26 March Sunday

ജഡായു പാറ ചിറകു വിരിയ്ക്കുന്നു

രഞ്ജിത് വിശ്വംUpdated: Monday Jan 11, 2016

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ആദ്യ തിരുവനന്തപുരം യാത്രയിലാണ് ജഡായു പാറ ആദ്യം കാണുന്നത്.  ബസ്സിലിരുന്ന് ദൂരെ കാണുന്ന ഭീമാകാരമായ പാറക്കൂട്ടങ്ങളെ അതിശയത്തോടെ നോക്കിയപ്പോള്‍ അമ്മയാണ്  രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ രക്ഷിക്കുവാനെത്തി പോരാട്ടത്തില്‍ ചിറകറ്റു വീണ ജഡായുവിന്റെ കഥ പറഞ്ഞു തന്നത്.. ആ പാറയുടെ മുകളില്‍  മുറിഞ്ഞ ചിറകോടെ വീണു കിടക്കുന്ന ജഡായുവിനെ അന്ന് കുഞ്ഞു മനസ്സില്‍ വരച്ചിട്ടിരുന്നു..

പിന്നീട് പഠനത്തിനായും ജോലി കിട്ടിയ ശേഷവും തിരുവനന്തപുരം യാത്രകള്‍ പതിവായി... എത്ര കണ്ടാലും മടുക്കാത്ത കൗതുകവും ഗാംഭീര്യവുമായി എം സി റോഡിലെ യാത്രകള്‍ക്കിടയില്‍ ജഡായു പാറ തലയുയര്‍ത്തി നിന്നുവെങ്കിലും ഒരിക്കല്‍ പോലും അതിന്റെ മുകളിലെത്തുവാന്‍ സാധിച്ചില്ല.. പിന്നീടെപ്പോഴോ മലമുകളില്‍ ജഡായുവിന്റെ ഭീമന്‍ പ്രതിമ വരുന്നുവെന്ന വാര്‍ത്ത കണ്ടു. പിന്നീടുള്ള യാത്രകളില്‍ ദൂരെ മലമുകളില്‍ അവ്യക്തമായി ജഡായുവിന്റെ രൂപം തെളിയുവാന്‍ തുടങ്ങി.. ആദ്യം നിയതമായ ആകൃതിയില്ലാത്ത കോണ്‍ക്രീറ്റ് കഷണങ്ങളായിരുന്നു.. പതിയെ അതിനു ജഡായുവിന്റെ രൂപം കൈവന്നു കൊണ്ടേയിരുന്നു..

പാറയിലേക്കുള്ള വഴി

പാറയിലേക്കുള്ള വഴി

ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് മകനും ഭാര്യയുമൊത്തു പോകുമ്പോഴാണ് ജഡായു പാറയില്‍ കയറുവാന്‍ മോഹമുദിച്ചത്. എം സി റോഡില്‍ തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലാണ് ചടയമംഗലം. തിരുവനന്തപുരത്തു നിന്നും എം സി റോഡിലൂടെ  43 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചടയമംഗലത്തെത്താം..കൊട്ടാരക്കരയില്‍ നിന്നും  21 കിലോമീറ്റര്‍.  ജഡായു മംഗലം എന്ന പേര് ലോപിച്ചാണത്രേ ചടയമംഗലം ആയത്.

കാര്‍ ചടയമംഗലത്തെത്താറായപ്പോള്‍ കരിമ്പാറക്കുന്നിനു മുകളില്‍ ചിറകറ്റ ജഡായുവിന്റെ പണിപൂര്‍ത്തിയാകാത്ത രൂപം... ജഡായു പാര്‍ക്ക് 500 മീറ്റര്‍.. വഴിവക്കിലെ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെ കാര്‍ ഉള്ളിലേക്ക്..

വളവും തിരിവും കഴിഞ്ഞ് ജഡായു പാര്‍ക്കിന്റെ ഗേറ്റിലെത്തി.. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.. പണി തകൃതിയായി നടക്കുന്നുണ്ട്.. പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ജഡായുപാര്‍ക്കിന്റെ യൂണിഫോമിട്ട ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി.. സര്‍ മുകളിലേക്ക് പോകുവാന്‍ ടിക്കറ്റ് എടുക്കണം.. ആള്‍ക്ക് 50 രൂപ..
സമുദ്രനിരപ്പില്‍ നിന്നും ആയിരം അടിയോളം ഉയരത്തിലാണ് ജഡായു പാറ.ഒന്നര കിലോമീറ്ററിലധികം കയറിയാലേ മുകളിലെത്തൂ..  സമയം ഉച്ച കഴിഞ്ഞ്  മൂന്നു മണി.. പൊള്ളുന്ന വെയില്‍.. കുടിക്കാന്‍ ആവശ്യത്തിനു വെള്ളം എടുക്കണം എന്ന് ടിക്കറ്റ് കൗണ്ടറിലെ പയ്യന്റെ മുന്നറിയിപ്പ്. പാര്‍ക്കിങ്ങ് ഗ്രൗണ്ടിന്റെ  സമീപത്തെങ്ങും ചെറിയ കടകള്‍ പോലുമില്ല. വെള്ളമോ ഭക്ഷണമോ വാങ്ങണമെങ്കില്‍ എം സി റോഡിലെത്തുകയേ വഴിയുള്ളൂ.

മുകളിലേക്കുള്ള നടപ്പാതയുടെ പണി നടക്കുന്നതേയുള്ളു.. കുറച്ചു ദൂരം കയറിക്കഴിഞ്ഞപ്പോള്‍ നടപ്പു വഴി മാത്രമായി.. ചെറിയ ഊടു വഴികള്‍.. പാറക്കെട്ടുകള്‍ക്കിടയിലൂടെ അത് വളഞ്ഞു തിരിഞ്ഞ് മുകളിലേക്ക് കയറിപ്പോകുന്നു.. അവധി ദിവസമായതിനാല്‍ കുറെയേറെ സന്ദര്‍ശകരുണ്ട്..

പാറ ഒരു സമീപക്കാഴ്ച

പാറ ഒരു സമീപക്കാഴ്ച

കുറച്ചു കയറിച്ചെന്നപ്പോള്‍ പാറക്കെട്ടിലൂടെ വടം താഴേക്ക് കെട്ടിയിട്ടിരിക്കുന്നു.. അതില്‍ പിടിച്ചു കയറണം.. അത്ര കുത്തനെയൊന്നുമല്ല എങ്കിലും സൂക്ഷിച്ചു കയറിയില്ലെങ്കില്‍ പാറയില്‍ തെന്നി വീഴും..ജഡായു അഡ്വഞ്ചര്‍ പാര്‍ക്കിലെ ജീവനക്കാര്‍ ഇടയ്ക്കിടെ നമ്മെ സഹായിക്കാനായുണ്ട്..

കയറ്റത്തിനൊടുവില്‍ മുകളിലെത്തി.. കരിമ്പാറയുടെ മുകളില്‍ ചിറകറ്റു വീണു കിടക്കുന്ന ജഡായു.. ചിറകറ്റു വീണിട്ടും ക്രൗര്യം തുടിക്കുന്ന മുഖത്തോടെ തലയുയര്‍ത്തിക്കിടക്കുന്ന ജഡായുവിന്റെ ശില്പത്തിന്റെ പണി പകുതി പൂര്‍ത്തിയായതേ ഉള്ളൂ..

ഭീമാകാരമായ ആ പ്രതിമയ്ക്കുള്ളില്‍ 6 ഡി തീയേറ്റര്‍, ഡിജിറ്റല്‍ മ്യൂസിയം തുടങ്ങിയ വിസ്മയങ്ങളാണ് തയ്യാറാവുന്നത്. അകത്തു കൂടി മുകളില്‍ എത്തി ജഡായുവിന്റെ കണ്ണിലൂടെ താഴ്വാരം കാണുവാനുള്ള ടെലിസ്കോപ്പുകളും പദ്ധതിയിലുണ്ട്..

താഴെ നിന്നും മുകളിലെത്താന്‍ നടപ്പാത കൂടാതെ റോപ്പ് വേ സൗകര്യവും പദ്ധതിയിലുണ്ട്. മുകളില്‍ പണി പൂര്‍ത്തിയായ രണ്ട് ഹെലിപ്പാഡുകള്‍.
ജഡായു പാറയില്‍ നിന്നുള്ള ദൃശ്യം അതീവ മനോഹരമാണ്.. നോക്കെത്താ ദൂരത്തോളം ഭൂമി പച്ചപ്പോടെ പരന്നു കിടക്കുന്നു.. വെയിലിന്റെ കാഠിന്യത്തെ തോല്പിച്ച് സദാസമയവും ചീറിയടിക്കുന്ന തണുത്ത കാറ്റ് ..

പാറയില്‍ ശ്രീരാമ ക്ഷേത്രവുമുണ്ട്.. തൊട്ടടുത്ത് ശ്രീരാമപാദുകം എന്നടയാളപ്പെടുത്തിയ ഇടത്തില്‍ വലിയ ഒരു കാല്‍പ്പാദത്തിന്റെ ആകൃതിയില്‍ പാറയില്‍ അടയാളങ്ങള്‍..
ഒരു മണിക്കൂറോളം പാറയില്‍ ചിലവഴിച്ച് താഴേക്കിറങ്ങി യാത്ര തുടര്‍ന്നു.. ചടയമംഗലം കടന്നു പോകുമ്പോള്‍ മുകളിലേക്ക് നോക്കി .. മുറിവേറ്റ് വീണ ജഡായു ശ്രീരാമനെ കാത്തു കിടക്കുകയാണ്.. ഒപ്പം സാഹസികരായ  സഞ്ചാരികളേയും.

പാറയില്‍ നിന്നുള്ള കാഴ്ച

പാറയില്‍ നിന്നുള്ള കാഴ്ച


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top