സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 04:26 PM | 0 min read

 

സമുദ്രനിരപ്പിൽ നിന്ന് 11,575 മീറ്റർ ഉയരത്തിലാണ് സഞ്ചാരം. കശ്മീരിന്റെ ഹൃദയമായ ശ്രീനഗറിൽ നിന്ന് നൂറു കിലോമീറ്റർ താണ്ടിയാണ് സോജിലയിൽ എത്തുന്നത്. പുലർച്ചെ തുടങ്ങിയ യാത്ര സോനാമാർഗ് പിന്നിടുമ്പോൾത്തന്നെ പകൽ 11 മണി കഴിഞ്ഞു. മുമ്പൊരിക്കൽ ഇതുവഴി പോയത് ജീവൻ പണയമെഴുതിയാണ്. അന്ന് മുന്നിൽ കുന്നുകൾ ഇടിയുന്നതും മഞ്ഞുവഴിയിൽ വാഹനം താളംതെറ്റി ഉഴറിയതുമെല്ലാം ഓർമയുടെ ആകാശത്ത് മിന്നിപ്പോകുന്നു.

 

കെ ആർ അജയൻയോസുകെ തനാക്ക എന്നെക്കാൾ രണ്ടു വയസ്സ് ഇളപ്പമുള്ളവനാണ്. ജപ്പാനിലെ പ്രചുരപ്രചാരമുള്ള യുറേക്ക മാഗസിനിൽ 19 വയസ്സു മുതൽ കവിത എഴുതി തുടങ്ങിയവൻ. എ ഡേ, വെൻ ദ മൗണ്ടൻസ് ആർ വിസിബിൾ എന്ന പേരിൽ 1999ൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. അടുത്തിടെയാണ് അതിലൊരു കാവ്യം എന്റെ മനസ്സിൽ കുടിയേറിയത്.

ഒരു സൈക്കിളിൽ നഗരം ചുറ്റുന്ന ലാവണ്യത്തോടെ അയാൾ കുന്നുകളിൽ നിന്ന് കുന്നുകളിലേക്ക് ശ്വാസമെടുത്തും കിതച്ചും യാത്ര ചെയ്യുകയാണ്. മധ്യവേനലിൽ ആശ്വാസമായി പൊഴിയുന്ന മഴ പോലെയാണ് തനാക്കയുടെ യാത്രാകാവ്യങ്ങൾ. മോളിക്കുലാർ ബയോളജിയിൽ പാണ്ഡിത്യം നേടിയ തനാക്കയുടെ കവിതായാത്രകൾക്ക് ജീവന്റെ പരമാണുവിനെ തൊടുന്ന തീക്ഷ്‌ണതയുണ്ട്. വാലി ഓഫ് ലൈറ്റ് എന്ന കവിത പലപ്പോഴും എന്റെയുള്ളിൽ പ്രകാശത്തിന്റെ വെട്ടവും ഇരുളും പോലെ വന്നു പതിക്കാറുണ്ട്.

യോസുകെ  തനാക്കപൈൻ മരങ്ങൾക്ക് നടുവിലൂടെ തരിപ്പിക്കുന്ന കാറ്റിൽ വാഹനത്തിനുള്ളിൽ സ്വെറ്റർ ചൂടിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ തനാക്കയുടെ വരികൾ പോലെ എന്നെ ചുംബിച്ച് സൂര്യൻ ഒപ്പം ചേരുന്നു. ഐ വാസ് ഇൻ എ വാലി ഓഫ് വൈറ്റ് ലൈറ്റ് എന്ന അയാളുടെ കാവ്യപ്രയോഗം പോലെ ഞാനിപ്പോൾ 'സോജിലാ പാസി’ലേക്ക് കടന്നിട്ടേയുള്ളൂ.

കുന്നുകൾക്ക് മീതെ മഞ്ഞുതൊപ്പികൾ തിളങ്ങുന്നു. പച്ചയും കറുപ്പും ഇടതിങ്ങിയ കുന്നുകളുടെ നഗ്നത ഇടയ്ക്കിടെ വെട്ടത്തിൽ തെളിയുന്നു. അകലേക്ക് നീണ്ടുപോകുന്ന വൈദ്യുത കമ്പികളും ആകാശത്തേക്കുയർന്ന ടവറുകളും ആണ് സ്വപ്നലോകം അല്ലെന്ന് വിധി പറയുന്നത്. 'സോജില’... ആ പേരുപോലെ പ്രണയം തോന്നിക്കുന്ന പർവതവഴി. അതിലൂടെ മൗനവും പേറി ഞാൻ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 11,575 മീറ്റർ ഉയരത്തിലാണ് സഞ്ചാരം. കശ്മീരിന്റെ ഹൃദയമായ ശ്രീനഗറിൽ നിന്ന് നൂറു കിലോമീറ്റർ താണ്ടിയാണ് സോജിലയിൽ എത്തുന്നത്. പുലർച്ചെ തുടങ്ങിയ യാത്ര സോനാമാർഗ് പിന്നിടുമ്പോൾ തന്നെ പകൽ 11 മണി കഴിഞ്ഞു. മുമ്പൊരിക്കൽ ഇതുവഴി പോയത് ജീവൻ പണയമെഴുതിയാണ്. അന്ന് മുന്നിൽ കുന്നുകൾ ഇടിയുന്നതും മഞ്ഞുവഴിയിൽ വാഹനം താളംതെറ്റി ഉഴറിയതുമെല്ലാം ഓർമയുടെ ആകാശത്ത് മിന്നിപ്പോകുന്നു.

സോനാമാർഗ് കഴിഞ്ഞ്  നീൽഗ്രാഡ്‌ നദിക്ക് കുറുകെയുള്ള പാലവും കടന്ന് അക്കരെയെത്തുമ്പോൾ മഞ്ഞിൽ കുതിർന്ന കൊടിതോരണങ്ങൾ. യൂത്ത്‌ ഹോസ്‌റ്റലുകാരുടെ സാഹസിക റോപ് വേ തുടങ്ങുന്നതിന്റെ ആഡംബരമാണ് വഴിവക്കിൽ ഉള്ള വർണക്കൊടികൾ. ഇടത്ത് വാഹനത്തോടുരുരുമ്മി നിൽക്കുന്ന കുന്നുകൾ. അതിന്റെ വിടവുകളിൽ പൊട്ടി മാറിയ കരിങ്കൽ കഷണങ്ങൾ ഒരു ചെറുകാറ്റിൽ ചിലപ്പോൾ അടർന്നുവീണേക്കുമോയെന്ന് തോന്നി.

വലതുവശം എവിടെ അവസാനിക്കുമെന്ന് നിശ്ചയമില്ലാതെ താഴെയെവിടെയോ ആണ്. അടർന്നുമാറിയ കുന്നുകൾ താഴ്‌വരകളെ കെട്ടിപ്പിടിച്ചു കിടക്കുന്നു. കരിങ്കല്ലും കോൺക്രീറ്റും കൊണ്ട് ചേർത്തുനിർത്തിയിരിക്കുകയാണ്‌ താഴ്‌വരകളെ. ഒന്നുലഞ്ഞാൽ, സ്റ്റിയറിംഗ് ചക്രത്തിന്റെ താളത്തിന് അപസ്വരം വന്നാൽ ആകാശനൗക പോലെയാകും ഞങ്ങളുടെ വാഹനം. എവിടെ ചെന്ന് പതിക്കുമെന്ന് നിശ്ചയമില്ല. പൊടിക്കാറ്റ് വലത്തെ താഴ്‌വരയുടെ അഗാധ ഇറക്കങ്ങളെ മറച്ചുകൊണ്ടിരുന്നു. 

ഇന്ത്യൻ പട്ടാളത്തിന്റെ സ്വാഗത കമാനങ്ങളും, നമ്മൾ സുരക്ഷിതരാണെന്ന് ആവർത്തിച്ചുള്ള ഓർമപ്പെടുത്തലുമാണ് യാത്രയുടെ ഊർജം. ഒരു ദൈവപ്രാർഥന പോലെ ഞാൻ മനസ്സിൽ പറഞ്ഞു, 'ജയ് ജവാൻ’. വലത്ത് വളവുതിരിവുകളിൽ കൂറ്റൻ കല്ലുകൾ പാകി അവയിൽ വെളുത്ത നിറമടിച്ച്, യാത്രയുടെ മുന്നോട്ടുള്ള സുരക്ഷ അവർ ഉറപ്പാക്കിയിട്ടുണ്ട്. യഥാർഥത്തിൽ അവർ തന്നെയല്ലേ നമ്മളെ രക്ഷിക്കുന്ന ദൈവങ്ങൾ എന്ന് വെറുതെ ഓർത്തിരുന്നു.

ഇന്ത്യൻ പട്ടാളത്തിന്റെ സ്വാഗത കമാനങ്ങളും, നമ്മൾ സുരക്ഷിതരാണെന്ന് ആവർത്തിച്ചുള്ള ഓർമപ്പെടുത്തലുമാണ് യാത്രയുടെ ഊർജം. ഒരു ദൈവപ്രാർഥന പോലെ ഞാൻ മനസ്സിൽ പറഞ്ഞു, 'ജയ് ജവാൻ’. വലത്ത് വളവുതിരിവുകളിൽ കൂറ്റൻ കല്ലുകൾ പാകി അവയിൽ വെളുത്ത നിറമടിച്ച്, യാത്രയുടെ മുന്നോട്ടുള്ള സുരക്ഷ അവർ ഉറപ്പാക്കിയിട്ടുണ്ട്. യഥാർഥത്തിൽ അവർ തന്നെയല്ലേ നമ്മളെ രക്ഷിക്കുന്ന ദൈവങ്ങൾ എന്ന് വെറുതെ ഓർത്തിരുന്നു.

റോഡിന് കുറുകെയുള്ള കവാടത്തിൽ മുന്നിലെ ദൂരങ്ങൾ തെളിയുന്നു. പച്ചയിൽ വെള്ളനിറത്തിൽ അകലങ്ങളുടെ അടയാളം. ലേയിലേക്ക് 341 കിലോമീറ്റർ. കാർഗിൽ 115 കിലോമീറ്റർ. ദ്രാസ്സിലേക്ക് 58 കിലോമീറ്ററേയുള്ളൂ. ബാൽത്താളിലേക്ക് 11ഉം.

അതുകഴിഞ്ഞ് എട്ട് കിലോമീറ്റർ ഓടിയാൽ ഗുംരിയിലുമെത്തും. ഈ പറഞ്ഞ സ്ഥലപ്പേരുകൾ എല്ലാം നമ്മുടെ സ്വപ്നങ്ങളിലും ദുഃഖങ്ങളിലും പടർന്നു കയറിയതാണ്. അതിൽ ഗുംരിയാണ് ഏറ്റവും പഴയത്, പുതിയത് കാർഗിലും. മലകൾക്കിടയിലൂടെ മഞ്ഞ് ഒഴുകി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെ അവിടവിടായി പർവതങ്ങൾ ഉയർന്നുനിൽക്കുന്നു.

പഞ്ചാബ് ഹിമാലയത്തിന്റെ പ്രിയപ്പെട്ട സത്‌ലജ് നദിയുടെയും നാഗരികതയുടെ അമ്മയിടമായ സിന്ധു നദിയുടെയും ഇടയിലുള്ള ഈ കുന്നുകൾക്ക് എന്തേയിത്ര ചന്തം? അത് കാലവും ചരിത്രവും ചേർന്ന് ചാർത്തിക്കൊടുത്തതാണ്. സൻസ്‌കാർ റേഞ്ചിൽപ്പെട്ട കശ്മീർ താഴ്‌വരയെ ദ്രാസ്സിലേക്കും സുറു താഴ്‌വരയിലേക്കും ചേർത്തുനിർത്തുന്നത് സോജിലയാണ്.

കിഴക്ക് സിന്ധു താഴ്‌വര, വടക്ക്കിഴക്ക് പാകിസ്ഥാൻ, പടിഞ്ഞാറ് ദ്രാസ്സും സുറുവും. ഇത്രയും പോരേ സോജില ഇന്ത്യയ്‌ക്ക് പ്രിയപ്പെട്ടതാകാൻ. 'ഹിമവാതങ്ങളുടെ താഴ്‌വര’ എന്ന പഴമപ്പേരു തന്നെ സോജിലക്ക് നിഗൂഢതകളുടെ ഗൂഢാർഥം കൽപ്പിക്കുന്നു.

സോജില  ഇന്ത്യൻ വംശജനായ ബുദ്ധാവതാരം നരോപ്പയുടെ ഭാര്യയാണ് സോജി. തിബറ്റൻ ബുദ്ധസങ്കൽപങ്ങളിൽ നാല് കാലങ്ങളുടെയും ദേവത. (ദ ഗോഡസ് ഓഫ് ഫോർ സീസൺസ്). റൂസില എന്ന തിബറ്റൻ ദേവതയുടെ പരപേരത്രേ സോജില. വജ്രായന ബുദ്ധിസത്തിന്റെ പ്രയോഗ പ്രചാരകനായിരുന്ന അഭയ കീർത്തിയാണ് നരോപ്പ എന്ന പേരിൽ അറിയപ്പെട്ടത്.

അനുത്തര യോഗതന്ത്രയുടെ ഉപജ്ഞാതാവ് എന്നു കീർത്തിപെറ്റ നരോപ്പയുടെ ആറ് യോഗ വഴികൾ ഏറെ പ്രസിദ്ധമാണ്. അതേക്കുറിച്ച് വലിയ കാര്യവിവരമില്ലാത്ത ഈയുള്ളവൻ അതിനെ അതിന്റെ വഴിക്ക് വിടുന്നു.

മഞ്ഞുപൊഴിയുന്നെങ്കിലും അതിനേക്കാൾ അലോസരപ്പെടുത്തുന്നത് മുന്നിലെ വഴിയാണ്. ചിലയിടങ്ങളിൽ അരികിലെ കുന്നുതന്നെ പൊട്ടി വഴിയിൽ വന്നിരിക്കയാണ്. അതിനിടയിൽ മണ്ണുമാന്തികൾ കോരിയൊരുക്കിയ വഴിയാണ് മുന്നിലേക്കുള്ള പ്രതീക്ഷ. വാഹനങ്ങൾ ഞെരുങ്ങിയൊതുങ്ങിയാണ് അവിടം കടക്കുന്നത്. ഇടയ്ക്ക് തോന്നും, ഏതോ കുന്നിലേക്ക് നീളുന്ന മരുഭൂമിയിലൂടെയാണോ യാത്രയെന്ന്.

ഇടയ്ക്ക് വഴിയിൽ ഒന്നിറങ്ങി നിൽക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന കാഴ്ച. താഴെ മേഘങ്ങൾക്കിടയിൽ കുന്നുകൾ ഉയർന്നുതാണ്‌ നിൽക്കുന്നു. ആകാശം അത്രമേൽ അരികത്ത്‌. നിരന്ന വഴിയിലൂടെ വാഹനം ഓടുമ്പോൾ വലത്തെ ചരിവിനോട് ചേർന്ന് വലിയൊരു പാറ.

അതിനുമീതെ ചിറകൊതുക്കി ഒരാൾ ഇരിക്കുന്നു, അനക്കമില്ലാതെ. ദൂരെ നോക്കിയിരിക്കുന്ന 'കൂറ്റൻ കഴുകൻ'. താഴെ എവിടെയോ പുഴ ഒഴുകുന്ന നേർത്ത ശബ്ദമുണ്ട്. അവലാഞ്ചെ സോൺ തുടങ്ങുന്നതിന്റെ സൂചനാ ബോർഡ് കഴുകന്റെ പിന്നിലുണ്ട്.

തൊട്ടരികിൽ പ്രതീക്ഷാഗോപുരം പോലെ കവാടം, 'ഡ്രീം ഓഫ് നേഷൻ കമിങ്‌ ട്രൂ’, സോജിലാ ടണലിന്റെ തുടക്കമാണ്. നിർമാണത്തിലിരിക്കുന്ന ടണലിന്റെ നിർമാണ ദൗത്യവും അതിന്റെ സാമ്പത്തിക കാര്യങ്ങളുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. സീറോ പോയിന്റിൽ എത്തുന്നു. യഥാർഥത്തിൽ സോജിലയുടെ മറ്റൊരു പേരാണ് സീറോ പോയിന്റ്‌. പക്ഷേ സോജില ഒരു പോയിന്റിൽ മാത്രമൊതുങ്ങുന്നില്ല.

നിർമാണം നടക്കുന്ന സോജില തുരങ്കപാത2018 ജനുവരിയിൽ പണിയാരംഭിച്ച സോജിലാ ചുരം 2026ലോ 2027ലോ പൂർത്തിയാകുമെന്നാണ് വിശ്വാസം. മൂന്നുമണിക്കൂർ ദൂരത്തെ 15 മിനിറ്റ് ആയി കുറയ്ക്കാൻ ഈ തുരങ്കവഴിയ്ക്കാവും. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമാണിത്.

14.2 കിലോ മീറ്റർ നീളവും 9.5 മീറ്റർ വീതിയും 7.5 മീറ്റർ ഉയരവുമാണ് ടണൽ പൂർത്തിയാകുമ്പോൾ. പ്രതികൂല കാലാവസ്ഥയും അപ്രതീക്ഷിത മലയിടിച്ചിലുമെല്ലാം നിർമാണ പ്രവർത്തനത്തെ തളർത്തിയിട്ടുണ്ട്.

സോജില പാസിൽ മണ്ണിടിഞ്ഞപ്പോൾ ഇടുങ്ങിയ വഴിഎങ്കിലും വാഹനത്തിലിരുന്ന് താഴേക്ക് നോക്കുമ്പോൾ താഴെ പൊട്ടുപോലെ മണ്ണുമാന്തികളും ക്രെയിനുമൊക്കെ ചലിക്കുന്നുണ്ട്. ഈ പ്രദേശത്തിന് സീറോ പോയിന്റ്‌ എന്ന് പേര് കിട്ടാൻ കാരണം ഒരിക്കലും ഉരുകാത്ത മഞ്ഞുമലകൾ തന്നെ. വേനലിൽ പോലും മഞ്ഞുരുകാത്ത ഇവിടം യഥാർഥത്തിൽ കശ്മീരിന്റെയും ലഡാക്കിന്റെയും അതിർത്തി കൂടിയാണ്.

സോനാമാർഗിൽ നിന്ന് ഏതാണ്ട് 35 കിലോമീറ്റർ പിന്നിട്ടപ്പോൾത്തന്നെ വഴിക്ക് കുറുകെ രണ്ട് ഗേറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. അവ നേരത്തെ പറഞ്ഞ അതിർത്തി സൂചകമാണ്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നാണ് സീറോ പോയിന്റ്‌ എന്നത് കൂടുതൽ ഗൗരവമുള്ളതാണ്.

മുന്നോട്ടുള്ള വഴി ഇടിഞ്ഞു താണതാണ്. ഇടത്തെ കുന്നിൽ ഏതുനിമിഷവും താഴേക്ക് പതിക്കുമെന്ന് ഭയപ്പെടുത്തുന്ന കൂറ്റൻ പാറ. മണ്ണുമാന്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വഴിയോരത്ത്‌ നിർത്തിയിട്ടുണ്ട്‌, ഏത് അപകടസന്ധിയിലും ഒപ്പമുണ്ടാകുമെന്ന ധൈര്യം നൽകി.

മുന്നോട്ടുള്ള വഴി ഇടിഞ്ഞു താണതാണ്. ഇടത്തെ കുന്നിൽ ഏതുനിമിഷവും താഴേക്ക് പതിക്കുമെന്ന് ഭയപ്പെടുത്തുന്ന കൂറ്റൻ പാറ. മണ്ണുമാന്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വഴിയോരത്ത്‌ നിർത്തിയിട്ടുണ്ട്‌, ഏത് അപകടസന്ധിയിലും ഒപ്പമുണ്ടാകുമെന്ന ധൈര്യം നൽകി. ഇത്തിരി കഴിയുമ്പോൾ ഇരുവശവും മഞ്ഞ് മെഴുകിയപോലെ സമതലം.

താഴ്‌വരയിൽ അവിടവിടെ പൈൻമരങ്ങൾ വിറച്ചുനിൽക്കുന്നു.  അവയ്ക്കിടയിൽ കുറെനാൾ മുമ്പ് ഉപേക്ഷിച്ച പൗരാണിക പാത തെളിഞ്ഞുകാണാം. സൂര്യൻ പടിഞ്ഞാറേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിഴൽവീണ മഞ്ഞു പർവതങ്ങൾക്ക് ഇപ്പോൾ ഇളംനീല നിറമാണ്. നീർച്ചാലുകൾ അവിടവിടെ ഒഴുക്ക് നിർത്തി ഞങ്ങളെ നോക്കുന്നു. വാഹനത്തിനുള്ളിൽ തണുത്തുവിറച്ച് ഇരിക്കുകയാണ് ഞങ്ങൾ.

വഴിക്ക് കുറുകെ ഒരു പാറ രണ്ടായി വിഭജിക്കപ്പെട്ടതിന്  ഇടയിലൂടെയാണ് വാഹനം ഓടുന്നത്. സോജിലയുടെ എല്ലാ ചന്തവും ആ വിടവിലൂടെ അകലെക്കാണാം. ചിലയിടത്ത്‌ ചെല്ലുമ്പോൾ മുന്നിലെ വഴി കയറിപ്പോവുന്നത്‌ തൊട്ടുമുന്നിലെ മഞ്ഞുമലയിലൂടെയെന്ന്‌ തോന്നും.

കൂടുതൽ അടുത്തെത്തുമ്പോഴാണ്‌ ശ്വാസഗതിപോലും കെട്ടുപോവുന്നത്‌. തൊടാൻ തോന്നുന്ന അകലമേയുള്ളൂ ആ മഞ്ഞു മലകൾക്ക്‌, പക്ഷെ വഴിക്കും മലയ്‌ക്കുമിടയിൽ അടിയറ്റം കാണാനാകാതെ താഴ്‌വര കൂർത്തിറങ്ങുന്നു.

മുന്നിലും പിന്നിലും എല്ലാം മഞ്ഞുവീണ കുന്നിൽ തലകൾ മാത്രം. 'ഐ ലവ് സോജില’ എന്ന് രേഖപ്പെടുത്തിയ തകര ബോർഡിനു മുന്നിൽ സഞ്ചാരികൾ നിരവധിയുണ്ട്. ഫോട്ടോയെടുക്കലും വീഡിയോ പകർത്തലുമൊക്കെയാണ് അവിടെ. താൽക്കാലികമായി ടോയ്‌ലറ്റ് ബോക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. 

സോജിലഅഞ്ചു മിനിറ്റിൽ കൂടുതൽ പുറത്തിറങ്ങി നിൽക്കാൻ പറ്റില്ല. അത്ര തണുപ്പും കോച്ചി മരവിപ്പിക്കുന്ന കാറ്റും. സോജിലയെ നോക്കിനിൽക്കുമ്പോൾ മനസ്സ് പറഞ്ഞു, ചുമ്മാതല്ല അയൽക്കാർ ഇടയ്ക്കിടെ ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്.

കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല, തന്ത്രപ്രധാന ഇടം കൂടിയാണിവിടം. ആദ്യ കശ്മീർ യുദ്ധം മുതൽ ഒടുവിൽ കാർഗിൽ വരെ എത്തുമ്പോൾ സോജിലയുടെ പ്രാധാന്യം വളരെ വലുതാണ്. വടക്കൻ പാകിസ്ഥാനിലെ ബാൾട്ടിസ്ഥാൻ പ്രവിശ്യയിലെ പാരാമിലിറ്ററി സൈന്യമായ ഗിൽജിത് റിബലുകളാണ് 1947ൽ സോജില നോട്ടമിട്ടത്. 1913ൽ ബ്രിട്ടീഷ് സഹായത്തോടെ രൂപംകൊണ്ട ഗിൽജിത്തുകൾ പാകിസ്ഥാനുള്ളിലെ ബദൽ ശക്തിയായി വളർന്നു.

1947ൽ ജമ്മുകശ്മീർ ഗവർണറെ പുറത്താക്കി ഇവർ ഭരണം കൈയാളുന്ന അവസ്ഥ ഉണ്ടായി. 'ഗിൽജിത് ബാൾട്ടിസ്ഥാൻ’ എന്ന സ്വതന്ത്ര റിപ്പബ്ലിക് വാദം വരെ അവർ ഉയർത്തി. എന്നാൽ പൊതുജനപിന്തുണ കാര്യമായി ലഭിക്കാത്തതിനാൽ അവർക്ക് പിൻവാങ്ങേണ്ടി വന്നു. വടക്കൻ പാകിസ്ഥാനിലെ ബർസ്സിൽ പാസ് ഗിൽജിത്തുകൾ കുറേക്കാലം കൈവശം വച്ചു. ശ്രീനഗറും ഗിൽജിത് ബാൾട്ടിസ്ഥാനും ഇടയിലുള്ള പൗരാണിക വ്യാപാര വഴിയായിരുന്നു ബർസ്സിൽ പാസ്.

1975 വരെ പ്രവർത്തിച്ച ഗിൽജിത്തുകളിൽ ഭൂരിഭാഗവും പാക് പട്ടാളത്തിൽ ചേർന്നതോടെ അവരെക്കൊണ്ടുള്ള തലവേദനയിൽ നിന്ന് പാകിസ്ഥാൻ രക്ഷപ്പെട്ടു. പക്ഷെ ഇന്ത്യക്കുനേരേയുള്ള പല ആക്രമണങ്ങളുടെയും അമരത്ത് പൂർവ്വ ഗിൽജിത്തുകളാണെന്ന് ചരിത്രം ഓർമിപ്പിക്കുന്നു.

ഇതാ റോഡിനുകുറുകെ കൂറ്റൻ ബോർഡ്‌ തിളങ്ങുന്നു. ബോർഡർ റോഡ്‌ ഓർഗനൈസേഷന്റെ അറിയിപ്പാണ്‌, ‘നിങ്ങളിപ്പോൾ നിൽക്കുന്നത്‌ സോജിലയിലാണ്‌, 11,649 അടി ഉയരത്തിൽ’. ലഡാക്ക്‌ മേഖലയിലേക്കുള്ള സ്വാഗത കമാനവും മുമ്പിലുണ്ട്‌. പ്രാദേശിക വാഹനങ്ങളെ ഒഴിവാക്കി മറ്റിടങ്ങളിൽനിന്ന്‌ വരുന്നവയെ പട്ടാളക്കാർ പരിശോധിക്കുന്നുണ്ട്‌. അവയെല്ലാം കാർഗിലിലേക്കും ലേയിലേക്കുമൊക്കെ പോകുന്നവയാണ്‌. വാഹനത്തിൽനിന്ന്‌ പുറത്തിറങ്ങി കുറേനേരം നിന്നു.

തണുപ്പുണ്ടെങ്കിലും അത്‌ കാര്യമായി അലോസരപ്പെടുത്തുന്നില്ല. പുതിയ റോഡ്‌ കവാടത്തിന്റെ ജോലികൾ പുരോഗമിക്കുന്നതേയുള്ളൂളൂ. 100 മീറ്റർ വ്യത്യാസത്തിൽ നിലവിൽ രണ്ട്‌ കമാനങ്ങളാണുള്ളത്‌. പ്രോജക്‌ട്‌ ബീക്കണും പ്രോജക്‌ട്‌ വിജയ്‌കും. ബോർഡർ റോഡ്‌ ഓർഗനൈസേഷന്റെ രണ്ട്‌ പദ്ധതികളുടെ സൂചന കൂടിയാണിവ.

അമർനാഥിലേക്ക്‌ സുരക്ഷിത വഴിക്കായി 1960ൽ തുടങ്ങിയതാണ്‌ സോജില വരെയുള്ള ‘ബീക്കൺ’. ലഡാക്കിലേക്കുള്ള റോഡ്‌ പരിചരണത്തിന്റെ ഭാഗമായി 2010ൽ തുടങ്ങിയതാണ്‌  ‘വിജയ്‌ക്‌’. കോൺക്രീറ്റ്‌ കട്ടകൾ പാകിയ വീതിയുള്ള റോഡിന്‌ ഇരുവശവും ഉയർന്നുനിന്ന്‌ മഞ്ഞുമൂടിയ കുന്നുകൾ തിളങ്ങിച്ചിരിക്കുന്നു.

വായിച്ച ഓർമയിൽ ചരിത്രം തെളിഞ്ഞുവരുന്നു. 1948ലെ ഓപ്പറേഷൻ ബൈസൺ, സോജില യുദ്ധം, ആ വിജയത്തിന്റെ ശില്പി ജനറൽ കെ എസ്‌ തിമ്മയ്യജനറൽ കെ എസ്‌ തിമ്മയ്യ... ഇങ്ങനെ പലതും. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ലഡാക്കിനുവേണ്ടി  നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിനാണ്‌ സോജില സാക്ഷിയായത്‌.

ഈ കുന്നുകൾക്കുമീതെ ജനറൽ തിമ്മയ്യയും ഇന്ത്യൻ പട്ടാളക്കുട്ടികളും തീമഴ പെയ്യിച്ചു. ഗുംരിയിലെ മഞ്ഞുമലകൾ വിയർത്തു വിറച്ചു. പാകിസ്ഥാൻ പട്ടാളം തിമ്മയ്യയുടെ സ്റ്റുവർട്ട് ടാങ്കിനു മുന്നിൽ കരിഞ്ഞൊടുങ്ങി.

ഇന്ത്യാ ‐ പാക് വിഭജനകാലത്ത് ലഡാക്കിന്റെ നിയന്ത്രണം ഇന്ത്യയുടെ ജമ്മു കശ്‌മീർ പെഴ്‌സണൽ ഫോഴ്‌സിന്റെ കൈയിലായിരുന്നു. പാകിസ്ഥാൻ അവിടം കയ്യേറി കശ്മീർ താഴ്‌വരയുടെ നിയന്ത്രണം കൈക്കലാക്കി. ഗിൽജിത്, ബാൾട്ടിസ്ഥാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണമായും ഇന്ത്യയിൽ നിന്ന് പോയി.

സ്‌കർദ്ദു എന്ന സ്ഥലം വരെ മാത്രമാണ് ഇന്ത്യൻ പേഴ്‌സണൽ ഫോഴ്‌സിന് പ്രാപ്യമായിരുന്നത്‌. 1948ൽ ദ്രാസും കാർഗിലും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശമെല്ലാം പാകിസ്ഥാന്റെ പിടിയിലായി.

സോജിലയിലെ മാറിമറിയുന്ന കാലാവസ്ഥയും യാത്രാദുരിതവുമൊക്കെ ഇന്ത്യൻ പട്ടാളത്തെ അനങ്ങാൻ സമ്മതിച്ചില്ല. ഖൽസെയിലെ പാലത്തിന്റെ സംരക്ഷണം മാത്രമാണ് ഇന്ത്യയ്ക്ക് ശ്രദ്ധിക്കാൻ ആയത്. പിന്നെ നടന്നതൊക്കെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ. സോജിലയുടെ പ്രതികൂലാവസ്ഥയെ തകർത്തെറിഞ്ഞ ഇന്ത്യൻ പട്ടാളം ദ്രാസിൽ എത്തിയത് എത്രയോ വൈതരണികൾ കടന്നാണ്.

ഒപ്പമുള്ളവർ വിളിക്കുന്നു. മടക്കയാത്രക്ക്‌ വാഹനമേറുമ്പോൾ മനസ്സ്‌ മന്ത്രിക്കുന്നു, സോജിലാ, നിന്നെ കണ്ടിട്ട്‌ മതിയാവുന്നേയില്ല. യോസുകെ തനാക്കയുടെ ആ വരികൾ വിമ്മിഷ്‌ടപ്പെടുത്തുന്ന തണുപ്പിനൊപ്പം നെഞ്ചിൽ വന്നിടിക്കുന്നു.
‘ഞാൻ വീണ്ടും വരും,
സൈക്കിളോടിച്ച്‌
നിന്റെ
നിമ്‌നോന്നതങ്ങളിലൂടെ.
അന്നെന്റെ
സൈക്കിൾ ചക്രത്തിൽ
ഒരു ഹൃദയം
കോർത്തിട്ടിരിക്കും.
നീ നിന്റെ തണുപ്പുകൊണ്ട്‌
അതിലൊന്ന്‌ ചുംബിക്കണം.
പുണരരുത്‌, എന്തെന്നാൽ
ഞാനും നീയും ഇപ്പോഴും
ആലിംഗനത്തിലാണല്ലോ...’.


ദേശാഭിമാനി വാരികയിൽ നിന്ന്


 

 



deshabhimani section

Related News

0 comments
Sort by

Home