നാൽപ്പതിന്റെ പെരുമയിൽ നിശബ്ദ താഴ്‌വര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 10:54 AM | 0 min read

പാലക്കാട് > സൈരന്ധ്രി വനത്തിലെ കുളിർമയും സിംഹവാലൻ കുരങ്ങുകളുടെ ചാഞ്ചാട്ടവും നിറഞ്ഞ സൈലന്റ് വാലി ദേശീയ ഉദ്യാനമായിട്ട്‌ ഇന്നേക്ക് 40 വർഷം. അട്ടപ്പാടി മലനിരകളോട് ചേർന്ന പശ്ചിമഘട്ട മലനിരകളിലെ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടുന്ന സൈലന്റ്‌ വാലി 1984 നവംബർ 15നാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്.

40 വർഷത്തെ വനം വകുപ്പിന്റെ പരിപാലനത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാടുകളിൽ ഒന്നാണ്‌ സൈലന്റ് വാലി. 89.52 സ്ക്വയർ കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വനത്തിൽ കടുവ, പുള്ളിപ്പുലി, ആന, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, 400ലധികം നിശാശലഭങ്ങൾ, തുമ്പികൾ, ആയിരത്തിലധികം സസ്യങ്ങൾ, വിവിധതരം പക്ഷികൾ,പാമ്പുകൾ എന്നിവയുണ്ട്‌.

സൈലന്റ് വാലി, കീരിപ്പാറ ഇക്കോ ടൂറിസം പോയിന്റ്, ക്യാമ്പ് ഷെഡ്, വാച്ച് ടവർ എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. പകൽ  പോലുമുണ്ടാകുന്ന കോടമഞ്ഞും ചാറ്റൽ മഴയും സൈലന്റ് വാലിയുടെ പ്രത്യേകതയാണ്.

തെളിഞ്ഞൊഴുകുന്ന കുന്തിപ്പുഴ

21 കിലോമീറ്റർ മനുഷ്യ സ്പർശം ഏൽക്കാതെ പൂർണമായും നിബിഡവനത്തിലൂടെ ഒഴുകുന്ന കുന്തിപ്പുഴ, സൈലന്റ് വാലി വഴി മണ്ണാർക്കാട് ഭാഗത്തു കൂടി ഒഴുകി ഭാരതപ്പുഴയിൽ സംഗമിക്കും. ഏതു വേനലിലും തണുത്ത വെള്ളവും മഴക്കാലത്ത് തെളിഞ്ഞ വെള്ളവുമാണിവിടെ.

ആവേശമാണ് ട്രക്കിങ്‌

മുക്കാലി ഇക്കോ ടൂറിസം ഡെവലപ്മെന്റ് കമ്മിറ്റിയാണ് ട്രക്കിങ്‌ സംഘടിപ്പിക്കുന്നത്. അഞ്ചുപേർക്ക് യാത്ര ചെയ്യാനുള്ള ജീപ്പിൽ സൈലന്റ് വാലി കീരിപ്പാറ പ്രദേശങ്ങൾ കാണാനാവും. യാത്രയിൽ വന്യമൃഗങ്ങളേയും സിംഹവാലൻ കുരങ്ങുകളെയും കാണാനാകും. ട്രക്കിങ്ങിന് ഒരാൾക്ക് 600 രൂപയാണ്‌ നിരക്ക്‌.

സൈലന്റ്‌ വാലിയിലെത്താം

പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നെല്ലിപ്പുഴയിൽനിന്നും അട്ടപ്പാടി റോഡിലൂടെ 19 കിലോമീറ്റർ സഞ്ചരിച്ചാൽ മുക്കാലിയിൽ എത്താം. അവിടെനിന്നും ജീപ്പ് മാർഗം 22 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ സൈലന്റ് വാലിയിലെത്താം. രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെയാണ്  ഉദ്യാനത്തിൽ പ്രവേശിക്കാനുള്ള സമയം.



deshabhimani section

Related News

0 comments
Sort by

Home