പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി തമിഴ്‌നാട്ടിലും
ആന്ധ്രയിലും ഉത്തര്‍പ്രദേശിലും നടത്തിയ യാത്രകളെപ്പറ്റി ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോണ്ടന്റ് വി ജയിന്‍ എഴുതുന്നു.
ഭാര്യക്ക് ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിയാണ്. ഉല്ലാസ് മാത്രമേയുള്ളൂ. ഉണക്ക സ്രാവ് നന്നായി കറി വച്ചിട്ടുണ്ട്. കുറച്ച് ചോറ് കഴിച്ചു. ഉല്ലാസ് നല്ല പാചകക്കാരന്‍ കൂടിയാണ്. രാവിലെ നാല് മണിക്കു തന്നെ ഉണര്‍ന്ന് റെഡിയായി. 5.30നാണ് ലക്‌നൗവിനുള്ള വിമാനം. നാലരയ്ക്കു തന്നെ വിമാനത്താവളത്തിലെത്തി. വിമാനം കൃത്യസമയത്തുതന്നെ പുറപ്പെട്ടു. ആറരയ്ക്ക് ലക്‌നൗവില്‍ ലാന്‍ഡു ചെയ്തു.
പുറത്തിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള ടാക്‌സി അന്വേഷിച്ചു. 250 രൂപയാണ് പറഞ്ഞത്. ടാക്‌സിയിലെത്തിയപ്പോള്‍ അതിനുള്ളില്‍ രണ്ട് സ്ത്രീകള്‍. അവരില്‍ നിന്നും ഇതുപോലെ വാങ്ങുന്നുണ്ടാകും. ഷെയര്‍ ചെയ്തു പോകുന്നതിനാല്‍ 250 തരാന്‍ പറ്റില്ലെന്നും 150 രൂപയേ തരുള്ളൂവെന്നും ഞാന്‍ ഉറപ്പിച്ചുപറഞ്ഞു. അയാള്‍ വഴങ്ങി. കാറിലിരുന്ന സ്ത്രീകളില്‍ യുവതി ഗര്‍ഭിണിയാണ്. അവര്‍ക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുവാങ്ങണം. അതിന് നിര്‍ത്തി. പത്ത് മിനിറ്റ് പോയി.

അമേഠിയില്‍ പൂട്ടിക്കിടക്കുന്ന സമ്രാട്ട് സൈക്കിള്‍ ഫാക്ടറിയുടെ ഗേറ്റ്.
കാര്‍ അല്‍പ്പം നീങ്ങിയപ്പോള്‍ മെട്രോ റെയില്‍ കണ്ടു. ഇത്ര അടുത്ത് മെട്രോ ഉള്ള കാര്യം മനസ്സിലാക്കിയില്ല. കാറില്‍ 100 രൂപക്കുള്ള ദൂരമേയുള്ളൂ ബസ് സ്റ്റാന്‍ഡിലേക്ക്. യുപിയിലെ വിദൂരപ്രദേശങ്ങളിലേക്കുള്ള ബസുകള്‍ പാര്‍ക്കുചെയ്തിട്ടുണ്ട്. അമേഠിക്ക് ബസ് പല ബസ് ജീവനക്കാരോടും അന്വേഷിച്ചു. ആര്‍ക്കുമറിയില്ല. ഇവിടെനിന്ന് ബസില്ല എന്ന് തീര്‍ത്തുപറഞ്ഞു ചിലര്‍. ഒടുവില്‍ റായ്ബറേലിക്ക് പോയശേഷം അവിടെനിന്ന് അമേഠിക്ക് പോകാമെന്ന് തീരുമാനിച്ചു. റായ്ബറേലിയിലേക്ക് മുമ്പ് ലക്‌നൗവില്‍ നിന്നു തന്നെയാണ് പോയത്.
റായ്ബറേലി വഴി പോകുന്ന ബസില്‍ കയറി. ബസ് വിട്ടപ്പോള്‍ കണ്ടക്ടര്‍ എന്നോട് നിര്‍ദ്ദേശിച്ചു, 'ഡ്രൈവര്‍ക്ക് വഴിയറിയില്ല. മുന്നിലിരുന്ന് ഒന്ന് പറഞ്ഞുകൊടുക്കണം'. നന്നായി, വഴിയറിയാത്ത ആളോട് വഴി പറഞ്ഞുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഞാന്‍ കയ്യൊഴിഞ്ഞു. ഇതിനിടയില്‍ ബസ് വഴി തെറ്റി ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചു.
കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും വഴിയറിയാതെ ഒരു ബസ് യാത്ര പുറപ്പെട്ടിരിക്കയാണ്. നല്ല രസം തന്നെ. ഒടുവില്‍ ചില ചെറുപ്പക്കാര്‍ ഗൂഗിള്‍ മാപ്പ് നോക്കി വഴി പറഞ്ഞുകൊടുത്തു. നഗരം വിട്ടതോടെ പാടങ്ങള്‍ക്കു നടുവിലൂടെ പാഞ്ഞു ബസ്. ഗോതമ്പുപാടങ്ങള്‍ കൊയ്ത്തിന് തയ്യാറായി കാത്തുകിടക്കുന്നു. നല്ല സ്വര്‍ണവര്‍ണത്തിലുള്ള കതിരുകളേന്തി മനോഹരമായ പാടങ്ങള്‍. ഇടയ്ക്ക് തണല്‍മരങ്ങളും.
രണ്ട് മണിക്കൂര്‍ കൊണ്ട് റായ്ബറേലിയിലെത്തി. സോണിയാ ഗാന്ധിയുടെ മണ്ഡലം. ഇന്ദിരാഗാന്ധി 1977ല്‍ പരാജയപ്പെട്ട മണ്ഡലം. ജില്ലാ ആസ്ഥാനമാണ്. കേരളത്തിലെ ഒരു പഞ്ചായത്ത് ആസ്ഥാനത്തിന്റെ മട്ട്. പൊടിമൂടിയ തെരുവുകള്‍. ഇടയ്ക്ക് കന്നുകാലികളും കച്ചവടവും സൈക്കിളും മറ്റ് വാഹനങ്ങളുമെല്ലാമായി ആകെ തിരക്ക്. റായ്ബറേലി ബസ് സ്റ്റാന്‍ഡിലും എന്‍ക്വയറിയിലും അന്വേഷിച്ചു. അമേഠിക്കുള്ള ബസ്. ആര്‍ക്കുമറിയില്ല. അവിടെനിന്ന് ബസില്ലെന്നു പറഞ്ഞു. അധികം അന്വേഷിച്ച് സമയം കളയാനില്ല.
ഒരു റിക്ഷാക്കാരനുമായി സംസാരിച്ചു. അമേഠിക്ക് പോകണം. അയാള്‍ സമ്മതിച്ചു. 55 കിലോമീറ്റര്‍ ദൂരമുണ്ട്. വളരെ സാവധാനത്തിലാണ് ഡ്രൈവിങ്. രണ്ട് മണിക്കൂര്‍ എന്തായാലും വേണ്ടിവരും. യാത്രക്കിടയില്‍ വര്‍ത്തമാനമൊക്കെ പറഞ്ഞു. തിരുപ്പൂരില്‍ ജോലി ചെയ്തിട്ടുണ്ട് അയാള്‍. ഭാഷയായിരുന്നു അവിടെ ഏറ്റവും വലിയ പ്രശ്‌നം. അങ്ങനെ മടങ്ങി. രാഷ്ട്രീയത്തിലൊന്നും വലിയ താല്‍പര്യമില്ല.
അമേഠി ജില്ലയുടെ ആസ്ഥാനം ഗൗരിഗഞ്ചാണ്. അവിടെ വരെയാണ് യാത്ര. ഒരു ലോഡ്ജില്‍ എത്തിക്കാന്‍ പറഞ്ഞു. അല്‍പ്പം വിശ്രമിക്കണം. ഗൗരിഗഞ്ചിലെത്തിയിട്ടും താമസിക്കാന്‍ മുറിയുള്ള ഹോട്ടലുകളോ ലോഡ്ജുകളോ ഒന്നും കണ്ടില്ല. അന്വേഷിച്ച് ഒരു ഡാബയുടെ മുന്നില്‍ നിര്‍ത്തി. അവിടെ അന്വേഷിച്ചു. റൂമുണ്ട്. ഓട്ടോക്കാരനെ പറഞ്ഞയച്ചു. സിംഗിള്‍ റൂം കാട്ടിത്തന്നു. ഒരു മുറി. പൊടിമൂടിയ ഷീറ്റ് അയാള്‍ എടുത്തു മാറ്റി. കൈകൊണ്ട കിടക്കയിലെ പൊടി തട്ടി റെഡിയാക്കിത്തന്നു. ബാത്ത്‌റൂം പുറത്താണ്, കോമണ്‍ ബാത്ത്‌റൂം. അവിടെ കൂടുതല്‍ സൗകര്യങ്ങള്‍ക്കായി അന്വേഷിക്കുന്നതില്‍ കാര്യമില്ല.
മുറിയെടുത്തു. പെട്ടി റൂമില്‍ വെച്ച് ബാത്ത്‌റൂമില്‍ പോയൊന്ന് ഫ്രഷായി. ഭക്ഷണം കഴിക്കാന്‍ ഡാബയിലേക്ക് ചെന്നു. റൊട്ടിയും ആലു മട്ടറും ഓര്‍ഡര്‍ ചെയ്തു. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. ഇതിനിടയില്‍ ആര്‍എസ്എസിന്റെ ലോക്കല്‍ നേതാവിനെ കാണാനിടയായി. അദ്ദേഹവുമായി സംസാരിച്ചു. രാഹുല്‍ഗാന്ധി അമേഠിക്ക് ചെയ്ത 'ദ്രോഹ'ങ്ങള്‍ ഒന്നൊന്നായി പറഞ്ഞു.
ഇത്തവണ ഇവിടെ തോല്‍ക്കുമെന്നതു കൊണ്ടാണ് വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നതെന്ന് പറഞ്ഞു. അപ്പോഴേക്ക് ബിജെപിയുടെ ജില്ലാ വക്താവ് വന്നുകയറി. അദ്ദേഹവുമായും സംസാരിച്ചു. വെങ്കിടേശ് രാമകൃഷ്ണന്‍ ഒരു സുഹൃത്തിന്റെ നമ്പര്‍ തന്നിരുന്നു.പൊതുപ്രവര്‍ത്തകനും കവിയുമായ ഹനുമത് എന്ന ഹനുമാന്‍സിങ്. അദ്ദേഹത്തെ വിളിച്ചു. നാളെ കാണാന്‍ കഴിയുമോ എന്ന് ചോദിച്ചു.
നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് എന്നോട് ചോദിച്ചു. ഗൗരിഗഞ്ചിലെ ലോഡ്ജില്‍. എന്തിനാണ് ആ പൊടിയും ചൂടുമേറ്റ് അവിടെ കഴിയുന്നത്, ശുദ്ധമായ വായു ശ്വസിച്ച് തികച്ചും ഗ്രാമീണ അന്തരീഷത്തില്‍ ഇവിടെ കഴിയാമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. വൈകിട്ട് വരാമെന്നു സമ്മതിച്ചു.
ഗൗരിഗഞ്ച് പട്ടണം ഒന്ന് ചുറ്റിക്കണ്ടു. ജില്ലാ ആസ്ഥാനമെന്ന മലയാളികളുടെ സങ്കല്‍പ്പത്തിന്റെ നാലയലത്ത് വരില്ല. താമസിക്കാന്‍ പറ്റിയ ഹോട്ടലില്ല. വലിയ സ്ഥാപനങ്ങള്‍ കണ്ടില്ല. പൊതുഗതാഗത സംവിധാനം തീരെ കുറവ്. സുല്‍ത്താന്‍പൂര്‍ - റായ്ബറേലി റോഡിലൂടെ ഹോണ്‍ മുഴക്കി ഇടയ്ക്കിടെ കടന്നുപോകുന്ന ലോറികളുണ്ട്. ചെറുകിട കച്ചവടം നടക്കുന്നുണ്ട്.ജില്ലാ ആശുപത്രി ഒന്ന് കാണാം. ഗൗരിഗഞ്ച് - അമേഠി റോഡിലാണ് ജില്ലാ സംയുക്ത ആശുപത്രി.
അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും എല്ലാം ഒരു ചെറിയ സ്ഥലത്ത്. ലേബര്‍ റൂമിനടുത്ത് ശല്യചികിത്സാ വിഭാഗം. ഒരു കുടുസുമുറിയാണ് ' വിഭാഗം'. അള്‍ട്രാ സൗണ്ട് സ്‌കാനര്‍ ഈ ജനുവരിയില്‍ സ്ഥാപിച്ചു. കേരളത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലസൗകര്യം പോലുമില്ല; കേരളത്തിലെ ജില്ലാ ആശുപത്രിയിലുള്ള വിപുലമായ സംവിധാനങ്ങളോട് താരതമ്യം ആലോചിക്കാന്‍ പോലുമാവില്ല.
ഗൗരിഗഞ്ചില്‍ നിന്ന് ഹനുമതിന്റെ ഗ്രാമമായ അനിരുദ്ധ്പൂരിലേക്ക് പോണം. 60 കിലോമീറ്റര്‍ യാത്രയുണ്ട്.ധാബയിലെ റൂം ഒഴിഞ്ഞു. സുല്‍ത്താന്‍പൂരിലേക്കുള്ള ബസിന് കാത്തുനിന്നു. അര മണിക്കൂറോളം കാത്തു നിന്നു. ഒരു ചെറിയ വാന്‍ സുല്‍ത്താന്‍ പൂര്‍ എന്ന് അനൗണ്‍സ് ചെയ്ത് കാത്തു കിടക്കുന്നു. ധൃതി കണ്ടാല്‍ ഇപ്പോള്‍ പുറപ്പെടുമെന്ന് തോന്നും. നാലഞ്ചാളുകള്‍ വണ്ടിക്കകത്തുണ്ട്. മൂന്ന് പേര്‍ക്കു കൂടി ഇരിക്കാന്‍ സ്ഥലമുണ്ട്.
അതും കൂടി നിറഞ്ഞാല്‍ പോകും, നിങ്ങള്‍ വരൂ എന്ന മട്ടില്‍ ക്ഷണിക്കുകയാണ്. ഞാന്‍ വഴങ്ങിയില്ല. ബസിലല്ലെങ്കില്‍ യാത്ര കുണ്ടാമണ്ടിയാകുമെന്ന് ഉറപ്പാണ്. 25 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആ വണ്ടിക്കുള്ളില്‍ യാത്രാ വേഷധാരികളെന്ന് തോന്നിക്കുന്നവര്‍ ഇറങ്ങി. അപ്പോഴാണ് മനസ്സിലായത്, മറ്റ് യാത്രക്കാരെ മോഹിപ്പിക്കാന്‍ വേണ്ടി വെറുതേ കയറിയിരിക്കുന്ന അഭിനേതാക്കളാണ് അവരെന്ന്.
അതിനിടയില്‍ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള ഒരു ബസും കണ്ടില്ല. അവസാനം ഹോണ്‍ മുഴക്കി, പൊടിപടലങ്ങളുയര്‍ത്തി സുല്‍ത്താന്‍പൂര്‍ ബസ് വന്നു നിന്നു. ബസില്‍ സീറ്റ് കിട്ടി. വീണ്ടും കാഴ്ചകളുടെ സമൃദ്ധി. എല്ലായിടത്തും ഗോതമ്പ് വിളഞ്ഞുപഴുത്ത് കിടക്കുന്നു. സുല്‍ത്താന്‍പൂര്‍ എത്താറായപ്പോള്‍ കരിമ്പു കയറ്റിയ വാഹനങ്ങള്‍ നിരനിരയായി റോഡില്‍. കുറേക്കൂടി സഞ്ചരിച്ചപ്പോള്‍ വാഹനനിര സുല്‍ത്താന്‍പൂര്‍ സഹകരണ പഞ്ചസാരമില്ലിലേക്ക് പ്രവേശിച്ചു. മില്ലില്‍ കരിമ്പ് ഏല്‍പ്പിക്കാന്‍ കര്‍ഷകര്‍ കാത്തുകെട്ടിക്കിടപ്പാണ്. കഴിഞ്ഞ വര്‍ഷം മില്ലുകള്‍ക്ക് കരിമ്പ് നല്‍കിയ വകയില്‍ യുപിയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 25000 കോടി രൂപ.
സുല്‍ത്താന്‍പൂര്‍ അതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനമാണ്. പട്ടണമധ്യത്തിലൂടെ ഗോമതി നദി ഒഴുകുന്നു. അമേഠിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വലിയ പട്ടണം. കാദിപ്പൂര്‍ എന്ന സ്ഥലത്തേക്കാണ് ഇനി ബസ്. ബസ് സ്റ്റാന്‍ഡിന്റെ ഒരു വശത്ത് ഒരു കെട്ടിടത്തിന്റെ മുകളില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐഐയുടെയും കൊടികള്‍ പാറുന്നു.
10 മിനിറ്റിനുള്ളില്‍ ബസ് വിട്ടു. കാദിപ്പൂരില്‍ വാഹനവുമായി ഹനുമത് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. കാദിപ്പൂരെത്താറായപ്പോള്‍ ഹനുമതിനെ വിളിച്ചു. 15 മിനിറ്റിനകം എത്താമെന്നു പറഞ്ഞു. കാദിപ്പൂരെത്തി കാത്തുനിന്നു. 10 മിനിറ്റായപ്പോള്‍ അവിടത്തെ കച്ചവടക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എവിടെ പോകാനാണെന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്റെ ആതിഥേയന്‍ വരുന്നതും കാത്തു നില്‍ക്കുകയാണെന്നു പറഞ്ഞു.
അര മണിക്കൂറായപ്പോള്‍ ഹനുമത് വന്നു. അടുത്ത തട്ടുകടയില്‍ നിന്ന് പകോഡ വാങ്ങിത്തന്നു. പച്ച ചട്ണിയും. അദ്ദേഹവും ഡ്രൈവറുമൊക്കെ വാങ്ങിക്കഴിച്ചു. അതു കഴിഞ്ഞ് ചായക്കടയില്‍ കയറി. ഒരു ചെറുപ്പക്കാരന്‍ വന്ന് പ്രണമിച്ച ശേഷം ഹനുമതിനോട് സംസാരിക്കാന്‍ തുടങ്ങി. പഴയ ശിഷ്യനാണത്രെ. ഹനുമതിന്റെ മുഖം തെളിഞ്ഞു. സന്തോഷത്താല്‍ ഉറക്കെയുറക്കെ സംസാരിച്ച് ഹനുമത് പൊട്ടിച്ചിരിച്ചു. മറ്റുള്ളവര്‍ അന്തം വിട്ട് നോക്കിയിരുന്നു. ആ ടൗണില്‍ അധികമാര്‍ക്കും ഹനുമതിനെ അറിയില്ലെന്ന് മനസ്സിലായി.
അര മണിക്കൂര്‍ സഞ്ചരിക്കാനുണ്ട് ഹനുമതിന്റെ ഗ്രാമത്തിലേക്ക്. ഉത്തര്‍പ്രദേശിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവാണ് ഹനുമത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു. പിന്നീട് നിഷ്‌ക്രിയമായി. ഇപ്പോള്‍ അനുഭാവം ബിജെപിയോട്. പക്ഷേ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നുമില്ല. രാഹുല്‍ഗാന്ധിയുടെ ശക്തനായ വിമര്‍ശകനാണ്.
അമേഠിയുടെ പിന്നോക്കാവസ്ഥയും രാഹുലിന്റെ കഴിവുകേടും കവിതയിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുകയാണ് ഹനുമത്. രാത്രി ഹനുമതിന്റെ വീട്ടിന്റെ ഔട്ട്ഹൗസിലിരുന്ന് ഒരു മണിക്കൂറിലധികം തന്റെ കവിതകള്‍ ചൊല്ലി. 'കൃഷിപ്രധാന്‍ യഹ് ദേശ് ഹമാരാ, രോതാ ജഹാം കിസാന്‍. കാര്‍ഖാനോം കേ നാം പര്‍കേവല്‍ കബ്‌റിസ്ഥാന്‍'. അമേഠിയിലെ ജീവിതവും വിഐപി രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം പ്രതിഫലിക്കുന്ന കവിതകള്‍. കുളി കഴിഞ്ഞ് നല്ല ഭക്ഷണം. നല്ല റൊട്ടിയും സബ്ജിയും പഴങ്ങളും.
അത്താഴം കഴിഞ്ഞ് കുറച്ചുനേരം കൂടി എന്നെ അദ്ദേഹത്തിന്റെ കവിതയുടെ ഉപഭോക്താവാക്കി. അദ്ദേഹത്തിന്റെ സഹോദര പുത്രനും ഇതിനിടയില്‍ വന്നു. അദ്ദേഹം കൊച്ചിയില്‍ നേവല്‍ ബേസില്‍ ജോലി ചെയ്തിട്ടുണ്ട്. അപ്പോള്‍ വിഷയങ്ങള്‍ കൂടി. ഒരു മണിക്കൂര്‍ നീണ്ട ബഡായി ബംഗ്ലാവില്‍ നിന്ന് ഞാന്‍ സ്വയം വിരമിച്ചു. കമ്പിളി പുതച്ച് സുഖമായി കിടന്നുറങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..