14 October Monday
പദ്ധതികൾ പൂർത്തിയാവുന്നു

വിനോദസഞ്ചാര വകുപ്പിന്റെ ഓണ സമ്മാനം, കടലും പുഴയും വീരേതിഹാസങ്ങളും സംഗമിക്കുന്ന ചാലിയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നാണ് ചാലിയം കോട്ട വിശേഷിപ്പിക്കപെട്ടത്. കടലും പുഴകളും ചേരുന്ന ഈ തീരത്തിന്റെ യുദ്ധതന്ത്ര പ്രധാനമായ കിടപ്പിലും അഴിമുഖത്തിന്റെ ചാരുതയിലും ആകർഷിക്കപ്പെട്ടാണ് പോർച്ചുഗീസുകാർ 1531 ൽ ചാലിയത്ത് കോട്ട നിർമ്മിച്ചത്.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യക്കോട്ട തീർത്ത തദ്ദേശീയരായ സാധാരണ ജനങ്ങൾ അധിനിവേശകരുടെ കോട്ട തകർത്ത ചരിത്രവും ഈ മണ്ണിൽ ഉറങ്ങുന്നു. വീറുറ്റ പോരാട്ട ചരിത്രവും പ്രകൃതി സൌന്ദര്യവും കടലും പുഴയും പോലെ ഇവിടേക്ക് യാത്രികരെ ആകർഷിക്കുന്നു.

വിനോദ സഞ്ചാര വകുപ്പ് വിപുലമായ വികസന സൌകര്യങ്ങളാണ് ചാലിയത്ത് ഒരുക്കുന്നത്. രണ്ട് പദ്ധതികൾ ഒരേസമയം നടപ്പാക്കുന്നു. പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.

കടലോളം നടക്കാം

ചാലിയം പുലിമുട്ടിൽ ലൈറ്റിങ്ങ് വർക്കുകൾ, ഗ്രാനൈറ്റ് സീറ്റിങ്ങ് ബെഞ്ചുകൾ, പുലിമുട്ടിൽ എൻട്രൻസ് ആർച്ച് എന്നിവയുടെ പ്രവർത്തികൾ പൂർത്തിയാവുന്നു. ഇരിപ്പിടവും വെളിച്ചവും റെഡി.

പുലിമുട്ടിൽ 86 ലൈറ്റിങ്ങ് ഇൻസ്റ്റലേഷൻ, 15 ഗ്രാനൈറ്റ് ബെഞ്ചുകൾ എന്നവ ഒരുങ്ങിക്കഴിഞ്ഞു. എൻട്രൻസ് ആർച്ച് വർക്കുകൾ പുരോഗമിക്കുന്നു. ഓഷ്യാനസ് ചാലിയം ബീച്ച് ഫേസ് വൺ എന്ന് പേരിട്ടിരുക്കുന്ന പദ്ധതി വിനോദ സഞ്ചാരവകുപ്പന്റെ ഈ വർഷത്തെ ഓണ സമ്മാനമാവും. സെപ്തംബർ മാസത്തിൽ തന്നെ ഇവ പൂർത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു.  

ആദ്യഘട്ട പ്രവർത്തനങ്ങൾക്കു 98.75 ലക്ഷം രൂപയും രണ്ടാം ഘട്ട വികസനത്തിന് 8.5 കോടി രൂപയുമാണു അനുവദിച്ചത്. ഇരുപ്രവൃത്തികളും ഒന്നിച്ചാണു നടപ്പാക്കുന്നത്. സായാഹ്നങ്ങളിൽ ഉല്ലസിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് ചാലിയത്തിന്റെ സാധ്യതകളെ വിനോദ സഞ്ചാര വകുപ്പ് കണ്ടെത്തുന്നത്. ജനങ്ങൾ ഇഷ്ടത്തോടെ എത്തുന്ന സ്ഥലം വിനോദസഞ്ചാര വകുപ്പ് തിരിച്ചറിഞ്ഞ് വീണ്ടെടുത്തു. അതോടെ സമഗ്രമായ വികസന പദ്ധതികളും ആവിഷ്കരിച്ച് കർമ്മ പഥത്തിൽ എത്തിച്ചു.

ഇരിപ്പിടവും ഭക്ഷണശാലകളും

14 ബാംബു കിയോസ്ക്കുകൾ, ബാംബൂ റെസ്റ്റോറൻ്റ്, ഇൻ്റർലോക്ക് പേവിംഗ് വർക്കുകൾ, ഓവർഹെഡ് വാട്ടർ ടാങ്ക്, ഹാൻഡ് റെയിൽ വർക്കുകൾ, ലൈറ്റിംഗ് വർക്കുകൾ, 35 ഗ്രാനൈറ്റ് സിറ്റിങ്ങ് ബെഞ്ചുകൾ, മൂന്ന് ഗസീബോസ് , രണ്ട് കണ്ടയിനർ ടോയ്ലറ്റ് ബ്ലോക്ക്, 26 ബീച്ച് അംബ്രല്ലകൾ,10 ബാംബു ചെയറുകൾ, വാച്ച് ടവർ, ഇലക്ട്രിക്കൽ കണ്ടയിനർ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  റസ്റ്റോറൻ്റിൻ്റെയും കിയോസ്ക്കിൻ്റെയും ഇൻ്റീരിയർ വർക്കുകൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവ അവസാന ഘട്ടത്തിലാണ്.

കോട്ടയുടെയും പോരാട്ടത്തിന്റെയും ചരിത്രം

 1531ലാണ് കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്. നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ. കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്. നാട്ടുകാരോടുള്ള ക്രൂരതയുടെ കേന്ദ്രമായി ഇത് നിലനിന്നു.

കോഴിക്കോട് നിന്ന് 12 കിലോ മീറ്റർ

കോഴിക്കോടിന്റെ പഴയകാല തുറമുഖമായിരുന്ന ബേപ്പൂരിൽ നിന്നും ജങ്കാർ സർവ്വീസിൽ ചാലിയത്തേക്ക് എത്താം. വാഹനം ഉൾപ്പെടെ മറുകര കടത്താൻ ഇവിടെ സംവിധാനമുണ്ട്. ബേപ്പൂർ പുഴയക്കും കടലുണ്ടി പുഴയ്ക്കും ഇടയിലാണ് ചാലിയം. കരിപ്പൂര്വിമാനത്താവളത്തിൽ നിന്ന് 21 കിലോമീറ്ററും കോഴിക്കോട് റെയില്വേ സ്റേഷനിൽ നിന്ന് 10 കിലോമീറ്ററും അടുത്താണ്. ലോക്കൽ ട്രെയിനിൽ കടലുണ്ടിയിലും ഇറങ്ങാം  കടലുണ്ടി പക്ഷി സങ്കേതവും കണ്ടൽ പാർക്കും ഇതിന് ചേർന്നാണ്.

നാട്ടുകാരുടെ മുല്ലമ്മേൽ കോട്ട

ഇവിടെ മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. പോർച്ചുഗീസ് അതിക്രമങ്ങളും ക്രൂതകളും നേരിട്ട ജനങ്ങൾ ഒന്നിച്ച് കോട്ട വളഞ്ഞു. നാല് മാസങ്ങൾക്ക് ശേഷം പറങ്കികൾ കീഴടങ്ങി. കുഞ്ഞാലിയും കൂട്ടരും ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

സാമൂതിരിക്ക് ജനകീയതയുടെ സമ്മാനം

ഫത്ഹുൽ മുബീൻ ലിസാമിരീ അല്ലദീ യുഹിബ്ബുൽ മുസ്ലിമീൻ അഥവാ സ്നേഹനിധിയായ സാമൂതിരിക്ക് സമ്മാനം എന്ന പേരിൽ ഈ സംഭവത്തെ അധികരിച്ച് ഒരു ഗ്രന്ഥം തന്നെ അന്ന് രചിക്കപ്പെടുന്നുണ്ട്. പോർച്ചുഗീസുകാരെ തോൽപ്പിച്ച് സാമൂതിരി രാജാവിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാളികൾ ചാലിയം കോട്ട പിടിച്ചെടുത്ത വീരേതിഹാസ ചരിത്രത്തെക്കുറിച്ചാണീ കാവ്യ കൃതി വിരചിതമായിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയും മുഹ്യുദ്ദീൻ മാലയുടെ രചയിതാവുമായ ഖാളി മുഹമ്മദാണ് ഗ്രന്ഥകാരൻ.

ചാലിയാർ അറബിക്കടലിൽ സംഗമിക്കുന്ന അഴിമുഖത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുകയാണ് ഓഷ്യാനസ് ചാലിയം ബീച്ച് ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഇതോടെ ചരിത്രപരമായി ഏറെ സവിശേഷതകളുള്ള ചാലിയം വിനോദസഞ്ചാര ഭൂപടത്തിലെ ആകർഷണമായി ഇടം പിടിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top