ടോപ് ഗിയറിൽ ഡബിൾ ഡെക്കർ; ഇതുവരെയുള്ള വരുമാനം 2,99,200 രൂപ

മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്
മൂന്നാര്‍ : മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ 869 പേരാണ് യാത്രചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം.
ബസിന്റെ ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർ. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് നിരക്ക്.
എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണുള്ളത്. രാവിലെ ഒമ്പതിന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി പകല്‍ 12ന് തിരിച്ചെത്തും. തുടർന്ന് 12.30ന് പുറപ്പെട്ട് 3.30ന് തിരിച്ചെത്തും. അവസാന ട്രിപ്പ് വൈകിട്ട് നാലിന് ആരംഭിച്ച് രാത്രി ഏഴിന് അവസാനിക്കും.
മുന്നാർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. കെഎസ്ആർടിസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും onlineksrtcswift.com ലും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നേരിട്ടെത്തിയും ബുക്ക്ചെയ്യാം.
0 comments