28 September Thursday

ഭൂട്ടാനും സെക്സ് ടൂറിസവും...യാത്രാ പരമ്പര തുടരുന്നു

പ്രസാദ്‌ അമോര്‍Updated: Friday Nov 29, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

ലോകത്തിലെ ഏക ബുദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലൂടെ പ്രസാദ്‌ അമോര്‍ നടത്തിയ യാത്ര ...മൂന്നാം ഭാഗം

നമ്മുടെ ഓർമ്മകളിൽ നിരവധി യാത്രകളുണ്ട്. സ്വന്തം അതിർത്തിയും ഗ്രാമവും നഗരവും ജീവിത പരിസ്ഥിതിയും മാത്രം അറിയുന്ന മനുഷ്യർക്കും യാത്രചെയ്യാൻ ഇഷ്ടമാണ്.അപരിചിതമായ ദേശങ്ങൾ പ്രകൃതി ദൃശ്യങ്ങൾ, തീൻ വിഭവങ്ങൾ, അന്യജീവിതങ്ങൾ ഒക്കെ നേരിട്ട് പരിചയപെടുന്നതിൽ കൗതുകമുള്ളവരാണ് നമ്മൾ. യാത്രകളുടെ സമൂഹം നടന്ന വഴികൾ, സാംസ്കാരികവും സാമൂഹികവുമായ സവിശേഷതകൾ എല്ലാം അറിയാനാകുന്നു.അതിൽ വർണ്ണശബളമായ, സമൃദ്ധിയുടെ ആഡംബരങ്ങളുടെ ദൃശ്യങ്ങൾ മാത്രമല്ല , ജീർണതയുടെ ദുരിതങ്ങളുടെ കാഴ്ചകളുണ്ട്. വിവിധവും വ്യത്യസ്‍തവുമായ അനുഭവങ്ങളിലൂടെ കടന്ന് പോകുന്ന വഴിത്താരകളിൽ പരിചയപ്പെടുന്ന മനുഷ്യജീവിതാനുഭവങ്ങൾ പുതിയ ജീവിതക്രമത്തിലേക്കുള്ള പ്രേരണകളായി തീരാം.

ചരിത്രത്തിൽ മനുഷ്യർ മണ്ണിനും പെണ്ണിനും വേണ്ടി യാത്രകൾ ചെയ്തിട്ടുണ്ട്.മനുഷ്യകാമനകളുടെ സഫലീകരണമായി മാറിയ സഞ്ചാരങ്ങൾ മനുഷ്യരുടെ സാമാന്യ യുക്തിയെ ഉണർത്തി സമാധാനം കൈവരിക്കാനുള്ള മാർഗ്ഗമാണ്. പക്ഷേ ആധുനിക വിനോദ സഞ്ചാരമായി ബന്ധപ്പെട്ട് നിൽക്കുന്ന സെക്സ് ടുറിസം മനുഷ്യന്റെ ലൈംഗിക രുചിയുടെ പൂർത്തീകരണമാണ് .നിശാ ഗേഹങ്ങളും മസാജ്‌ കേന്ദ്രങ്ങളും അകമ്പടി സേവനങ്ങളും എല്ലാം അതിന്റെ ഭാഗമായി ക്രമീകരിക്കപ്പെടുന്നു.ലൈംഗിക സ്വാതന്ത്ര്യം വിളംബരം ചെയ്യുന്ന അത്തരം ഡെസ്റ്റിനേഷനുകളിൽ ആളുകൾ നിർബാധം അലയുന്നു, വ്യഗ്രതപ്പെടാത്ത ലൈംഗിക സാന്ത്വനം അനുഭവിക്കുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയിൽ തായ്‌ലൻഡ് ശ്രീലങ്ക നേപ്പാൾ തുടങ്ങിയ സൗത്ത് ഏഷ്യൻ രാജ്യങ്ങൾ സെക്സ് ടുറിസത്തിന്റേതായ വ്യാപാര പരിണാമത്തിലാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളിൽ അഭിരമിച്ചു കുടിച്ചും മദിച്ചും തീർക്കുന്ന മാസ്മരിക വൈകുന്നേരങ്ങളിൽ ആളുകൾ സ്ഥലകാല വിഭ്രമം അനുഭവിച്ചു ആഹ്ളാദിക്കുന്നു.


ആധുനിക ടുറിസ്റ് സംജ്ഞകളിൽ നിന്ന് വ്യതിചലിച്ചു സഞ്ചരിക്കുന്ന ഒരു നാടാണ് ഭൂട്ടാൻ.ലോകത്തിലെ ഏക ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാൻ മോഹമുക്തമായ ജീവിതത്തെക്കുറിച്ചുള്ള ബുദ്ധ പാഠഭേദങ്ങൾക്ക് ഭിന്നമായ ഒരു സമൂഹമാണ്.

ഭൂട്ടാനിലെ ഡോച്ചു പാസ് താഴ്വരയിലെ ലെബോസ ഗ്രാമത്തിലിരുന്നാണ് ഇതെഴുതുന്നത് . ഞാൻ താമസിക്കുന്ന സൈപ്രസ് മരങ്ങൾക്കിടയിലുള്ള മനോഹരമായ ഗൃഹത്തിന്റെ അധിപൻ അത്യാവശ്യം കിറുക്കുള്ള ഒരു മനുഷ്യനാണ്. ഒരു ഉന്മാദ രോഗി അശ്രാന്തി പ്രകടിപ്പിക്കുന്ന പോലുള്ള പെരുമാറ്റമാണെങ്കിൽ തന്നെയും, അശ്ളീല ഹാസത്തോടെ രതിഫലിതകൾ പറഞ്ഞു മറ്റുള്ളവരെ രസിപ്പിക്കുന്നതിലും പരിചിത -അപരിചിത ഭേദമെന്യ തീൻ വിഭവങ്ങളും മദ്യവും സൗജന്യമായി നൽകി ആളുകളെ സന്തോഷിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അയാളിൽ ഒരു മതിഭ്രംശരോഗിയുടെ സഹജ വാസനയുണ്ടായിരുന്നു.ഡ്രിക്പ് കുൻലെ( Drukpa Kuenley) എന്ന ബുദ്ധ ഭിക്ഷുവിൽ നിന്ന് വെളിപാടുകൾ ദിവസവും കിട്ടുന്നുണ്ടെന്ന് അയാൾ അവകാശപ്പെട്ടു. ഭൂട്ടാനിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കാണുന്ന ലിംഗ ചിത്രികരണങ്ങളുടെ കാരണഭൂതനായ ഒരു കിറുക്കൻ ബുദ്ധഭിക്ഷുവാണ്( Mad saint) ഡ്രിക്പ് കുൻലെ പതിനഞ്ചാം നൂറ്റാണ്ടിലെ ഉത്തർദ്ധത്തിൽ ഭൂട്ടാനിൽ താമസമുറപ്പിച്ച ഈ ബുദ്ധഭിക്ഷുവിന്റെ ജീവിതം ഒരു ഉന്മാദ പരമ്പരയായിരുന്നു. കുടിച്ചും മദിച്ചും നിരവധി സ്ത്രീകളുമായി രതിലീലകളാടിയും ഉല്ലസിച്ച ഇദ്ദേഹം സാമ്പ്രദായിക ബുദ്ധ അനുശാസനകളെയും വിലക്കുകളെയും ലംഘിച്ചു ജീവിച്ചു.

ഉദ്ധരിച്ച ലിംഗത്തിന്റെ അസാധാരണമായ ചിത്രീകരണത്തിലൂടെ ദുഷ്ടശക്തികളെ ക്ഷയിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിന്റെ രൂപങ്ങളാണ് ഭൂട്ടാനിലെവിടെയും കാണുന്ന വൈവിധ്യമായ ലിംഗരൂപങ്ങൾ. ഈ ലിംഗരൂപങ്ങളുടെ സാന്നിധ്യവും സ്പര്ശനവും കേവലോപചാരം മാത്രമല്ല ഭൂട്ടാനികൾക്ക്.അത് അവരുടെ അന്തർവിനിമയ ഉപാധികളുമാണ്. യൗവ്വനയുക്തരായ പെണ്ണുങ്ങളുമായി നിസങ്കോചമായി രതിഫലിതങ്ങൾ പറയുന്നതിനും, രതിയുടെ ഗാഢനുഭവങ്ങളിലേയ്ക്ക് ക്ഷണിക്കുന്നതിനും ഒരു ഉപാധിയായി അത് വർത്തിക്കുന്നു.


ഞങ്ങൾ ഡ്രിക്പ് കുൻലെയ്ക്കുവേണ്ടി പണികഴിപ്പിച്ച ചിമി ലഗാങ്ങിലേയ്ക്ക്(Chimi Lhakhang) പോയി.ഭൂട്ടാന്റെ തനതു സംസ്കാരത്തിന്റെ ശേഷിപ്പുകളായ നിരവധി ലിംഗരൂപങ്ങളുടെ വൈവിധ്യങ്ങൾ അവിടെ കണ്ടു. വലിയ ലിംഗരൂപങ്ങളിൽ ആശ്ലേഷിക്കുകയും അതിനെ ഭക്ത്യാദരപൂർവ്വം പരിഗണിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ മാതാപിതാക്കൾ മാനിക്കുന്ന കാഴ്ച്ച നമ്മെ അതിശയിപ്പിക്കും.ലിംഗരൂപങ്ങളുടെ പ്രദർശനം മാന്യമായ ഒരാചാരമായി നിലനിൽക്കുന്നു. സന്താന ലബ്‌ധിക്കും, ദുഷ്ടാത്മാക്കളെ അകറ്റുന്നതിനുമുള്ള ഉപാധിയായി പരിഗണിക്കുന്ന ഉദ്ധൃത്തമായ ലിംഗമാതൃകകൾ വീടുകളെ അലങ്കരിക്കുന്ന കാഴ്ച്ച പുരാതനമായ ഒരു ഫെർട്ടിലിറ്റി കൾട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഭൂട്ടാനികളുടെ ദുരിതജീവിത സാഹചര്യങ്ങൾ പെൺകുട്ടികളെ ലൈംഗിക തൊഴിലിലേയ്ക്ക് ആകർഷിപ്പിക്കപ്പെടാൻ ഇടയാക്കുമെന്ന് ഞാൻ നിനച്ചിരുന്നു.ഭൂട്ടാനിലെ ഒരു വീഥിയിലും ഉഴറി നിൽക്കുന്ന വേശ്യകളെ കണ്ടില്ല . വിദൂരമായ ഗിരിനിരകൾക്കിടയിലെ ദാരിദ്ര്യകുടുംബങ്ങളിൽ നിന്ന് വരുന്ന നിരക്ഷരരായ പെൺകുട്ടികൾ ചില ദല്ലാളുമാരുടെ പ്രേരണയാൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേയ്ക്ക് ഈ അടുത്തകാലത്തായി കുടിയേറുന്നുണ്ട്. ഇന്ത്യയിലെ ചില നഗരങ്ങളിലുള്ള മസാജ് പാര്ലറുകളിൽ
രേതസ്സ് വിസർജനത്തിനായി വരുന്ന പുരുഷന്മാർക്ക് ശരീര ലാളനകൾ ചെയ്തുകൊടുക്കാൻ നിര്ബന്ധിതരാവുന്ന പെൺകുട്ടികൾ പലവിധ ചൂഷണങ്ങൾക്ക് ഇരകളാണ്.

ലൈംഗികവേഴ്ചകളിൽ സ്വതന്ത്രസമീപനമുള്ള രാജ്യമാണെങ്കിലും ഒരു തുറന്ന ലൈംഗിക വിപണി ഭൂട്ടാനിൽ ഇല്ല.ഉഭയസമ്മതപ്രകാരമുള്ള വിവാഹ വിവാഹേതര ലൈംഗിക ബന്ധങ്ങൾ സർവസാധാരണമാണെങ്കിലും അന്യദേശത്തെത്തുന്നവർക്ക് എളുപ്പം പ്രാപിക്കാൻ കഴിയുന്ന നിശാ സഹശയന ഗേഹങ്ങൾ ഇവിടെ പരിമിതമാണ്.

ഞങ്ങൾ മധ്യാഹ്നങ്ങളിൽ ഫോബ്‌ജിക( Phobjikha) താഴ്വരയിലെ സ്‌നിഗ്‌ദ്ധമായ പ്രകൃതിയിലും വന പ്രദേശത്തും വെറുതെ അലഞ്ഞു, അകലങ്ങളും ഉയരങ്ങളും താണ്ടി അവസാനം ശരീരത്തിന്റെ സന്ധികളയഞ്ഞു. വിറക്കുകത്തിച്ചു അതിൽ ചുട്ട ഉരുളൻ കല്ലുകൾ ബാത് ടബ്ബിലെ തണുത്ത വെള്ളത്തിലിട്ടുള്ള ഹോട്ട് സ്റ്റോൺ ബാത്ത് എന്ന സ്നാനം ആ കൊടും തണുപ്പിൽ പലപ്പോഴും ഒരാശ്വാസമായിരുന്നു.

പ്രസരിപ്പും ഉന്മേഷവും ലഭിക്കാൻ ഒരു ബുദ്ധിസ്റ്റു തിരുമ്മൽ നടത്താൻ വേണ്ട ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് എന്റെ ഭൂട്ടാൻ സുഹൃത്തു തെസ്‌സി പറഞ്ഞു.ഫോബ്‌ജിക താഴ്വാരത്തിലെ ഒരു ടിബറ്റൻ പാരമ്പര്യ വൈദ്യന്റെ(Amji) മകളാണ് തിരുമ്മൽ നടത്താനായി വന്നത്. ഞാൻ അവളെ നോക്കി. അവളുടെ മുഖവും അധരഭാഗവും ശാന്തവും സുഭഗവുമായിരുന്നു.വളരെ സൗഹൃദത്തോടെയുള്ള അവളുടെ പെരുമാറ്റം എന്റെ നൈസർഗ്ഗികമായ പരിഭ്രമത്തെ നിസ്സാരമാക്കി.മൃദു തടവോടെ ശരീരമാകെ തൈലം പുരട്ടി അവൾ സ്വസ്ഥമാക്കി.ഹൃദ്യമായ ആ ശരീര പരിലാളനയ്ക്ക് എല്ലാ പ്രതീതികളെയും മൂർത്തവൽക്കരിക്കാനാകുന്ന അപ്രമേയമായ ഒരു ശക്തിയുണ്ടായിരുന്നു . തരള ചിത്തനായി മൗനനിർവൃതിയിലാണ്ടുപോയ ഒരു സായംസന്ധ്യ.

(അവസാനിക്കുന്നില്ല)

ഒന്നാം ഭാഗം: ഒരു ഹിമാലയൻ ഏകാന്തതയിൽ

രണ്ടാം ഭാഗം: പറോയിലെ രാത്രികൾ

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top