24 September Sunday
ഇന്തോനേഷ്യൻ സ്‌കെച്ചുകൾ-ഭാഗം: 5

അഗ്നിപർവ്വത തടാകം-ഡോ. കെ ടി ജലീലിന്റെ ഇന്തോനേഷ്യൻ കുറിപ്പുകൾ അഞ്ചാം ഭാഗം

കെ ടി ജലീൽUpdated: Saturday Jun 3, 2023

ഭാഗം: 5

ജൂൺ 1. പൂമ്പാറ്റകളെ പോലെ പുത്തനുടുപ്പുകളും കയ്യിൽ സ്ലേറ്റും പെൻസിലുമായി അക്ഷരങ്ങളുടെ മഴവിൽ ലോകത്തേക്ക് പൊന്നോമനകൾ പറന്നു പോകുന്ന ദിവസമാണ് കേരളത്തിൽ. കണ്ണീരും പുഞ്ചിരിയും കൂടിക്കലർന്ന് തേൻമഴ പെയ്യുന്ന ദിനം. എന്നാൽ  ഇന്തോനേഷ്യയിൽ ജൂൺ ഒന്ന്, ദേശീയ അവധി ദിനമാണ്. പഞ്ചശീല ദിനമെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവ് സുക്കാർണോ സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുമുമ്പുള്ള ജൂൺ ഒന്നിന്ന് (1945) നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ  ഇന്തോനേഷ്യൻ രാഷ്ട്ര നിർമ്മിതിയുടെ അടിത്തറയായ അഞ്ച് തത്വങ്ങൾ അവതരിപ്പിച്ചു; 'ദൈവ വിശ്വാസം, മുഴുവൻ മനുഷ്യർക്കും സമത്വം, ഇന്തോനേഷ്യൻ ഐക്യം, ജനാധിപത്യം, എല്ലാവർക്കും സാമൂഹ്യ നീതി'. അതിൻ്റെ ഓർമ്മക്കായി ജൂൺ ഒന്ന് ദേശീയ അവധിയായി അന്ന് മുതൽ ആചരിച്ച് വരുന്നു.

ആറ് മതങ്ങളെയാണ് ഔദ്യോഗികമായി ഇന്തോനേഷ്യ അംഗീകരിച്ചത്. ഇസ്ലാം, ഹിന്ദുയിസം, ബുദ്ധിസം, കത്തോലിസിസം, പ്രൊട്ടസ്റ്റൻ്റനിസം, കൺഫ്യൂഷ്യനിസം. ഒരു മതത്തെ മാത്രം രാഷ്ട്രമതമാക്കാത്ത ബഹുസ്വര രാജ്യം. അവധിയുടെ തിരക്ക് റോഡിൽ പ്രകടമാണ്.

 തോബ തടാകം

തോബ തടാകം

തലങ്ങും വിലങ്ങും വാഹനങ്ങൾ പറപറക്കുന്നു. ഒഴിവുദിനം ആഘോഷമാക്കുന്നവരാണ് ഇന്തോനേഷ്യക്കാർ. സുമാത്രയിലെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായ തോബ തടാകം ലക്ഷ്യമാക്കിയായിരുന്നു റഊഫിനൊപ്പമുള്ള കുതിപ്പ്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായലോകത്തിലെ ഏറ്റവും വലിയ തടാകമാണ് 'തോബ'. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണത്രെ ഈ തടാകം. തോബാ തടാകത്തിൽ വെച്ചാണ് 2023ലെ 'ഫോർമുല വൺ പവർ ബോട്ട് റേസ് ലോക ചാമ്പ്യൻഷിപ്പ്' കഴിഞ്ഞ ഫെബ്രവരിയിൽ നടന്നത്.

'ഫോർമുല വൺ കാർ റേസ്' പോലെത്തന്നെ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ലക്ഷോപലക്ഷം ആരാധകരുള്ള വിനോദമാണ് ഈ ബോട്ട് റെയ്സും. മണിക്കൂറിൽ 250ൽ പരം വേഗതയുള്ള 39 രാഷ്ട്രങ്ങളിൽ നിന്നുള്ള  ബോട്ടുകളാണത്രെ മൽസരത്തിൽ പങ്കെടുത്തത്. കരയിലൂടെയുള്ള കാർ റെയ്സിൻ്റെ വേഗത മണിക്കൂറിൽ 360 കിലോമീറ്ററാണെന്ന് കൂടി ഓർക്കുക.

യാത്രക്കിടയിൽ വഴിതെറ്റി ഒരു ഗ്രാമ പ്രദേശത്ത് കൂടെ പോകാനിടയായി. ഉർവ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലായി കാര്യങ്ങൾ. ഇന്തോനേഷ്യൻ ഗ്രാമ ഭംഗി മതി വരുവോളം ആസ്വദിച്ചു. വിവിധ കൃഷികളാൽ നിറഞ്ഞ് പച്ചയിൽ കുളിച്ച്‌ നിൽക്കുന്ന ഒരു കേരളീയ ഗ്രാമത്തിലൂടെ കടന്ന് പോവുകയാണെന്നേ തോന്നൂ.

ഏത് ഓണംകേറാ മൂലയാണെങ്കിലും  ശുചിത്വ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ജനങ്ങളുടെ നാടിൻ്റെ പേരാണ് ഇന്തോനേഷ്യ. സൗന്ദര്യബോധം കൂടുതലുള്ളവരാണ് ഇന്തോനേഷ്യൻ വനിതകൾ. എല്ലാവരുടെ കയ്യിലും മുഖകാന്തി നിലനിർത്താൻ പര്യാപ്തമായ ക്രീമുകളും മറ്റു സൗന്ദര്യവർധക വസ്തുക്കളും എപ്പോഴും കയ്യിലുണ്ടാവും. പള്ളിക്കുള്ളിൽവരെ ഇരുന്ന് മുഖസൗന്ദര്യം വരുത്തുന്നത് കാണാം.

വ്യക്തിജീവിതത്തിലെ സൗന്ദര്യബോധം വീടും പരിസരവും സ്ഥാപനങ്ങളും അങ്ങാടികളും മോടിയിൽ സൂക്ഷിക്കാൻ ഇന്തോനേഷ്യക്കാർക്ക് പ്രചോദനമാകുന്നുണ്ടെന്ന് ഉറപ്പ്.    ഉത്തരേന്ത്യയിലെ ക്ഷേത്ര മാതൃകയിലാണ് റോഡരികിൽ മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ പള്ളികളുടെ താഴികക്കുടങ്ങളുടെ മുകളിലും കമ്പിയിൽ ഉയരത്തിൽ 'അള്ളാഹു' എന്ന് അറബിയിൽ ലോഹത്തിൽ തീർത്തു വെച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങളുടെ മുകളിൽ ''ഓം' എന്ന് ഹിന്ദിയിൽ എഴുതി ഉയർത്തി വെച്ച പോലെ.

മണ്ണിൻ്റെ ഫലഭൂവിഷ്ടത കൊണ്ട് സമ്പന്നമാണ് ഇന്തോനേഷ്യ. എന്ത് വിത്തിട്ടാലും ഇവിടെ മുളക്കും. വർഗ്ഗീയതയുടെയും പരസ്പര വിദ്യേഷത്തിൻ്റെയും വിത്തൊഴികെ. ഇന്തോനേഷ്യൻ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പാം തോട്ടങ്ങൾ.

ഒരു പാം പനയിൽ നിന്ന് 25 വർഷം ആദായമെടുക്കാമെന്നാണ് റഊഫ് പറഞ്ഞത്. റബർ എസ്റ്റേറ്റുകളും കുറവല്ല. നമ്മുടെ കോട്ടയം റബർ പോലെ അത്ര ഭംഗിയില്ലെന്ന് മാത്രം. വഴിമദ്ധ്യേ ടോൾ റോഡിലെ 'റസ്റ്റ് പോയിൻ്റിൽ' കയറി ഒന്ന് റിലാക്സായി. കേരളത്തിലും രണ്ട് വർഷം കൊണ്ട് ഇതുപോലെ യാത്ര ചെയ്യാനാകുമല്ലോ എന്നോർത്ത് സന്തോഷിച്ചു. പരിചയപ്പെട്ട ഇന്തോനേഷ്യക്കാരെ കേരളത്തിലേക്ക് ക്ഷണിച്ചു. അവരുടെ നാട് പോലെ ഒരുവേള അതിനെക്കാൾ പ്രകൃതിരമണീയമായ ദേശമാണ് ഇന്ത്യയിലെ കേരളമെന്ന് ഓർമ്മപ്പെടുത്തി.

പോകുന്ന വഴിക്ക് തിബിൻ തിങ്കിയിൽ വെച്ച് റോഡരികിലെ വയലേലകളിൽ സ്ത്രീകൾ ഞാറ് നടുന്നത് കണ്ടു. അവിടെ കാർ നിർത്തി ഇറങ്ങി. കർഷക തൊഴിലാളികളെ കൈവീശി അഭിവാദ്യം ചെയ്തു. അവർ പ്രത്യഭിവാദ്യം ചെയ്തു.

മദ്ധ്യാഹ്ന പ്രാർത്ഥനക്ക് സമയമായപ്പോൾ തിബിൻ തിങ്കിയിലെ 'അഗുംഗ് മസ്ജിദി'ലാണ് കയറിയത്. കയറിച്ചെല്ലുമ്പോൾ തന്നെ കണ്ടത് ആൺപെൺ വ്യത്യാസമില്ലാതെ വലിയ പള്ളിയുടെ പൂമുഖത്തും മസ്ജിദിനകത്തുമായി കുട്ടികൾ ഓടിക്കളിക്കുന്നതാണ്. ഇന്തോനേഷ്യയിലെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ട്. പള്ളിക്കുള്ളിൽവെച്ച് സ്വദേശികളായ സ്ത്രീകൾ അടങ്ങുന്ന ഒരു കുടുംബത്തെ പരിചയപ്പെട്ടു. മക്കൾക്ക് ഇംഗ്ലീഷ് അറിയാം.

മുൻവാതിലിലൂടെതന്നെയാണ് സ്ത്രീകളും പള്ളിയിൽ കടക്കുന്നത്.  മസ്ജിദിൻ്റെ പ്രസംഗ പീഠത്തിന് മുന്നിലായി ഒരു ചെറിയ മറകെട്ടി ഭാഗികമായി മറച്ചിട്ടുണ്ട് സ്ത്രീകൾക്കുള്ള നമസ്കാര സ്ഥലം.  അവിടെച്ചെന്ന് സ്ത്രീകളോട് സംസാരിക്കുന്നതിന് വിലക്കില്ല. പള്ളിക്കകത്തും കുട്ടികൾ ഓടിക്കളിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി.  ഇസ്ലാമിക വേഷവിധാനത്തിലല്ലാതെ പ്രാർത്ഥനക്കെത്തുന്ന സ്ത്രീകൾക്ക് അണിയാൻ നമസ്കാരക്കുപ്പായം പള്ളിയുടെ മെയ്ൻ ഹാളിൽ തൂക്കിയിട്ടിട്ടുണ്ട്.

പള്ളിയുടെ മുമ്പിൽ ഒരു വലിയ ചെണ്ട സ്ഥാപിച്ചിട്ടുണ്ട്. 'ബെഡുഗ്' എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്‌.

നമ്മുടെ നാട്ടിലെ മുസ്ലിം പള്ളികളിൽ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ''നഗാരം' പോലെ. 'ബെഡുക്' കൊട്ടിയാണ് വലിയ വലിയ സമ്മേളനങ്ങളും സംരഭങ്ങളും ഇന്നും ഇവിടെ ആരംഭിക്കുക. ഇന്തോനേഷ്യയുടെ ഉൾഭാഗങ്ങളിലെ പള്ളികളിൽ നോമ്പുകാലത്ത് ജനങ്ങളെ അത്താഴ സമയവും നോമ്പു തുറയും അറിയിക്കുന്നത് 'ബെഡുഗ്'മുട്ടിയാണ്. രാജ്യാതിർത്തികൾ മാറുമ്പോൾ ഇസങ്ങളുടെയും വിശ്വാസങ്ങളുടെയും രൂപവും ഭാവവും മാറുന്നത് എത്ര രസകരമാണെന്നോ?
ഉച്ചഭക്ഷണത്തിന് കയറിയത് ഒരു ഇന്ത്യൻ റെസ്റ്റോറൻ്റിലാണ്.

ഹോട്ടലിൽ സ്വദേശി ഭക്ഷണമാണ് കൂടുതലും. പേരിന് രണ്ട് തരം ബിരിയാണിയും പൊറോട്ടയും റുമാൽ റൊട്ടിയുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി വന്ന മലയാളിയുടെ മൂന്നാം തലമുറയിൽ പെടുന്ന മുഹമ്മദ് അബ്ബാസിൻ്റെതാണ് ഹോട്ടൽ. നല്ല തിരക്കുണ്ട്. പെൺകുട്ടികളാണ് ഭൂരിഭാഗം ജോലിക്കാരും. ഉടമസ്ഥൻ അബ്ബാസ് അവിടെ ഇല്ല. അബ്ബാസിന് മലയാളം അറിയില്ലെന്നാണ് ഒരു മലയാളി സുഹൃത്ത് പറഞ്ഞത്.

വ്യക്തിസ്വാതന്ത്ര്യവുമായ ബന്ധപ്പെട്ട മദ്യപാനം, നിശാ ക്ലബ്ബുകൾ ഉൾപ്പടെ എല്ലാ ഭൗതികസുഖഭോഗ സാഹചര്യങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലുമെന്ന പോലെ ഇന്തോനേഷ്യയിലെ വലിയ പട്ടണങ്ങളിലും ഉണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. എല്ലാ ''സൗകര്യങ്ങളും' ഉണ്ടായിട്ടും അതിൽ നിന്ന് മാറി നിന്ന് ജീവിക്കുന്നവനാണല്ലോ യഥാർത്ഥ വിശ്വാസി.

എല്ലാ മതങ്ങളും മേൽ സൂചിപ്പിച്ച ദുഷ്പ്രവൃത്തികളെ എതിർക്കുന്നുണ്ട്. എന്നിട്ടും മതവിശ്വാസികൾക്ക് പ്രാമുഖ്യമുള്ള നാടുകളിലെല്ലാം രഹസ്യമായോ പരസ്യമായോ ഇതിനൊക്കെയുള്ള സൗകര്യങ്ങളുമുണ്ട്. ''തെറ്റ്' ചെയ്യാൻ ഒരു സൗകര്യവുമില്ലാത്തിടത്ത് തെറ്റ് ചെയ്യാതെ ജീവിക്കുന്നവനെക്കാൾ നല്ല വിശ്വാസി 'തെറ്റു'കൾ ചെയ്യാൻ അവസരമുള്ളിടത്ത് ''തെറ്റു'കളിൽ നിന്ന് അകന്നു നിൽക്കുന്നവനാണ്.

അവൻ ഏത് വിശ്വാസക്കാരനായാലും ശരി. ഒരു 'തെറ്റും' ചെയ്യാത്തവനാണ് സ്വർഗ്ഗാവകാശിയെന്ന് ലോകത്ത് ഒരു വേദഗ്രന്ഥവും പറഞ്ഞിട്ടില്ല. തിന്മകളെക്കാൾ നൻമ ഒരംശം മുന്തി നിന്നാൽ അവനാണ് സ്വാർഗ്ഗാവകാശി എന്നാണ് മതങ്ങൾ സിദ്ധാന്തിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവനാണ് സ്വർഗ്ഗാവകാശി എന്ന് ഏതെങ്കിലും പ്രവാചകൻമാർ പറഞ്ഞിരുന്നെങ്കിൽ അത് മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാകുമായിരുന്നു. അങ്ങിനെ ഒരു വ്യവസ്ഥ വെച്ചാൽ സ്വർഗ്ഗാവകാശികളായി സച്ഛരിതരായ ദൈവദൂതൻമാരല്ലാതെ മറ്റാരാണ് ഉണ്ടാവുക?

യാത്രക്കിടയിൽ ചുറ്റുവട്ടങ്ങളിലേക്ക് കണ്ണുകൾ പായിച്ചും കണ്ടത് മൊബൈലിൽ കുറിച്ചും സംശയമുള്ളത് ചോദിച്ചും മുന്നോട്ടു നീങ്ങവെ രണ്ടോ മൂന്നോ പാസ്പ്പോർട്ട് കൂട്ടിവെച്ചാലുള്ള കനത്തിലും വലിപ്പത്തിലുമുള്ള മനോഹരമായ ഒരു കൊച്ചു പുസ്തം റഊഫ് എനിക്കു നീട്ടി. മറിച്ച് നോക്കിയപ്പോൾ ഒരു സ്മരണിക പോലെ തോന്നിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോയും അതിനൊപ്പം ഒന്നുരണ്ടു പേജുകളിലായി ഇന്തോനേഷ്യൻ ഭാഷയിലുള്ള എഴുത്തും. അതുകഴിഞ്ഞ ഖുർആനിൽ നിന്നുള്ള രണ്ട് അദ്ധ്യായങ്ങളും അച്ചടിച്ചിരിക്കുന്നു. എന്നിലെ ജിജ്ഞാസ വിട്ടുമാറാത്തത് കൊണ്ടാവണം ആ കൊച്ചു സ്മരണികയുടെ കഥ അദ്ദേഹം പറഞ്ഞു: ''മരണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട് വീട്ടിൽ വരുന്ന ബന്ധുമിത്രാതികൾക്ക് നൽകുന്ന സമ്മാനമാണത്. മരണപ്പെട്ടയാളുടെ ഫോട്ടോയും അയാളെ സംബന്ധിക്കുന്ന ലഘു വിവരണവും ഖുർആൻ സൂക്തങ്ങളും അടങ്ങുന്ന ലഘു സ്മരണിക.

ഖുർആൻ സൂക്തങ്ങൾ ഉള്ളത് കൊണ്ട് കിട്ടുന്നവരെല്ലാം അത്  വീടുകളിൽ ഭദ്രമായി സൂക്ഷിക്കും. ഒരാൾ മരിച്ചാൽ വീട്ടിൽ നിന്ന് മയ്യിത്ത് എടുക്കുന്നതിന് മുമ്പ് മയ്യിത്തിനെ സംബന്ധിച്ചുള്ള അവതാനങ്ങൾ ആൺപെൺ വ്യത്യാസമില്ലാതെ കുടുംബാംഗങ്ങൾ പങ്കുവെക്കും. മരണപ്പെട്ട വ്യക്തിയിൽ നിന്ന് വല്ല തെറ്റ് കുറ്റങ്ങളും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കാൻ അഭ്യർത്ഥിക്കും'. വീട്ടിൽ തന്നെ ഒരു അനുശോചന യോഗം ചേരുമെന്ന് ചുരുക്കം. പ്രസംഗകർ പക്ഷെ, മറ്റുള്ളവരായിരിക്കില്ല. വീട്ടുകാരാകും. ഒരു വ്യക്തിയുടെ ശക്തിയും ദൗർബല്യവും, അകവും പുറവും അടുത്തറിയുന്നവർ.  പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളാണ് അപ്പോൾ എൻ്റെ ഓർമ്മയിൽ വന്നത്ത്: 'ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും നൽകുന്ന സർട്ടിഫിക്കറ്റാണ് ലോകത്തിൽ ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരപത്രം'.

തോബാ തടാകത്തോടടുക്കും തോറും വനമേഖലയിലേക്ക് പോകും പോലെ തോന്നിച്ചു. ഇടതൂർന്ന വൻമരങ്ങൾക്കിടയിലൂടെയുള്ള കാർ യാത്ര തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിച്ചു.

നാല് ഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ട അഗാധ ഗർത്തത്തിൽ വെള്ളം കെട്ടി നിന്ന പ്രതീതി. കുന്നിൻ ചെരുവിൽ തീർത്ത റോഡിലൂടെ ചുരമിറങ്ങി താഴേക്ക് പോകും പോലെ. നിരവധി റസ്റ്റോറൻ്റുകളാണ് തടാകത്തിൻ്റെ സമീപത്തായി പ്രവർത്തിക്കുന്നത്. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് വിനോദ സഞ്ചാരികളായി എത്തുന്നത്. മേഡാനിൽ നിന്ന് നാല് മണിക്കൂർ യാത്ര ചെയ്ത് വേണം തടാകം സ്ഥിതിചെയ്യുന്ന പ്രാപ്പെറ്റിലെത്താൻ. 

കടൽപോലെ പരന്ന് കിടക്കുന്ന തടാകം. ഇടുക്കി അണക്കെട്ടിൻ്റെ നിരവധി റിസർവോയ്റുകൾ ഒന്നിപ്പിച്ചാൽ എങ്ങിനെയുണ്ടാകും? ഏതാണ്ടതുതന്നെ. അഗ്നിപർവ്വതം പൊട്ടി രൂപപ്പെട്ടത് കൊണ്ട് തടാകത്തിനൊരു അച്ചടക്കം തോന്നിയില്ല. കണ്ടപോലെയുള്ള ഒരു കിടപ്പ്.

വൈകുന്നേരമായതിനാൽ സൂര്യാസ്തമയവും കണ്ടു. ചുവപ്പു വർണ്ണങ്ങൾ തീർത്ത ആകാശം. സൂര്യൻ്റെ അസ്തമയച്ഛായയിൽ തിളങ്ങുന്ന ജലപ്പരപ്പ്. കാഴ്ചഭംഗി അതിൻ്റെ പാരമ്യതയിലെത്തിയ അനുഭൂതി. തടാകത്തിന് സംരക്ഷണം തീർത്ത മലകൾക്ക് സമാനമായ കുന്നുകൾ ആകാശത്തെ  ചുംബിക്കുന്ന ദിക്കിലേക്ക് കണ്ണുംനട്ട് അൽപ്പനേരം നിന്നു. തടാകത്തിലൂടെ ആളുകളേയും പേറി ബോട്ടുകൾ ഒഴുകി നടക്കുന്നു. റോക്കറ്റ് മാതൃകയിലുള്ള മോട്ടോർ തോണിയിൽ ചീറിപ്പായുന്നവരേയും കാണാം.

തടാകത്തിൻ്റെ നെഞ്ചിനോട് ചേർന്ന് സംവിധാനിച്ച ഉദ്യാനം ആരെയും ആകർഷിക്കും.  കുട്ടികൾക്ക് ഇലക്ട്രോണിക് കാറുകളും

ബൈക്കുകളും ഓടിക്കാൻ പ്രത്യേക തട്ടകം തന്നെ ഒരുക്കിയിട്ടുണ്ട്. പിഞ്ചോമനകൾ അതൊക്കെ സധൈര്യം ഓടിക്കുന്നത് കൗതുകത്തോടെ നിരീക്ഷിച്ചു. കുട്ടികളിൽ ആരിലോ ഒരാളിൽ എൻ്റെ ചെറുമകൻ അസ്ലാൻ്റെ മുഖം ഞാൻ കണ്ടു. അവനെയൊന്ന് തലോടി. 

അപ്പോഴാണ് കുട്ടികൾ ആരവം തീർക്കുന്ന പ്ലാറ്റ്ഫോമിലേക്ക് തൻ്റെ ഓട്ടിസം ബാധിച്ച മകനെയും എടുത്ത് ഒരമ്മ വരുന്നത് മനസ്സിൽ പതിഞ്ഞത്. അഞ്ചെട്ട് വയസ്സായ മകനും അവനെ തോളിലിട്ട് കാഴ്ചകൾ കാണിച്ചു കൊടുക്കുന്ന അമ്മയും. എത്ര ശ്രമിച്ചാലും മായ്ക്കാൻ കഴിയാത്ത ചിത്രം. ഞാൻ അവരുടെ അടുത്ത് ചെന്ന് നിന്നു. ഞങ്ങൾക്കിടയിൽ ഭാഷ ഇരുമ്പുമറ തീർത്തെങ്കിലും പുഞ്ചിരിക്ക് മതിൽകെട്ടുകളില്ലല്ലോ?  ആ അമ്മ ചിരിച്ച് കൊണ്ടിരുന്നു. കുട്ടിയുടെ തളർന്ന ശരീരത്തിലെ ഉണർന്ന കണ്ണിനു മുകളിൽ ഒരു മുത്തം കൊടുത്ത് തിരിഞ്ഞ് നടന്നു.

അപ്പോൾ മനസ്സ് മന്ത്രിച്ചത് ഇപ്രകാരം: 'ഖോജ രാജാവായ തമ്പുരാനേ, നിൻ്റെ സ്വർഗ്ഗത്തിൽ ഏറ്റവുമാദ്യം പ്രവേശിക്കാൻ അർഹർ ലോകത്തങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാരാകണേ'. പിതൃത്വം നിഷേധിച്ചത് നമ്മൾ കേട്ടിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടി പിറന്നതിൻ്റെ പേരിൽ ഭർത്താക്കൻമാർ ഉപേക്ഷിച്ചു പോയ എത്രയോ സംഭവങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഇന്നോളം ഒരമ്മയും തൻ്റെ കുട്ടിയുടെ മാതൃത്വം നിരാകരിച്ചത് ആരുടെയെങ്കിലും അറിവിലുണ്ടോ? അതുതന്നെയാണ് മാതൃത്വവും പിതൃത്വവും തമ്മിലുള്ള വ്യത്യാസവും. ആഹ്ലാദാരവങ്ങൾക്കിടയിലും എന്തോ ഒരു മരവിപ്പ്. പിന്നെ അധിക സമയം അവിടെ ചെലവിടാൻ തോന്നിയില്ല. മന്ദഹാസത്തിനിടയിലും ആ പെറ്റമ്മയുടെ മുഖത്തെവിടെയോ മറഞ്ഞിരുന്ന വേദനയുടെ പർവ്വം എൻ്റെ മിഴികൾ നനച്ചു. വേഗം വന്ന് കാറിൽ കയറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top