03 October Tuesday

ഒരു നേപ്പാൾ യാത്രക്ക്‌ എത്ര ചെലവാകും? യാത്രക്ക്‌ പണമേ വേണ്ടെന്ന്‌ ഇരിട്ടിക്കാരൻ ഷാക്കിർ!

മനോഹരൻ കൈതപ്രംUpdated: Wednesday Jul 18, 2018

ഇരിട്ടി > ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പും തേങ്ങലും തേടി ഷാക്കിർ സുബഹാന്റെ പണമില്ലാ യാത്ര പത്ത് നാൾ പിന്നിട്ട് നേപ്പാളിലെ  കാഠ്‌മണ്ഡുവിൽ സമാപിച്ചു. ഹിച്ച് ഹൈക്കിംഗ് എന്ന പേരിൽ വിദേശ രാജ്യങ്ങളിലെ യുവതലമുറക്കിടയിൽ പ്രചരിക്കുന്ന യാത്രാ രീതി മനസിൽവച്ചാണ് ഇരിട്ടി വികാസ് നഗറിലെ ഷാക്കിർ ജൂലൈ 5ന് രാത്രി പത്തോടെ വീട്ടിൽ നിന്ന് യാത്രയാരംഭിച്ചത്. കൈ നീട്ടി നിർത്തിക്കിട്ടിയ ബൈക്കുകളിലും ചരക്ക് ലോറികളിലും സ്വകാര്യ വാഹനങ്ങളിലുമായി പലനാൾ പിന്നിട്ട യാത്രക്ക് ഇടത്താവളങ്ങളായത് ബംഗളുരു, ഹൈദരാബാദ്, നാഗ്‌പൂർ, അയോധ്യ, ജബൽപൂർ, അലഹബാദ്, ബസ്തി എന്നീ നഗര പാർശ്വങ്ങളിലെ ഗ്രാമങ്ങൾ.

ഗ്രാമീണർക്കൊപ്പം ചിരിച്ചുല്ലസിച്ചും അവർക്കൊപ്പം പേരിന് മാത്രം കിട്ടുന്ന ചപ്പാത്തിയും പച്ചക്കറിയും കഴിച്ചും യാത്ര പിന്നെയും മുന്നോട്ട്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ശുചി മുറികളില്ലാത്ത കൂരകൾക്ക് മുന്നിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വെളിയിട വിസർജനത്തിന്റെ ശാപഗ്രസ്തമായ അവസ്ഥയിൽ നരകിക്കുന്ന ചിത്രമാണ് ഹൃദയഭേദകമായി തോന്നിയതെന്ന് മല്ലു ട്രാവലർ എന്ന തന്റെ അനുഭവക്കുറിപ്പിൽ ഷാക്കിർ പറയുന്നു. ഏത് യാത്രക്കും ഏത് കാര്യത്തിനും ചിരിച്ചു കൊണ്ട് നാം സഹായം ഏത് അപരിചിതരോടാവശ്യപ്പെട്ടാലും അവരത് നിരസിക്കില്ലെന്നും നേപ്പാൾ യാത്രയുടെ വിജയകരമായ സമാപനശേഷം വീട്ടിൽ തിരിച്ചെത്തിയ ഷാക്കിർ ദേശാഭിമാനിയോട് പറഞ്ഞു.

ഇന്ത്യൻ ഗ്രാമങ്ങൾ കേന്ദ്ര ബിജെപി സർക്കാറിന്റെ നയ നടപടികളിൽ രോഷാകുലമായാണ് പ്രതികരിക്കുന്നതെന്ന് താനുമായി സംവദിച്ച ദരിദ്ര ജനവിഭാഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ബോധ്യപ്പെട്ടു. പ്രചരണത്തിൽ ഉയർത്തിക്കാട്ടുന്നതല്ല ഇന്ത്യൻ ഗ്രാമീണ മേഖലയുടെ ജീവിതാവസ്ഥ. ദരിദ്രരുടെ ജീവിതം നരകതുല്യമാണ്. മെയ്ക്ക് ഇൻ ഇന്ത്യയൊന്നുമറിയാത്ത മഹാഭൂരിപക്ഷമാണ് ഈ യാത്രയിൽ വേദനിപ്പിക്കുന്ന കാഴ്ചയായി മനസിൽ അവശേഷിക്കുന്നതെന്നും ഷാക്കിർ പറയുന്നു.

യുപി അതിർത്തിയിൽ നിന്ന് കാഠ്മണ്ഡു വരെ ബൈക്കിൽ എത്തിച്ച നേപ്പാളിയായ സന്ദീപിന്റെ സഹായത്തിലാണ് തിരികെ യുപിയിലേക്ക് വിമാന ടിക്കറ്റ് തരപ്പെടുത്തിയത്. മടക്കയാത്ര പിന്നീട് ട്രെയിനിൽ. നാഗപ്പൂരിലിറങ്ങിയപ്പോഴാണ് എടിഎം കാർഡുപയോഗിക്കാൻ തുടങ്ങിയത്. നാഗ്‌പൂരിലെ അസംഖ്യം എടിഎമ്മുകളിൽ കയറിയിറങ്ങി. 2000ന്റെ ഒറ്റ നോട്ട് മാത്രം കിട്ടുന്ന തരത്തിലാണ് എടിഎം പ്രവർത്തനം. ഇടപാടുകാർ ശപിച്ചും പ്രാകിയും പിന്തിരിഞ്ഞു പോവുന്ന കാഴ്ചയാണ് കണ്ടത്. മടക്കയാത്രക്ക് 2000 രൂപ എടിഎമ്മിൽ നിന്നെടുക്കുന്നത് അങ്ങിനെയാണ്.

അതേ വരെ കൈ നീട്ടി നേടിയ സൗജന്യ സഞ്ചാരത്തിന് അനേകം വണ്ടികൾ. അപരിചിതരായ ഡ്രൈവർമാർ. അവരൊക്കെ കൂടിയാണ് തന്നെ സൗജന്യമായി ഇരിട്ടി മുതൽ കാഠ്മണ്ഡു വരെയുള്ള 3600 കിലൊ മീറ്റർ യാത്ര വിജയിപ്പിക്കാൻ സഹായിച്ചത്. ജാതി‐മത‐ദേശ പരിഗണനകളില്ലാതെ നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന രാജ്യ പാരമ്പര്യം തനിക്ക് ഈ യാത്രയിൽ നേരിട്ട് ബോധ്യപ്പെട്ടതായും ഈ 28കാരൻ പറയുന്നു. എട്ട് ഭാഷകൾ അറിയാവുന്ന, ഇതിനകം 13 രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങളിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടാണ് ഷാക്കീർ ഹിച്ച് ഹൈക്കിംഗിൽ തുടക്കക്കാരനാവുന്നത്. ദുബായിലാണ് ജോലി. അവധിക്ക് വന്ന ഘട്ടത്തിലാണ് പുതുമയാർന്ന നേപ്പാൾ യാത്ര ക്രമീകരിച്ചത്. വികാസ് നഗറിലെ വയൽപ്പിടികയിൽ കുഞ്ഞാമിനയുടെയും സുബഹാന്റെയും മകനാണ്. ഭാര്യ: ബൾക്കീസ്. മകൻ: മാസി.

ഷാക്കിറിന്റെ ഫോൺ: 9605 222 548.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top