11 August Thursday

'മജൂലി'എന്ന സാമൂഹ്യപുനർജ്ജനി

കെ ആർ അജയൻUpdated: Monday Nov 23, 2020

കാസിരംഗ ദേശീയോദ്യാനത്തിന്റെ കവാടം


അസമിലെ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന പ്രത്യേക ജനവിഭാഗമാണ്‌ തോട്ടം തൊഴിലാളികൾ. വ്യത്യസ്‌ത ജാതീയതയും വംശീയതയും ഉണ്ടെങ്കിലും ഇവരെ പൊതുവെ അറിയപ്പെടുന്നത്‌ ‘ടീ ട്രൈബ്‌സ്‌’എന്നാണ്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ ജാർഖണ്ഡ്‌, ഒഡീഷ, ഛത്തിസ്‌ഗഡ്‌, ബംഗാൾ, ആന്ധ്രപ്രദേശ്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ തോട്ടം ജോലികൾക്കായി കുടിയേറിയവരുടെ പിന്മുറക്കാരാണ്‌ ഇവർ


തേസ്‌പൂരിൽനിന്ന്‌ പുലർച്ചെതന്നെ ജോർഹത്‌   ബസ്സിൽ കയറിക്കൂടി. കാര്യമായ തിരക്കില്ലെങ്കിലും മറ്റ്‌ യാത്രികർ പലരും ഓരോ സീറ്റും മുഴുവനായി എടുത്താണ്‌ ഇരിപ്പ്‌. ചിലർ ബാഗുകൾ ഉൾപ്പെടെയുള്ളവ സീറ്റിലാണ്‌ വച്ചിട്ടുള്ളത്‌. അതുകാരണം ഞങ്ങൾക്ക്‌ പിൻസീറ്റാണ്‌ കിട്ടിയത്‌. 162 കിലോമീറ്ററാണ്‌ ജോർഹതിലേക്ക്‌. അവിടെനിന്ന്‌ 14 കിലോമീറ്റർ നീമാതിഘാട്ടിലേക്കുണ്ട്‌. പിെന്ന ഒന്നരമണിക്കൂറോളം ബ്രഹ്മപുത്രയുടെ ഓളങ്ങൾക്കുമീതെ ഒഴുകിയാൽ മജൂലി ദ്വീപിന്റെ തുടക്കമായ കമലാബാരിയിലെത്താം. സ്‌റ്റീമർ രീതിയിലുള്ള ജംഗാറാണ്‌ 30 കിലോമീറ്ററോളം അകലെയുള്ള മജൂലിയിലേക്ക്‌. ദിവസം രണ്ടുപ്രാവശ്യമാണ്‌ ഇതിന്റെ സർവീസ്‌. രാവിലെ 10നും ഉച്ചയ്‌ക്കുശേഷം മൂന്നിനും. രാവിലത്തെ വണ്ടി പിടിക്കാനാണ്‌ ഞങ്ങളുടെ തിടുക്കപ്പെട്ടുള്ള  പോക്ക്‌.

ബസിനുള്ളിലുള്ള തദ്ദേശീയരിൽ ഭൂരിഭാഗവും തേയില  ത്തോട്ടങ്ങളിലെ തൊഴിലാളികളാണ്‌. പലരും വഴിക്ക്‌ ഇറങ്ങുന്നുണ്ട്‌. അസമിലെ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന പ്രത്യേക ജനവിഭാഗമാണ്‌ തോട്ടം തൊഴിലാളികൾ. വ്യത്യസ്‌ത ജാതീയതയും വംശീയതയും ഉണ്ടെങ്കിലും ഇവരെ പൊതുവെ അറിയപ്പെടുന്നത്‌ ‘ടീ ട്രൈബ്‌സ്‌’എന്നാണ്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ ജാർഖണ്ഡ്‌, ഒഡീഷ, ഛത്തിസ്‌ഗഡ്‌, ബംഗാൾ, ആന്ധ്രപ്രദേശ്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ തോട്ടം ജോലികൾക്കായി കുടിയേറിയവരുടെ പിന്മുറക്കാരാണ്‌ ഇവർ. അസമിന്റെ മലമ്പ്രദേശങ്ങളിലും ലഖിംപൂർ, റിരാങ്‌, വടക്കൻ ബ്രഹ്മപുത്രാ തടങ്ങളോട്‌ ചേർന്ന ഉദൽഗുഡി, സോനിത്‌പൂർ, നഗൗൺ, ഗോലാഘട്ട്‌, ജോർഹത്‌, ദിബ്രുഗഡ്‌  ഉൾപ്പെടെയുള്ളിടങ്ങളിലുമാണ്‌ ഈ വിഭാഗക്കാർ കുടിയേറിയിട്ടുള്ളത്‌. 

സാമൂഹ്യരീതിയിലും ജീവിതത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്ന ഇവർ ഭാഷാടിസ്ഥാനത്തിൽപോലും വിഭജിക്കപ്പെട്ടിട്ടുണ്ട്‌. സോറ, സദ്രി, ഒഡിയ, ബംഗാളി, സന്താളി, കുർമാലി, മുൺഡ.... എന്നിങ്ങനെ. ഇവയിൽ ചിലതെല്ലാം പട്ടിക വർഗത്തിൽപ്പെട്ട ആദിവാസികളായി പരിഗണിക്കപ്പെടുന്നുണ്ട്‌. 19‐ാം നൂറ്റാണ്ടുമുതൽ അസമിൽ കുടിയേറിയ ഇവർ രണ്ടുനൂറ്റാണ്ടിനിപ്പുറവും നിലനിൽപ്പിനായി പൊരുതുകയാണ്‌. പലരും  ഇപ്പോൾ പൗരത്വപട്ടികയിൽനിന്നുതന്നെ പുറത്താണ്‌. അസം ജനസംഖ്യയുടെ 18 ശതമാനത്തോളമാണ്‌ ‘ടീ ട്രൈബ്‌സ്‌’.

ജോർഹത്‌ ടൗൺ കഴിഞ്ഞ്‌ അടുത്ത സ്‌റ്റോപ്പിൽ ബസ്‌ നിന്നു. ഇവിടെനിന്നാണ്‌ നീമാതിഘാട്ടിലേക്കുള്ള വഴി. ഞങ്ങൾ അഞ്ചുപേർക്ക്‌ ഒരു ഓട്ടോറിക്ഷ മതി. ഒരാളിന്‌ 75 രൂപയാണ്‌ ഓട്ടോ ഡ്രൈവർ ചോദിച്ചത്‌. പത്തരമണി കഴിഞ്ഞതിനാൽ മജൂലിയിലേക്കുള്ള ജംഗാർ പോയിക്കാണുമെന്നും ഉച്ചയ്‌ക്കുശേഷമേ ദ്വീപിലേക്ക്‌ ഇനി കടക്കാനാകൂവെന്നും ഡ്രൈവർ പറഞ്ഞു. എന്തായാലും നേരേ നീമാതിഘാട്ടിലേക്ക്‌ പോകാൻതന്നെ തീരുമാനിച്ചു. ജോർഹതിലെ ജാദവ് മൊലായിയെ അറിയുമോയെന്ന്‌ ഓട്ടോ ഡ്രൈവറോട്‌ ചോദിച്ചു. അയാൾ എന്നെ നോക്കി ഒന്നും പിടികിട്ടാത്തവിധം കണ്ണുരുട്ടി, തന്റെ സുഹൃത്തിനെ ഞാനെങ്ങനെ അറിയാനാണ്‌ എന്ന ഭാവത്തിൽ.

ജാദവ് മൊലായ് പായംഗിനെ ഞാൻ നേരിൽ കണ്ടിട്ടില്ല. പബ്ലിക്‌ സർവീസ്‌ കമീഷൻ പരീക്ഷക്കായി വായിച്ച പാഠഭാഗത്തിലെ സുഹൃത്താണ്‌ പായംഗ്‌. ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ എന്ന ബഹുമതിക്കർഹനായ പരിസ്ഥിതി വാദി, പത്മശ്രീ ജേതാവ്‌. ജോര്‍ഹതിൽ പായംഗിന്റെ ജന്മസ്ഥലത്ത്‌ സാന്ദ് ബാറിൽ 1979ല്‍ ഭയങ്കരമായ വെള്ളപ്പൊക്കമുണ്ടായി.  മരങ്ങളെല്ലാം കടപുഴകി നശിച്ചു. തരിശായിമാറിയ പ്രദേശത്തെ വനമാക്കി മാറ്റാൻ അയാൾ തീരുമാനിച്ചു. എന്നാൽ അയാളുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ  ഒറ്റയ്‌ക്ക്‌ ശ്രമം തുടങ്ങി.  ചെടികൾ നട്ടുപിടിപ്പിച്ച്‌  അതിനെ പരിപാലിച്ചു. ചുവന്നുറുന്പ്‌  ഉൾപ്പെടെയുള്ളവയ്‌ക്ക്‌  ആവാസമൊരുക്കി. ചെറിയ കാട്‌ മഹാവനമായി. കണ്ടാമൃഗവും ബംഗാള്‍ കടുവയുമുള്‍പ്പെടെ ഇവിടെ വന്നെത്തി. 1360 ഏക്കറിലേക്കാണ്‌ പായംഗിന്റെ വനം വളർന്നത്‌. പിന്നെയെല്ലാം ചരിത്രം.

ബ്രഹ്‌മപുത്രാനദിയിലൂടെ മജൂലിയിലേക്ക്‌ പോകുന്ന ജംഗാർ

ബ്രഹ്‌മപുത്രാനദിയിലൂടെ മജൂലിയിലേക്ക്‌ പോകുന്ന ജംഗാർ


രാവിലെമുതൽ കനത്ത മഞ്ഞായതിനാൽ ബോട്ട്‌ യാത്രതുടങ്ങിയിട്ടില്ല. അത്‌ രക്ഷയായി. ബ്രഹ്മപുത്രയിലൂടെ മജൂലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക്‌ ഫെറി സർവീസ്‌ നടത്തുന്ന ചെറിയ തുറമുഖമാണ്‌ നീമാതിഘാട്ട്‌. ബ്രഹ്മപുത്രക്കരയിലെ നാട്ടിൻപുറം. തെരുവുവാണിഭവും ചെറുകിട ലോഡ്‌ജുകളും ഭക്ഷണ കേന്ദ്രങ്ങളുമൊക്കെ ഇവിടെയുണ്ട്‌. അക്കരെയ്‌ക്ക്‌ കടക്കാനുള്ള ടിക്കറ്റ്‌ 15 രൂപയാണ്‌. കാറുകൾ, ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ജംഗാറിൽ കയറ്റി നിർത്തിയിട്ടുണ്ട്‌. രാവിലെ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലാത്തതിനാൽ അതുകഴിഞ്ഞാവാം ജംഗാറിനുള്ളിൽ പ്രവേശിക്കുന്നതെന്ന്‌ തീരുമാനിച്ചു. ചപ്പാത്തിയും സബ്‌ജിയും കഴിച്ചുതീരുംമുന്പുതന്നെ ജംഗാറിന്റെ മണിമുഴങ്ങി. മൂന്നുതട്ടാണ്‌ ജംഗാർ. ചെന്നുകയറുന്ന വിശാലമായ സ്ഥലത്താണ്‌ വാഹനങ്ങളൊക്കെ പാർക്ക്‌ ചെയ്‌തിട്ടുള്ളത്‌. അവയ്‌ക്കരികിൽ നിന്ന്‌ യാത്രചെയ്യാനുള്ള സംവിധാനമുണ്ട്‌. താഴത്തെ തട്ടിലാണ്‌ ഇരിപ്പിടങ്ങൾ. നിരനിരയായി ഉറപ്പിച്ച ബഞ്ചുകളിൽ ആൾക്കാർ നിറഞ്ഞിരിപ്പാണ്‌. ഇതുകൂടാതെ ഡ്രൈവറുടെ കാബിനോട്‌ ചേർന്ന്‌ വിശാലമായ രണ്ടാംനിലയുമുണ്ട്‌. അവിടെയും യാത്രികർക്ക്‌ കയറിനിൽക്കാം.

ബ്രഹ്മപുത്രയുടെ ഒഴുക്ക്‌ സാവധാനം മുറിച്ചുകടന്ന്‌ പോവുകയാണ്‌ ജംഗാർ. കണ്ണെത്താ ദൂരമാണ്‌ ബ്രഹ്മപുത്രയ്‌ക്ക്‌. 30 കിലോമീറ്റർ യാത്രയുണ്ട്‌ കമലാബാരിയിലേക്ക്‌. കുറേനേരം താഴെതട്ടിലിരുന്നു. തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർഥികളുമൊക്കെയുണ്ട്‌ യാത്രക്കാരായി. ബോട്ടിന്റെ ഒരുമൂലയ്‌ക്ക്‌ ചെറിയൊരു പീടിക. ചൂടുചായയും  ബിസ്‌കറ്റും ഉണക്ക റൊട്ടിയും ബീഡിയുമൊക്കെ വിൽപ്പനയ്‌ക്കുണ്ട്‌. ബീഡി, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള അനധികൃത വിൽപ്പന. പിന്നെയുള്ളത്‌ മുറുക്കാനാണ്‌. ഒരുമുറുക്കാൻ വാങ്ങി ചവച്ച്‌ ബ്രഹ്മപുത്രയുടെ ഇളകുന്ന ഓളങ്ങളിേലക്ക്‌ നീട്ടിത്തുപ്പി. ഞാൻ മാത്രമല്ല, യാത്രക്കാരിൽ സ്‌ത്രീകൾ ഉൾപ്പെടെ ബ്രഹ്മപുത്രയെ മുറുക്കിച്ചുവപ്പിക്കുന്നുണ്ട്‌, കോടമഞ്ഞ്‌ മാറി പുഴയ്‌ക്കുമീതെ വെയിൽ തൂവിവീഴുന്നു. വലത്തെ കരയിലേക്ക്‌ വെള്ളമടിച്ചുകയറി മണ്ണാകെ പൊഴിഞ്ഞ്‌ നദിയിൽ കലരുന്നു. എക്കൽ ചെന്നടിഞ്ഞ തിട്ടകളിൽ മുളയും കുറ്റിച്ചെടികളും വളരുന്നു. രാവിലെതന്നെ ചൂണ്ടയുമായി കരയ്‌ക്കിരിക്കുകയാണ്‌ ചിലർ. അരികിലുള്ള ചെറുകൂടകളിൽ വരാലുകൾ പിടയ്‌ക്കുന്നുണ്ട്‌.

ബ്രഹ്‌മപുത്രയുടെ കൈവഴിയിൽ വലവീശുന്ന ഗ്രാമീണൻ

ബ്രഹ്‌മപുത്രയുടെ കൈവഴിയിൽ വലവീശുന്ന ഗ്രാമീണൻ


യാത്രക്കാരെല്ലാം അവരവരുടേതായ ലോകത്താണ്‌. വീട്ടുമുറ്റത്തിരുന്ന്‌ കിന്നാരംപറയുംമട്ടിലാണ്‌ ജംഗാറിലെ ജീവിതം. പ്രായമുള്ള സ്‌ത്രീകൾ കലപില പറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്നു. മജൂലി കാണാനിറങ്ങിയ അസമീസ്‌ യുവതികളുടെ ചെറുസംഘം ബ്രഹ്മപുത്രയുടെ ബാക്‌ഗ്രൗണ്ടിൽ സെൽഫികളും ചിത്രങ്ങളുമെടുത്ത്‌ ഉല്ലാസത്തിലാണ്‌. ഒഴുകുന്ന വാഹനത്തിലാണ്‌ ഞങ്ങളെന്ന്‌ തിരിച്ചറിയുന്നത്‌ ജംഗാറിന്റെ എഞ്ചിൻ മുഴങ്ങുമ്പോൾ മാത്രം. പീടികയിലേക്കിറങ്ങി ചൂടുള്ള  മസാലച്ചായയും സിഗരറ്റും പുകച്ച്‌ ഇത്തിരനേരം നിന്നു. മുറുക്കിത്തുപ്പലിന്റെ മടുപ്പിക്കുന്ന ഗന്ധമാണ്‌ പീടികയ്‌ക്കരികിൽ. അടുത്തിടെ നീറ്റിലിറക്കിയ പുതിയ ജംഗാറാണിത്‌.

നേരത്തേയുണ്ടായിരുന്നതിന്റെ  ഇരട്ടിയോളം വലിപ്പവും അതിലേറെ സൗകര്യങ്ങളുമുണ്ടെന്ന്‌ പീടികക്കാരൻ  ഹിമഭാസ്‌ പറഞ്ഞു. വർഷങ്ങളായി വിവിധ ജംഗാറുകളിൽ പീടികപ്പണിയാണ്‌ ഹിമഭാസിന്‌. തന്റെ പൂർവികർ ഒഡീഷയിൽനിന്ന്‌ ബ്രഹ്മപുത്രാ തടങ്ങളിൽ കൃഷിപ്പണിക്കായി വന്നതാണെന്നും താൻ ജനിച്ചതും വളർന്നതും കമലാബാരിയിലാണെന്നും പറയുമ്പോൾ ജംഗാറിലെ നേർത്ത ഇരുട്ടിൽ അയാളുടെ മുഖം തെളിയുന്നു. അസമിയിൽ ഹിമഭാസ്‌ എന്നുപറഞ്ഞാൽ ചന്ദ്രൻ എന്നാണല്ലോ അർഥം.

ബ്രഹ്മപുത്രയുടെ ഓളങ്ങൾക്കുമീതെ ബോട്ട്‌ ഓടിത്തുടങ്ങിയിട്ട്‌ എതാണ്ട്‌ മുക്കാൽ മണിക്കൂർ കഴിയുന്നു. കടലിലും തടാകങ്ങളിലുമൊക്കെ ഇതിലേറെ  സമയം യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും ഒരു നദിയിൽ, ഇത്രസമയം ആദ്യമാണ്‌. ഇത്‌ വെറുംനദിയല്ലല്ലോ. മഹാനദിയല്ലേ. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര.  ചൈനയിൽ യാലുസാങ്പോ അല്ലെങ്കിൽ സാങ്പോ എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം  ഷെമയുങ് തുങ് ഹിമാനിയാണ് ഉത്ഭവപ്രദേശം. അരുണാചൽ പ്രദേശിൽ  പ്രവേശിക്കുമ്പോൾ  ദിഹാങ്ങ് എന്ന പേരിലാണ് ഈ നദി അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി അസമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരായി. 2900കി.മീ ദൈർഘ്യമുള്ള യാത്രക്കിടയിൽ 725കി.മീ മാത്രമേ ഇന്ത്യയിലൂടെ ഒഴുകുന്നുള്ളൂ. അസമിൽ മിക്കയിടത്തും ഈ നദിയ്ക്ക് ഏകദേശം 10കിലോമീറ്ററോളം വീതിയുണ്ട്.  അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനം ബ്രഹ്മപുത്രാതടത്തിലാണ്.  ധുബുരി എന്ന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ടൊഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ലാദേശിൽ പ്രവേശിക്കുന്നത്.

ഇവിടവെച്ച്  ജമുന, മേഘ്ന എന്നീ  ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279 കി.മീ സഞ്ചരിച്ച് പത്മ നദിയുമായി സന്ധിച്ച്, ബൃഹത്തായ ഡെൽറ്റ രൂപപ്പെടുന്നു. തുടർന്ന് തെക്കോട്ട് 246 കി.മീ ഒഴുകി ഗംഗയുമായി ചേർന്ന് ബംഗ്ലാദേശിൽ വച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.  പുരുഷന്റെ പേരുള്ള നദിയും ബ്രഹ്മപുത്രയാണല്ലോ.
കമലാബാരി ജെട്ടിയിൽ ഉരു നിന്നു. യാത്രകരൊരെപ്പോലെതന്നെ വാഹനങ്ങളും ചുമടുമെല്ലാം പുഴയ്‌ക്കിക്കരെ എത്തിയിട്ടുണ്ട്‌. ഞങ്ങൾ ലോകവിസ്‌മയമായ മജൂലിയുടെ എക്കൽമണ്ണിൽ കാലുകുത്തുകയാണ്‌. എന്തൊക്കെ വിസ്‌മയങ്ങളാണ്‌ ഈ നദീജന്യദ്വീപ്‌ തുറന്നുവച്ചിട്ടുള്ളതെന്ന്‌ നിശ്‌ചയംപോര. അതുമാത്രമല്ല, ഞങ്ങൾക്ക്‌ പരിചയമുള്ളവരോ, പരിചയമുള്ള താമസയിടമോ ഒന്നും ഇവിടെയില്ല. കമലയെന്നാല്‍ ഓറഞ്ച്. ബാരി എന്നാല്‍ പൂന്തോട്ടം. അസമീസിൽ കമലാബാരിക്ക്‌ അർഥം, ഓറഞ്ച്‌ പൂന്തോട്ടം എന്നാണ്‌. 

ഇക്കരെയെത്തിയ പലരും െജട്ടി കഴിഞ്ഞുള്ള വിശാലമായ നദിക്കരയിലൂടെ  നടന്നുമറയുന്നു. വാഹനങ്ങളുടെയൊക്കെ തിരക്ക്‌ കുറഞ്ഞപ്പോൾ ഭാണ്ഡങ്ങളുമെടുത്ത്‌ ഞങ്ങളും നദിക്കരയിലൂടെ നടന്നു. ഇത്തിരി നടന്നാൽ അതിനപ്പുറം റോഡാണെന്നും അവിടെനിന്ന്‌ ഓട്ടോറിക്ഷയോ മറ്റ്‌ വാഹനങ്ങളോ ലഭിക്കുമെന്നുമെന്നുമുള്ള  വിവരം  ബോട്ടിനുള്ളിൽവച്ചുതന്നെ കിട്ടിയിരുന്നു. പെട്ടെന്ന്‌ ഒരു ടവേര കാർ വന്ന്‌ മുന്നിൽനിന്നു. പുറത്തിറങ്ങിയ സുമുഖനായ ഡ്രൈവർ യുവാവ്‌ ഞങ്ങളുടെ ചങ്ങാതിയാകാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. രാജു എന്നാണ്‌ അയാളുടെ പേര്‌. മജൂലി സ്വദേശിയാണ്‌. ഡ്രൈവിങും ചിത്രമെഴുത്തുമാണ്‌ പ്രധാന തൊഴിൽ.  ഞങ്ങൾക്ക്‌ രണ്ടുദിവസം താമസിക്കാനുള്ള സൗകര്യവും ദ്വീപിനുള്ളിലെ യാത്രയുമെല്ലാം അയാൾ ഒരുക്കാമെന്ന്‌ സമ്മതിച്ചു. പ്രതിദിനം 2500 രൂപയാണ്‌ വാഹനത്തിന്‌ വാടക. താമസം ഏതെങ്കിലും സത്രം മതിയെങ്കിൽ സൗജന്യമാക്കാം.  അരുണാചലിന്റെയും അസമിന്റെയും ഉൾനാടൻ ചന്തങ്ങളിലുടെ കടന്നുവന്ന ഞങ്ങൾ തികച്ചും മജൂലിയൻ ഗ്രാമസൗന്ദര്യമാണ്‌ താമസത്തിന്‌ തെരഞ്ഞെടുത്തത്‌. മുളങ്കുടിലിലെ താമസം.

മജൂലിയിലെ മുളങ്കുടിലുകൾ

മജൂലിയിലെ മുളങ്കുടിലുകൾ


സീസൺ അല്ലാത്തതിനാൽ മുളങ്കുടിലുകളുടെ വാടക അത്ര വലുതല്ല. ബ്രഹ്മപുത്രക്കരയിൽ കുത്തിനിർത്തിയ മുളങ്കാലുകളിൽ ഉയർന്നുനിൽക്കുന്ന കുടിലുകൾ. ഞങ്ങൾക്ക്‌ ആറുപേർക്കുമായി രണ്ട്‌ കുടിൽ. പ്രതിദിന വാടക മൊത്തം 1600 രൂപ. രണ്ട്‌ കിടക്കകൾ ചേർത്തിട്ടിട്ടുണ്ട്‌. സൗരോർജ വിളക്കുകളും അതിനുള്ളിൽതന്നെ ടോയ്‌ലറ്റ്‌ സൗകര്യവും. പുറത്തിറങ്ങിനിന്നാൽ ബ്രഹ്മപുത്രയിൽ ഒഴുകിനടക്കുന്ന ചെറിയ കെട്ടുവള്ളങ്ങൾ കാണാം. മിക്കതും മീൻപിടുത്തക്കാരുടേതാണ്‌.  അവരെ കൂകിവിളിച്ചാൽ പിടയ്‌ക്കുന്ന മീൻ അരികിലെത്തും. എല്ലാത്തിനും ന്യായവില. കുടിലുകൾക്ക്‌ പൊതുവായി അടുക്കള സംവിധാനമുണ്ട്‌.  തൊട്ടടുത്തതുന്നെയാണ്‌ ഗ്രാമക്കവലയും കച്ചവട കേന്ദ്രവും. പച്ചതുളുന്പുന്ന പച്ചക്കറികൾ വഴിയിൽ കൂട്ടിയിട്ടിട്ടുണ്ട്‌. കുറേനാളായി കേരള ഭക്ഷണം കഴിക്കാത്തതിനാൽ സ്വന്തമായി ഭക്ഷണമൊരുക്കിയാലോ എന്ന്‌ പൂതി. കുടിലിൽ ഇത്തിരിനേരം വിശ്രമിച്ചശേഷം ഭക്ഷണത്തിനുള്ള സാധനങ്ങൾ സംഘടിപ്പിക്കാൻ ഞാനും രാജുവും പുറത്തിറങ്ങി. മത്സ്യവും പച്ചക്കറിയുമെല്ലാം വാങ്ങിയെത്തുമ്പോൾ കുടിലുകളുടെ കെയർടേക്കറായ യുവാവ്‌ സഹായിയായി എത്തി. ഇരുന്നൂറ്റന്പത്‌ രൂപയ്‌ക്കുള്ള മത്സ്യം ഞങ്ങൾക്ക്‌ രാത്രിയും കഴിക്കാനുണ്ട്‌. ചോറും മത്സ്യക്കറിയും മെഴുക്കുപുരട്ടുമൊക്കെയായി ഉച്ചഭക്ഷണം കുശാൽ. അതുകഴിഞ്ഞ്‌ വിശ്രമിക്കാനൊന്നും നിൽക്കാതെ രാജു ഞങ്ങളെയുകൊണ്ട്‌ മജൂലിയുടെ  ഗ്രാമത്തഴപ്പുകളിലൂടെ വാഹനമോടിച്ചു.

ആശ്രമ ക്ഷേത്രങ്ങൾ പോലുള്ള സത്രങ്ങളാണ്‌ മജൂലിയുടെ പ്രത്യേകത. ഓരോ സത്രവും വെറും താമസയിടമല്ല, മറിച്ച്‌   സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണ്‌. സംഗീതവും നൃത്തവും നാടകവും കരകൗശലവുമൊക്കെ പുനർജ്ജനിക്കുന്ന കേന്ദ്രങ്ങൾ. സായാഹ്നങ്ങൾ ഇവിടം സാമൂഹ്യജീവിതത്തിന്റെ പരിഛേദവുമാകുന്നു. ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ്‌  മജൂലി. ഇതിനേക്കാള്‍ വലിയ ദ്വീപുകള്‍ ആമസോണ്‍ ഉള്‍പ്പടെ പല നദികളിലും ഉണ്ടെങ്കിലും അവയൊക്കെ അഴിമുഖങ്ങളില്‍ ആയതിനാല്‍ പൂർണമായും ഒരു നദീജന്യദ്വീപ് എന്ന് വിളിക്കുന്നില്ല. 1250 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.  ഇപ്പോൾ ഇത്‌ കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ബ്രഹ്മപുത്രയുടെ ശക്‌തമായ ഒഴുക്കിൽ കരയിടിയുന്നതാണ്‌ വിസ്‌തൃതി കുറയാൻ കാരണം.

പതിനൊന്നാം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിലും ഭൂമികുലുക്കത്തിലും  എക്കലടിഞ്ഞ്‌ ഉണ്ടായതത്രേ മജൂലി.  അരുണാചലിൽനിന്ന്‌ എത്തിയ ദ്യൂരി, മീസിങ്‌ വർഗക്കാരാണ്‌ ദ്വീപിലുള്ള ഭൂരിഭാഗം കുടുംബക്കാരും.  144 ഗ്രാമങ്ങളിലായി 150,000 പേർ താമസിക്കുന്നുണ്ട്. നംഖർ ആണ്‌ മജൂലിയുടെ ആസ്ഥാനം. ഇപ്പോൾ മജൂലി അസമിലെ ജില്ലകളിലൊന്നാണ്‌. അതുമാത്രമല്ല, അസം മുഖ്യമന്ത്രി സർബനന്ദ സോനോവാളിന്റെ അസംബ്ലി മണ്ഡലം കൂടിയാണ്‌.
അസമിസ്​ ഭാഷയിൽ മജൂലിയെന്നാൽ  തീരങ്ങൾക്ക്‌ മധ്യേയുള്ള പ്രദേശം എന്നാണർഥം. ബ്രഹ്മപുത്രയു​െടയും കൈവഴിയായ ബുർഹിദിഹങ് നദിയു​െടയും ഇടയ്‌ക്കാണ് മജൂലി. ബ്രഹ്മപുത്രയെ ആശ്രയിച്ചാണ് മജൂലിയിലെ എല്ലാം. കൃഷിക്കുപുറമെ മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണവും, പരന്പരാഗത ൈകത്തറിയുമാണ്‌  പ്രധാന തൊഴിൽ. മത്സ്യബന്ധനവും പ്രധാന വരുമാന മാർഗമാണ്.

പതിനഞ്ചാം നൂറ്റാണ്ടിലെ വൈഷ്‌ണവാചാര്യനായ ശ്രിമന്ദ ശങ്കർദേവയാണ്‌  മജൂലിയുടെ സാംസ്‌കാരിക മുഖം.  ശ്രീകൃഷ്‌ണൻ കുട്ടിക്കാലത്ത് ഇവിടെ ഗോപികമാർക്കൊപ്പം കളിച്ചുനടന്നുവത്രേ. നിയോ വൈഷ്‌ണവിസം ശക്‌തമായി വേരൂന്നിയ പ്രദേശമാണിത്‌.  ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. വൈഷ്‌ണവിസത്തിനൊപ്പം ക്ലാസിക്കല്‍ സത്രിയ ഡാന്‍സും ഇവിടെ പരിശീലിപ്പിക്കുന്നു.
 പാടങ്ങൾക്ക്‌ നടുവിലൂടെയാണ്‌ വാഹനമോടുന്നത്‌. ഇതിനിടെ ചെറിയ കവലകളിൽ മധുര പലഹാരങ്ങളുണ്ടാക്കുന്ന ഒട്ടേറെ കടകളുണ്ട്‌. അസമീസ്‌ രീതീയിൽ സാരി ധരിച്ച നിരവധി കുട്ടികൾ സൈക്കിളിലും നടന്നുമൊക്കെ പോകുന്നുണ്ട്‌. തൊട്ടടുത്ത ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളാണ്‌. കമലബാരി സത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഓനിയാട്ടി, ബെഗനാതി, ഷാമുഗാരി തുടങ്ങിയവയും പ്രശസ്‌തമാണ്. ഓനിയാട്ടി സത്രത്തിലേക്ക്‌ ഞങ്ങൾ കടന്നു. മുഖമണ്ഡപത്തിന്‌ പിന്നിൽ  വിശാലമായ പറന്പാണ്‌. വഴിയിൽ കലാരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്‌. സമീപത്തെ വെള്ളക്കെട്ടിൽ അരയന്നങ്ങൾ നീന്തുന്നു. 1653 ലാണ് ഈ സത്രം തുടങ്ങിയത്. പൽനാം, അപ്‌സര നൃത്തം എന്നിവയാണ് ഈ സത്രത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്‌. മികച്ച സാമൂഹ്യ ഘടന വാർത്തെടുക്കുന്നതിനായി മഹാദേവ ശ്രിമന്ദ ശങ്കർദേവ  രൂപീകരിച്ച  പ്രത്യേക നാമകീർത്തന രീതിയാണ്‌ പൽനാം. കട്ടി (കാർത്തിക) മാസത്തുടക്കത്തിൽ അഞ്ചുനാൾ പൽനാം ഉൽസവം തന്നെ ഇവിടെ നടത്തുന്നുണ്ട്‌.  ഇതിനോടനുബന്ധിച്ചാണ്‌ പ്രശസ്‌തമായ രാസപൂർണിമയും. ശബ്ദവും ഘോഷവും വർണവുമെല്ലാം നിറയുന്ന രാസപൂർണിമ ശ്രീകൃഷ്‌ണന്റെ ഗോപികാ വസന്തത്തെയാണ്‌ ഓർമിപ്പിക്കുന്നത്‌. ഇതോടൊപ്പം സംസ്‌കൃപഠനാരംഭവും ഈ കാലയളവിലാണ്‌.

ശങ്കർദേവയുടെ നേതൃത്വത്തിൽ തുടങ്ങിയ നിയോ‐വൈഷ്ണവ് മൂവ്മെന്റ്‌ അസമിന്റെ സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിർണായക സ്വാധീനമുണ്ടാക്കി. അതോടെയാണ്‌ സത്രങ്ങൾ ഉയർന്നുവന്നത്‌. ഭാഗവത, രാമായണ കഥകളെ അനുബന്ധമാക്കി ശങ്കർദേവ സൃഷ്ടിച്ച ഭവോനയെന്ന ചെറിയ നാടകങ്ങൾ നിരക്ഷരരായ അസം ജനതയ്‌ക്ക്‌ അറിവും അക്ഷരവും പകർന്നുനൽകി. നാടകങ്ങളും പ്രഹസനങ്ങളും സംഗീതം, ചിത്രകല ഉൾപ്പെടെയുള്ളവയുടെ അവതരണത്തിനുമായി എല്ലാ ഗ്രാമങ്ങളിലും ഉയർന്നുവന്ന നാംഖർ അഥവാ പ്രാർഥനാ മന്ദിരങ്ങളാണ്‌ പിൽക്കാലത്ത് സത്രങ്ങളായി മാറിയത്‌. അത്തരം കേന്ദ്രങ്ങളിലെ ആചാര്യന്മാർ സത്രാധികാരികളായി.

ഓനിയാട്ടി സത്രത്തിലെ ഓഡിറ്റോറിയം തന്നെ കാഴ്‌ചയ്‌ക്ക്‌ വിരുന്നാണ്‌. വിവിധ തരത്തിലുള്ള നൃത്തരൂപങ്ങൾ അവിടവിടെ കൊത്തിവച്ചിട്ടുണ്ട്‌. ഗോവിന്ദ ദേവന് വേണ്ടിയുള്ള ശാസ്ത്രീയ നൃത്തം, രാസലീല എന്നിവയും ജന്മാഷ്ടമി, ബോഹാഗ് ബിഹു തുടങ്ങിയ ആഘോഷങ്ങളും ഇവിടെയാണ്‌ നടക്കുന്നത്‌.

ഓനിയാട്ടി സത്രത്തിലെ ഓഡിറ്റോറിയം തന്നെ കാഴ്‌ചയ്‌ക്ക്‌ വിരുന്നാണ്‌. വിവിധ തരത്തിലുള്ള നൃത്തരൂപങ്ങൾ അവിടവിടെ കൊത്തിവച്ചിട്ടുണ്ട്‌. ഗോവിന്ദ ദേവന് വേണ്ടി ശാസ്‌ത്രീയ നൃത്തം, രാസലീല, ജന്മാഷ്ടമി, ബോഹാഗ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ ഇവിടെയാണ്‌ നടക്കുന്നത്‌. അതിനോട്‌ ചേർന്ന്‌ പരമ്പരാഗത അസമീസ് സാധനങ്ങളുടെ ശേഖരമുള്ള മ്യൂസിയവുമുണ്ട്‌.
തൊട്ടുത്തുതന്നെയാണ്‌ ലോകപ്രശസ്‌തമായ സമഗുരി സത്രം. മുഖംമൂടി നിർമാണ കൗശലത്തിന്‌ ഏറെ പേരുകേട്ടയിടം. അന്യംനിൽക്കുന്ന ഈ കരകൗശലത്തിന്റെ സർവകലാശാല എന്നും വേണമെങ്കിൽ സമഗുരി സത്രത്തെക്കുറിച്ച്‌ പറയാം. രാജു ഞങ്ങളെ കൊണ്ടുപോകുന്നത്‌ അങ്ങോട്ടാണ്‌. പാടങ്ങൾക്ക് നടുവിൽ കോൺക്രീറ്റ്‌ ബ്ലോക്കുകൾ ഉറപ്പിച്ച വഴിയാണ്‌.  വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ്‌ റോഡുകൾ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്നത്‌.  കൊത്തുപണികൾ പൂർത്തീകരിക്കാത്ത മുഖമണ്ഡപം നിർമാണഘട്ടത്തിലാണ്‌. വരിയായി കോൺക്രീറ്റും തകര ഷീറ്റും കൊണ്ട് നിർമിച്ച കെട്ടിടങ്ങൾ. അവയുടെ ചുവരുകളിലെല്ലാം പുരാണകഥകൾ കൊത്തിവച്ചിട്ടുണ്ട്‌. കെട്ടിടങ്ങൾക്ക്‌ പുറത്തിരിക്കുന്നവർ കരകൗശല ജോലികളിൽ വ്യാപൃതരാണ്‌.  മുളയുടെ ചീളുകൾ വളച്ചുണ്ടാക്കിയ രൂപങ്ങളിൽ കളിമണ്ണും തുണിയും നിറങ്ങളും ഉപയോഗിച്ചാണ്‌ കരവേല.  സത്രാധികാരിയായ ഹേംചന്ദ്ര ഗോസ്വാമിയെക്കുറിച്ച്‌ വായിച്ചറിവുണ്ട്‌. മാസ്ക് നിർമിതിയുടെയും പാരമ്പര്യ കലകളുടെയും ഗവേഷണത്തിന് ഗുവാഹത്തി സർവകലാശാലയിൽനിന്ന്‌   ഡോക്ടറേറ്റ് ലഭിച്ചയാൾ. ലോകപ്രശസ്‌തനായ ശില്‌പി. 1984 മുതൽ മാസ്ക് നിർമ്മാണം പരിശീലിപ്പിക്കുന്ന സ്കൂൾ അദ്ദേഹം സമഗുരിയിൽ നടത്തുന്നുണ്ട്‌. പരിചയപ്പെടാനായി ചെന്നത്‌ അദ്ദേഹത്തിന്റെ മുന്നിൽതന്നെ. കയ്യിലിരിക്കുന്ന ഗരുഡ മുഖംമൂടിക്ക്‌ അവസാന വട്ട ചായം പുരട്ടുന്ന തിരക്കിലായിരുന്നു ആ  മധ്യവയസ്‌കൻ.

ഹേം-ചന്ദ്ര ഗോസ്വാമി ഗരുഡന്റെ മുഖംമൂടി നിർമാണത്തിൽ

ഹേം-ചന്ദ്ര ഗോസ്വാമി ഗരുഡന്റെ മുഖംമൂടി നിർമാണത്തിൽ

കേരളത്തിൽനിന്നെത്തിയവരാണെന്ന് പറഞ്ഞപ്പോൾ കണ്ണടയ്ക്കുള്ളിലൂടെ നോക്കി ചിരിച്ച്‌,ഗരുഡനെ സ്റ്റൂളിൽ പ്രതിഷ്ഠിച്ച് ഹേംചന്ദ്ര ഗോസ്വാമി അരികിലേക്ക്‌ വന്നു. മാസ്ക് നിർമാണത്തിന്റെ സാമ്പ്രദായിക വഴികളിൽ ആധുനികത കൂട്ടിയിണക്കിയ മഹാഗുരുവാണ്‌ മുന്നിൽനിൽക്കുന്നത്‌. അസമിലെ മാസ്ക് നിർമാണകലയുടെ അവസാനവാക്ക്.
ഞങ്ങളെയും കൊണ്ട് ഗോസ്വാമി പണിയിടത്തിന്‌ ഉള്ളിലേക്ക് നടന്നു. കാതിൽ കടുക്കനിട്ട്‌ കിരീടംവച്ച സുന്ദര വ്യാളി ചുവരിൽ തൂങ്ങുന്നു. ചുവരിലും തറയിലുമൊക്കെ മുഖംമൂടികളാണ്‌. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ചിരിതൂകുന്ന ബ്രഹ്മദേവൻ, ഗണേശൻ, പത്തുതലയൻ രാവണൻ, കുംഭകർണൻ, താരക, മാരീചൻ, സുബാഹു, ഹനുമാൻ, പൂതന, കാളിയൻ. തിരിച്ചറിയാൻ പറ്റാത്ത ബാക്കിയുള്ളവയെക്കുറിച്ച്‌ ഗോസ്വാമി പറഞ്ഞുതന്നു,  ബകാസുര, അഖസുര, ധേനുകാസുര, ബത്സാസുര,  ജംബുബാൻ, നരസിംഹം,  ഗരുഡൻ, ജഡായു, ഹംസം... ഇങ്ങനെ ഓരോന്നും അേദ്ദഹം വിശദീകരിച്ചു.
ഹേംചന്ദ്ര ഗോസ്വാമിയുടെ പർണശാലയിലെ രൂപങ്ങൾ

ഹേംചന്ദ്ര ഗോസ്വാമിയുടെ പർണശാലയിലെ രൂപങ്ങൾ


രാസലീല ഉൽസവത്തിനും ഭൊവന എന്ന തെരുവുതിയറ്റർ സംഗീതാഖ്യായികക്കുമാണ് മാസ്കുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. മാസ്ക് നിർമാണത്തിന്റെ രീതികളും അദ്ദേഹം വിശദമാക്കി.  മാസ്ക് നിർമിതി തുടങ്ങുംമുമ്പ് കുറേ ആചാരങ്ങളുണ്ട്.  നവംബർ മാസത്തിലാണ് നിർമാണം തുടങ്ങുന്നത്. വൈഷ്ണവ സത്രങ്ങളിൽ മൂന്നുനാൾ നീളുന്ന പ്രത്യേക ചടങ്ങുകളും പ്രാർഥനയും കലാപരിപാടികളുമൊക്കെ നടത്തും. ബുർഹി ആയീർ ഝാധു (മുത്തശ്ശിക്കഥകൾ)വാണ്  അസമീസ് നാടോടിക്കഥകളിൽ ഭൂരിഭാഗവും. മാസ്ക് ഉപയോഗിച്ച് ഇത്തരം നാടോടിക്കഥകൾ നാടകങ്ങളാക്കുന്നുണ്ട്. കഥാപാത്രങ്ങൾ ജന്തുജാലങ്ങളാണ്.

കൈത്തറിക്ക്‌ വളരെ പ്രശസ്‌തമാണ്‌ മജൂലി. വീടുകളോട്‌ ചേർന്ന ചെറിയ ഷെഡ്ഡുകളിൽ സ്‌ത്രീകളാണ്‌ നെയ്യുന്നത്‌. അടുത്ത ദിവസത്തെ യാത്രയ്‌ക്കായി അത്‌ മാറ്റിവച്ച്‌ ഞങ്ങൾ  താസിക്കുന്ന മുളങ്കുടിലുകളിലേക്ക്‌ മടങ്ങി. ബ്രഹ്മപുത്രയിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ തുടങ്ങുന്നു. ആകാശവും പുഴയും ഒത്തുചേരുന്ന വർണക്കാഴ്‌ച. കുടിലിനുമുന്നിലെ കരയിൽ ഗ്രാമീണർ അന്നത്തെ മീൻപിടിത്തത്തിന്റെ കണക്കെടുക്കുകയാണ്‌. തീരെ മോശമല്ലാത്ത ഒരു മൽസ്യം ഞങ്ങൾക്ക്‌ സമ്മാനിച്ച്‌ അവർ ഒഴുക്കിലേക്ക്‌ തോണിയിറക്കിപ്പോയി. മഞ്ഞുവീഴുന്നില്ലെങ്കിലും മജൂലി തണുത്തുവിറയ്‌ക്കുന്നുണ്ട്‌. അടുക്കളയിൽ  നാളികേര എണ്ണയിൽ രോഹുമൽസ്യം പൊള്ളിച്ചാടുന്നു. രാത്രി തുടങ്ങുംമുമ്പുതന്നെ മൃഷ്‌ടാന്നം കഴിച്ച്‌ നേർത്ത മഴയുടെ താളത്തിൽ എല്ലാവരും മുളങ്കൂട്ടിൽ മജൂലിയിലെ ആദ്യരാത്രിയിലേക്ക്‌ .
(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top