വെറുതെ കാഴ്‌ച കണ്ട് സെൽഫിയുമെടുത്ത് മടങ്ങുന്ന യാത്രികരുടെ എണ്ണം പെരുകുകയാണ്. അവർക്കിടയിലാണ് ഈ യാത്രികരുടെ ഈ സംഘം വ്യത്യസ്‌തരാകുന്നത്. പോകുന്നിടത്തെ സംസ്‌കാരത്തെയും മനുഷ്യരെയും പ്രകൃതിയെയും അനുഭവിച്ചറിഞ്ഞ് മഞ്ഞും മഴയും നനഞ്ഞ് സ്വപ്‌നതുല്യമായ യാത്രകൾ... ലെറ്റസ് ഗോ ഫോർ എ ക്യാമ്പ് എന്ന കൂട്ടായ്‌മ തരുന്നത് അത്തരമൊരു യാത്രാനുഭവമാണ്.
കാഴ്‌ചകൾക്കപ്പുറം അനുഭവങ്ങളെ ചേർത്തുവയ്‌ക്കുന്നു ഇവർ. ഒരുപറ്റം അപരിചിതരെ കൂട്ടിച്ചേർത്ത് യാത്രകളെ ആഹ്ലാദകരമായ ഒത്തുചേരലുകളാക്കുന്നു ആലുവ മുപ്പത്തടം സ്വദേശി ഗീതു മോഹൻദാസും കൂട്ടരും. ബംഗളൂരുവിൽ ഹാർഡ്‌വെയർ ഡിസൈൻ എൻജിനിയറായ ഈ ഇരുപത്തേഴുകാരി സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്. മാലിന്യങ്ങൾ നീക്കംചെയ്‌തും മരങ്ങൾ നട്ടുമാണ് ഓരോ യാത്രയും. പ്രകൃതിയെ വെറുതെ കണ്ടാസ്വദിച്ചാൽപോരാ. ചെന്നെത്തുന്നിടത്തെല്ലാം നമ്മുടെ മുദ്രകൾ വേണം. പ്രകൃതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. അതാണ് ലെറ്റസ് ഗോ ഫോർ എ ക്യാമ്പിന്റെ ലക്ഷ്യം.
ചെറുപ്പംമുതൽ യാത്രകളോട് തോന്നിയ പ്രണയമാണ് കൂട്ടായ്‌മ രൂപീകരിക്കാനുള്ള പ്രേരണ. ഓരോ യാത്രയ്‌ക്കും പ്രസക്തമായ ലക്ഷ്യങ്ങൾ വേണമെന്ന് നിർബന്ധം. കുറഞ്ഞ ചെലവിൽ കുറച്ച് ലക്ഷ്യങ്ങൾ. അങ്ങനെയുള്ള യാത്ര ഇഷ്ടപ്പെടുന്നവരാണ് സംഘാംങ്ങൾ. യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ വലിയ കുടുംബം. ചിരിയും കളിയും കാര്യവും അറിവും
അനുഭവവുമെല്ലാം ഇതിന്റെ ഭാഗം.
2015ലാണ് ഗീതു ഈ യാത്രാകൂട്ടായ്‌മ രൂപീകരിച്ചത്. ഭർത്താവ് കൊല്ലം സ്വദേശിയായ പ്രസാദ് ആദിഷ്, സഹപാഠി കണ്ണൂർ സ്വദേശി സംഗീർത്ത്, രാജസ്ഥാനിൽ താമസിക്കുന്ന സുദിന എന്നിവരാണ് സംഘത്തിന്റെ കോ ഓർഡിനേറ്റർമാർ.
ആദ്യയാത്ര
2015 ആഗസ്‌തിൽ കക്കാടംപൊയിലിലേക്കായിരുന്നു. മറക്കാനാകാത്ത അനുഭവം. ‘‘അന്ന് സോഷ്യൽമീഡിയക്ക് ഇത്രയും പ്രചാരമില്ല. എങ്ങനെ ആസൂത്രണംചെയ്യുമെന്നൊന്നുമറിയില്ലായിരുന്നു. എങ്കിലും നല്ല തുടക്കം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് യാത്രികരെത്തി. യാത്ര അവരിലുണ്ടാക്കിയ അനുഭവം വിവരണാതീതം. ആഹ്ളാദകരമായ ആ യാത്ര തുടർസഞ്ചാരങ്ങൾക്ക് പ്രചോദനമായി’’ –-ഗീതു പറഞ്ഞു.
ഒറ്റയ്‌ക്ക് യാത്രചെയ്യാൻ സാഹചര്യം അനുവദിക്കാത്ത സ്‌ത്രീകൾക്കും മുതിർന്നവർക്കും വയോധികർക്കും സംഘത്തിൽ ചേരാം. അവരെ ഇഷ്ടമുള്ളിടത്തേക്ക് കൊണ്ടുപോകും. യാത്രാസംഘത്തിനായി വിവിധ ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്.
സൃഷ്ടി
സ്‌ത്രീകൾക്കുവേണ്ടി മാത്രമുള്ള യാത്രാഗ്രൂപ്പ്. വീട്ടിൽനിന്ന് പുറത്തുവരാൻ ബുദ്ധിമുട്ടുള്ളവരെ യാത്രികരാക്കുകയാണ് ലക്ഷ്യം. ആർത്തവ കപ്പുകൾ പോലുള്ള നവീന ആശയങ്ങളുടെ പ്രചാരണവും ഏറ്റെടുക്കുന്നു.
സ്‌ത്രീകൾ തേജസ്വിനിപ്പുഴയിൽ നടത്തിയ റാഫ്‌റ്റിങ്
സാഹസിക
ലക്ഷ്യം സാഹസികയാത്രകൾ. സ്‌ത്രീകൾക്ക് പരമാവധി ആത്മവിശ്വാസവും ധൈര്യവും നൽകുന്നു ഈ ഗ്രൂപ്പ്. കണ്ണൂരിലെ ജോസ്‌ഗിരിയിൽ തേജസ്വിനിപ്പുഴയിൽ നടത്തിയ റാഫ്‌റ്റിങ്ങിന്റെ ത്രിൽ ഇതുവരെ മാറിയിട്ടില്ലെന്ന് ഗീതു.
അമ്മയും കുഞ്ഞാറ്റയും (വലിയ ഭൂമി , കുട്ടിക്കൂട്ടം)
അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള യാത്രകൾ. ചെറിയ കളികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ള ക്യാമ്പുകൾ. പ്രകൃതിയിലേക്കുള്ള കുട്ടികളുടെ കാൽവയ്‌പ് അമ്മയുടെ കൈപിടിച്ച് തുടങ്ങണമെന്നാണ് ഗീതുവിന്റെ പക്ഷം. മനോഹരമായ സ്ഥലങ്ങൾ കണ്ടെത്തി കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും കാര്യങ്ങൾ പഠിപ്പിക്കും. യാത്രയിലൂടെ ഉത്തരവാദിത്തവും സർഗാത്മകതയുമുള്ള തലമുറയെ ഉണ്ടാക്കുകയാണ് അമ്മയും കുഞ്ഞാറ്റയും ലക്ഷ്യമിടുന്നത്.
49 യാത്രകൾ
നാല് വിദേശയാത്രകൾ ഉൾപ്പെടെ ചെറുതും വലുതുമായ 49 യാത്രകൾ പിന്നിട്ടുകഴിഞ്ഞു ഈ സംഘം. പ്രൊഫഷണലുകളും വീട്ടമ്മമാരും വിദ്യാർഥികളും കുടുംബങ്ങളിൽനിന്ന് ഒറ്റപ്പെട്ടവരും ഒറ്റയ്‌ക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരും കുടുംബമായി യാത്രചെയ്യുന്നവരുമൊക്കെയുണ്ട് സഞ്ചാരങ്ങളിൽ.
ഇതിഹാസ
സംസ്‌കാരങ്ങളെയും ചരിത്രത്തെയും അടുത്തറിയുകയാണ് ലക്ഷ്യം. കൊച്ചി മുസിരിസ്, കണ്ണൂരിന്റെയും മറ്റും ചരിത്രഭൂമികൾ, തെയ്യങ്ങളുടെ ചരിത്രത്തിലൂടെയുള്ള യാത്രകൾ എന്നിവ പ്രധാനം.
ഗ്രാസ് ഹോപ്പേഴ്‌സ്
മൂന്നാർ പാമ്പാടുംചോല നാഷണൽ പാർക്കിലെ കത്തിനശിച്ച പുൽമേടുകൾ തിരിച്ചുകൊണ്ടുവരാനുള്ള വനംവകുപ്പിന്റെ പദ്ധതിക്കൊപ്പം ചേരാനായി ഗീതു രൂപീകരിച്ചതാണ് ഗ്രാസ് ഹോപ്പേഴ്‌സ്. അവിടെ പുല്ലുനടാനും അക്കേഷ്യത്തൈകൾ പറിച്ചുമാറ്റുന്നതിനും മൂന്ന് വർഷമായി ഈ കൂട്ടായ്‌മ പ്രവർത്തിക്കുന്നുണ്ട്.
മഞ്ഞുപാതകളിൽ
ലഡാക്കിലെ ചാധറിലേക്ക് നടത്തിയ യാത്ര വലിയ ആത്മവിശ്വാസം നൽകിയതായി ഗീതു ഓർക്കുന്നു. തണുത്തുറഞ്ഞ സൻസ്‌കാർ നദിയുടെ മുകളിലൂടെ 19 പേരുമായി നടത്തിയ സ്വപ്‌നതുല്യമായ യാത്ര.
കറന്റും വെള്ളവുമില്ലാതെ തണുത്തുറഞ്ഞ പാതയിലൂടെ ആറ് ദിവസം നടന്നു. ഒരു പോറലുമേൽക്കാതെ അവരെ തിരിച്ചെത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.
ഫ്രൂട്ട് ഫോറസ്റ്റ് കർഷക ക്യാമ്പുകൾ
പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് ഫുഡ് ഫോറസ്റ്റ് ഫാമുമായി ചേർന്നാണ് ഫ്രൂട്ട് ഫോറസ്റ്റ് എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ അറിവുകളിൽനിന്നും അനുഭവങ്ങളിൽ നിന്നും കൃഷി പഠിക്കണമെന്ന ആശയത്തിൽനിന്നാണ് തുടക്കം. എത്ര ചെറിയ സ്ഥലത്തും മനോഹരമായ പഴങ്ങൾ നിറഞ്ഞ കാടുകൾ എങ്ങനെ നിർമിക്കാമെന്ന് പറഞ്ഞുകൊടുക്കുകയാണ് ശ്രീകൃഷ്‌ണപുരത്തെ കർഷകർ. ഓരോ തോട്ടങ്ങളിലെയും കർഷകരോട് സംവദിച്ചാണ് യാത്രകൾ.
കുടുംബത്തിന്റെ പിന്തുണ
ലെറ്റസ് ഗോ ഫോർ എ ക്യാമ്പിന്റെ കോ ഓർഡിനേറ്ററായ ഭർത്താവ് ആദിഷ് ഗീതുവിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. അച്ഛൻ മോഹൻദാസും അമ്മ ശ്രീദേവിയും അനിയൻ ഗോകുലും പിന്തുണയ്‌ക്കുന്നു. സ്‌കൂൾവിദ്യാർഥിയായിരിക്കെ ലഭിച്ച പ്രകൃതി പഠനക്യാമ്പുകളിലൂടെയാണ് ഇത്തരത്തിലൊരു യാത്രാസങ്കൽപ്പം രൂപപ്പെട്ടതെന്ന് ഗീതു പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..