ആലപ്പുഴ > മലക്കപ്പാറ വിനോദയാത്ര ഹിറ്റായതിന് പിന്നാലെ അരിപ്പയിൽ ട്രക്കിങ്ങിന് സൗകര്യമൊരുക്കി കെഎസ്ആർടിസി. 18നും- 50നുമിടയിൽ പ്രായമായ ആരോഗ്യ പ്രശ്നമില്ലാത്തവർക്കാണ് അവസരം. ആലപ്പുഴയിൽനിന്ന് അരിപ്പ, കുടുക്കത്തുപ്പാറ ബസ് സർവീസിന് 21ന് തുടക്കമാകും. ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെ 1000 രൂപ മാത്രമാണ് ചെലവ്. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ യാത്ര അടുത്ത അനുകൂലമായ ദിവസത്തേക്ക് മാറ്റും. 50 പേർ തികഞ്ഞാൽ 21ന് തന്നെ ആദ്യ ട്രിപ്പ് പുറപ്പെടും. അരിപ്പ ട്രെക്കിങ് പാക്കേജ് ഇ–-ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1_c4TBcFPskX5mavq5b1bOyj43s3K9lBz/view?usp=sharing ഫോൺ: 0477–-2252501, 9895505815, 9447909613, 9400203766, 9656277211, 8547556142
പക്ഷിനിരീക്ഷകരുടെ പറുദീസ
തിരുവനന്തപുരം, കൊല്ലം ജില്ലാ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷിവർഗങ്ങളുടെ സങ്കേതമാണ്. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് അരിപ്പ. മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണ്.
ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. മാർച്ചുമുതൽ ഡിസംബർവരെയാണ് ഏറ്റവുമധികം പക്ഷികളെ കാണാറ്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്‌റ്റ് ട്രെയിനിങ് കോളജ് ഈ പച്ചിലക്കാടിനോട് ചേർന്നാണ്.
കൗതുകം നിറച്ച് കുടുക്കത്തുപാറ
സഞ്ചാരികൾക്ക് വിസ്‌മയക്കാഴ്‌ചയാണ് കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്‌ക്കും. കൊല്ലം ജില്ലയിലെ അടയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചെത്താം. കൽപ്പടവുകളും സുരക്ഷാവേലികളും ഒരുക്കിയിട്ടുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. മുകളിലെത്തിയാൽ വിസ്‌തൃതമായ ഭൂപ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..