അഗസ്ത്യാര്‍കൂടം വിളിച്ചപ്പോള്‍


രഞ്ജിത് വിശ്വം
Published on Feb 02, 2025, 10:57 AM | 3 min read
വെയിൽ കടക്കാത്ത നിബിഡവനങ്ങളും കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പുൽമേടുകളും ചോലവനങ്ങളും പാറക്കെട്ടുകളും താണ്ടിയുള്ള അഗസ്ത്യാർകൂട യാത്ര മറക്കാനാകാത്ത അനുഭവമാണ്. കേരളത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രക്കിങ് പാതയിലൂടെ രണ്ട് ദിവസംകൊണ്ട് 18 കിലോമീറ്റർ സഞ്ചരിച്ചാണ് സമുദ്രനിരപ്പിൽനിന്ന് 6129 അടി ഉയരത്തിലുള്ള അഗസ്ത്യാർകൂടത്തിലെത്തുക. അഗസ്ത്യമല കയറാൻ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഒരു മാസം നീളുന്ന ട്രക്കിങ് സീസൺ എല്ലാവർഷവും ജനുവരി പകുതി മുതൽ ആരംഭിക്കും. ഓൺലൈനായി ബുക്ക് ചെയ്യാം. ഒരു ദിവസം നൂറു പേർക്കാണ് പ്രവേശനം. ഈ വർഷം ഫീസ് 2700 രൂപയായിരുന്നു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് പണമടച്ചാൽ യാത്രാ തീയതി അറിയിച്ചുള്ള മെയിലും എൻട്രി പാസും ലഭിക്കും. കാഠിന്യമേറിയ യാത്രയായതിനാൽ നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. കൂടെ ഫോട്ടോയോടുകൂടിയ തിരിച്ചറിയൽ കാർഡും.
വനംവകുപ്പിനു കീഴിലുള്ള പേപ്പാറ വന്യജീവി സങ്കേതത്തിലാണ് അഗസ്ത്യാർകൂടം. അപൂർവ ജൈവവൈവിധ്യത്തിന്റെ കലവറയായതിനാൽ കർശന നിയന്ത്രണങ്ങളുണ്ട്. ഈ വർഷത്തെ ആദ്യ ബാച്ചിൽ ജനുവരി 20ന് രാവിലെയാണ് ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് യാത്രതുടങ്ങിയത്. തലേന്ന് 20 കിലോമീറ്റർ അകലെയുള്ള വിതുരയിലെത്തി, താമസിച്ച് പുലർച്ചെ ബോണക്കാട് ബസിറങ്ങി മൂന്ന് കിലോമീറ്റർ നടന്നാണ് ഫോറസ്റ്റ് ചെക്ക് പോസ്‌റ്റിലെത്തിയത്.
12 കിലോമീറ്റർ അകലെ അതിരുമല ബേസ് ക്യാമ്പിലേക്കാണ് ആദ്യദിവസ യാത്ര. ആകാശം മേഘാവൃതമാണ്. അതിരുമലയിലും അഗസ്ത്യാർകൂടത്തിലും മഴയും കാറ്റുമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ അഗസ്ത്യാർകൂടത്തിനു മുകളിലേക്കുള്ള യാത്ര മുടങ്ങും. കൊടുംകാടിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. പത്തുപേരടങ്ങുന്ന സംഘങ്ങളായാണ് യാത്ര. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളാണ്. വഴിയിൽ പലയിടങ്ങളിലും ആനപ്പിണ്ടവും കാട്ടുപോത്തും കരടിയുമൊക്കെ വന്നുപോയ അടയാളങ്ങളുമുണ്ട്. ഓരോ രണ്ട് കിലോമീറ്റർ പിന്നിടുമ്പോഴും വനംവകുപ്പിന്റെ ക്യാമ്പ് ഷെഡുകളുണ്ട്. അവിടെ സദാ നിരീക്ഷണത്തിനായി വനംവകുപ്പിന്റെ ഗാർഡുകളും ഗൈഡുകളുമുണ്ട്. ആദ്യ രണ്ട് കിലോമീറ്റർ നടന്നെത്തുക ലാത്തി മൊട്ടയിലാണ്. മുന്നോട്ടുള്ള വഴി കൂടുതൽ ഇടുങ്ങിയതാണ്. പലയിടങ്ങളിലും ചെറു അരുവികൾ പാതയെ മുറിച്ചുപോകുന്നു. യാത്രയ്ക്കിടയിൽ ദാഹം തീർക്കാൻ കരുതിയ വെള്ളം തീർന്നുപോയാൽ വിഷമിക്കേണ്ട. അഗസ്ത്യമലയിലെ ഔഷധ ഗുണങ്ങളുള്ള ചെടികളെയും മരങ്ങളെയും തഴുകിയെത്തുന്ന വെള്ളം കുടിക്കാം. നാലു കിലോമീറ്റർ കഴിഞ്ഞാൽ അടുത്ത ക്യാമ്പെത്തും കരമനയാർ. അരുവിയായി പിച്ചവച്ചൊഴുകുന്ന കരമനയാർ മുറിച്ചുകടന്ന് മുന്നോട്ട്. ഉച്ചയായി. നടപ്പു തുടങ്ങി അഞ്ചു കിലോമീറ്ററോളം പിന്നിട്ടു. വഴിയിൽകണ്ട വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച് കയറിയപ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം പോയി. പിന്നെ ഫോറസ്റ്റ് ക്യാന്റീനിൽനിന്ന് വാങ്ങിയ പൊതിച്ചോറും കഴിച്ച് യാത്ര.
മൂന്നാമത്തെ ക്യാമ്പായ വാഴപൈന്തിയാർ എത്തുമ്പോൾ ആറു കിലോമീറ്റർ നടന്നു കഴിഞ്ഞു. അതിരുമല ബേസ് ക്യാമ്പിലേക്ക് ഇനി ആറ് കിലോമീറ്റർ കൂടി. ഇടതൂർന്ന വനത്തിലൂടെ അട്ടയാർ പിന്നിട്ടപ്പോൾ ഭൂപ്രകൃതി ആകെ മാറി. മരങ്ങളില്ലാത്ത പുൽമേടുകളിലൂടെയായി യാത്ര. കയറ്റവും കഠിനമായി തുടങ്ങി. തുളച്ചുകയറുന്ന തണുത്ത കാറ്റ് ഹുങ്കാരത്തോടെ വീശിക്കൊണ്ടേയിരുന്നു. അഞ്ച് മണിക്കുള്ളിൽ അതിരുമലയിലെത്തണം. പുൽമേട്ടിലെ ഒറ്റയടിപ്പാതയിലൂടെയുള്ള കയറ്റം ദുഷ്കരമാണ്. ഇളകിയ മണൽ നിരന്നുകിടക്കുന്ന കയറ്റമായതിനാൽ തെന്നിവീഴാൻ സാധ്യത ഏറെയാണ്. നടന്നുനടന്ന് ഒടുവിൽ ഏഴു മടക്കൻ തേരിയിലെത്തി. തേരിയെന്നാൽ കുന്ന്, കയറ്റം എന്നർഥം. പലമടക്കുകളുള്ള കുത്തനെയുള്ള കയറ്റം. പാറക്കെട്ടുകൾക്കും വേരുകൾക്കും ഇടയിലൂടെ പിടിച്ചുകയറി ഒരു വിധത്തിൽ മുകളിലെത്തിയപ്പോൾ ആകെ തളർന്നു. അവിടെനിന്ന് കാട്ടിലൂടെ കുറേ നടന്നപ്പോൾ അതിരുമല ബേസ് ക്യാമ്പിന്റെ ബോർഡ് കണ്ടു.
ബോണക്കാട് ഫോറസ്റ്റ് ഓഫീസിൽനിന്നു നൽകിയ എൻട്രി പാസ് അതിരുമല ക്യാമ്പിലെ ഉദ്യോഗസ്ഥയെ ഏൽപ്പിച്ച് ഹാജർ രേഖപ്പെടുത്തിയശേഷം ക്യാമ്പ് ഷെഡിലേക്ക് കയറി. ഏകദേശം 150 പേർക്ക് താമസിക്കാൻ കഴിയുന്ന രണ്ട് ഷെഡും വയർലെസ് സ്‌റ്റേഷനും ക്യാന്റീനും ഉൾപ്പെടുന്നതാണ് ബേസ് ക്യാമ്പ്. സ്ത്രീകൾക്കായി പ്രത്യേകം ഏരിയയുണ്ട്. ബാത്റൂമുകളും ടോയ്‌ലെറ്റുകളുമുണ്ട്. ഷെഡിലെ തറയിൽ നിരത്തിവിരിച്ചിരിക്കുന്ന മെത്തകളിൽ വിരിവച്ച് ഞങ്ങൾ യാത്രാ ക്ഷീണം മാറ്റി. ക്യാമ്പിനു നാലുചുറ്റും വന്യമൃഗങ്ങൾ കയറാതിരിക്കാൻ കിടങ്ങ് നിർമിച്ചിട്ടുണ്ട്. കിടങ്ങിനപ്പുറം കുറച്ചു നടന്നാൽ ചെറിയ അരുവിയിലെത്താം. അരുവിയിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ച് തണുത്തുവിറച്ച് തിരികെ വരുമ്പോൾ ക്യാന്റീനിൽ ചൂടു കഞ്ഞിയും പയറും പപ്പടവും അച്ചാറും റെഡി. വിലയിത്തിരി കൂടുതലാണ് 175 രൂപ. കാട്ടിലൂടെ കിലോമീറ്ററുകൾ തലച്ചുമടായി സാധനങ്ങൾ കൊണ്ടുവരുന്നതോർക്കുമ്പോൾ വില കൂടുതലല്ലെന്നു തോന്നും. ക്യാമ്പിൽ സോളാർ വൈദ്യുതിയുണ്ട്. രാത്രി ഒമ്പതുവരെ വെളിച്ചം ഉണ്ടാകും. രാവിലെ ഏഴിനാണ് അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര ആരംഭിക്കുക. അതും കാലാവസ്ഥ അനുകൂലമാണെങ്കിൽ. മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണ് അഗസ്ത്യാർകൂടം. രാത്രിയായപ്പോൾ ശക്തിയായ കാറ്റും വീശുന്നുണ്ട്.
പുലർച്ചെ അഞ്ചിന് ക്യാമ്പിൽ ലൈറ്റ് തെളിഞ്ഞു. ആകാശ മേഘക്കഷണങ്ങൾക്കിടയിൽ നക്ഷത്രക്കണ്ണുകൾ തിളങ്ങുന്നു. മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന അഗസ്ത്യാർകൂടത്തിന്റെ നെറുകയിൽ മാത്രമാണ് മേഘപാളികൾ. മഴ മാറിയിരിക്കുന്നു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ക്യാന്റീനിലെ പുട്ടും കടലയും കഴിച്ച് അഗസ്ത്യമലയിലേക്ക്. രാത്രി ക്യാമ്പിന്റെ തൊട്ടപ്പുറത്ത് കാട്ടാനക്കൂട്ടം വന്നത്രെ. പ്രതീക്ഷ തെറ്റിയില്ല, പതിനഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾത്തന്നെ പാതയിൽ കാട്ടാനക്കൂട്ടം. യാത്ര നിർത്തി. എല്ലാവരോടും നിശ്ശബ്ദരാകാൻ നിർദേശം. അര മണിക്കൂറോളം നീണ്ട ആകാംക്ഷയ്‌ക്കൊടുവിൽ ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് ഉൾക്കാട്ടിലേക്കയച്ചു. വീണ്ടും യാത്ര.
അഗസ്ത്യാർകൂടത്തിലേക്കുള്ള ആറ് കിലോമീറ്റർ യാത്ര തികച്ചും കഠിനമാണ്. പാറക്കെട്ടുകൾക്കിടയിലൂടെ കുത്തനെയുള്ള കയറ്റം കയറിയെത്തുന്നത് പൊങ്കാലപ്പാറയിലാണ്. വിശാലമായ പാറപ്പുറത്തേക്ക് ഒലിച്ചിറങ്ങുന്ന നീർച്ചാലുകൾ. പൊങ്കാലപ്പാറയിൽ അൽപ്പനേരം വിശ്രമിച്ച് വീണ്ടും മുകളിലേക്ക്. കുത്തനെയുള്ള കയറ്റം. ചെങ്കുത്തായ പാറക്കെട്ടുകളുടെ വിടവിലൂടെ അതിസാഹസികമായ യാത്ര. അപകടം പതിയിരിക്കുന്ന വഴി. കയറ്റം എത്ര കയറിയാലും തീരില്ലെന്നു തോന്നും. ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻമാത്രം വീതിയുള്ള നടപ്പാത. തിങ്ങിവളരുന്ന ചോലക്കാടുകൾ. ഒടുവിൽ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തെത്തും. അവിടെനിന്ന് നാലിടങ്ങളിൽ വടത്തിൽ തൂങ്ങിക്കയറി അവസാനമെത്തുന്നത് അഗസ്ത്യാർകൂടത്തിന്റെ നെറുകയിലാണ്. മേഘങ്ങൾക്കു മുകളിൽ തലയുയർത്തി നിൽക്കുകയാണ് അഗസ്ത്യമല. വെൺമേഘങ്ങൾ ക്ഷീരസാഗരംപോലെ പരന്നുകിടക്കുന്നു. മേഘങ്ങളില്ലാത്തിടങ്ങളിൽ കണ്ണെത്താ ദൂരത്തോളം മനോഹരമായ കാഴ്ചകൾ. ഈരിലപ്പൊതിയെന്നും അഞ്ചിലപ്പൊതിയെന്നുമൊക്കെ വിളിപ്പേരുള്ള അശംബുക്കുന്നുകൾ അകലെ ആകാശം ചൂണ്ടിനിൽക്കുന്നു. ഇടയ്ക്ക് കാഴ്ചയെ മറച്ച് കുസൃതി കാണിക്കുന്ന കോടമഞ്ഞ്, കുളിർ കാറ്റ്, പ്രഭാത സൂര്യൻ. മനംനിറഞ്ഞു തുളുമ്പും. പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകൾക്കു മുന്നിൽ നമ്മൾ പുൽനാമ്പിനോളം ചെറുതാകും, ഭാരമില്ലാതെ കാറ്റിലലിയും.
0 comments