാകുമ്പോൾ സഞ്ചാരികൾക്ക് ഇവിടെ എളുപ്പം എത്താനാകും.
അടിസ്ഥാന സൗകര്യ വികസനം ഇനിയും മെച്ചപ്പെടണം. ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു ടൂറിസം കേന്ദ്രമെങ്കിലും ഉണ്ടാക്കുകയെന്ന ഗവൺമെൻ്റിൻ്റെ പ്രഖ്യാപിത പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ സാധ്യതയേറെയുള്ള, തികച്ചും പ്രകൃതിസൗഹൃദമായ ഒരു പ്രദേശമാണ് കിഴുന്നയും തൊട്ടു കിടക്കുന്ന മറ്റ് ബീച്ചുകളും.
ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായസൗകര്യങ്ങളൊരുക്കാൻ
കുടുംബശ്രീ, പ്രവാസി സംഘടനകൾ സഹകരണ സംഘങ്ങൾ എന്നിവയുടെ സേവനംഉപയോഗപ്പെടുത്താവുന്നതാണ്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇവരെ കൂടി ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിൻ്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനായാൽ പുതിയ തൊഴിൽ സാധ്യതയിലേക്കായിരിക്കും അത് വഴി തുറക്കുക.
റോഡ് വേണം
കണ്ണൂർ റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കിഴുന്നപ്പാറയിൽ നിന്നും പീച്ചപ്പാലം, പാറക്കണ്ടി കാവ് ,കടലായി കണ്ണൂർ ആശുപത്രി റോഡ് വീതി കൂട്ടി ഇതുവഴി ബസ് സർവ്വീസ് കൂടി ഇവിടെ സാധ്യമാക്കിയാൽ ബീച്ചുകളിലെത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഗതാഗത കുരുക്കുകളില്ലാതെ എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും.
0 comments