21 November Thursday

ചരിത്രം ഉറങ്ങുന്ന ഹംപിയിലെ തിരുശേഷിപ്പുകള്‍

ലക്ഷ്മീദേവി സി എസ്Updated: Monday Oct 21, 2019

ഉത്തര കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമെന്ന നിലയില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപി.

1509-1529 കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്ക്ക കത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേര്‍ ഇവിടെയെത്തിയിരുന്നു.

1565-ല്‍ ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഈ നഗരം തകരുകയായിരുന്നു.  അക്രമവും കൊള്ളയും മാസങ്ങളോളം  തുടര്‍ന്നു.  പിന്നീട് പല രാജാക്കډാരും ഹംപിയില്‍ ഭരണം തുടര്‍ന്നുവെങ്കിലും നഷ്ടപ്പെട്ട പ്രശസ്തിയും പ്രതാപവും തിരികെ കൊണ്ടുവരാന്‍ കഴിയാത്ത വിധം നഗരം തകര്‍ക്കപ്പെട്ടിരുന്നു.  ഇന്നിവിടം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്.

ക്ഷേത്രങ്ങളാല്‍ സമൃദ്ധം
ഹംപി ധാരാളം ക്ഷേത്രങ്ങളാല്‍ സമൃദ്ധമാണ്. ദ്രവീഡിയന്‍ വാസ്തു ശില്‍പ ചാരുതയാലും, കൊത്തുപണികളാലും അലംകൃതമാണ് ക്ഷേത്രങ്ങള്‍.

ആക്രമണത്തില്‍ അധികം കേടുപാടുകള്‍ ഏല്‍ക്കാത്ത പ്രസിദ്ധ ശിവക്ഷേത്രമായ വിരൂപാക്ഷ ക്ഷേത്രം ഹംപിയിലേക്ക് ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നു.  പൂജാ കര്‍മ്മങ്ങളും, വിഗ്രഹാരാധനയും ഇന്നും മുടങ്ങാതെ നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണിത്.  ആദ്യം ചെറിയ ഒരു ക്ഷേത്രമായിരുന്നുവിതെങ്കിലും പിന്നീട് വിജയനഗര ഭരണാധികാരികള്‍ ക്ഷേത്രം വിപുലീകരിക്കുകയായിരുന്നു.

ക്ഷേത്രത്തിനു മുന്നിലെ 165 അടി ഉയരമുള്ള ബിസ്ത്തപ്പയ്യ എന്ന കൂറ്റന്‍ ഗോപുരം പ്രശസ്തമാണ്.  വിശാലമായ അകത്തളം, രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ള സംഭരണി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രമാണിത്.  ഇതിന്‍റെ മച്ച് വിവിധ വര്‍ണ്ണത്തിലുള്ള ചിത്രപ്പണികളാല്‍ അലങ്കരിച്ചിരിക്കുന്നു.  ക്ഷേത്രത്തിന്‍റെ പുഴയോടു മുഖം തിരിഞ്ഞിരിക്കുന്ന ചുമരിലുള്ള ഒരു ചെറിയ ദ്വാരത്തില്‍ കൂടി  കടന്നു വരുന്ന സൂര്യരശ്മി എതിര്‍ ഭാഗത്തെ ചുമരില്‍ പതിയ്ക്കുന്നിടത്ത്, പുറത്തെ മുഖ്യഗോപുരത്തിന്‍റെ തല കീഴായ നിഴല്‍ കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.  കല്ലില്‍  കൊത്തിയുണ്ടാക്കിയ ഒരു പിന്‍ഹോള്‍ ക്യാമറ എഫക്റ്റ്.  സാങ്കേതികത വികസിക്കുന്നതിന് എത്രയോ മുന്‍പാണിതെന്ന് ഓര്‍ക്കണം.

വിരൂപാക്ഷ ക്ഷേത്രത്തിന് ഇടതുവശത്ത് തെക്കു ഭാഗത്തായി ഹേമകുഡ കുന്ന്  കാണാം.  ഇവിടെയും ഒരു ക്ഷേത്ര സമുച്ചയം കാണാം.  ദക്ഷിണേ ന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗണേശ വിഗ്രഹം, കടലയുടെ ആകൃതിയിലുള്ള വിഗ്രഹമുള്ള കടലകേലുക്ഷേത്രം. അതുപോലെ കടുകുമണിയുടെ ആകൃതി യിലുള്ള വിഗ്രഹമുള്ള ശശിവകേലു (മസ്റ്റേര്‍ഡ് ഗണേശ), ഏകശിലയില്‍ തീര്‍ത്ത ലക്ഷ്മീ നരസിംഹ മൂര്‍ത്തി ക്ഷേത്രം (ഉഗ്ര നരസിംഹ മൂര്‍ത്തി) വെള്ളത്താല്‍ ചുറ്റപ്പെട്ട ബഡാവി ലിംഗ ശിവ ക്ഷേത്രം ഇവ സ്ഥിതി ചെയ്യുന്നു.

മുഖ്യക്ഷേത്രങ്ങളുടെ മുന്നിലായാണ് പ്രധാന കച്ചവട കേന്ദ്രങ്ങള്‍.  മദ്ധ്യകാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കച്ചവട നഗരമായിരുന്നു ഹംപി.

വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലെ വലിയ നന്ദി പ്രതിമയുടെ വശത്തായാണ് ഗ്രാനേറ്റ് തൂണുകളാല്‍ നിര്‍മ്മിതമായ ഒരു കിലോമീറ്ററോളം നീളമുള്ള സുലേബസാര്‍. ഇരുനിലകളുള്ള ഈ വ്യാപാര കേന്ദ്രത്തില്‍ രത്നങ്ങളും, ആഭരണങ്ങളും, തുണിത്തരങ്ങളും മുതല്‍ പശുക്കള്‍, കുതിരകള്‍ എല്ലാം വില്‍പ്പന നടത്തിയിരുന്നു. വന്‍ തോതില്‍ കച്ചവടം നടന്ന ഇവിടം സമ്പന്നതയില്‍ റോമാനഗരവുമായിപ്പോലും ഒരു കാലത്ത് താരതമ്യം ചെയ്യപ്പെട്ടിരുന്നു. കൃഷ്ണക്ഷേത്രത്തിനു മുന്നിലുള്ള കച്ചവട കേന്ദ്രം കേവലം മുപ്പത് വര്‍ഷത്തിനിപ്പുറം കണ്ടെടുത്തതാണ്.  അതുവരെ ഇത് മണ്ണിനടിയിലായിരുന്നു.  കൃഷ്ണാ ബസാറിനടുത്ത് പുഷ്കരണികുളവും വിശ്രമപ്പടവുകളും കാണാം.  പ്രധാന മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ചാണ് ഉത്സവങ്ങളും ആഘോഷങ്ങളും നടന്നിരുന്നതെന്ന് ചരിത്രം പറയുന്നു.

ഭൂമിക്കടിയിലെ ശിവക്ഷേത്രം. 

കല്‍പ്പടവുകള്‍ ഇറങ്ങിയാല്‍ താഴെ വെള്ളത്താല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ശിവക്ഷേത്രമാണിത്.  രാമായണ കഥ കൊത്തിയിട്ടുള്ള ഹസാര രാമ ക്ഷേത്രം സമീപത്താണ്.

ഹംപിയിലെ മറ്റൊരു മുഖ്യ ആകര്‍ഷണമായ വിറ്റല ക്ഷേത്രത്തിലേയ്ക്ക് പോകും വഴിയാണ് കിംഗ്സ് ബാലന്‍സ് അഥവാ തുലാഭാര. രണ്ടു വലിയ തൂണുകളാല്‍ താങ്ങി നിര്‍ത്തിപ്പെട്ടിരിക്കുന്ന ഒരു വലിയ ഗ്രാനേറ്റ് ബീം ഇതില്‍ തുലാസു തൂക്കാനുള്ള ഹുക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു.  വിശേഷ ദിവസങ്ങളില്‍ രാജാവ് ഇതില്‍ തുലാഭാരം നടത്തിയിരുന്നുവത്രേ. തുലാസിന്‍റെ മറുതട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും രത്നങ്ങളുമാണ് വച്ചിരുന്നത്.  തുലാഭാരത്തിനു ശേഷം ഇവ പൂജാരിമാര്‍ക്ക് എടുക്കാമായിരുന്നു. അതിനാല്‍ രാജാവിന് കൂടുതല്‍ ഭക്ഷണം നല്‍കി ഭാരം കൂട്ടാനായും ശ്രമമുണ്ടായിരുന്നതായി തമാശ രൂപേണയുള്ള കഥകളും പ്രചാരണത്തിലുണ്ട്.

ഹംപിയില്‍ നിന്ന് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദ്രവീഡീയന്‍ ശൈലിയിലുള്ള ആരാധനാലയമായ  വിറ്റല ക്ഷേത്രത്തിലെത്തും.  മനോഹരമായ വാസ്തു വിദ്യയുടേയും, ശില്‍പ കലയുടേയും സംഗമ സ്ഥലമാണിത്.  15-ാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്‍ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണിത് വിപുലീകരിച്ചത്.

'സരിഗമ തൂണു'കളും അലങ്കാര രഥവും
വിറ്റല ക്ഷേത്രത്തിലെ സംഗീത തൂണുകളും (സരിഗമ തൂണുകള്‍) അലങ്കാര രഥവും അത്ഭുതങ്ങളാണ്.  അലങ്കാര രഥം ഒറ്റക്കല്ലില്‍ തീര്‍ത്ത പോലെ തോന്നുമെങ്കിലും ചെറിയ ചെറിയ ഗ്രാനേറ്റ് പാളികള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്.  വിഷ്ണുവിന്‍റെ വാഹനമായ ഗരുഡനുള്ള സമര്‍പ്പണമാണിത്.  മുന്‍പ് ഇത് കുതിരകള്‍ വലിക്കുന്ന രീതിയിലായിരുന്നുവെങ്കിലും ഇന്ന് ആ സ്ഥാനത്ത് ആനകളാണുള്ളത്. കൂടുതല്‍ കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ ഇതിന്‍റെ ചക്രങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്.  ഒഡീഷയിലെ കോണാര്‍ക്കിലും തമിഴ്നാട്ടിലെ മഹാബലിപുരത്തും ഇത്തരത്തിലുള്ള രഥങ്ങള്‍ കാണാന്‍ കഴിയും.  പുതിയ 50 രൂപാ നോട്ടിലും കര്‍ണ്ണാടക ടൂറിസത്തിന്‍റെ പ്രമുഖ ചിത്രങ്ങളിലും ഈ അലങ്കാര രഥത്തിന് സ്ഥാനമുണ്ട്.

ക്ഷേത്രത്തിലെ സംഗീതം പൊഴിക്കുന്ന തൂണുകള്‍ ലോക പ്രശസ്തമാണ്.  56 മുഖ്യത്തൂണുകളും പ്രധാന തൂണുകളെ പൊതിഞ്ഞ് 7 ചെറിയ തൂണുകളും മേല്‍ക്കൂരയുമായി ബന്ധിപ്പിച്ചിരുന്നു.  ഓരോന്നും കര്‍ണ്ണാടക സംഗീതത്തിന്‍റെ മ്യൂസിക് നോട്ടുകളെ പ്രതിനിധാനം ചെയ്യുന്നു.  ബ്രിട്ടീഷുകാര്‍ ഇതിന്‍റെ ഉള്ളടക്കമറിയാനായി രണ്ടു തൂണുകള്‍ മുറിച്ചു നോക്കിയെങ്കിലും ഉള്ളില്‍ വിശേഷിച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തിന്‍റെ നടുമുറ്റത്തായി നിലകൊള്ളുന്ന മഹാ മണ്ഡപത്തിന്‍റെ തൂണുകളിലും സംഗീതം ശ്രവിക്കാനാകും.  തൂണുകളുടെ സുരക്ഷയെക്കരുതി ഇപ്പോള്‍ ഇതില്‍ തട്ടുന്നത് വിലക്കിയിട്ടുണ്ട്.

ക്ഷേത്രത്തിനു മുന്നിലായി വിറ്റല ബസാറും, കുറച്ചുമാറി നദിക്കരയില്‍ പുരന്ധരദാസ മണ്ഡപവും. മറുവശത്തായി കല്ലുകൊണ്ട് നിര്‍മ്മിച്ച പാലവും ((Stone Bridge)) കാണാം. ഇവിടെയുള്ള ബോട്ടുജട്ടിയില്‍ നിന്നും കുട്ട വഞ്ചിയില്‍ അക്കരെയുള്ള ഹിപ്പി ഐലന്‍ഡിലെത്താം.

ചെറിയൊരു തുരുത്താണ് ഹിപ്പി ഐലന്‍ഡ് അഥവാ വിരാപപൂര്‍ ഗഡേ.  നിറയെ തെങ്ങുകളും പാടങ്ങളുമുള്ള മനോഹരമായ ഒരു സ്ഥലം.  ധാരാളം കഫേകളും ബീയര്‍ പാര്‍ലറും, ചെറിയ കൂടാരങ്ങളും, ഹോസ്റ്റല്‍ സൗകര്യമുള്ള ഒരു ബാക്ക് പാക്കേഴ്സ് ഇടത്താവളം. വിദേശീയരെ ഇവിടെ ധാരാളമായി ക്കാണാം. ഇവിടത്തെ ലാഫിങ് ബുദ്ധ റസ്റ്റാറന്‍റ് പ്രശസ്തമാണ്.

ഹംപിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ മാറിയാണ് ഹനുമാന്‍റെ ജډസ്ഥലമായി കരുതുന്ന ആജ്ഞനേയ ഹില്‍.  500 പടികള്‍ കയറി വേണം ഇതിന്‍റെ മുകളിലെത്താന്‍.  ഈ കുന്നിനു മുകളില്‍ നിന്നുള്ള ഹംപിയുടെ ആകാശക്കാഴ്ച ചേതോഹരമാണ്.

ചക്രതീര്‍ത്ഥ നദിക്കരയിലാണ് കോദണ്ഡരാമക്ഷേത്രം.  ബാലിസുഗ്രീവ യുദ്ധത്തില്‍ വിജയിച്ച സുഗ്രീവനെ രാമന്‍ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.  ഈ നദിയില്‍ മുങ്ങിക്കുളിച്ച് പൂജ നടത്തുന്നത് പുണ്യമായി കരുതുന്നു.  ഇന്നും പൂജയുള്ളരൊരു ക്ഷേത്രമാണിത്.
 

കൊട്ടാരങ്ങളുടെ ശേഷിപ്പുകളും ഏറെ
ക്ഷേത്ര സമുച്ചയങ്ങള്‍ക്കു പുറമേ ഹംപിയില്‍ തകര്‍ത്തെറിയപ്പെട്ട കൊട്ടാരങ്ങളുടെ ശേഷിപ്പുകളും ദൃശ്യമാണ്.  ഇതില്‍ രാജകുടുംബാംഗങ്ങളുടെ റോയല്‍ എന്‍ക്ലോഷര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന സെനാന എന്‍ക്ലോഷര്‍, രാജകുമാരിമാര്‍ക്കുള്ള ലോട്ടസ് മഹല്‍, ആനപ്പന്തി, പടവുകിണര്‍, രാജ്ഞിയുടെ കുളിപ്പുര (ക്യൂന്‍സ് ബാത്ത്),  മഹാനവമി ആഘോഷങ്ങള്‍ കാണുവാനായി രാജാവ് ഇരുന്നിരുന്ന മഹാനവമി ഡിബ്ബ, വെള്ളം കൊണ്ടു വരാനായി ഉപയോഗിച്ചിരുന്ന ജലപ്പാത്തി,  ഇവയെല്ലാം നമ്മെ ഭൂതകാല പ്രൗഢിയുടെ തിരുശേഷിപ്പുകളിലേക്ക് കൊണ്ടുപോകും.

സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നുവെന്നറിയാന്‍ ഹംപിയിലെ പ്രസിദ്ധമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതി.  അവിടെ വിജയനഗര സാമ്രാജ്യത്തിന്‍റെ ചെറുരൂപം കാണാന്‍ കഴിയും.  പ്രൗഢിയുടെ ഔന്നത്യത്തില്‍ നിന്ന ഒരു രാജ്യത്തെ കൊള്ളയടിച്ചതിനു പുറമേ തകര്‍ത്ത് തരിപ്പണമാക്കിയതിന്‍റെ പിന്നിലെ ചേതോവികാരം എത്ര ആലോചിച്ചാലും മനസ്സിലാകില്ല.  ഇറ്റലിയില്‍ റോമിലെ തകര്‍ന്ന റോമന്‍ ഫോറത്തില്‍ നില്‍ക്കുമ്പോഴും ഇതേ വികാരമായിരുന്നു എനിക്ക്. 

എങ്ങനെ എത്തിപ്പെടാം
ഹംപിയുടെ അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ഹോസ്‌പെ‌ട്ടാണ്.  എയര്‍പോര്‍ട്ട് ബെല്ലാരിയും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്ല കാലാവസ്ഥയാണ്.  ഹംപിയില്‍ കാണേണ്ട സ്ഥലങ്ങളെല്ലാം ഏകദേശം 10-20 കിലോമീറ്ററിനുള്ളിലാണ്.  ബൈക്കും ഓട്ടോറിക്ഷകളും ലഭ്യമാണ്. 

കേരളത്തില്‍ നിന്ന് ഹംപിയിലേക്ക് നേരിട്ട് ട്രെയിനോ വിമാന സര്‍വീസോ ലഭ്യമല്ല. വിമാനത്തില്‍ ബംഗളുരുവിലോ ഹൈദരബാദിലോ എത്തിയാല്‍ അവിടെനിന്നു ബെല്ലാരിയ്ക്ക് പോകാം.കൊച്ചിയില്‍ നിന്ന് റോഡ്‌ മാര്‍ഗം 756 കിലോ മീറ്ററാണ് ദൂരം.

ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയ ശേഷം ഹംപി സന്ദര്‍ശിക്കുന്നതാണുചിതം. ഹംപിയിലെ പ്രത്യേക ഭക്ഷണങ്ങള്‍ തീര്‍ച്ചയായും രുചിച്ചു നോക്കണം.  ഇവിടെ പ്രാദേശിക ഗൈഡുകളുടെ സഹായം ലഭ്യമാണ്.  അത്യാവശ്യം ഇംഗ്ലീഷും, ഹിന്ദിയും കൈകാര്യം ചെയ്യുന്നവരുമാണ്.  ഒരു ഗൈഡിന്‍റെ സഹായം ഉണ്ടെങ്കില്‍ കുറെ ഉപകഥകളും പ്രാദേശിക വിശ്വാസങ്ങളും അറിയുവാന്‍ കഴിയും.  നല്ല ക്യാമറ കരുതുക.  ധാരാളം ചിത്രങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലമാണ് ഹംപി.  ഹംപിയില്‍ മാതംഗഹില്ലില്‍ നിന്നുള്ള സൂര്യാസ്തമനവും സൂര്യോദയവും കാണാന്‍ മറക്കരുത്.

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

 


പ്രധാന വാർത്തകൾ
 Top