20 March Monday

5 നൂറ്റാണ്ടിന്റെ തലയെടുപ്പുമായി തങ്കശ്ശേരിക്കോട്ട

എം അനിൽUpdated: Monday Sep 24, 2018
കൊല്ലം
ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പോയകാലത്തിന്റെ തിരുശേഷിപ്പാണ് സെന്റ് തോമസ് ഫോർട്ട് എന്ന‌റിയപ്പെടുന്ന കൊല്ലത്തെ തങ്കശ്ശേരിക്കോട്ട. പൗരാണിക ചരിത്രത്തിൽ ഇടംനേടാതെ പോയ കൊല്ലത്തിന്റെ തിരുമുറ്റത്ത് കാലംകരുതിവച്ച കോട്ടയുടെ 500‐ാം വാർഷികത്തിനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടാരും. പോർച്ചുഗീസുകാർ നിർമിക്കുകയും പിന്നീട് ഡച്ചുകാർ തകർക്കുകയും പുനർ നിർമിക്കുകയും ചെയ്ത തങ്കശ്ശേരിക്കോട്ട ഇന്നത്തെ തലമുറയ്ക്ക് നൂറ്റാണ്ടുകളെ പരിചയപ്പെടുത്തുന്ന അടയാളം കൂടിയാണ്. 

തൂണും ഒരുഭാഗത്തെ ഭിത്തിയുമായി കോട്ടയുടെ ചെറുകഷണങ്ങൾ മാത്രമാണ‌് ഇപ്പോഴുള്ളത്. കേന്ദ്രസാംസ്കാരിക  വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മേൽനോട്ടത്തിലാണ് കോട്ട. എഎസ്ഐയുടെ തൃശൂരിലുള്ള കേരള സർക്കിൾ ഓഫീസ് നടത്തിയ അറ്റകുറ്റപ്പണിയിലാണ് അവശേഷിക്കുന്ന ചെറുഭാഗത്തെ സംരക്ഷിച്ച് നിർത്തിയിരിക്കുന്നത്. 1503ൽ വ്യാപാരത്തിനായി കൊല്ലത്തെത്തിയ പോർച്ചുഗീസുകാർ നാടുവാണിരുന്ന കൊല്ലം റാണിയിൽനിന്ന‌്  തങ്കശ്ശേരിയിൽ പണ്ടകശാല നിർമിക്കാൻ അനുമതി തേടിയെന്നും അതിന്റെ മറവിൽ കോട്ട സ്ഥാപിച്ചുവെന്നുമാണ് ചരിത്രം. 

പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോട്ടയും ഇതാണ്. ഫോർട്ട് സാന്തോം എന്നാണ് പേരിട്ടത്. 
എന്നാൽ, റാണിയുടെ സേനാനായകൻ ബാലക്കുറുപ്പിന്റെ നേതൃത്വത്തിൽ പടയാളികൾ പോർച്ചുഗീസുകാരെ ആക്രമിച്ച് തങ്കശ്ശേരിക്കോട്ട പിടിച്ചെടുത്തു. തുടർന്ന് പോർച്ചുഗീസുകാർ കൊല്ലം റാണിയെ പരാജയപ്പെടുത്തി കോട്ട തിരിച്ചുപിടിച്ചെന്ന ചരിത്രവുമുണ്ട്. എന്നാൽ, 100‐150 വർഷത്തോളം തങ്കശ്ശേരിയിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസുകാരെ 1659 ഡിസംബറിൽ കൊല്ലത്തെത്തിയ ഡച്ചുകാർ തുരത്തുകയും കോട്ട സ്വന്തമാക്കി പുതുക്കി നിർമിക്കുകയും ചെയ്തു. 

അവർ നിർമിച്ച ബക്കിങ് ഹാം കനാലിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. പടക്കോപ്പുകളും മറ്റും കൊണ്ടുപോകുന്നതിനാണ‌് കനാൽ ഉപയോഗിച്ചിരുന്നത‌്. 1741ൽ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമയോട് പരാജയപ്പെടുംവരെ ഡച്ചുകാർ ഇവിടെ തുടർന്നു. പിന്നീട് കോട്ട ഇംഗ്ലീഷ് ഈസ്റ്റ‌് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിലായി. 1902ൽ ഇംഗ്ലീഷുകാർ തങ്കശ്ശേരിയിൽ വിളക്കുമാടവും നിർമിച്ചു. എന്നാൽ, രാജ്യം സ്വാതന്ത്ര്യംനേടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തങ്കശ്ശേരിക്കോട്ട അനാഥമായി കിടന്നുവെന്നതാണ് യാഥാർഥ്യം. 
എഎസ്ഐ ഏറ്റെടുക്കുമ്പോൾ കോട്ടയുടെ മിക്കഭാഗങ്ങളും സംരക്ഷണം ഇല്ലാതെയും കടൽക്ഷോഭത്താലും തകർന്നിരുന്നു. അടുത്തിടെ ഇവിടെ പുലിമുട്ട് സ്ഥാപിച്ചത് കോട്ടയ്ക്കും സംരക്ഷണമായി. 

ഏറ്റവും പ്രധാനപ്പെട്ട പൗരാണിക നഗരമായി ചരിത്രത്തിൽ ഇന്നും കൊല്ലത്തെ രേഖപ്പെടുത്തിയിട്ടില്ലെന്നും 2000 കൊല്ലത്തെ ലിഖിത ചരിത്രമുള്ള മറ്റൊരു നഗരവും ഇല്ലെന്നും തിരുവനന്തപുരം ഗവ. എൻജിനിയറിങ‌് കോളേജിലെ വാസ്തുവിദ്യാ വിഭാഗം അധ്യാപകൻ ഡോ. മനോജ്കുമാർ പറഞ്ഞു. അതിനിടെ തങ്കശ്ശേരിക്കോട്ട ഉൾപ്പെടെ എത്രയോ ചരിത്രസ്മാരകങ്ങൾ കൊല്ലത്തിന് സ്വന്തമായുണ്ടെങ്കിലും കൊല്ലത്ത് ചരിത്രമ്യൂസിയം ഇല്ല. ഈ വഴിക്കുള്ള ചിന്തയിലാണ‌് ഇപ്പോൾ കൊല്ലം നഗരസഭ. കോട്ടയുടെ 500‐ാം വാർഷികാഘോഷം ചരിത്രത്തിന്റെ പുനർവായന കൂടിയാണ്. ഒപ്പം തലമുറകളുടെ ഒത്തുചേരലും. ആഘോഷം ഒരുക്കുന്ന കൊല്ലം മാനവീയം ലക്ഷ്യമിടുന്നതും ഇതുതന്നെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top