01 October Sunday

കാഴ്‌ച‌കളേറെ... കയറാം അനങ്ങൻമല

ബിമൽ പേരയംUpdated: Friday Nov 18, 2022
പാലക്കാട്‌> പുൽത്തകിടിയും കരിമ്പാറക്കൂട്ടങ്ങളും കടന്ന്‌ മല കയറിയെത്തിയാൽ വീശിയടിക്കുന്ന കുളിർകാറ്റ്‌... അടുക്കിവച്ച പാറക്കൂട്ടങ്ങൾക്കുമേൽ കീഴ്‌ക്കാംതൂക്കായി തീർത്ത മുള്ളുവേലികളിൽ പിടിച്ചുള്ള സാഹസിക യാത്ര... കൃത്രിമ കൂണുകൾക്കുതാഴെ  മനോഹര ഇരിപ്പിടങ്ങളിലെ എല്ലാം മറന്നുള്ള വിശ്രമം... സഞ്ചാരികളെ മാടിവിളിക്കുകയാണ്‌ അനങ്ങൻമല. ഇക്കോടൂറിസത്തിന്‌ ഉണർവേകി നവീനപദ്ധതികളാണ്‌ വനംവകുപ്പ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌. വെയിലാറുംനേരം സായാഹ്നത്തിലെത്തിയാൽ മനസ്സൊന്നുകുളിർപ്പിക്കാം.
 
35 ലക്ഷം രൂപയുടെ നവീകരണമാണ്‌ നടത്തിയത്‌. പ്രളയകാലത്ത്‌ അപകടാവസ്ഥയിലായ ടിക്കറ്റ്‌ കൗണ്ടർ പുതുക്കിപ്പണിതു. ഇക്കോഷോപ്പ്‌ സൗകര്യവും ക്യാന്റീനിൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. പാർക്കിങ്‌ മേഖല വിപുലപ്പെടുത്തി. വിശ്രമകേന്ദ്രം ഒരുക്കി. സുരക്ഷാവേലികൾ തീർത്തു. ശൗചാലയം നവീകരിച്ചു. കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. ശരാശരി നൂറുമുതൽ മുന്നൂറുവരെ സന്ദർശകർ എത്തുന്നു. അവധി ദിവസങ്ങളിൽ അഞ്ഞൂറ്‌ കടക്കും. കോവിഡിനുമുമ്പ്‌ വർഷം ആറ്‌ ലക്ഷമായിരുന്നു വരുമാനം. ഇപ്പോൾ മാസവരുമാനം 1.5 ലക്ഷമായി ഉയർന്നു. മുതിർന്നവർക്ക്‌ 40 രൂപയും കുട്ടികൾക്ക്‌ പതിനഞ്ചുമാണ്‌ സന്ദർശക ഫീസ്‌. രാവിലെ 9.30 മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പ്രവേശനം. തിങ്കൾ അവധി.   
 
■ അനങ്ങൻമലയുടെ കഥ
രാമായണത്തെ ചുറ്റിപ്പറ്റിയാണ്‌ മലയുടെ ഐതിഹ്യം. രാമ–-രാവണ യുദ്ധത്തിൽ രാമലക്ഷ്‌മണന്മാർ ബോധരഹിതരായി. ഇവരെ ഉണർത്താൻ ഹനുമാൻ മൃതസഞ്ജീവനിയുമായി വരുമ്പോൾ ദ്രോണഗിരി പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണു. എത്ര ശ്രമിച്ചിട്ടും ഹനുമാന്‌ അടർന്ന ഭാഗം ഉയർത്താനായില്ല. അങ്ങനെ അനങ്ങാത്തതിനാലാണ്‌ അനങ്ങാമല( അനങ്ങൻ മല) എന്ന പേര്‌ കിട്ടിയതെന്നാണ് ഐതിഹ്യം. 
 
■ ഭാവി പദ്ധതികൾ
സേഫ്‌റ്റി ഓഡിറ്റിങ്‌ നടത്തി പുതിയ പദ്ധതികൾക്കായി റിപ്പോർട്ട്‌ സമർപ്പിച്ചെന്ന്‌ ഒറ്റപ്പാലം വനം റേഞ്ചർ ജമാലുദ്ദീൻ ലബ്ബ പറഞ്ഞു. 50 ലക്ഷം രൂപയുടെ അടങ്കൽ തുക പ്രതീക്ഷിക്കുന്നു. വാട്ടർ ഇറിഗേഷൻ സിസ്‌റ്റം, ആൽ, ഉങ്ങ്‌ മരങ്ങൾ വച്ചുപിടിപ്പിച്ച്‌ തണലിടം. മീൻകുളം, മരങ്ങളെ ചുറ്റിയുള്ള മൺഭിത്തി, ചിൽഡ്രൻസ്‌ പാർക്ക്‌ നവീകരണം, ചെക്ക്‌ ഡാം എന്നിവയാണ്‌ പുതിയ പദ്ധതികൾ.
 
■ ഷൊർണൂരിൽ നഗരവനം
ഒറ്റപ്പാലം വനം ഡിവിഷനിന്‌ കീഴിലെ രണ്ടാമത്തെ ഇക്കോ ടൂറിസം പദ്ധതിക്ക്‌ ഷൊർണൂരിൽ തുടക്കമായി. ഇവിടെ നഗരവനം ഒരുക്കും. 
പൂന്തോട്ടത്തിന്റെ പ്രാരംഭ പണികൾ ആരംഭിച്ചു. പ്രഭാതസഞ്ചാരത്തിനായി നടപ്പാതയും നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top