03 October Tuesday
ഇന്തോനേഷ്യൻ സ്‌കെച്ചുകൾ-ഭാഗം: 8

"ബാലി സുന്ദരിയാണ് ’’-ഡോ. കെ ടി ജലീലിന്റെ ഇന്തോനേഷ്യൻ കുറിപ്പുകൾ എട്ടാം ഭാഗം

ഡോ.കെ ടി ജലീൽUpdated: Wednesday Jun 7, 2023

ഭാഗം: 8
 

യോഗ്യക്കാർത്തയിൽ നിന്ന് 4500 ഇന്ത്യൻ രൂപയേ ബാലിയിലേക്ക് വിമാന ടിക്കറ്റിനുള്ളൂ. ഏതാണ്ട് ഒന്നര മണിക്കൂർ ആകാശ യാത്ര. രാവിലെ തന്നെ ഒരുങ്ങി എയർപോർട്ടിലേക്ക് പുറപ്പെട്ടു. ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന ഇന്തോനേഷ്യയിലെ സുന്ദര ദ്വീപാണ് ബാലി. എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളുടെ നാടെന്ന പെരുമയും  ബാലിക്കുണ്ട്. പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഇന്തോനേഷ്യയിലെ 'കാശ്മീരാണ്' ബാലിയെന്നു പറഞ്ഞാൽ തെറ്റാവില്ല.

പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സെർ സുണ്ട അഥവാ നുസ ടെൻഗാറ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്താണ് 'ബാലി' കടലിൽ പൊങ്ങിക്കിടക്കുന്നത്. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് പ്രൗഢിയോടെ നിൽക്കുന്ന 'ഡെൻപസാറാ'ണ്. ബാലി കൂടാതെ ചുറ്റിലുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രൊവിശ്യയിൽ ഉൾപ്പെടുന്നു.

2010 ലെ സെൻസസ് പ്രകാരം ബാലിയിലെ ജനസംഖ്യ 39 ലക്ഷമാണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവ വിശ്വാസികളിൽ സിംഹഭാഗവും ബാലിദ്വീപിലാണ്  വസിക്കുന്നത്. ഏറ്റവും അവസാനത്തെ സെൻസസ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29% പേരും ബാലിനീസ് ഹിന്ദുമതക്കാരാണ്. പത്ത് ശതമാനം ബുദ്ധരും ഇതിൽ പെടും. ശേഷിക്കുന്നവർ മുസ്ലിങ്ങളും ക്രൈസ്തവരും. പാരമ്പര്യ കലകളാലും, ശില്പ ഭംഗിയാലും സമൃദ്ധമാണ് ബാലി.  വിനോദസഞ്ചാരികളുടെ സ്വപ്നഭൂമി. കോവിഡിനു ശേഷം ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. സമാധാനത്തിന്റെ ദീപ്','ദൈവങ്ങളുടെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് പര്യായ നാമങ്ങളുണ്ട്. വിനോദത്തിനും തീർത്ഥാനത്തിനുമായി ഇവിടെയെത്തുന്നവരിൽ പകുതിയിലധികം ഇന്ത്യക്കാരാണ്. ഓസ്ട്രേലിയക്കാരുടെ എണ്ണവും കുറവല്ല.

'ദേശത്തിൻ്റെ കഥ' പറഞ്ഞ് മലയാളിയെ വിസ്മയിപ്പിച്ച എസ്.കെ പൊറ്റക്കാട് എഴുതിയ  'ബാലി ദ്വീപ് 'എന്ന സഞ്ചാര സാഹിത്യ കൃതിയിലൂടെയാണ് നോക്കെത്താ ദൂരത്തുള്ള ഈ ദ്വീപിനെ കുറിച്ച് ആദ്യമായി കേരളീയർ അറിയുന്നത്. 2000 വർഷങ്ങൾക്കു മുൻപ് തെക്കുകിഴക്കേഷ്യയിൽ നിന്നും ഓഷ്യാനിയയിൽനിന്നും കടൽ കടന്ന് വന്ന ആസ്ട്രോനേഷ്യൻ വിഭാഗങ്ങളായ ജനതയാണത്രെ യഥാർത്ഥ ബാലി നിവാസികൾ.

പ്രാചീന ബാലിയിൽ പശുപത, ഭൈരവ, ശിവ സിദ്ധാന്ത, വൈഷ്ണവ,  വിഭാശുവ, ബൗദ്ധ, ബ്രഹ്മ, രെസി, സോര, ഗണപദ്യ, എന്നീ പേരുകളിൽ അറിയപ്പെട്ട നിരവധി ഹിന്ദു വിഭാഗങ്ങൾ ജീവിച്ചിരുന്നതായാണ് ചരിത്രം. ഓരോ സമൂഹത്തിനും അവരുടെ സ്വന്തമായ ദൈവ സങ്കൽപം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടു മുതൽക്കേ ബാലി പൈതൃകത്തെ ഹിന്ദു ചൈനീസ് സംസ്കാരങ്ങൾ സ്വാധീനിക്കാൻ തുടങ്ങി. ഹിന്ദു സംസ്കാരമാണ് കൂടുതൽ സ്വാധീനിച്ചത്.  ബാലി ദ്വീപ് എന്ന പേർ പല പ്രാചീന ശിലാ ശാസനകളിലും വായിക്കാം. 1585ലാണ് യൂറോപ്യന്മാർ ബാലിയെ കുറിച്ച് അറിയുന്നത്.

ബാലിയിലെത്തിയ പ്രഥമ യൂറോപ്യർ പോർച്ചുഗീസുകാരാണ്. 1597ൽ ബാലിയിലെത്തിയ ഡച്ച് പര്യവേഷകനായ കോർനേലിസ് ഡി ഹൗണ്ട്മാൻ, 1602ൽ 'ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി' സ്ഥാപിച്ചു. 1840ഓടെ  ഇൻഡോനേഷ്യൻ ഉപദ്വീപ് രണ്ടര നൂറ്റാണ്ടോളം ഡച്ചു ഭരണത്തിൻ കീഴിലായതിന് ഇത് വഴിവെച്ചു. ലോകത്തെമ്പാടും  സാമ്രാജ്യത്വ ശക്തികൾ പയറ്റി വിജയിച്ച തന്ത്രം ഡച്ചുകാർ ബാലിയിലും പ്രയോഗിച്ചു. അവിടെയുണ്ടായിരുന്ന ചെറുരാജ്യങ്ങളെ തമ്മിലടിപ്പിച്ചു. തരാതരം പോലെ അവർ നാട്ടുരാജാക്കൻമാരെ മാറിമാറി പിന്തുണച്ചു. 1860ൽ പ്രശസ്ത ഇംഗ്ലീഷ് പ്രകൃതി ശസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാല്ലിസ് സിംഗപ്പൂരിൽ നിന്നും ബാലിയിലേക്കൊരു യാത്ര പുറപ്പെട്ടു.

ബാലിയുടെ ഉത്തരതീരത്തുള്ള ബിലെലിങ്ങിലാണ് അദ്ദേഹം ഇറങ്ങിയത്. വാല്ലിസിന്റെ ഈ യാത്ര തന്റെ 'വല്ലിസ് ലൈൻ' സിദ്ധാന്തത്തിനു പ്രേരകമായി. 'വല്ലിസ് ലൈൻ', ലംബൊങ്ങിനും ബാലിക്കും ഇടയിലെ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒരു സസ്യ അതിരാണ്. ഈ അതിർത്തിക്ക് ഇരുപുറവും കിഴക്കായി ഏഷ്യയിൽ ഉൽഭവിച്ച സസ്യ വർഗങ്ങളും പടിഞ്ഞാറായി ആസ്ട്രേലിയയിലേയും ഏഷ്യയിലേയും സസ്യ വർഗങ്ങളും വളരുന്നു.'മലയാ ഉപദ്വീപ്' എന്ന തൻ്റെ സഞ്ചാരക്കുറിപ്പുകളുടെ സമാഹാരത്തിൽ ബാലിയിലെ അനുഭവങ്ങൾ ആൽഫ്രഡ് റസ്സൽ സവിസ്തരം വിവരിക്കുന്നുണ്ട്.

യോഗ്യാകാർത്തയിൽ നിന്ന് കടലിന് മുകളിലൂടെ പതിവിൽ കവിഞ്ഞ മേഘമലകൾ ഭേദിച്ചാണ് വിമാനം പറന്നത്. പഞ്ഞിമിഠായി പോലെ വിമാനത്തിൻ്റെ ചിറകിനടിയിലൂടെ വിവിധ ആകൃതികളിൽ അവ പാറി നടന്നു. കനത്ത മേഘ പാളികളെ മുറിച്ച് കടക്കുമ്പോൾ ടാറിടാത്ത ചെറിയ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ ഒരു ഇന്നോവ കാറിൽ യാത്ര ചെയ്യുമ്പോഴുള്ള കുത്തിക്കുലുക്കം അനുഭവപ്പെട്ടു. വിമാനം കടലിനോട് ചേർന്ന് എയർപ്പോർട്ടിനെ ലക്ഷ്യമാക്കി മൂക്കൂകുത്തി താഴേക്ക് പതിക്കുമ്പോൾ കടലിലാണോ ഫ്ലൈറ്റ് ഇറങ്ങുന്നതെന്ന് തോന്നി.  അത്രക്ക് സമുദ്രത്തോട് ചേർന്നാണ് വിമാനത്താവളം. ബാലിയുടെ തലസ്ഥാന നഗരമായ ദെൻപസർ ഒരു പാശ്ചാത്യ നഗരത്തെയാണ് ഓർമ്മിപ്പിച്ചത്.

എയർപോർട്ടിൽ സേവനസന്നദ്ധരായ ജീവനക്കാർ യാത്രക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നിൽപ്പുണ്ട്. നേരത്തെ പറഞ്ഞുവെച്ച ഗൈഡ് പുറത്ത് കാത്ത് നിന്നിരുന്നു. രണ്ടര മണിക്കൂർ ഓടി വേണം താമസം ഏർപ്പാട് ചെയ്ത 'ഉബുഡ്' എന്ന ഗ്രാമത്തിലെത്താൻ. വഴിക്ക് 'ചങ്കു' എന്ന ടൗണിലുള്ള ജലീലിൻ്റെ സുഹൃത്ത് രാജ്മോഹൻ്റെ റെസ്റ്റോറൻ്റിൽ കയറി.

'സ്പൈസ് ജേർണി' അദ്ദേഹത്തിന് ജക്കാർത്തയിലും ഒരു ചെറിയ റസ്റ്റോറൻ്റുണ്ട്. ഫിഷ് പൊള്ളിച്ചതും ഒരു പൊറോട്ടയും ക്വാർട്ടർ പോർഷൻ ചിക്കൺ കറിയും ഒരു ജ്യൂസും കഴിച്ചു. കോഴിക്കോട് സാഗറിൽ നിന്നോ പാരഗണിൽ നിന്നോ ഭക്ഷണം കഴിച്ച സ്വാദ്. രാത്രി പൊതുവെ  ആഹാരത്തോട് എനിക്ക് താൽപര്യമില്ല. ചിലപ്പോൾ സ്നേഹമസൃണമായ ആതിഥ്യത്തിന് മുന്നിൽ തലകുനിക്കേണ്ടി വരും. അല്ലെങ്കിൽ മര്യാദകേടായി മുദ്രകുത്തപ്പെടാം. ബഹളമില്ലാത്ത ഒരു ഏരിയയിലെ ആകർഷണീയമായ ചെറിയ റസ്റ്റോറൻ്റ്‌. ചെറുതാണ് സുന്ദരം എന്ന് പറയുന്നത് വെറുതെയല്ല.

ഡൽഹിയിൽ നിന്നുള്ള ഒരു ഫർണിച്ചർ വ്യാപാരി വിവേകിനെ അവിടെവെച്ച് പരിചയപ്പെട്ടു. ഒഴിവു ദിവസങ്ങൾ ചെലവഴിക്കാൻ വന്നതാണ്. കാഴ്ചയിൽ മാന്യൻ. ശാന്തൻ. എൻ്റെ നമ്പർ വാങ്ങി. അടുത്ത തവണ കേരളത്തിലേക്ക് വരാൻ ക്ഷണിച്ചു. തീർച്ചയായും വരാമെന്ന് പറഞ്ഞ് തലയാട്ടി. വരുമ്പോൾ വിളിക്കാമെന്നും ഓർമ്മിപ്പിച്ചു. അവിടെ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്തു വേണം താമസ സ്ഥലത്തെത്താൻ. ഹോം സ്റ്റേ ആയത് കൊണ്ട് പ്രാതൽ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹോട്ടലിനേക്കാൾ വളരെ ചെലവ് കുറവാണ് ഹോം സ്റ്റേ. രാവിലെ ഏഴു മണിക്ക് തന്നെ പ്രാതൽ കഴിക്കുന്ന ശീലമുള്ളതിനാൽ വഴിയിൽ നിന്ന് ഒരു പാക്കറ്റ് ബ്രഡും ചീസും വാങ്ങി കയ്യിൽ വെച്ചു. ബാലിയിൽ ജീവിതച്ചിലവ് കുറവാണെന്ന് ഡ്രൈവർ യാത്രക്കിടയിലെ കുശലാന്വേഷണത്തിൽ പറഞ്ഞു.

അതിനനുസരിച്ച് ശമ്പളവും കുറവാണ്: അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവറും ഗൈഡുമായ 'മാഡെ'ക്ക് ഇംഗ്ലീഷ് മോശമല്ലാതെ സംസാരിക്കും. ആംഗലേയ ഭാഷ അറിയുന്നവർ ഇന്തോനേഷ്യയിലെ സാധാരണക്കാർക്കിടയിൽ വളരെ കുറവാണ്. കുറച്ച് ദൂരയുള്ള ഗ്രാമത്തിലാണത്രെ ഡ്രൈവർ ജനിച്ചത്. ജോലിതേടി ടൗണിലെത്തി. ഭാര്യയും കുട്ടികളുമൊത്ത് വാടകക്ക് നഗരത്തോട് ചേർന്ന ഗ്രാമാതിർത്തിയിൽ താമസിക്കുന്നു. സഹോദരനും ജോലി  നഗരത്തിലാണ്. അച്ഛൻ സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. 2002 ൽ വിരമിച്ചു. സർവീസ് പെൻഷൻ കിട്ടുന്നുണ്ട്. അമ്മ വീടും കൃഷിയും നോക്കുന്നു. ഗ്രാമത്തിൽ ഒരേക്കർ കുടുംബ സ്വത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ഉന്തോനേഷ്യൻ ജനതയുടെ സഹജ സ്വഭാവമാണെന്ന് ബാലിയിലെത്തുമ്പോഴും ചുറ്റുപാടും കണ്ണുപായിച്ചാൽ ബോദ്ധ്യമാകും.

ഒരു പൂന്തോട്ടത്തിനുള്ളിലെ കിളിക്കൂട് പോലെയാണ് ഹോംസ്റ്റേ സജ്ജീകരിച്ചിരിന്നത്. നിറയെ ചെടികളും പൂക്കളും.

75 മീറ്റർ ഒറ്റയടിപ്പാതയിലൂടെ നടന്നു വേണം റോഡിലെത്താൻ. ആ നടത്തത്തിൻ്റെ സുഖം ഒന്നുവേറെത്തന്നെ. കുളിച്ചൊരുങ്ങി ''ബറോംഗ്' നൃത്തം കാണാൻ പോയി. ബാലി ക്ഷേത്രങ്ങളുടെ ഭൂമിയാണെന്ന് കേട്ടിരുന്നു. അതിത്രമാത്രം അർത്ഥവത്താണെന്ന് കണ്ടപ്പോഴാണ് മനസ്സിലായത്. ബാലി ദ്വീപിലെ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും മാർക്കറ്റിനും വരെ ഒരു ക്ഷേത്ര ഛായയുണ്ട്. എവിടെ നോക്കിയാലും ചെറിയ ചെറിയ പ്രതിഷ്ഠകൾ കാണാം. ആത്മീയതയിൽ ആനന്ദം കണ്ടെത്തുന്ന സമാധാനപ്രിയരായ ജനത.

വിശ്വാസത്തെ അധികാര രാഷ്ട്രീയത്തിന് ദുരുപയോഗിക്കാത്ത നിഷ്കളങ്ക സമൂഹം. ബാലിയുടെ ഹൈന്ദവ സാംസ്കാരിക മുഖം സംരക്ഷിക്കാൻ ഇന്തോനേഷ്യൻ കേന്ദ്ര സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രദേശവാസിയായ ഒരു ഹിന്ദു ഭക്തൻ പറഞ്ഞു. തങ്ങൾക്ക് ഒരുതരത്തിലുള്ള വിവേചനമോ അവഗണനയോ ഇക്കാലമത്രയും നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം മൊഴിഞ്ഞു. വികസനഫണ്ടുൾപ്പടെ അർഹതപ്പെട്ടതിലും അധികമല്ലാതെ കുറവ് ബാലിക്ക് ലഭിച്ചിട്ടില്ലത്രെ. ഏത് സർക്കാരും അങ്ങിനെയാവണം.

തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള ആരോടും സർക്കാരുകൾ അന്യായം ചെയ്യരുത്. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണം. ഇന്തോനേഷ്യൻ സർക്കാർ ആ ഉത്തരവാദിത്വം കാര്യക്ഷമതയോടെ ചെയ്യുന്നുണ്ടെന്ന് ബാലിക്കാർ സാക്ഷ്യപ്പെടുത്തി. ഏതുനാട്ടിൽ ചെന്നാലും അവിടുത്തെ ഭരണകൂടത്തെ സംബന്ധിച്ച് ചോദിച്ചറിയേണ്ടത് ആ രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളോടാണ്. അവർ സംതൃപ്തരാണെങ്കിൽ ആ രാഷ്ട്രം സന്തോഷത്തിൽ ആറാടുന്ന നാടാകും.

ശിൽപങ്ങളുടെ മായാപ്രപഞ്ചമാണ് ബാലി. എങ്ങോട്ട് തിരിഞ്ഞാലും ദേവീദേവൻമാരുടെ വൈവിധ്യമാർന്ന ശിൽപ്പങ്ങളാൽ സുന്ദരമായ മണ്ണ്.
കരകൗശല വസ്തുക്കൾക്ക് പോലുമുണ്ട് ഒരു ദേവമുഖം.

ഇന്തോനേഷ്യയിലെ പരമ്പരാഗത ബാലിനീസ് ശൈലിയാണ് 'ബറോംഗ്' നൃത്തം. അമാനുഷിക ശക്തികളുള്ളതും മനുഷ്യരെ സംരക്ഷിക്കാൻ കഴിയുന്നതുമായ മൃഗങ്ങളുടെ പുരാണ ചിത്രീകരണം. ഐതിഹ്യപ്രകാരം 'ബറോംഗ്' ആത്മാക്കളുടെ രാജാവാണ്. നന്മയുടെ ആതിഥേയ നേതാവ്. 'രംഗ്ദയുടെ' ശത്രു. ആത്മസംരക്ഷകരുടെ അമ്മയായ അസുര രാജ്ഞിയുടെ സംരക്ഷകൻ. നൻമയും തിന്മയും തമ്മിലുള്ള ശാശ്വതമായ യുദ്ധത്തെ പ്രതിനിധീകരിക്കുന്നതിനായി ബറോംഗും രംഗ്ദയും തമ്മിലുള്ള യുദ്ധമാണ് 'ബറോംഗ്' നൃത്തത്തിൻ്റെ ഇതിവൃത്തം. രാമായണത്തിൽ രാമനെയും രാവണനും പോലെ. ഒറ്റനോട്ടത്തിൽ വകഭേദം വരുത്തി രണ്ടിൽ കൂടുതൽ പേർ ആടുന്ന കഥകളിക്ക് സമാനം. സദസ്യരെ ചിരിച്ചും ചിരിപ്പിച്ചും നൃത്തം മുന്നേറുന്നു. ഇടക്കിടെ നർത്തകീ നർത്തകർ സദസ്യരോട് പ്രാദേശിക ഭാഷയിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവരതിന് ചിരിച്ചും കയ്യടിച്ചും ചിലപ്പോൾ ആർപ്പുവിളിച്ചും പ്രതികരിക്കുന്നുണ്ട്‌. കാണികളായി വിദേശികൾ ഉൾപ്പടെ നിരവധിപേരുണ്ട്.

ഇന്തോനേഷ്യയിലെ പ്രശസ്തമായ ബാലി ദ്വീപ് ലോകത്തിലെ ഏറ്റവും മികച്ചതും ചെലവേറിയതുമായ 'കോഫി' വാഗ്ദാനം ചെയ്യുന്നു.'കോപി ലുവാക്ക്' അല്ലെങ്കിൽ 'ലുവാക്ക് കോഫി' എന്നാണ് ഇതറിയപ്പെടുന്നത്.  ഒരുതരം അപൂർവ്വ  ബീൻസിൽ നിന്നാണ് ഇതുണ്ടാക്കുന്നത്. അത്തരമൊരു ഫാം സന്ദർശിക്കണമെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതുപ്രകാരമാണ് ഉബുഡിലെ ഒരു കോഫീ ഫാമിൽ എത്തിയത്. വിവിധയിനം കോഫികളുടെ ചെടികൾ അവിടെ പരിപാലിച്ച് നിർത്തിയിട്ടുണ്ട്. ഓരോന്നിൻ്റെയും ഗുണഗണങ്ങൾ 'ഫാം ഗൈഡ്' പറഞ്ഞ് തന്നു. ഫാമിനുള്ളിൽ നാലോ അഞ്ചോ കോഫീ ഹട്ടുകളുണ്ട്. ഫാമിലെ മുഴുവൻ കോഫികളുടെയും രുചിയറിയാൻ അവിടെ സൗകര്യമുണ്ട്. പത്തോളം ഇനം ചൂടുള്ള 'കാപ്പിപ്പാനി' ചെറിയ ഗ്ലാസ് കപ്പിൽ നമുക്ക് കിട്ടും. അതിന് കാശില്ല.

ഒരു ബിസിനസ് തന്ത്രം. അത് കഴിച്ച് ഏത് കാപ്പിയാണോ നമുക്ക് ഇഷ്ടപ്പെട്ടത് അതു നമുക്ക് തൊട്ടടുത്തുള്ള സ്റ്റോറിൽ നിന്ന് വാങ്ങാം. ഫാമിൻ്റെ വരുമാനമാണത്. കാപ്പി വാങ്ങാൻ ഉദ്ദേശമില്ലാതിരുന്നതിനാൽ ഒരു കപ്പ് മാത്രമേ എടുത്തുള്ളൂ. വളരെ കുറച്ചായിട്ട് പോലും അകത്ത് ചെന്നപ്പോൾ ഒരു  മുഴുഗ്ലാസ്സ് കാപ്പി കുടിച്ച മേനി. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും അലങ്കാര ആഭരണരങ്ങൾ വിൽക്കുന്ന കടയിൽ വിദേശികളുടെ നല്ല തിരക്ക് കണ്ടു.

വെറുതെ അവിടെയൊന്ന് കയറാമെന്ന് വെച്ചു. വെള്ളിയിൽ പണിത വിഗ്രഹങ്ങളും കുറഞ്ഞ തൂക്കത്തിൽ ഉണ്ടാക്കിയ തീരെ കട്ടിയില്ലാത്ത ചെയ്നുകളും കമ്മലുകളും ഉപഭോക്താക്കളെ പ്രലോഭിപ്പിക്കും വിധമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. എല്ലാമൊന്ന് കണ്ടിറങ്ങി. വിവാഹത്തിന് ആഭരണങ്ങൾ അണിയുന്നവർ ഇത്തരം കനമില്ലാത്തത് തെരഞ്ഞെടുക്കണം. എങ്കിൽ പെൺകുട്ടികളുടെ കഴുത്തിനും കാതിനും അതൊരു വലിയ ആശ്വാസമായേനെ.

ബാലിയിലെ ഒരു ഗ്രാമമാണ് ബറ്റുവാൻ. 1930 കളിൽ ഈ ഗ്രാമത്തിൽ നിന്ന് ഉത്ഭവിച്ച കലാസൃഷ്‌ടിയും പെയിന്റിംഗും ലോകോത്തരമാണ്. ഇന്തോനേഷ്യയിലെ  പ്രധാന പെയിന്റിംഗ് കേന്ദ്രവും കൂടിയാണിത്. ബറ്റുവാൻ കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നിരവധി ആർട്ട് ഗാലറികളും സഹകരണ ആർട്ട് സൊസൈറ്റികളും ഇവിടെയുണ്ട്. എല്ലാ പൗർണ്ണമി ദിനത്തിലും അവതരിപ്പിക്കപ്പെടുന്ന പുരാതന 'ഗാംബു' നൃത്ത പ്രകടനത്തിനും കീർത്തി കേട്ട ദേശമാണിത്. ബറ്റുവ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 'പുര പൂസെ'' എന്നും ''പുര ദാസർ' എന്നും വിളിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങളുണ്ട്. 

ക്ലാസിക്കൽ ബാലിനീസ് ക്ഷേത്ര വാസ്തുവിദ്യാ ശൈലിയിൽ വിപുലമായ കൊത്തുപണികളോടെയാണ് ഇരു ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്.  സന്ദർശകർക്ക് ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ ധരിക്കാൻ 'വെർമിലിയൻ സരോങ്ങുകൾ' എന്ന ഒരു പ്രത്യേക വസ്ത്രം ലഭിക്കും.

വെർമിലിയൻ സരോങ്ങു' എന്ന പ്രത്യേക വസ്ത്രം

വെർമിലിയൻ സരോങ്ങു' എന്ന പ്രത്യേക വസ്ത്രം

'ബാതിക്' തുണി കൊണ്ടുള്ളതാണിത്.  അതു ധരിച്ചാണ് ഞാനും ക്ഷേത്രത്തിനകത്ത് കടന്നത്. മുട്ട് പൊക്കിളിനിടയിലെ 'ബാതിക്' തുണി ഉടുക്കൽ, ചെറുപ്പത്തിൽ മുട്ടിന് താഴെ നെരിയാണിക്ക് മുകളിൽ കള്ളിത്തുണി ഉടുത്തതിനെ അനുസ്മരിപ്പിച്ചു. അഴിഞ്ഞ് വീഴാതിരിക്കാൻ മഞ്ഞ നിറത്തിലുള്ള ശീലയിൽ തീർത്ത അരപ്പട്ടയും. പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ മുമ്പ് പോയപ്പോൾ ഒരു നൈലോൺ തൂവ്വാല തലയിൽ കെട്ടാൻ തന്നിരുന്നു. ആരും തല മറച്ചേ സുവർണ്ണക്ഷേത്രത്തിൽ പ്രവേശിക്കാവൂ. ഓരോ ആരാധനലായങ്ങളിൽ ഓരോ ആചാരം.

ഒറ്റത്തേക്കിൽ കൊത്തിയെടുത്ത  ഫർണിച്ചറുകൾക്കും ഈ നഗരം പ്രശസ്തമാണ്. പ്രധാന ക്ഷേത്ര ചടങ്ങുകളിൽ ഉയർന്ന തരം പഴങ്ങളും പുഷ്പങ്ങളുമാണ് പൂജാ വസ്തുക്കളായി ഉപയോഗിക്കുന്നത്. പ്രാദേശിക കലാകാരന്മാരും കരകൗശല വിദഗ്ധരും അവരുടെ ഏറ്റവും പുതിയ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഇടവും കൂടിയാണ് ബറ്റുവാൻ ക്ഷേത്ര പരിസരം. അവിടെ വെച്ച് ഒരു ചൈനീസ് ടൂറിസ്റ്റ് സംഘത്തെ പരിചയപ്പെട്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയമനിർമ്മാണ സഭാ പ്രതിനിധിയാണെന്ന് പറഞ്ഞപ്പോൾ അവർ പ്രത്യേക സന്തോഷം രേഖപ്പെടുത്തി.

ബറ്റുവാൻ ഗ്രാമത്തിൻ്റെ തെരുവോരങ്ങളും ക്ഷേത്ര നഗരികളും നമ്മുടെ നാട്ടിലെ പാലമരങ്ങൾ പോലെ തോന്നിച്ച ധാരാളം കൊമ്പുകളുള്ള 'ഫ്രഞ്ചിപാനി' എന്ന ''മാലി പാലകൾ' നിറഞ്ഞതാണ്. റോസും വെള്ളയും മഞ്ഞയും നിറത്തിലുള്ള പൂക്കൾ അവയിൽ പൂത്തുനിൽക്കുന്നത് തെരുവുകളുടെ അഴകേറ്റി.

'ഗോവ ഗജഹ്' അഥവാ എലിഫന്റ് കേവ്, ബാലിയിലെ ഉബുഡിലാണ്. ഗുഹക്ക് ഒരു ആനരൂപം ഉള്ളത് കൊണ്ടാകാം ഇതിനെ 'ആനഗുഹ' എന്ന്  വിളിക്കുന്നത്. ഗുഹക്കുള്ളിൽ മൂന്ന് പ്രതിഷ്ഠകളുണ്ട്. ഗുഹക്ക് മുന്നിലായി ധാരാളം പ്രതിഷ്ഠകൾ വേറെയുമുണ്ട്. ഹൈന്ദവബൗദ്ധ ക്ഷേത്രങ്ങൾ ഇവിടെ കാണാം. ഒൻപതാം നൂറ്റാണ്ടിൽ പണിതീർത്ത വിശുദ്ധ മന്ദിരമാണിതെന്ന് കരുതപ്പെടുന്നു. 'എലഫെൻ്റ് കേവ്' സൈറ്റ്, യുനെസ്കോ വേൾഡ് ഹെറിറ്റേജിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1995 ഒക്ടോബർ 19 ന് യുനെസ്കോയുടെ സാംസ്കാരിക വിഭാഗത്തിലും 'ആനഗുഹ' സ്ഥാനം പിടിച്ചു. ഗുഹയുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും ആത്മീയ ധ്യാനത്തിനായി നിർമ്മിച്ചതാണിതെന്ന് ഉള്ളിലേക്ക് കടന്നാൽ മനസ്സിലാകും. ഇതിഹാസത്തിലെ ഭീമാകാരനായ 'കീബോഇവ' യുടെ വിരലിലെ നഖം കൊണ്ടാണ് 'ആനഗുഹ' സൃഷ്ടിച്ചതെന്നാണ്  നാടോടികൾ വാമൊഴിയായി പറഞ്ഞുവരുന്ന കഥ.

ഒരുപാട് പടവുകൾ ഇറങ്ങി വേണം എലഫൻ്റ് ഗുഹയിലേക്ക് പോകാൻ. അവിടെ അഞ്ഞൂറ് വർഷം പഴക്കമുള്ള 'കപു' എന്ന ഒരു വൻമരം തടിച്ച് നീണ്ട് ഉയർന്ന് നിൽപ്പുണ്ട്.

'ഗോവ ഗജഹ്'

'ഗോവ ഗജഹ്'

ബ്രസീൽകാരായ രണ്ട് യുവതീ യുവാക്കളെ അവിടെ വെച്ച് പരിചയപ്പെട്ടു. ഗുഹയുടെ മുന്നിൽ നിന്നുള്ള ഒരു ഫോട്ടോ എടുക്കാൻ പറ്റുമോ എന്ന് തിരക്കി. പറയേണ്ട താമസം അവരതിന് സന്നദ്ധരായി.

അവരുടെ രണ്ട് പേരുടെ ഫോട്ടോ ഞാനും എടുത്തുകൊടുത്തു. പിരിയുമ്പോഴാണ് ഞാനൊരു ബ്രസീൽ ഫുട്ബോൾ ഫാനാണെന്ന് പറഞ്ഞത്. കേരളത്തെ കുറിച്ചും അവരോട് സംസാരിച്ചു.

മടക്കത്തിൽ ക്ഷേത്ര ജീവനക്കാരനായ ഇഞ്ഞോമാൻ ഷുക്കാ ഡനയെ കണ്ടു. ബാലിയിലെ മതമൈത്രിയെ കുറിച്ച് ചോദിച്ചു. ഇംഗ്ലീഷ് അറിയുന്ന അദ്ദേഹം വിവിധ മതവിഭാഗക്കാർ തമ്മിലുള്ള സ്നേഹവും സൗഹൃദവും പറയുമ്പോൾ വാചാലനായി. മതത്തിൻ്റെ പേരിൽ സംഘർഷവും സംഘട്ടനവുമില്ലാത്ത അനുഗ്രഹീത നാടാണ് ഇന്തോനേഷ്യയെന്ന് കാര്യകാരണ സഹിതം അദ്ദേഹം വിശദീകരിച്ചു.

അവിടെ നിന്നിറങ്ങുമ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു. നല്ല വിശപ്പ്.  ഉച്ചഭക്ഷണത്തിന് ക്ഷേത്രത്തിന് തൊട്ടുരുമ്മിയുള്ള റസ്റ്റാറൻ്റ്റൽ കയറി. മെനു നോക്കിയപ്പോൾ മൽസ്യവും ചിക്കണുമെല്ലാമുണ്ട്. ബാലിയിലെ ഹിന്ദുക്കൾ പന്നിമാംസം കഴിക്കും. പശു ദൈവമായത് കൊണ്ട് ബീഫ് കഴിക്കില്ല. എന്നാൽ ബീഫ് കഴിക്കുന്നവർക്കെതിരെ അടിയോ ഇടിയോ മർദ്ദനമോ തല്ലിക്കൊല്ലലോ ചുട്ടുകൊല്ലലോ ഒന്നുമില്ല. ഹോട്ടലുകളിൽ ബീഫിറച്ചി സുലഭമാണ്. 90%ത്തോളം ഹൈന്ദവർ താമസിക്കുന്ന ബാലിയിൽ 'ഉള്ളി'യാണെന്ന് പറഞ്ഞ് ബീഫ് കഴിക്കേണ്ട 'ദുരവസ്ഥ' ഇല്ലെന്നർത്ഥം.മൽസ്യവും ആട്ടിറച്ചിയും കോഴിയും മഹാഭൂരിപക്ഷം ബാലിക്കാരും യഥേഷ്ടം ഭുജിക്കുമത്രെ.

ഹോട്ടലിൽ വെച്ച് ഒരു മലയാളി കുടുംബത്തെ കണ്ടു. പാലക്കാട്ടുകാരൻ അരവിന്ദാക്ഷൻ, അമ്മ വിലാസിനി നായർ, ഭാര്യ  ഉഷാ കുമാരി, മകൻ അഖിൽ. അദ്ദേഹം ദുബായിയിൽ ജോലി ചെയ്യുന്നു. ഒഴിവുദിനങ്ങൾ ആസ്വദിക്കാനാണ് കുടുംബസമേതം ബാലിയിലെത്തിയത്. കൂടെ അവരുടെ അടുത്ത ബന്ധുവായ മണ്ണർക്കാട് സ്വദേശിനി രജനീദാസും മകൾ മൈഥിലി ദാസുമുണ്ട്. യൂണിലിവറിൽ ജോലി ചെയ്തിരുന്ന അവർ ഇപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. കുറേനേരം ഞങ്ങൾ സംസാരിച്ചു. ഒരു മലയാളിയേയും കണ്ടില്ലെന്ന് പറഞ്ഞ് നാവെടുത്തതേയുള്ളൂ അപ്പോഴാണ് മോനെക്കണ്ടതെന്ന് അമ്മ നിഷ്കളങ്കമായി പറഞ്ഞു. പാലക്കട്ട് വരുമ്പോൾ കാണാമെന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

'മങ്കി ഫോറസ്റ്റ്'

'മങ്കി ഫോറസ്റ്റ്'

'മങ്കി ഫോറസ്റ്റ്' വിശുദ്ധ ക്ഷേത്രം ഉബുദിലെ വേറിട്ട കാഴ്ചകളിൽ ഒന്നാണ്. 'പഡാങ്‌ടെഗൽ സേക്രഡ് മങ്കി ഫോറസ്റ്റ്' എന്നും ഇതറിയപ്പെടുന്നു. നീണ്ട വാലുള്ള ബാലിനീസ് കുരങ്ങൻമാരുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ് സന്ദർശകരെ അൽഭുതപ്പെടുത്തുന്ന ഈ വന്യജീവി സങ്കേതം. വൻമരങ്ങളാൽ നിറഞ്ഞ ഉഷ്ണമേഖലാ കാടും വലിയ പാറക്കല്ലുകളിൽ അവിടെത്തന്നെ കൊത്തിയുണ്ടാക്കിയ ദേവീദേവൻമാരുടെയും ജീവജാലങ്ങളുടെയും പ്രതിമകളും നമ്മളെ പുതിയൊരു ലോകത്തെത്തിക്കും. പ്രാചീനത വിളിച്ചോതുന്ന  ക്ഷേത്രങ്ങളും മങ്കി ഫോറസ്റ്റിൻ്റെ പ്രത്യേകതയാണ്.

ആയിരത്തിലധികം കുരങ്ങുകൾ ഈ സാങ്ച്വറി ക്ഷേത്രത്തോടനുബന്ധിച്ച കാട്ടിൽ വസിക്കുന്നു. മൂന്നു ക്ഷേത്രങ്ങളും ഇരിക്കുന്നത് അറുപത്തിയേഴര ഏക്കർ ഉഷ്ണമേഖലാ വനത്തിനുള്ളിലാണ്. 100ലധികം വ്യത്യസ്ത ഇനം വൃക്ഷങ്ങളും വൈവിധ്യമാർന്ന സസ്യങ്ങളും ഇടതൂർന്ന ഈ കാട്ടിലുണ്ട്. ഭൂമിയിൽ ഒരിടത്തും ഇതുപോലൊന്ന്  കാണാനാവില്ലെന്ന് ഗൈഡ് പറഞ്ഞു.

വാനര വനത്തിലേക്കുള്ള പ്രവേശനം, കൃത്രിമമായി ഉണ്ടാക്കിയ ഒരു ഗുഹയിലൂടെയാണ്. മരപ്പാളികൾ രണ്ടോ മൂന്നോ അടി ഉയരത്തിൽ പാകി ഇരുഭാഗത്തും കൈപ്പിടികളോടെ കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയുള്ള നീണ്ട നടത്തം

പഡാങ്‌ടെഗൽ സേക്രഡ് മങ്കി ഫോറസ്റ്റ്

പഡാങ്‌ടെഗൽ സേക്രഡ് മങ്കി ഫോറസ്റ്റ്

വിസ്മയകരമാണ്. നിരവധി ഏണിപ്പടികൾ വെച്ചുള്ള കയറ്റിറക്കങ്ങൾ തളർച്ചയേ തോന്നിച്ചില്ല. കുരങ്ങൻമാർ തലങ്ങും വിലങ്ങും ഓടിനടക്കുന്നുണ്ട്. ആരെയും ഉപദ്രവിക്കുന്നില്ല. ഇന്തോനേഷ്യക്കാരെ പോലെതന്നെ വിനയാന്വിതർ. കാട്ടിൻ്റെ ഉൾഭാഗത്ത് റെസ്റ്റോറൻറുകളും അധിക്യത വ്യാപാര സ്ഥാപനങ്ങളും സജീവമാണ്. ടോയ്ലറ്റുകളും ആവശ്യത്തിലധികം ഒരുക്കിയിട്ടുണ്ട്.

ആയിരക്കണക്കിനാളുകൾ ദിവസവുമെത്തുന്ന 'മങ്കി ഫോറസ്റ്റിലെ' ശുചിമുറികളുടെ വൃത്തി അപാരം. നടപ്പാതകളിൽ വീഴുന്ന ഇലകൾ അടിച്ചുവാരി വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികൾ സദാസന്നദ്ധമായി നിൽപ്പുണ്ട്. തൊട്ടുമുമ്പു പെയ്ത മഴയുടെ തുള്ളികൾ തലയുടെ ഭാരശേഷി പരീക്ഷിച്ചു കൊണ്ടിരുന്നു. പാറക്കെട്ടുകളിൽ നിന്ന് ആഴമേറിയ കുണ്ടുകളിലൂടെ കുത്തിയൊഴുകുന്ന അരുവികളുടെ പാറയിലും കല്ലുകളിലും ഇടിച്ച് കുതിക്കുന്ന ശബ്ദം കാതിന് സംഗീതമായാണ് അനുഭവപ്പെട്ടത്. ശരിക്കും ഒരാഫ്രിക്കൻ വനാന്തരത്തിൻ്റെ പകർപ്പ്. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എങ്ങിനെയാവണമെന്ന് പഠിക്കാൻ താൽപര്യമുള്ളവർക്ക് ഏറ്റവും യോജ്യമായ സ്ഥലമാണ് ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൊന്നുപോലെ നോക്കാൻ എല്ലാ ദ്വീപുകാരും ഒന്നിനൊന്നു മെച്ചം.

പഴയ പൊന്നാനി നഗരം പഴമ നിലനിർത്തി നവീകരിച്ചാൽ എങ്ങിനെയിരിക്കും? സമാനമാണ് ഉബുഡിലെ പഴയ മാർക്കറ്റ്. അധിക കടകൾക്കും ഓടിട്ട താഴത്തെ നില മാത്രം. പഴയ ഡച്ച് നഗരത്തിൻ്റെ പ്രൗഢി ഒട്ടും ചോർന്നു പോകാതെ നിലനിർത്തിയിട്ടുണ്ട്. മാർക്കറ്റിൻ്റെ തെരുവുകൾ നിറയെ വിദേശികളാണ്. എല്ലാവരും എല്ലാവരേയും ബഹുമാനിക്കുന്നു. എന്നാൽ ആരും ആരുടെയും ജീവിതത്തിലേക്ക് എത്തിനോക്കുന്നില്ല. സ്നേഹിച്ചും വിശ്വസിച്ചും സന്തോഷത്തോടെ കഴിയുന്ന ബാലിയിലെ മനുഷ്യരെ മതിവരുവോളം ഞാനങ്ങിനെ നോക്കി നിന്നു. അതും ഒരു സുകൃതമാണ്. (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top