13 August Thursday

ഊഞ്ഞാപ്പാറ: പ്രകൃതിയെ കണ്ട്, കുളിച്ചു കേറാനൊരിടം

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

  സീറോ ബഡ്ജറ്റില്‍ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. വളരെ ചുരുങ്ങിയ ചെലവില്‍ കണ്ണിനും മനസിനും തൃപ്തിയേകുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കരാണ് പുതുതലമുറ. കോഴിക്കോട് ബാലുശ്ശേരിയിലെ വയലടയും മലപ്പുറത്തെ മിനി ഊട്ടിയും അതിനുദാഹരണങ്ങള്‍ മാത്രം.  ആ പട്ടികയിലേക്ക് പുതിയൊരു പേരു കൂടി എഴുതിച്ചേര്‍ക്കുകയാണ്, ഊഞ്ഞാപ്പാറ.... വളരെ ചുരുങ്ങിയ കാലയളവില്‍ ഊഞ്ഞാപ്പാറയ്ക്ക് കിട്ടിയ സ്വീകാര്യതയ്ക്ക് പ്രധാനകാരണക്കാര്‍ ഫേസ്‌ബുക്കും വാട്ട്സ് ആപ്പും തന്നെയെന്നു പറയാതെ വയ്യ. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങളിലൂടയാണ് ഊഞ്ഞാപ്പാറ ജനങ്ങളിലേക്ക് എത്തിതുടങ്ങിയത്.

പട്ടണങ്ങളിലും പുറം സ്ഥലങ്ങളിലും ജീവിക്കുന്നവരാണ് ഏറെയും ഊഞ്ഞാപ്പാറയെ തേടിയെത്തുന്നത്. തനിനാട്ടിന്‍പുറത്തിന്റെ മട്ടു പേറുന്ന ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലത്തില്‍ കുളിച്ച് കേറുന്നതാണ് ഇപ്പോള്‍ യാത്രികരുടെ ഹരം. കുട്ടികളും മുതിര്‍ന്നവരും സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനപ്രതി കുളിച്ച് കയറാന്‍ മാത്രം ഊഞ്ഞാപ്പാറയിലെത്തുന്നത്.എറണാകുളം ജില്ലയിലെ കോതമംഗലം ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരമുണ്ട്. കോതമംഗലം  തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിയുക. നാടുകാണിക്കുള്ള വഴിയെ 100 മീറ്റര്‍ ചെന്നാല്‍ കുളിക്കൊരിടമായ ഊഞ്ഞാപ്പാറയിലെത്താം. യാത്രികരുടെ സൗകര്യത്തിനനുസരിച്ചുള്ള വാഹനം  ഉപയോഗിച്ച് സ്ഥലത്ത് എത്തിപ്പടാം. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ രണ്ടറ്റങ്ങളില്‍ നിന്നും യുവാക്കള്‍ വണ്ടിയെടുത്തും വണ്ടിപിടിച്ചും ഇവിടെത്തിച്ചേരുന്നുണ്ട്.

ശരിക്കും ഊഞ്ഞാപ്പാറ ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന ജലസേചന വകുപ്പിന്റെ ചെറിയ കനാലാണ്. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ശരിക്കുമിത്.  മുന്നൂറ് മീറ്റര്‍ നീളമുള്ള, 6 മുതല്‍ 20 അടി വരെ താഴ്‌ച്ചയുള്ള നീര്‍പ്പാലത്തിലെ വെള്ളം ശുദ്ധവും തണുത്തതുമാണ്.സുരക്ഷിതമാണെന്നത് തന്നെയാണ് ഊഞ്ഞാപ്പാറയിലെ കനാലിലെ കുളിയെ ഇത്രമാത്രം പ്രശസ്തമാക്കുന്നത്. പുഴയിലോ, ഡാമിലോ മക്കളെ വിടാന്‍ പേടിയുള്ള എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെ കണ്ണുമടച്ച് ഊഞ്ഞാപ്പാറയിലേക്ക് അയക്കുന്നു. അതിനോടൊപ്പം പ്രവേശഫീസോ മറ്റു ചിലവുകളോ ഒന്നും തന്നെ ഇല്ല. എത്രനേരം വേണമെങ്കിലും കനാലിലും സമീപ പ്രദേശങ്ങളിലും കറങ്ങി നടക്കുകയും ചെയ്യാം.

പൊതുവെ മനോഹരമായ ഊഞ്ഞാപ്പാറ കനാലിനിരുവശവും പ്രകൃതിരമണീയമായ കാഴ്ചകളാണ്. കമുകിന്‍തോട്ടങ്ങളും വയല്‍ നിരകളും ഇതിന്റെ ഭംഗി ഇരട്ടിയാക്കുന്നു.  മഴയിലും വെയിലിലും ഒരുപോലെ  സഞ്ചാരികള്‍ ഇവടെത്തിച്ചേരുന്നുണ്ട്.  പലദേശത്ത് നിന്നെത്തുന്നവര്‍ കനാലിലൂടെ നീന്തി തുടിച്ച് നാട്ടു വിശേഷങ്ങളും, വീട്ടുവിശേഷങ്ങളും പറഞ്ഞ് പരസ്പരം പരിചയപ്പെട്ട് അവസാനം പ്രിയപ്പെട്ട കൂട്ടുകാരായി പിരിയുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഇവിടെവെച്ച് പരിചയപ്പെടുന്നവര്‍ മറ്റു വിനോദസ ഞ്ചാര കേന്ദ്രങ്ങള്‍ തേടിപ്പോകുന്നതും പതിവായിട്ടുണ്ട്.ഊഞ്ഞാപ്പാറയുടെ സൗന്ദര്യത്തില്‍ കനാലിലൂടെ നീന്തി തുടിക്കുന്നവരേറെയും ഇവിടെ നിന്നു പോയാലും വീണ്ടും വരാന്‍ കൊതിക്കുന്നവരാണ്. പച്ചപ്പാര്‍ന്ന ചുറ്റുപാടും , സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതിയും ഊഞ്ഞാപ്പാറയെ യാത്രയെ സ്നേഹിക്കുന്നവരുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതാക്കുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top