02 October Monday

പറോയിലെ രാത്രികൾ...ഭൂട്ടാനിലൂടെ

പ്രസാദ്‌ അമോര്‍Updated: Friday Nov 22, 2019

ലോകത്തിലെ ഏക ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലൂടെ പ്രസാദ്‌ അമോര്‍ നടത്തിയ യാത്ര ...രണ്ടാം ഭാഗം

"നീ എല്ലാ രാത്രികളിലും എന്റെ മധുരം നുകരനായി വരിക.നമുക്ക് ശയിക്കാം . ആരാരും അറിയാതെ രാത്രികളിൽ അലിഞ്ഞുചേരാം. നമ്മുടെ രാത്രികളെ ആരും ഭംഗം വരുത്താനിടയില്ല. എല്ലാവരും അവരുടെ ഇണകളുമായി ആനന്ദിക്കുന്ന വേളകളാണത്".ജാമി സെപ്പി എഴുതി.

ഭൂട്ടാനിലെ പരമ്പരാഗതമായ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഒരു സ്വാഭാവിക പരിണതിയായിരുന്നില്ല കനേഡിയക്കാരിയായ ജാമി സെപ്പിയുടെ പ്രണയം.ഒരു അധ്യാപികയായ അവർ തന്നെക്കാൾ ഇളയ തന്റെ വിദ്യാർഥിയുമായി പ്രണയാലാളനകളിൽ അഭിരമിച്ചത് തുറന്നെഴുതി.ഭൂട്ടാനിലെ അധ്യാപന ജീവിതത്തിലെ വൈയക്തികമായ അനുഭവങ്ങൾ ചേർത്തുവെച്ചുകൊണ്ടു ജാമി സെപ്പ എഴുതിയ Beyond the Sky and Earth എന്ന പുസ്തകം യാഥാസ്ഥിക സമൂഹങ്ങളിലെ ധാരണകളെ അലോരസപ്പെടുത്തുന്നതായിരുന്നു.ഒരു ക്രിസ്തുമത വിശ്വാസിയായിരുന്ന അവർ ബുദ്ധമതാനുയായിയായി മാറി ടെഷെൻവാൻഗോർ എന്ന തന്റെ പൂർവ വിദ്യാർത്ഥിയെ പരിണയിക്കുകയുണ്ടായി.


ഭൂട്ടാനികളുടെ സ്വാഭാവിക സ്ത്രീപുരുഷബന്ധങ്ങൾ സ്ത്രീ സൗന്ദര്യത്തെയും ലൈംഗികതയെയും സംബന്ധിച്ചുള്ള ബുദ്ധന്റെ ധാരണകളോട് പെരുത്തപ്പെടുന്നതല്ല. പുരുഷന്റെ മനസ്സിനെ കളങ്കിതമാക്കുന്ന സ്ത്രീ സൗന്ദര്യത്തിൽ നിന്നും പ്രണയ ചേഷ്ടകളിൽ നിന്നുമെല്ലാം മോഹമുക്തമാകുന്നതിലൂടെ കൈവരുന്ന അവസ്ഥയാണ് മോക്ഷം, യഥാർത്ഥ സന്തോഷത്തിന്റെ മാർഗ്ഗത്തിൽ നിറഞ്ഞു നിൽക്കുന്നത് ശാന്തിയും സന്തുഷ്ടിയും ഒന്നിലും ഭ്രമമില്ലായ്മയും ആണെന്ന ബുദ്ധചിന്തയും ആശയലോകത്തെയെല്ലാം ഉല്ലംഘിച്ച താരുണ്ണ്യത്തിലാണ് ഭൂട്ടാൻ. വിവാഹ പൂർവ- വിവാഹേതര ലൈംഗിക ആകര്ഷണങ്ങളെ തടയുന്ന വിലക്കുകളൊന്നും എങ്ങുമില്ല.ആരും ഒരിണയിൽ പരിമിതപ്പെടുന്നില്ല . തുടർച്ചയായ പരിചയത്തിനും, ഇണചേരലിനും,പരി ലാളനകൾക്കും ശേഷമാണ് മിക്കവരും വൈവാഹിക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. എന്നാൽ ഗര്ഭച്ഛിദ്രത്തിനോട് അസഹിഷ്ണത പുലർത്തുന്ന അവരുടെ മതപരമായ നിഷ്കർഷത ഒരു സാമൂഹ്യച്യുതിയ്‌ക്ക് കാരണമാകുകയാണ് എന്നത് ഒരു വൈപര്യം. ദാരിദ്ര്യം ശിശുക്കളോടുളള സമീപനം അലംഭാവം സൃഷ്ടിക്കുന്നു. ആധുനിക ഗര്‍ഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടികൾ ഇന്നും ശൈശവ ദശയിലാണ്.


നൃത്തത്തിന്റെയും മദ്യത്തിന്റെയും തംബുലയുടെയും ലഹരിയിൽ ഹരം പിടിക്കുന്ന രാത്രികളാണ് പാറോ താഴ്വരയുടേത് . വർണ്ണശബളമായ നാഗരിക രുചികളെ തൃപ്തിപ്പെടുത്താൻ ക്ലേശിക്കുന്ന നിശാ ഗേഹങ്ങൾ പാറോയിലെ രാത്രികളെ സാന്ദ്രമാക്കുന്നു. പ്രാകൃതമായ കുറ്റബോധത്തിന്റെ ലാഞ്ഛനകളില്ലാതെ യുവതിയുവാക്കൾ ശരീര ലാളനകളിൽ ഏർപ്പെടുന്ന പൊതു ഇടങ്ങളായി പരിണമിച്ചിരിക്കുന്ന ഒന്ന് രണ്ട് പബ്ബ്കൾ അവിടെയുണ്ട്. അവിടത്തെ ആധുനിക യുവ ജീവിതത്തിന്റെ ഭ്രമങ്ങളും പ്രതീക്ഷകളും പുണരുന്ന കാഴ്ചകളിൽ നാം വിനീതരാവുകയാണ്.ഭൂട്ടാനിൽ മദ്യപാനം മാന്യതയുള്ള ഒരു ശീലമാണ്. ദരിദ്ര -ധനിക ,പണ്ഡിത-പാമര ഭേദമേന്യ സ്ത്രീപുരുഷന്മാർ മദ്യപിക്കുന്നു. ഗൃഹാന്തരീക്ഷ പ്രീതിയുണ്ടാക്കുന്ന ഭൂട്ടാനിലെ മദ്യം പകരുന്ന ഇടങ്ങൾ ഒട്ടും ഭേദപെട്ടതല്ല. യഥേഷ്ട്ടം മദ്യം ലഭ്യമാണ് എവിടെയും. എന്നാൽ ഉപചാര മര്യാദകളോടെയുള്ള നാഗരിക ബാറുകൾ പരിമിതമാണ്. മദ്യപാനം ഒരു ചായകുടിക്കുന്ന സാധാരണ ഭാവം മാത്രമാണ് ഭൂട്ടാനികൾക്ക്.

നിഗൂഢമായ അനുഷ്ടാന പ്രീണനങ്ങളാലും വർണ്ണശബളമായ ആഘോഷങ്ങളാലും ഗംഭീരമാണ് ഭൂട്ടാനികളുടെ ജീവിതം. മലകളുടെ ഏകതാനതയിൽ പെട്ട് നിസ്സഹായരായ ഒരു ജനതയുടെ അസ്തിത്വ ദർശനമുണ്ട് അതിൽ.

മഞ്ഞുമലകളിൽ നിന്ന് വരുന്ന തണുത്ത കാറ്റ് തിരിച്ചറിയാനാവാത്ത മന്ദഗതയിൽ നിശബ്ദമായി തങ്ങി നിൽക്കുന്നു.അത് പർവ്വതങ്ങളിൽ നിന്ന് ഇറങ്ങിവന്ന് രാത്രിയുടെ വിദൂരതയിൽ അലിഞ്ഞുചേരുന്നു.സംഘർഷവും ദുഃഖവും അലിഞ്ഞില്ലാതാകുന്ന ഒരു വൈകുന്നേരമായിരുന്നു അത്.രാത്രിയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആ മൗന വീഥികളിലൂടെ നടന്ന് ഞങ്ങൾ ഒരു പബ്ബിലെത്തി. അപരിചിതമായ നഗരങ്ങളിലെ രാത്രി ജീവിതത്തിലേയ്ക്ക് കടന്നുചെല്ലുമ്പോൾ നിസങ്കോചമായ മാനസികാവസ്ഥ കൈവരുന്നു.വീണ്ടും ഒരിക്കലും കാണാനിടയില്ലാത്ത ചില മനുഷ്യരുടെ മുൻപിൽ ഗ്രാമ്യ വികാരങ്ങൾ ബലഹീനമാകുകയാണ്.അന്യദേശത്തെത്തുമ്പോൾ ലിംഗ ഭേദമേന്യ ഒരുമിച്ചു സൗഹൃദം പങ്കിടുന്ന മനുഷ്യർ ഉണർവിന്റെ ചങ്ങാത്തം സൃഷ്ടിക്കുകയാണ്.യൗവനത്തിന്റെ നിമ്നോന്നതകളും സൗഷ്ഠവും പ്രകടമാകുന്ന ഭാവാദികൾ, ആ നിശാ ഗേഹത്തിലെ ചടുല താളത്തിനിടയിൽ മയങ്ങിയ ഇരുട്ടിൽ പ്രണയോപചാരങ്ങളുമായി സൗഹൃദത്തിന്റെ നൈസർഗികമായ അന്തരീക്ഷം സൃഷ്ടിക്കുന്നവരിലേയ്ക്ക് കണ്ണും നട്ട് ഒരു ബിയറും കുടിച്ചു കൊണ്ട് സാന്ദ്രമായ ഒരു രാത്രി (അവസാനിക്കുന്നില്ല ).

ഒന്നാം ഭാഗം: ഒരു ഹിമാലയൻ ഏകാന്തതയിൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top