09 June Friday

കുളിരേകും റാണിപുരം; കാഴ്‌‌ചകള്‍ കാണന്‍ സഞ്ചാരികളുടെ ഒഴുക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

റാണിപുരം മാനിപ്പുറം.

രാജപുരം/കാസർകോട്> റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾക്കിടയിലും പച്ചപ്പുൽമേടുകൾകൊണ്ട് സൗന്ദര്യം വിതറിയ കാഴ്‌‌ചകാണാനും  നവംബറിന്റെ കുളിർകാറ്റേൽക്കാനും മലമുകളിലേക്കുള്ള വനയാത്രക്കും സഞ്ചാരികളെത്തുന്നു.  കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് ഉൾപ്പെടെ പിടിച്ചാണ്‌ സഞ്ചാരികളെത്തിയത്. ഡിസംബറായാൽ   സഞ്ചാരികളുടെ എണ്ണംകൂടും. മാനിപുറം  പച്ചപ്പുൽമേട്  കുളിർമയേകുന്നു. പശ്ചിമഘട്ട മലനിരയിൽനിന്നും  വിദൂരക്കാഴ്‌ച  അതിമനോഹരം.
 
റാണിപുരം 
 
പനത്തടിയിൽനിന്നും ഒമ്പത് കിലോമീറ്റർ യാത്രചെയ്താൽ റാണിപുരത്തെത്താം. അവിടെനിന്നും കാൽനടയായി രണ്ടര കിലോമീറ്റർ കുന്നിൻചെരുവിലൂടെ സാഹസികമായി യാത്ര ചെയ്‌താൽ മാനിപുറത്തൊം.  മലകൾ, ഗുഹ, നീരുറവ, പാറക്കെട്ട്, കോടമഞ്ഞ്  പ്രത്യേകതയാണ്. തലക്കാവേരി, കുടക്, കുശാൽ നഗർ, മൈസൂരിലേക്ക് എളുപ്പത്തിലെത്തിപ്പെടാം. ഇവിടെ യെത്തുന്നവർക്ക്‌  കർണാടകയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുകയെന്ന ലക്ഷ്യവുമുണ്ട്‌.  
 
മാടത്തുമല റാണിപുരമായി
 
അറുപതുകളിൽ കോട്ടയം ക്രിസ്ത്യൻ രൂപത കോടോത്ത് കൂടുംബത്തിൽനിന്നും കുടിയേറ്റക്കാർക്ക് വാങ്ങിയ ഭൂമിയുടെ അതിരുകൾ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്.  കുടിയേറി വന്നവരാണ് പഴയ മാടത്തുമലയുടെ പേര് മാറ്റി റാണിപുരമാക്കിയത്‌. പാറപൊട്ടിച്ചും  കാടുവെട്ടിയും  കാട്ടുമൃഗങ്ങളോട് മല്ലടിച്ചും അറുപതോളം കുടിയേറ്റക്കാരെത്തി അവർ ആദ്യം തൈലപുൽകൃഷി ചെയ്തു പിന്നെ കുരുമുളക്‌. തുടർന്ന് കപ്പ, കാപ്പി, കവുങ്ങ്. എന്നാൽ പലർക്കും വിളവെടുക്കാൻ ഒന്നും കിട്ടിയില്ല.  ചുരമിറങ്ങിയെത്തിയ ആനകളും പന്നികളും  ഉൾപ്പെടെ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിച്ചു.  മാടത്തുമലയിൽ ജീവിതം തളിർക്കുന്നത് സ്വപ്നംകണ്ട കുടിയേറ്റക്കാർ ഒന്നൊന്നായി മലയിറങ്ങി. ബാക്കിയുള്ളത് ഇപ്പോൾ ഒരു കുടുംബം മാത്രം. എന്നാൽ കുടിയേറ്റത്തിന് മുമ്പുള്ള ആചാരങ്ങളിൽ പലതും  മലഞ്ചെരുവുകളിൽ  ഇപ്പോഴുമുണ്ട്‌. 
 
ഇനിയും വികസിക്കണം
 
പടിഞ്ഞാറ് ബേക്കൽ കോട്ടയും കിഴക്ക് കവേരിയും അതിരിടുന്ന മാടത്തുമല എന്ന റാണിപുരം സാഹസിക വിനോദസഞ്ചാരികളുടെ പറുദീസയായി മാറുമ്പോഴും  സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾ പലതും പാതിവഴിയിലാണ്‌. റാണിപുരത്തെത്തുന്ന കുട്ടികളെ ഉൾപ്പെടെ ആകർഷിക്കാൻ  കേരള സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. റാണിപുരത്ത് ചിൽഡ്രൻസ് പാർക്ക് നിർമാണം തുടങ്ങിയെങ്കിലും   പണി പൂർത്തിയാക്കിയില്ല. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണചുമതല. സാഹസിക വിനോദയാത്രക്ക് വേണ്ടി എയർട്രിപ്പ് യാത്രക്ക് റോപ്പ് നിർമാണം നടത്തണമെന്ന ആവശ്യം ഫയലിലൊതുങ്ങി.  മൊബൈൽ  ടവർ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. സൗന്ദര്യവൽക്കരണവും തുടങ്ങിയിടത്താണ്‌. 2011-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ  ടൂറിസം വകുപ്പിന് കൈമാറി പിന്നീട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറി. ഇതോടെ പത്ത് കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ പണി കഴിപ്പിച്ച 10 ഡബിൾ റൂം, നാല്‌ കോട്ടേജ്, കോൺഫറൻസ് ഹാൾ, റെസ്റ്റോറന്റ്, പവലിയൻ, ടോയ്‌ലറ്റ്  സൗകര്യങ്ങൾ മാത്രമാണ്  ഇവിടെയുള്ളത്.
 
വനം വകുപ്പിനും 
പദ്ധതി വേണം
 
സഞ്ചാരികൾ  വനത്തിനുള്ളിൽ  പ്രവേശിക്കണമെങ്കിൽ വനം വകുപ്പ് ഏർപ്പെടുത്തിയ കൗണ്ടറിൽനിന്നും ടിക്കറ്റെടുക്കണം. ആയിരക്കണക്കിന് രൂപയാണ് സഞ്ചാരികളിൽനിന്നും കിട്ടുന്നത്. എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതി വനം വകുപ്പിനില്ല.  ഭക്ഷണ സൗകര്യവും വിശ്രമകേന്ദ്രവും   വനം വകുപ്പ് ഏർപ്പെടുത്തുന്നില്ല. 
 
കെഎസ്ആർടിസി 
ബസ് വേണം
 
മുമ്പ് ബസ് സർവീസ് നടത്തിയെങ്കിലും  നിലച്ചതോടെ സഞ്ചാരികൾക്കുള്ള യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. ഇവിടേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്‌. 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top