04 June Sunday

ബാർസോ മാസേ തേരോ പാർബോൺ ...ആൻ പാലി എഴുതുന്നു

ആൻ പാലി Updated: Friday Jan 17, 2020

പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ...

പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്!

ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'.

ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!'

'സ്റ്റോപ്പ് റൈറ്റിംഗ്, സോമോയ് ശേഷ്,' എന്ന് എംബിഎ പഠനകാലത്ത് ബിസിനസ് ഫിനാൻസിന്റെ ക്ലാസ്സിൽ സ്ഥിരമായി കേൾക്കുന്ന ഒരു വാചകമായിരുന്നു, പറഞ്ഞിരുന്നത് , പ്രിശാ മാലാകർ, ബ്രിക്ക്‌ലേനിൽ നിന്നുള്ള  ശൗര്യം കൂടിയ ബംഗാൾ പെൺകടുവ.

കാൽകുലേറ്ററിൽ കുത്തിയും പേപ്പറിൽ കുറിച്ചുമൊക്കെ എങ്ങനെയെങ്കിലും ഒരു പ്രോബ്ലം തീർക്കാൻ കഠിനശ്രമം നടത്തുന്ന എന്നെപ്പോലുള്ളവരെ 'അയ്യേ' എന്ന് പറയാതെ തന്നെ കളിയാക്കി നിമിഷനേരം കൊണ്ട് സൊല്യൂഷൻസ് കണ്ടുപിടിക്കുന്നവൾ. ഉത്തരം എഴുതിയിട്ട് മിണ്ടാതിരുന്നാലും പോരാ, പ്രിശായ്ക്ക് മറ്റുള്ളവർ കൂടി പേന താഴെവെക്കണം, എന്നാലേ സമാധാനമാകൂ, അതിനാണീ 'ബാംഗ്‌ളിഷ്'ലുള്ള നിർബന്ധംപിടിക്കൽ.

പ്രിശാ മാലാകറിന്റെ പൂർവ്വികരെപ്പോലെ പോലെ ബംഗ്ളദേശിൽ നിന്നും ഇന്ഗ്ലണ്ടിലേക്കു കുടിയേറിപ്പാർത്തവരുടെ തെരുവാണ് ലണ്ടനിലെ ബ്രിക്ക്‌ലെയ്ൻ . നല്ല സുന്ദരൻ മട്ടൻ കറി മുതൽ നാവിലലിഞ്ഞു ചേരുന്ന പേരറിയാത്ത അനേകം മിഠായികൾ  വരെ കിട്ടുന്നൊരു സ്ഥലം. പ്രിശായുടെ ഒപ്പമാണ് ആദ്യമായി ബ്രിക്ക്‌ലേനിൽ പോയത് , അതും ഒരു ദുർഗ്ഗാപൂജയുടെ സമയത്ത്.പ്രിശായുടെ അച്ഛനും മുത്തശ്ശനും ചേർന്നൊരുക്കിയ പന്തലിലെ അലങ്കാരപ്പണികൾ കാണിക്കാനായാണ് എന്നെക്കൂടി നിർബന്ധിച്ചു കൊണ്ടുപോയത്. എന്നാൽ എന്റെ കണ്ണുകളിൽ പ്രിയപ്പെട്ട കാഴ്ചയായിമാറിയതു മറ്റൊന്നായിരുന്നു.


ചുവന്ന അരികുള്ള വെള്ള സാരിയും വലിയ പൊട്ടും തൊട്ടു മുടിയൊക്കെ അഴിച്ചിട്ട കുറേ സുന്ദരികൾ, അതും നിറയെ അലുക്കുകൾ വെച്ച  സ്വർണ്ണമാലകളും കുറേ  വളകളും കയ്യിലും കാലിലും കടും ചുവപ്പു മെഹിന്ദിയുമൊക്കെ അണിഞ്ഞു നിൽക്കുന്നു.അത്ഭുതം തോന്നിയതെന്താന്നു വെച്ചാൽ തീരെ ചെറിയ കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ഏതാണ്ടീ വേഷത്തിലായിരുന്നതാണ്. പുരുഷന്മാരാവട്ടെ 'ദേവദാസിലെ' ഷാരൂഖ് ഖാനെപ്പോലെ വെള്ള ദോത്തിയും അലസമായൊഴുക്കിയിട്ട ഷാളും  ചുണ്ടിൽ ചെറുപുഞ്ചിരിയുമായി നടന്നു നീങ്ങുന്നവർ.  സത്യത്തിൽ സഞ്ജയ് ലീല ബൻസാലിയുടെ ഏതോ വലിയ ചിത്രത്തിന് സെറ്റിട്ട പോലൊരു കാഴ്ച, അതുമല്ലെങ്കിൽ ബംഗാളിക്കഥകൾ പറഞ്ഞു ഇന്ത്യയിലേക്ക് നൊബേൽസമ്മാനം എത്തിച്ച രബീന്ദ്രനാഥ ടാഗോർ മനസ്സിലേക്ക് വരച്ചു  തന്ന ഏതോ ഉത്സവകാലം! അത്ര മേൽ ഒരു നിമിഷത്തിനുള്ളിൽ മറ്റൊരു കാലത്തേക്ക് , ദേശത്തേക്ക്, കൂട്ടിക്കൊണ്ടുപ്പോവുന്ന മായാജാലം!

'ബ്ലാക്ക്  ഈഗിൾ ബ്രൂവെറി' എന്ന മുൻ ബിയർ ഫാക്ടറിയും ബ്രിക്കലെനിന്റെ മറ്റൊരു ആകർഷണമാണ്. ഒരു കാലത്തു ലോകത്തെ ഏറ്റവും വലിയ ബ്രൂവെറി ആയിരുന്ന ബ്ലാക്ക്  ഈഗിൾ ഏതാണ്ട് നാലുലക്ഷം ബാരെല്ലോളം ബിയർ ആയിരുന്നു വർഷം തോറും ഉത്പാദിപ്പിച്ചിരുന്നത്. പത്തൊന്പതാം നൂറ്റാണ്ടിൽ തന്നെ
ബ്ലാക്ക്  ഈഗിൾ ബ്രൂവെറി

ബ്ലാക്ക് ഈഗിൾ ബ്രൂവെറി

തൊഴിലാളികൾക്ക് വേണ്ട  ആനുകൂല്യങ്ങൾ ഒക്കെ നൽകുന്നതിൽ മുന്നിൽ നിന്നിരുന്നൊരു സ്ഥാപനമായിരുന്നു. കാലം കഴിഞ്ഞപ്പോൾ ഫാക്ടറി പൂട്ടിപ്പോയെങ്കിലും ഇന്നും അവിടം ഒരു ഗംഭീര കൂട്ടായ്മയുടെ ഇടം കൂടിയാണ്. ഫാഷൻ ഷോകളും ഇൻസ്റ്റലേഷനുകളും മ്യൂസിക് പെർഫോമൻസുകളുമൊക്കെ സ്ഥിരമായി നടക്കുന്നൊരിടം. ആ മൂഡിന് ചേർന്ന വിധം ഓപ്പൺ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമൊക്കെ അതിനോട് ചേർന്നുണ്ട് . വെറുതെ പോയി ഇരുന്നാലും ആളുകളെ കൗതുകത്തോടെ നോക്കാൻ കഴിയുന്നൊരിടം,  ആരും ആരെക്കാളും വലുതോ ചെറുതോ ആവാത്തൊരിടം . അല്ലെങ്കിലും തൊട്ടപ്പുറത്തിരുന്നു കട്ടങ്കാപ്പി കുടിക്കുന്ന ചപ്രത്തലയൻ ഏതെങ്കിലുമൊരു സൂപ്പർ ബാൻഡിന്റെ ലീഡ് വൊക്കലിസ്റ് ആണെന്ന് അറിയുന്നതൊക്കെ ഇമ്മിണി  രസമുള്ളകാര്യമല്ലേ ?

പിന്നെയും കാഴ്ചകൾ കാണണമെന്നുള്ളവർക്കു ഇഷ്ടംപോലെ കടകളും ഇടയ്ക്കിടെ വന്നു ചേരുന്ന എക്സിബിഷനുകളും ഇവന്റസും കാർണിവലുകളും   ഉണ്ട്, ബംഗാളി ആഘോഷങ്ങൾ തന്നെ ഓരോ മാസവും പലതുണ്ടാവും “Baro Mase Tero Parbon” പന്ത്രണ്ട് മാസത്തിനിടയിൽ പതിമൂന്ന് ഉത്സവങ്ങൾ എന്നാണ്  പറയുന്നത് പോലും, ഓരോന്നും  അറിഞ്ഞും കണ്ടും ചെല്ലണമെന്ന് മാത്രം.

ബ്രിക്ക്‌ലെനിലെ ജീവിതത്തിന്റെ ഒരു ചെറുപ്പൊതിയാണ് മോണിക്ക അലി എഴുതിയ അതേ പേരുള്ള നോവൽ. അതിലെ കഥാപാത്രമായ നസ്‌നീനെ സ്നേഹിച്ചു അവിടേക്കെത്തുന്ന സഞ്ചാരികളും കുറവല്ല. എന്നാൽ അത് ഉറക്കെ പറയാതിരിക്കുന്നതാവും ഉചിതം. നോവൽ തങ്ങളുടെ സംസ്ക്കാരത്തെയും ജീവിതത്തെയും  അപമാനിക്കുന്നതായിരുന്നു എന്ന ഒരു ചെറിയ പിണക്കം അവിടുത്തുകാർക്കുണ്ട്. അതുകൊണ്ടാണല്ലോ പുസ്തകം സിനിമയാക്കിയപ്പോൾ ഷൂട്ടിങ്ങിനും മറ്റും പ്രശ്നങ്ങളുണ്ടായത്. പക്ഷെ നസ്‌നീനെപ്പോലെ കുടുംബവും കുട്ടികളും മാത്രമാണ് ജീവിതമെന്നു കരുതുന്ന ഒരാളെയെങ്കിലും ബ്രിക്ക്ലേനിൽ നിങ്ങൾക്ക്  കാണാതിരിക്കാനാവില്ല. പുതുമയുടെ എല്ലാ ദ്രുതചലനങ്ങൾക്കുമൊപ്പം മെല്ലെ മാത്രം നടന്നുനീങ്ങുന്നൊരാൾ, അത് ചിലപ്പോൾ പാൻ വിൽക്കുന്ന വൃദ്ധനോ വീട്ടിലെ പൂന്തോട്ടത്തിനപ്പുറം എവിടേക്കും പോവാൻ മടിക്കുന്ന
ഒരു സ്ത്രീയോ മടി പിടിച്ചൊരു പൂച്ചക്കുട്ടിയോ നിങ്ങളോ ഞാനോ ആവാം...

#ബാംഗ്‌ളിഷ്-ഇംഗ്ലീഷും ബാൻഗ്‌ളായും കൂട്ടിചേർത്തൊരു ഭാഷ, പ്രധാനമായും ഇന്ഗ്ലണ്ടിലെ ബംഗ്ലാദേശി പുതുതലമുറയുടെയും കച്ചവടക്കാരുടെയും ഭാഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top