ചിത്രന്റെ സ്വപ്‌നയാത്ര തുടരുന്നു


അതുല്യ ഉണ്ണി [email protected]
Published on Mar 09, 2025, 08:22 AM | 3 min read
കേട്ടറിഞ്ഞ ഇടങ്ങളെ കണ്ടറിഞ്ഞ് യാഥാർഥ്യമാക്കാൻ കണ്ണൂരിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ‘സുഹൃത്തുക്കളേ’ എന്ന വിളിയിലൂടെ ഹൃദയം നിറയ്ക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചകൾ ആളുകളിലേക്ക് എത്തിക്കുകയാണ് ചിത്രൻ രാമചന്ദ്രൻ എന്ന ഇരുപത്താറുകാരൻ. സ്വപ്നങ്ങളിലൂടെ പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ചകളിലേക്ക് നടന്നെത്തുന്നു. കഥകളിലും പുസ്തകങ്ങളിലും ചിത്രങ്ങളിലുംമാത്രം കണ്ടു കേട്ടും വളർന്ന വിസ്മയങ്ങൾ കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന യാത്രാ വ്ലോഗർകൂടിയാണ് ചിത്രൻ. ആരുടെയും സഹായമില്ലാതെ പ്രകൃതിയുടെ മനോഹാരിത ആവോളം നുകർന്നുള്ള ചിത്രന്റെ യാത്രകൾ.
ആദ്യ യാത്ര
2022 നവംബർ ഒന്നിന് കണ്ണൂർ ജില്ലയിലെ എയിലോടുനിന്നാണ് യാത്ര. കാൽനട അല്ലെങ്കിൽ ലിഫ്റ്റ് കിട്ടുന്ന വാഹനങ്ങൾമാത്രം. 6000 രൂപയും അത്യാവശ്യ സാമഗ്രികളും ടെന്റും മാത്രമാണ് കൈയിൽ. വഴിയരികിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമാണ് ഉറക്കം. നാടുവിട്ട് ആദ്യമായി എത്തുന്നത് കർണാടകത്തിൽ. ഭാഷ, ഭക്ഷണം, ആളുകളുടെ പെരുമാറ്റം, കാലാവസ്ഥ ഇവയെല്ലാമായി പൊരുത്തപ്പെടാൻ കുറെസമയം. ഏകദേശം ഒരു വർഷത്തോളമെടുത്തു, ഡൽഹിവരെ എത്താൻ. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ഭക്ഷണത്തിനായിരുന്നു. കശ്മീരിൽ എത്തിയശേഷം യാത്ര മതിയാക്കാൻ തോന്നിയില്ല. അങ്ങനെയാണ് ഹിമാലയത്തിലേക്കുള്ള യാത്രകൾ. കാടുകളും മലകളും കേറി അവിടത്തെ കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാൻ തുടങ്ങി. ചില സമയങ്ങളിൽ യാത്ര ഭയപ്പെടുത്തിയിരുന്നു. പക്ഷേ, സന്തോഷത്തോടുകൂടിയാണ് ഓരോ യാത്രയും പൂർത്തിയാക്കിയത്. ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയായിരുന്നു ജീവിതത്തിൽ മാറ്റം കൊണ്ടുവന്നത്. വിനോദ സഞ്ചാര മേഖലകൾ കൂടുതലും ഒഴിവാക്കി. പ്രകൃതി കാണാനും ആസ്വദിക്കാനും ഒരു രൂപപോലും മുടക്കേണ്ടതില്ലെന്ന ചിന്തയിലാണ് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും ടെന്റ് അടിച്ച് കാടുകളിൽ കിടന്ന് ഉറങ്ങാനും കഴിഞ്ഞത്. 10 കിലോ ഭാരമുള്ള എൽപിജി സിലിണ്ടർ എടുത്താണ് മലകയറുന്നത്. യാത്രയിലെ ഒമ്പത് മാസവും സഞ്ചരിച്ചത് നേപ്പാളിലാണ്. ഇന്ത്യക്കാർക്ക് ആധാർ കാർഡ് ഉണ്ടെങ്കിൽ അവിടെ സഞ്ചരിക്കാം. അവിടത്തെ ഗ്രാമങ്ങളാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത്.
മനുഷ്യർ
സ്വർണത്തേക്കാൾ വിലപ്പെട്ട ഓർമകൾ കുറെ നല്ല മനുഷ്യർ സമ്മാനിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിലൂടെ നടന്ന് നീങ്ങുമ്പോൾ അവിടെത്തെ ജനങ്ങൾ പുതിയ കാര്യങ്ങൾ പഠിപ്പിക്കും. കുറെ ജീവിതങ്ങളും അറിയാൻ പറ്റി. വഴിയിലെ ലോറിക്കാർ പല സ്ഥലങ്ങളിലേക്ക് ലിഫ്റ്റ് തരും. അവർക്കൊപ്പം ലോറിയിൽ ഉറങ്ങിയിട്ടുണ്ട്. ഭക്ഷണവും അവർ തരും. ആ സമയത്ത് അവരെ ജോലിയിൽ സഹായിക്കും. അതിന് പൈസയും ലഭിച്ചിരുന്നു. പണം തിരികെ നൽകിയാൽപ്പോലും വാങ്ങാൻ കൂട്ടാക്കില്ല. യാത്രയുടെ തുടക്കകാലത്ത് പ്ലാസ്റ്റിക് പെറുക്കി ജീവിക്കുന്നവരോടൊപ്പം കഴിഞ്ഞിട്ടുണ്ട്. ജീവിക്കാൻവേണ്ടി റോഡിൽനിന്ന് കിട്ടുന്ന വസ്തുക്കൾ പെറുക്കിയും മറ്റും ഉപജീവന മാർഗം കണ്ടെത്തുന്ന ആളുകളെ മനസ്സിലാക്കാൻ സാധിച്ചു. അവരുടെ ജീവതമാണ് അവരുടെ യാത്ര. നാട്ടിലുള്ള സമയത്ത് വീട്, കോളേജ്, ഫുട്‌ബോൾ ഗ്രൗണ്ട് ഇത് മാത്രമായിരുന്നു കണ്ടത്. എന്നാൽ, ഈ യാത്രയിൽ കണ്ട മനുഷ്യരെല്ലാം പുതു പാഠമായിരുന്നു.മഞ്ഞുമലകൾക്കിടയിലുള്ള മനുഷ്യരെയാണ് വ്യത്യസ്തരായി തോന്നിയത്. അവിടെയുള്ളവർ താമസിക്കാൻ സൗകര്യമൊരുക്കുന്നു, കഴിക്കാൻ ഭക്ഷണം തരുന്നു. ഒരാൾപോലും ആധാർ കാർഡോ മതമോ ജാതിയോ ചോദിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിലെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഈ ചോദ്യങ്ങൾ നേരിട്ടു. യാത്രയിൽ പച്ചയായ കുറെ മനുഷ്യസ്നേഹികളെ കണ്ടുമുട്ടി.
ഗ്രാമങ്ങൾ
യാത്രയിലെ ഗ്രാമങ്ങളെല്ലാം അവിസ്മരണീയമാണ്. ഉത്തരാഖണ്ഡിലെ നാഗ്ലിങ് ഗ്രാമത്തിൽനിന്ന് ഭുഖ്യാൽ എന്ന സ്ഥലത്തേക്കുള്ള യാത്ര. കൊടുംകാട്. ഗ്രാമവാസികൾ പോകുന്നത് വിലക്കി. തിരിച്ചുവരുമെന്ന് അവർക്ക് വാക്ക് കൊടുത്ത് ആ മല കയറി. ആ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ചയായിരുന്നു സ്വപ്നത്തിലെ ജീവിതം. രണ്ട് ആളുകൾ ആടിനെ മേയ്ക്കുന്നത് കണ്ടപ്പോൾ ജീവിതം അവിടെ പൂർണമായതുപോലെ തോന്നി. നേപ്പാളിലെ ഡോൽപ ജില്ലയിലെ ഗ്രാമങ്ങൾ മറ്റൊരു അനുഭവമാണ്. അധികവും മഞ്ഞ് വീഴുന്ന ഒരു സ്ഥലം. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. നമ്മുടെ നാട്ടിലെ പിക്കപ് പോലത്തെ വാഹനങ്ങളാണ്. അവിടെയാണ് ഷെയ് ഫോക്സുണ്ടോ നാഷണൽ പാർക്ക്. ആ യാത്ര ഒന്നര മാസമാണ്. ഗ്രാമവാസികളുടെ വീട്ടിൽ കഴിഞ്ഞ് അവർക്കൊപ്പം ജീവിച്ചാണ് യാത്ര പൂർത്തിയാക്കിയത്. കൊടുംകാട്ടിലൂടെയുള്ള യാത്ര ഭീതി പരത്തി. പോക്സുണ്ടോ ഖോല എന്ന നദിക്ക് പച്ചയും നീലയും കലർന്ന നിറം. ഹിമാലയൻ താഴ്വാരങ്ങളിലെ ഗ്രാമങ്ങളും ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളും വ്യത്യസ്തമാണ്. ജീവിതവും വ്യത്യസ്തമാണ്. പട്ടണങ്ങളിൽനിന്ന് മാറി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് യഥാർഥ മനുഷ്യരുടെ ജീവിതം കാണാൻ സാധിച്ചത്. തിരക്കിൽനിന്നു മാറി പ്രകൃതിയുടെ സൗന്ദര്യംമാത്രം ആസ്വദിച്ച് അവിടെ കൃഷിചെയ്ത് മുന്നോട്ടുള്ള ജീവിതം അവിടെത്തന്നെ ജീവിച്ചു തീർക്കുന്ന ധാരാളം ജനങ്ങൾ.
ജീവിതമാണ് യാത്ര
ഓരോ യാത്രയും പുതിയ പാഠങ്ങളാണ്. ജീവിതമാണ് യാത്ര. സന്തോഷത്തിനും മറ്റു രാജ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മനുഷ്യരെക്കുറിച്ച് അറിയാനുമായാണ് യാത്ര തുടങ്ങിയത്. പിന്തുണയ്ക്കുന്നതിനൊപ്പം പരിഹസിക്കാനും നിരവധി പേരുണ്ടായി. ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ടു. യാത്രകൾ തുടരുകയാണ്. ഇന്ത്യയും നേപ്പാളും നടന്ന് കുറെ സഞ്ചരിച്ചു. ഇനിയുമുണ്ട് ബാക്കി.
0 comments