14 October Monday
വിനോദസഞ്ചാര വകുപ്പ് പദ്ധതി

ബേപ്പൂരിൽ ഒരുങ്ങുന്നു, കേരള ലിറ്റററി സർക്യൂട്ടിന്റെ സുൽത്താനേറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കോഴിക്കോട്> ബേപ്പൂർ സുൽത്താൻ സ്മാരകം യാഥാർത്ഥ്യമാവുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം എന്നത് കേരളത്തിന്റെ  ദീർഘകാല ആവശ്യമായിരുന്നു. 'ആകാശമിഠായി' എന്ന പേരിൽ ടൂറിസം വകുപ്പിൻറെ കീഴിൽ ബേപ്പൂരിലാണ് സ്മാരകം. ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ അവസാന മിനുക്കുപണികളിലാണ്.

രാജ്യത്ത് ആദ്യമായി ടൂറിസം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ആകാശമിഠായി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇവിടം സന്ദർശിച്ച് പ്രവർത്തികൾ വിലയിരുത്തി.

ബേപ്പൂരിൽ തന്നെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആകർഷകമായ നിർമ്മിതി. വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് മുപ്പത് വർഷം പിന്നിടുകയാണ്. നേരത്തെ കോഴിക്കോട് കോർപ്പറേഷൻ ഒരു സ്മാരകം വിഭാവനം ചെയ്തിരുന്നു.

ബേപ്പൂരിലെ ബഷീർ സ്മാരകത്തിന് ആകാശമിഠായിയെന്ന് നാമകരണം ചെയ്തതിന്റെ പിന്നിൽ ബഷീർ കൃതിയായ 'പ്രേമലേഖന'മാണ്. ഈ കൃതിയിലെ ഹിന്ദുവായ കേശവൻനായരും ക്രിസ്ത്യാനിയായ സാറാമ്മയും പ്രണയബദ്ധരായി വിവാഹിതരാവുന്നത് ചർച്ച ചെയ്യുന്നുണ്ട്. ജനിക്കുന്ന കുട്ടിയുടെ പേര് എന്തിടണമെന്നത് ഇരുവരും തർക്കിക്കുന്നു. വഴക്ക് രൂക്ഷമായപ്പോൾ ജാതിയും മതവും നോക്കാതെ 'ആകാശമിഠായി' എന്ന് കുട്ടിക്ക് പേരിടാൻ ഇരുവരും സന്തോഷത്തോടെ തീരുമാനിക്കുന്നു.

 കേരള ലിറ്റററി സർക്യൂട്ടിന്റെ സുൽത്താനേറ്റ്

ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  7.37 കോടി രൂപയുടെ പദ്ധതിയാണ്. 11000 ചതുരശ്ര അടി സൌകര്യമുള്ളതാണ് പ്രധാന കെട്ടിടം. ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് , ലിഫ്റ്റ് എന്നീ സൌകര്യങ്ങളുണ്ടാവും.

മുറ്റത്ത് വിശാലമായ ഓപ്പൺ സ്റ്റേജ് കലാപ്രേമികളുടെ പ്രിയപ്പെട്ട വേദിയാവും. പദ്ധതിയുടെ 96% പ്രവർത്തികൾ പൂർത്തിയായി കഴിഞ്ഞു. ലാൻഡ്സ്കേപ്പിംഗ് & ലൈറ്റിംഗ് വർക്കുകൾ, ഫർണിച്ചർ, A/C വർക്കുകൾ, കോമ്പൗണ്ട് വാൾ, ആർട്ട് ആന്റ് ക്യൂരിയോ വർക്കുകൾ എന്നിവ കൂടി ഇതോടൊപ്പം നടപ്പാക്കും. 10.43 കോടി രൂപയുടെ സമർപ്പിക്കപ്പെട്ട റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി തിരുത്തലുകൾ ഏജൻസിയായ യുഎൽസിസി വരുത്തി വരുകയാണ്.

മലബാർ ലിറ്റററി സർക്യൂട്ടിൻ്റെ ഭാഗമായി ബഷീറിന്റെ ഓർമ്മകളെ ഉണർത്തുന്ന  സൈനേജും ഇവിടെ സ്ഥാപിക്കുന്നുണ്ട്.   

അടുത്ത ഘട്ട വികസനവും വിനോദസഞ്ചാര വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ബഷീർ ആർകൈവ്സ് , കിനാത്തറ ( കിനാവ് കാണുന്ന തറ) , ബോർഡ് റൂം, ലൈബ്രറി എന്നിവ അടങ്ങുന്ന കൾച്ചറൽ ബിൽഡിങ്ങ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 17 സെന്റ് സ്വകാര്യ ഭൂമി ഇതിനായി ആവശ്യമാണ്.

അതോടൊപ്പം നിലവിൽ നിർമ്മാണം നടക്കുന്ന ബിൽഡിങ്ങിൻ്റെ പിൻഭാഗത്തായുള്ള കോർപ്പറേഷൻ്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ  അക്ഷരത്തോട്ടം എന്ന ആശയവും പ്രാവർത്തികമാക്കും. നേരത്തേ ബേപ്പൂർ കമ്യൂണിറ്റി ഹാളായി പ്രവർത്തിച്ച കെട്ടിടം പൊളിച്ചാണ് ബഷീർ സ്മാരകനിർമാണം സാധ്യമാക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top