14 August Sunday

മഴപ്പച്ച പുതച്ച്‌ കാലാങ്കി മല; രണ്ട്‌ ദേശങ്ങളുടെ പ്രാചീനമായ വിനിമയ ശേഷിപ്പുകൾ

മനോഹരൻ കൈതപ്രംUpdated: Sunday Sep 12, 2021

കാലാങ്കി മലയുടെ ഉച്ചിയിൽ ചെന്നാൽ കേരള, കർണാടക സംസ്ഥാനങ്ങളുടെ വിശാലസ്ഥലികൾ ഒറ്റഫ്രെയിമിൽ കാണാം. രണ്ടു ദേശങ്ങൾ തമ്മിലുള്ള പ്രാചീനമായ വിനിമയങ്ങളുടെ ശേഷിപ്പുകൾ ഉണ്ടിവിടെ.

കാലാങ്കിക്കുന്നുകളും താഴ്‌വാരങ്ങളും മഴപ്പച്ചയിൽ ചിരി വീണ്ടെടുത്തിരിക്കുന്നു. രണ്ട്‌ വർഷമായി  കുന്നു പിളർന്ന്‌ നാടിന്റെ നെഞ്ചിലേക്കിറങ്ങിയ  പ്രളയരോഷം ഇത്തവണയില്ല.  കുടക്‌ മലകൾ കോടമഞ്ഞിന്റെ കുട വിരിച്ച്‌ കാലാങ്കിയെ തഴുകുന്നു. പ്രകൃതിയുടെ പ്രണയം മഴയായി പെയ്‌തിറങ്ങുന്ന കാലാങ്കിയുടെ തിരുമുടികളിൽനിന്ന്‌ ആയിരം കൊലുസ്സിട്ട വെള്ളച്ചാട്ടം ആർത്തുമദിച്ച്‌ താഴ്‌വാരത്തിലേക്ക്‌.
 

ചിലമ്പും കുടമണികളും കിലുങ്ങുന്ന കാട്ടുപാതകൾ

കണ്ണൂർ ജില്ലയുടെ അതിർത്തിപ്പഞ്ചായത്തുകളാണ്‌ ഉളിക്കലും പായവും അയ്യങ്കുന്നും. ഉളിക്കലിലെ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽനിന്ന്‌ ഉപചാരം ചൊല്ലി കോമരത്തച്ചൻ പള്ളിവാളും കാൽച്ചിലമ്പും കിലുക്കി നടന്നുതീർക്കുന്ന കാട്ടുപാതകളുണ്ട്‌ കുടകിന്റെയും കാലാങ്കിയുടെയും കുന്നുകളിൽ.   കുന്നുകളിലെ ഒറ്റയടിപ്പാതകൾ വഴി കോമരത്തച്ചനും സഹായികളും കുടകിലേക്ക്‌ നടക്കും. കാഴ്‌ചകൾ കണ്ടുള്ള സഞ്ചാരം. എസ്‌ കെ പൊറ്റെക്കാട്ട്‌ പുള്ളിമാൻ എഴുതിയത്‌ ഈ വനവശ്യത കണ്ടറിഞ്ഞാണ്‌. വിഷകന്യകയിലും  ഭൂവിഭാഗമുണ്ട്‌.
 

അരിയും കുടക്‌ പാട്ടും    

തിരുവത്താഴത്തിനുള്ള അരി വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ എത്തിക്കാനുള്ള അവകാശം കർണാടകത്തിലെ  കുടക്‌ സ്ഥാനികർക്കാണ്‌. അന്നത്തിനുള്ള അരിവേണമെന്ന്‌  ഉപചാരപൂർവം കുടകിലെ മനകളിൽ (കുടകിലെ പ്രമാണിമാരുടെ ഭവനങ്ങൾ) ഉണർത്തിക്കാനാണ്‌ കോമരത്തച്ചൻ ചുവപ്പ്‌ പട്ടണിഞ്ഞ്‌ കാൽനടയാവുക. അറിയിപ്പെത്തിയാൽ കുടമണികൾ കിലുക്കിയെത്തുന്ന കാളപ്പുറത്തേറ്റിയ അരിച്ചാക്കുകളുമായി കുടകർ കേരളത്തിലെത്തും. വയത്തൂർ ഊട്ടുത്സവം കഴിഞ്ഞേ മടങ്ങൂ.  കന്നഡത്തിലുള്ള കുടക്‌ പാട്ട്‌ ഉയർന്ന്‌ കേൾക്കുന്ന ഉത്സവം കൂടിയാണ്‌ വയത്തൂർ ഊട്ടുത്സവം. മടക്കയാത്രയിൽ  കുടകർ കേരളത്തിന്റെ തേങ്ങയും വെളിച്ചെണ്ണയും മറ്റും കൊണ്ടുപോകും. ഇരിട്ടിയിൽ നിന്നാണിവ വാങ്ങുക. കുടകിൽ വിളയുന്ന തേങ്ങകൾ മൂപ്പെത്തില്ല. കാലാവസ്ഥ അതിനനുവദിക്കില്ല. കേരളത്തിലേക്കുള്ള കുടകരുടെ തീർഥയാത്ര  സാധനങ്ങൾ വാങ്ങാൻ കൂടിയുള്ളതാണ്‌. അരിയും ആഹാര വസ്‌തുക്കളും വിനിമയം ചെയ്‌തു പോന്ന കേരള, കർണാടക ജനതയുടെ നൂറ്റാണ്ടുകൾ മുമ്പത്തെ ശീലങ്ങളുടെ ബാക്കി.
 

സഞ്ചാരികളുടെ കാലാങ്കി

കാലാങ്കി, കുടക്‌ മലകൾ ഇരു സംസ്ഥാനങ്ങളുടെ തണുപ്പും സാഹോദര്യവും സഹവർത്തിത്വവും പുതച്ചാണ്‌ ഈ മൺസൂണിലും മഴയേറെ ആവാഹിക്കുന്നത്‌. കാഴ്‌ചയുടെ, അറിവിന്റെ സാംസ്‌കാരിക വിനിമയത്തിന്റെ ഭൂഖണ്ഡമാണീ കുന്നുകൾ.   കാഴ്‌ചകളുടെ അതിവിശാല തിരശ്ശീലകളിൽ നിറഭേദങ്ങളും ഋതുപ്പകർച്ചകളും പകർന്നാടും.  
 

സവിശേഷതകൾ

കാലാങ്കി മലമടക്കിൽ പ്രകൃതി തീർത്ത രണ്ട് ദൃശ്യകേന്ദ്രങ്ങളുണ്ട്‌. കയറിയെത്താൻ  ചെമ്മൺപാത ഏറെ താണ്ടണം. കിതച്ച്‌ വിയർത്ത്‌ ഇവിടെയെത്തുന്നവരെ ഇനിയും മരിക്കാത്ത ഭൂമിയുടെ യൗവനം  സമാശ്വസിപ്പിക്കും.   
 

പരിസ്ഥിതി സൗഹൃദ വികസനം കാത്ത്‌

കാലാങ്കി വ്യൂ പോയിന്റിൽനിന്ന് കേരളത്തിന്റെയും കർണാടകത്തിന്റെയും പ്രധാന കേന്ദ്രങ്ങൾ ഒറ്റക്കാഴ്‌ചയിൽ കാണാം. ഹിൽ ടോപ്പിൽ കാഴ്ചയുടെ മറ്റൊരു വർണലോകം. കോവിഡ്‌ കാല മടുപ്പകറ്റാൻ സമീപ ജില്ലകളിൽനിന്ന്‌ യാത്രികർ അതിസാഹസികമായി നിത്യേനയെത്തുന്നുണ്ട്‌. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ കാഴ്‌ചയ്‌ക്കും  പഠനത്തിനും സംസ്ഥാന ടൂറിസം വകുപ്പിന്റെ ശ്രദ്ധയും പരിഗണനയും തേടുന്ന ഇടം. ഉളിക്കലിൽനിന്ന്‌ പഞ്ചായത്ത്‌ റോഡിൽ ഏഴു കിലോമീറ്റർ താണ്ടണം കാലാങ്കിയിലെത്താൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top