19 February Tuesday

കാഴ്ചവസന്തവുമായി ഡന്‍ഡേലി

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2014
കാളീനദിക്കരയില്‍ കാഴ്ചയുടെ അക്ഷയഖനിയും തുറന്ന് സഞ്ചാരികളെയും കാത്തിരിപ്പാണ് ഡന്‍ഡേലി വന്യജീവിസങ്കേതം. സാഹസികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും പഠിതാക്കള്‍ക്കും ജൈവവൈവിധ്യം തേടി കാട്ടിലേക്കിറങ്ങുന്നവര്‍ക്കുമെല്ലാം ചെന്നുചേരാവുന്ന ഇടം. ഉത്തരകന്നടയില്‍ 475 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതിയുടെ മടിത്തട്ട്.കാളീനദിയിലെ ജലക്രീഡകള്‍, വിസ്മയമുറങ്ങുന്ന കാവള ഗുഹ, സിന്തേരിപ്പാറ, സൈക്സ് പോയന്റ്, സുപാ ഡാം എന്നിങ്ങനെ ഡന്‍ഡേലിയുടെ ഏതുഭാഗത്തേക്ക് തിരിഞ്ഞാലും കണ്‍നിറയെ കാണാന്‍ ആവോളം കാഴ്ചവസന്തങ്ങളുണ്ട്. ഡന്‍ഡേലിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കാവള. കൊടുംകാടിനുള്ളിലൂടെ കാല്‍നടയായി ആയിരം പടികള്‍ കയറിവേണം കാവളയിലെ ഗുഹയിലെത്തുന്ന ആരുടെയും കണ്ണുകള്‍ വിസ്മയംകൊണ്ടുനിറയും. മുളങ്കൂട്ടത്തിന്റെ സംഗീതത്തിലും വനശാന്തിയിലുമായി നൂറുകണക്കിന് ജന്തു-പക്ഷിവിഭാഗങ്ങളാണ് ഡന്‍ഡേലിയിലെങ്ങും കാത്തിരിക്കുന്നത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന എല്ലാത്തരം അപൂര്‍വ ജീവിവിഭാഗങ്ങളും ഇവിടെയുണ്ട്. 300 അടി ഉയരമുള്ള ഒറ്റക്കല്ലാണ് സിന്തേരിപ്പാറ. കാളീനദിയുടെ കൈവഴിയായ കാനേരിപ്പുഴ പാറക്കെട്ടുകളിലൂടെ വന്യതയുടെ ഒഴുകുന്ന ദൃശ്യമായി പാഞ്ഞുപോകുന്നത് സിന്തേരിപ്പാറയുടെ തൊട്ടടുത്തുകൂടിയാണ്. ഡന്‍ഡേലിയുടെ മുഴുവന്‍ സൗന്ദര്യവും ദൃശ്യമാകുന്ന വ്യൂപോയിന്റുകൂടിയാണ് സിന്തേരിപ്പാറ. ഡന്‍ഡേലി പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സുപ ജലവൈദ്യുതപദ്ധതി ഉള്‍ക്കൊള്ളുന്ന സുപ ഡാം. നാഗജ്ഹരി വ്യൂപോയിന്റിലേക്ക് 14 കിലോമീറ്ററാണ് ദൂരം. വനംവകുപ്പിന്റെ അനുമതിയോടെ വഴികാട്ടിയെയും കൂട്ടി അഞ്ചുദിവസമെങ്കിലും സഞ്ചരിച്ചാലേ ഡന്‍ഡേലിക്കാഴ്ചകളുടെ ഹരിശ്രീ കുറിക്കാനെങ്കിലും കഴിയൂ. കൊച്ചിയില്‍നിന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളില്‍ കര്‍വാറിലിറങ്ങി ഡന്‍ഡേലിയിലേക്കുപോകാം. 800 കിലോമീറ്റര്‍ ദൂരമുണ്ട്. ഡന്‍ഡേലി വനംവന്യജീവി വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫീസ് ഫോണ്‍: 08284 231585. പിഡബ്ലിയുഡി ഗസ്റ്റ് ഹൗസ് 231217, പൊലീസ് സൂപ്രണ്ട്: 226233, 226308. ഡന്‍ഡേലിയില്‍നിന്ന് 150 കിലോമീറ്റര്‍ മാത്രമാണ് ഗോവയ്ക്ക്.
പ്രധാന വാർത്തകൾ
 Top