14 September Saturday

പിറപ്പ്-നടുക്കുന്ന യാത്ര ഓർമകൾ

എ ഒ സണ്ണിUpdated: Saturday Sep 17, 2022

ആദിവാസി കുടിൽ-ഫോട്ടോ: ജഗത്‌ലാൽ

ആനയും കടുവയും പുലിയും കാട്ടുപോത്തും കരടിയും പാമ്പുമുള്ള നിബിഡവനാന്തരത്തിലൂടെ  ഒരു നട്ടപ്പാതിരായ്‌ക്ക് നടത്തിയ യാത്രയുടെ നടുക്കുന്ന ഓർമകൾ... ഒപ്പം, കൊടുംകാട്ടിനകത്തുള്ള മലയംപ്പെട്ടി കോളനിയിലെ ആദിവാസി ജീവിതത്തിന്റെ ദുരന്ത ചിത്രങ്ങളും

ക്വാർട്ടേഴ്സിന്റെ വാതിലിൽ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. സമയം രാത്രി പതിനൊന്നോടടുത്തിരുന്നു. ഓടിയോടി വലഞ്ഞ് വശംകെട്ട ഒരു ദിവസത്തിന്റെ അറുതിയിൽ തളർന്നുറങ്ങാൻ തുടങ്ങിയതേയുള്ളൂ. അംബേദ്കർ ജയന്തിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കലക്ടറുടെയും പരിവാരങ്ങളുടെയും ‘കരിമ്പാറക്കുത്ത്’ ആദിവാസിക്കോളനി സന്ദർശനത്തിന്റെ ഭാഗമായുള്ള നെട്ടോട്ടമായിരുന്നു.

ഇത്തരം കാര്യങ്ങൾ വനംവകുപ്പുകാരായ ഞങ്ങളെയാണ്ചുമതലപ്പെടുത്താറുള്ളത്. ഉദ്യോഗസ്ഥരുടെ ആദിവാസിക്കോളനി സന്ദർശനം പലപ്പോഴും വാഹനം എത്തിപ്പെടുന്ന കോളനികളിലേക്കു മാത്രമായി പരിമിതപ്പെടാറുണ്ട്.  ‘കരിമ്പാറക്കുത്ത്’ കോളനി അങ്ങനെ ഭാഗ്യംകിട്ടിയ ഒന്നായിരുന്നു. ഉൾവനത്തിൽ ഉണ്ടായിരുന്ന ഇതര കോളനികളിലെ അവസ്ഥ പക്ഷേ, പരിതാപകരമായിരുന്നു.

എല്ലാം കഴിഞ്ഞുവന്ന് കട്ടിലിലേക്ക് വീഴുകയായിരുന്നു. അപ്പോഴാണ്. ആരാണ് ഈ അസമയത്ത.ഉള്ളിൽ നുരപൊന്തിയ ദേഷ്യം പണിപ്പെട്ടമർത്തി വാതിൽ തുറന്നു. ‘മലയംപ്പെട്ടി’ കോളനിയിലെ മൂപ്പൻ കാഞ്ചിയപ്പനും അനന്തരവൻ ചിന്നനും. നീരസം അത്ഭുതത്തിനും ആശങ്കയ്ക്കും വഴിമാറി. തക്കതായ കാരണമില്ലാതെ അവർ ഈ അസമയത്ത് വരില്ല.

“എന്ത് പറ്റി മൂപ്പാ”?
“ചാറെ ചിന്നന്റെ പൊണ്ണിന് പേറ്റുനോവ്, ഡാക്കിട്ടറെ കൊണ്ടോണം”.

ഞാൻ ഞെട്ടി. എന്ത് അസംബന്ധമാണിവർ പറയുന്നത്.  മലയംപ്പെട്ടി കോളനി പത്ത് കിലോമീറ്ററോളം ദൂരെ കൊടുംകാട്ടിനകത്താണ്. റോഡില്ല, കാൽനടയല്ലാതെ എത്തിപ്പെടാൻ മാർഗങ്ങമില്ല. ഈ സമയത്ത് അവിടേക്ക് ഡോക്ടറെ  കൊണ്ടുപോവുക എന്നത് ചിന്തിക്കാൻ പോലുമാകില്ല. അവിശ്വസനീയതയോടെ ചിന്നനോട് തിരക്കി.

“ചിന്നാ ഇപ്പോൾ എന്താ പ്രശ്നം”?
“ചോര വരുന്നുണ്ട്. ഉടൻ ഡോട്ടറെ കൊണ്ടുപോണം”.
കരച്ചിലിന്റെ വക്കോളമെത്തിയ ചിന്നന്റെ വാക്കുകളിൽ ദൈന്യം തുളുമ്പി.

ചിന്നൻ മലയംപ്പെട്ടി കോളനിയിലെ ഉശിരനായ ചെറുപ്പക്കാരനാണ്. പുതുതലമുറയെ മദ്യത്തിന്റെയും കഞ്ചാവിന്റെയും പിടിയിൽനിന്നും മോചിപ്പിക്കുവാൻ കൂടെനിന്ന് പ്രവർത്തിക്കുന്നവൻ. അടിച്ചിലിതൊട്ടിയിലെ സുന്ദരിപ്പെണ്ണ് മല്ലിയെയാണ് ചിന്നൻ വേട്ടത്. കന്നിപ്രസവമാണ്.

ഓഫീസിനടുത്ത് തന്നെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുരേഷും ഞാനും ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. സുരേഷിന്റെ നേതൃത്വത്തിൽ മലയംപ്പെട്ടി കോളനിയിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഞാനും ഡോ. സുരേഷും തമ്മിലുള്ള അടുപ്പം അവർക്കറിയാം. അതാണ് അസമയത്തുള്ള വരവിന്റെയും അപേക്ഷയുടെയും പിന്നിലെ ചേതോവികാരം.

കാട്ടിലെ  നടപ്പാത

കാട്ടിലെ നടപ്പാത

ഞാൻ ആശയക്കുഴപ്പത്തിലായി. ഈ സമയത്ത് ഡോക്ടറെയും കൊണ്ട് മലയംപ്പെട്ടി കോളനിയിലേക്ക് എങ്ങനെ പോകും. ആനയും കടുവയും പുലിയും കാട്ടുപോത്തും കരടിയും പാമ്പുകളുമുള്ള നിബിഡവനം. ഈ നട്ടപ്പാതിരായ്‌ക്ക് അതിലൂടെ മൂന്ന് മണിക്കൂറോളം നടന്ന്...

ഡോ. സുരേഷിന് കാടെന്നാൽ ജീവനാണ്. പോസ്റ്റ്ചെയ്താൽ പോലും സാധാരണ ആരും വരാത്ത ഈ കാട്ടുമുക്കിലേക്ക് സുരേഷ് പ്രത്യേകം ചോദിച്ച് വാങ്ങിവന്നതാണ്. ഇതിനോടകം എന്റെ കൂടെ ഒരുപാട് ഇടങ്ങളിൽവന്നിട്ടുണ്ട്. പക്ഷേ, ഈ അസമയത്ത്, അതൊരു കടന്നകയ്യാവും.
“മൂപ്പാ, നേരംവെളുത്തിട്ട് പോയാ പോരെ”?
“ചോര കൊറെ പോയി സാറെ”

ചിന്നനാണ്‌ മറുപടി പറഞ്ഞത്. കടുത്ത വേദനയും പ്രതീക്ഷയുടെ യാചനയും മുറ്റിനിന്ന ചിന്നന്റെ വാക്കുകൾ മനസ്സിൽ തീ കോരിയിട്ടു. ഈ കൊടുംകാട്ടിലൂടെ കുറ്റാകൂരിരുട്ടത്ത് ഇത്ര ദൂരംതാണ്ടി ഇവർ ഇവിടെ എത്തിയത് ഒരുപാട് പ്രതീക്ഷകളോടെയാണ്. ചിന്നന്റെ കണ്ണുകളിലെ ആ തിളക്കം കണ്ടില്ലെന്ന് നടിക്കാനാകില്ല. പിന്നെ ഒന്നും ആലോചിച്ചില്ല.

ഞാൻ പെട്ടെന്ന് തയ്യാറായി. മൂപ്പനോടും ചിന്നനോടുമൊത്ത് സുരേഷിന്റെ ക്വാർട്ടേഴ്സിൽ പോയി. ഹെൽത്ത് സെന്ററും ക്വാർട്ടേഴ്സും തൊട്ടുതന്നെയായിരുന്നു. വിളിച്ചുണർത്തി കാര്യം പറഞ്ഞപ്പോൾ സുരേഷ് ആദ്യം അന്തംവിട്ടു. ഉടൻ സ്വതഃസിദ്ധമായ ഊർജസ്വലതയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു “ഓക്കെ നമുക്ക് പോകാം. കുറെ നാളായിരാത്രി കാട്ടിലൂടെ നടക്കണം എന്ന്‌ വിചാരിച്ചിട്ട്”.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അത്യാവശ്യം മരുന്നുകളും പഞ്ഞിയും സിറിഞ്ചുമെല്ലാം സുരേഷ്ബാഗിലാക്കി.

നേരെ പുഴക്കടവിലേക്ക്. പുഴയ്ക്കക്കരെയാണ് കാട്. കടവിൽ തോണിക്കാരൻ കൃഷ്ണേട്ടൻ ഞങ്ങളെ കാത്തുനിന്നിരുന്നു. ചുണ്ടിൽ എരിയുന്ന മുറിബീഡി വലിച്ചെറിഞ്ഞ്, ഭവ്യതയോടെ തലേക്കെട്ടഴിച്ച് നരച്ച താടിയൊന്ന് തുടച്ച് ചെറുചിരിയോടെ കൃഷ്ണേട്ടൻ പറഞ്ഞു.
“മൂപ്പൻ വന്ന്‌ വിളിച്ചാൽ സാറന്മാര് വരാതിരിക്കോ?

പുഴക്കടവിലല്ലാതെ കൃഷ്ണേട്ടനെ മറ്റൊരിടത്തും കണ്ടിട്ടില്ല. ഏത് പാതിരായ്ക്കും അയാൾ അവിടെ കാണും. പെണ്ണും പുകിലും ഇല്ലാത്ത കൃഷ്ണേട്ടന്റെ ലോകം പുഴ തന്നെയായിരുന്നു. ഏകാന്തരാത്രികളിൽ പലപ്പോഴും പുഴക്കടവിൽ ഇരുന്ന് മീനുകളോട് സംസാരിക്കുന്നത് കാണാം. മലമുഴക്കികളോടും മരംകൊത്തികളോടും കുയിലിനോടും ഉപ്പനോടും ശലഭങ്ങളോടും സംസാരിക്കാൻ പ്രത്യേകം ഭാഷയും ശൈലിയും കൃഷ്ണേട്ടനുണ്ടായിരുന്നു.

പലരും അയാളെ കിറുക്കനെന്നു വിളിച്ചു. കൃഷ്ണേട്ടൻ ആരോടും കടത്തുകൂലി ചോദിച്ചിരുന്നില്ല. ആളുകൾ ചില്ലറത്തുട്ടുകൾ വഞ്ചിത്തലയ്ക്കൽവെച്ച് പോകും. എല്ലാവരെയും നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ആ മനുഷ്യൻ കിളികളോടും മീനുകളോടും കാട്ടുപൂക്കളോടും കാറ്റിനോടും കഥ പറഞ്ഞ് മറ്റൊരു പുഴയായി ഒഴുകി.

അക്കരെ എത്തിയപ്പോൾ കൃഷ്ണേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു “ഞാൻ കടവിൽത്തന്നെ ഉണ്ടാകും എപ്പോൾ വന്നാലും
ഒന്ന് കൂക്കിയാൽ മതി”.

കൃഷ്ണേട്ടനോട് യാത്ര പറഞ്ഞ് കാട്ടിലേക്കിറങ്ങി. കൂരിരുട്ട്.എന്റെ മൂന്നുസെല്ലിന്റെ ടോർച്ചിനും ഇരുട്ടിനെ പൂർണമായി
മായ്‌ക്കാനായില്ല. പുഴവക്കിലെ ചീനി മരച്ചുവട്ടിൽ ചാരി വച്ചിരുന്ന പാതി കത്തിയ ചൂട്ടെടുത്ത് മൂപ്പൻ തീ കൊളുത്തി. നാല്   ചൂട്ടുകൾ ഉണ്ടായിരുന്നു.

എല്ലാ തയ്യാറെടുപ്പുകളുമായാണ് അവർ വന്നിരുന്നത്. ചൂട്ടും പിടിച്ച് കാഞ്ചിയപ്പൻ മുന്നിൽ നടന്നു. ചിന്നനും സുരേഷും, പിന്നിൽ ഞാനും. വശങ്ങളിലേക്കും ഇടയ്ക്കൊക്കെ പിന്നിലേക്കും ഞാൻ ടോർച്ച് തെളിച്ചു. വെട്ടം വീഴുന്നതിനപ്പുറം കാട് നിഗൂഢമായി ഇരുണ്ടുനിന്നു.

ഇരുട്ടുവീണ കാട് മറ്റൊരു ലോകമാണ്. പകൽക്കാഴ്ചകളിലെ പരിചിത ഇടങ്ങൾപോലും രാത്രി ഭീതിദമായ മൃഗരൂപങ്ങളാണ്‌. പലകുറി കണ്ട കരിമ്പാറ, മറഞ്ഞിരിക്കുന്ന ആനയാകും. ഇളകുന്ന ഈറ്റത്തലപ്പുകൾ തുമ്പിക്കൈ ആകും. മിന്നാമിനുങ്ങുകൾ പുലിക്കണ്ണാകും, മുളങ്കൂട്ടം ചുറ്റിവരുന്ന കാറ്റ് മൂർഖന്റെ ചീറ്റലാകും. ഏത് രാപ്പക്ഷിപ്പാട്ടും നെടുലാന്റെ ശാപവചനങ്ങളാകും.

ഇരുട്ടുവീണ കാട് മറ്റൊരു ലോകമാണ്. പകൽക്കാഴ്ചകളിലെ പരിചിത ഇടങ്ങൾപോലും രാത്രി ഭീതിദമായ മൃഗരൂപങ്ങളാണ്‌. പലകുറി കണ്ട കരിമ്പാറ, മറഞ്ഞിരിക്കുന്ന ആനയാകും. ഇളകുന്ന ഈറ്റത്തലപ്പുകൾ തുമ്പിക്കൈ ആകും. മിന്നാമിനുങ്ങുകൾ പുലിക്കണ്ണാകും, മുളങ്കൂട്ടം ചുറ്റിവരുന്ന കാറ്റ് മൂർഖന്റെ ചീറ്റലാകും. ഏത് രാപ്പക്ഷിപ്പാട്ടും നെടുലാന്റെ ശാപവചനങ്ങളാകും.

പുഴയിറമ്പിൽ നിന്നുമുള്ള ചെറിയ കയറ്റം കയറി ഞങ്ങൾ മുന്നോട്ട് നടന്നു. നനഞ്ഞ മണ്ണിൽ അട്ടകൾ പുളയ്‌ക്കുന്നുണ്ടാകും. അത് അവഗണിക്കുകയല്ലാതെ തരമില്ല. ചിരപരിചിതമായ വഴികളാണെങ്കിലും ഓരോ തിരിവിലും അപരിചിതമായ ഏതോ ഒരപകടം പതിയിരിക്കുന്നതായി തോന്നി. ഏതു പ്രതിസന്ധിയിലും തരിമ്പും കുലുങ്ങാത്ത വികാരരഹിതമായ നിസ്സംഗഭാവം കാഞ്ചിയപ്പന്റെ മുഖമുദ്രയായിരുന്നു.

മുതുവാൻ മൂപ്പന്റെ ലക്ഷണങ്ങളെല്ലാം ഒത്തയാളാണ്‌ കാഞ്ചിയപ്പൻ. പിരിച്ചെടുത്ത ചുവന്ന നീളൻ മുണ്ടുകൊണ്ടുള്ള തലേക്കെട്ട്, ദേഹത്തോട് ഒട്ടിക്കിടക്കുന്ന ഫുൾക്കൈ ഷർട്ട്, വലിയ കള്ളികളുള്ള മടക്കിക്കുത്തിയ മുണ്ട്, വലതുതോളിൽനിന്നും ശരീരത്തിന് കുറുകെ ഇടതുഭാഗത്തേക്ക് ക്രോസ്ബെൽറ്റ് പോലെയിട്ട തുണിസ്സഞ്ചി, കടുക്കനിട്ട കാതുകൾ, മുറുക്കിചുവപ്പിച്ച വായ്, നരച്ച താടി, സാമാന്യം നീളമുള്ള കടുപ്പമേറിയ ഊന്നുവടി, ആരോഗ്യം ഇറ്റുന്ന ശരീരം, തിളക്കമേറിയകണ്ണുകൾ, ചീർത്ത മടിശ്ശീലയിൽ തിരുകിവച്ച പുകയിലത്തുണ്ടുകൾ. മുതുവാൻ പാരമ്പര്യത്തിന്റെ എല്ലാ ആസ്ഥാന വിശേഷങ്ങളും കാഞ്ചിയപ്പനിൽ തുളുമ്പിയിരുന്നു.

ഇരുൾക്കാട് താണ്ടി പുന്നനിരപ്പിൽ എത്തിയപ്പോൾ ഭയന്നിരുന്നതുപോലെത്തന്നെ അതാ കൺമുൻപിൽ വഴി തടഞ്ഞ് ആനകൾ.  പുന്നനിരപ്പിൽ പകൽ സമയത്തുപോലും ആന പതിവായിരുന്നതിനാൽ ഞങ്ങൾ  പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ചൂട്ടിന്റെ വെളിച്ചത്തിൽ പാതിമറഞ്ഞ നിഴൽരൂപങ്ങളായി കണ്ട കരിവീരൻമാർ മനസ്സിൽ ഭീതിയുണർത്തി. മറഞ്ഞ കാഴ്ചകൾ തെളിവാർന്ന കാഴ്ചകളെക്കാൾ ഭീകരമാണെന്ന് അനുഭവിച്ചറിയുകയായിരുന്നു. സുരേഷിന്റെ മുഖത്തേക്ക് ഞാൻ പാളിനോക്കി. ഭീതിയും കൗതുകവും കലർന്ന ഉത്കണ്ഠ നിറഞ്ഞ ഭാവം.

ചിന്നൻ കണ്ണെടുക്കാതെ ആനകളുടെ ചലനത്തിൽ ശ്രദ്ധയൂന്നി. പത്ത് പന്ത്രെണ്ടണ്ണം കാണണം. ഇരുളിൻ മറവിൽ കാഴ്ച പൂർണമായിരുന്നില്ല. വഴിമാറാതെ നിന്ന ആനക്കൂട്ടത്തിന്റെ സംഘനേതാവ് മുഴുത്ത പിടി അൽപ്പം മുന്നിലേക്ക് വന്ന് അതിവേഗം തലകുലുക്കി ചെവിയാട്ടി അത്യുച്ചത്തിൽ ചീറി തുമ്പിക്കൈ ചുരുട്ടി നിലത്തടിച്ച് ഭീകരാന്തരീക്ഷം വിതച്ചു.

അചഞ്ചലനായി നിന്ന കാഞ്ചിയപ്പൻ ഊന്നുവടി ചിന്നന് കൈമാറി. കത്തുന്ന ചൂട്ട് ഇടം കൈയിലേക്ക് മാറ്റി ഉയർത്തിപ്പിടിച്ചു. തുണിസ്സഞ്ചിയിൽനിന്നും തെള്ളിപ്പൊടിയെടുത്ത് ചൂട്ടുതലപ്പിലേക്ക് വാരിയെറിഞ്ഞു. ആളിക്കത്തിയ ചൂട്ട്വെളിച്ചത്തിൽ തലേക്കെട്ടും നരച്ച താടിയിലേക്ക് ഒലിച്ചിറങ്ങിയ കടുംചുവപ്പാർന്ന മുറുക്കാൻ ചാറും കത്തുന്ന കണ്ണുകളുമായി ആകെ ചുവന്നുനിന്ന കാഞ്ചിയപ്പൻ ബാധയൊഴിപ്പിക്കുന്ന ഏതോ മന്ത്രവാദിയെപ്പോലെ രൗദ്രം പൂണ്ടുനിന്നു.

മൂപ്പന്റെ കണ്ഠനാളത്തിന്റെ ആഗാധമായ ആഴങ്ങളിൽനിന്നും മേഘഗർജനം പോലൊരു വല്ലാത്ത ശബ്ദം മുഴങ്ങി. പരിചിതമായശബ്ദത്തിലെ സൗഹൃദഭാവം തിരിച്ചറിഞ്ഞപോലെ ആനക്കൂട്ടം മെല്ലെ നിരപ്പ് വിട്ട് ഇടത്തോട്ടിറങ്ങി കാടിന്റെ ഇരുളിൽമറഞ്ഞു. ആശ്വാസത്തിന്റെ നെടുവീർപ്പുതിർത്ത് ഞങ്ങൾ നടത്തം തുടർന്നു.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

ആനപ്പേടിമാറി മനസ്സ് ശാന്തമായിരുന്നു. സമയം ഒരുമണിയോടടുത്തിരുന്നു. കടുത്ത ഇരുട്ടുമാറി നിലാവ് പരക്കാൻ തുടങ്ങിയിരുന്നു. മേഘപടലങ്ങൾ ഒഴുകിമാറി തെളിഞ്ഞ ആകാശത്ത് നക്ഷത്രക്കുഞ്ഞുങ്ങൾ ചിരിച്ചു നിന്നു. ഇലച്ചാർത്തുകൾക്കിടയിലൂടെ താഴേക്ക് പതിച്ച നിലാക്കീറുകൾ മണ്ണിലും ആകാശക്കാഴ്ചയൊരുക്കി.

മങ്ങിയ നിലാവെളിച്ചത്തിൽ മൂക നിശ്ചലരായി നിന്ന വൻമരങ്ങൾ കൈകൂപ്പി ആകാശത്തോട് പ്രാർഥിക്കുംപോലെ യോഗനിദ്രയിലാണ്ടു. തങ്ങളിൽ നിക്ഷിപ്തമായ കടമ നിർവഹിക്കുംപോലെ കൃത്യമായ ഇടവേളകളിൽ രാച്ചുക്കുകൾ നീട്ടിമൂളി. അകലെ മലയംപ്പെട്ടി കുന്നിനുതാഴെ ശാന്തമായൊഴുകുന്ന മുതിരപ്പുഴയുടെ അടക്കം പറച്ചിലുകൾ താരാട്ടുപോലെ കാതിൽ തലോടി. അനിർവചനീയവും മാസ്മരികവുമായ മായക്കാഴ്ചകൾ ഒരുതരം ഉന്മാദാവസ്ഥയിലൂടെ ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോയി.

ട്ടിക്കുന്നിറങ്ങി കൊടുംവളവ് തിരിഞ്ഞപ്പോൾ അകലെ മലമുകളിൽ മലയംപ്പെട്ടി കോളനിയിലെ വെളിച്ചപ്പൊട്ട് കണ്ടു. അധികം താമസിയാതെ ഞങ്ങൾ കുടിയിലേക്കുള്ള അവസാന കയറ്റവും കയറി. കോളനിയുടെ അതിരിലൂടെ ഒഴുകുന്ന കൈത്തോടുംകടന്ന് കുടിയിൽ എത്തി. സമൃദ്ധമായി ലഭിക്കുന്ന ഈറ്റകൾ കൊണ്ടാണാ മുതുവാക്കുടിലുകൾ കെട്ടിയുണ്ടാക്കുന്നത്.

നീളമേറിയ ഈറ്റയിലകൾ നിരനിരയായി കോർത്തുവച്ച് ഉണ്ടാക്കുന്ന കുടിലുകൾ  കലാസൃഷ്ടിയാണ്. ചിന്നന്റെ കുടിലിനു ചുറ്റും കോളനിയിലെ മിക്കവാറും എല്ലാവരും തന്നെയുണ്ടായിരുന്നു. കുടിലിനകത്തുനിന്നും മല്ലിയുടെ ദീനതയാർന്ന തേങ്ങലുകൾ കേൾക്കാമായിരുന്നു.

ഡോക്ടറും ചിന്നനും കൂടി കുടിലിനകത്തേക്ക് കയറാൻ തയ്യാറെടുത്തു. പെട്ടെന്ന് അവിടെകൂടി നിന്നിരുന്ന മുതുവാസ്ത്രീകൾ കുടിലിന്റെ മറവിലേക്ക് ഓടിമാറി. രണ്ട് മൂന്ന് പാട്ടികൾ (പ്രായംചെന്ന മുതുവാസ്ത്രീകൾ) ഡോക്ടറെ തടഞ്ഞു. അവർക്കുമാത്രം അറിയാവുന്ന പ്രത്യേക ഭാഷയിൽ രോഷംകൊണ്ടു.

കുടിലിനകത്തുനിന്നും വ്യക്തമാവാത്ത പ്രതിഷേധ സ്വരങ്ങളും ഉയർന്നു. എന്താണ് സംഭവിക്കുന്നത് എന്ന അമ്പരപ്പോടെ ഡോക്ടർ, ചിന്നനെയും എന്നെയും മാറിമാറി നോക്കി. ഡോക്ടറെ അകത്തുകടത്താൻ അവർ തയ്യാറല്ല. അന്യപുരുഷൻമാർക്കുമുന്നിൽ മുതുവാസ്ത്രീകൾ നേർക്കുനേർ വരാറില്ല.

മല്ലിയാണ് ശക്തമായ എതിർ സ്വരമുയർത്തിയെന്നത് ഞങ്ങളിൽ നിരാശയും ദേഷ്യവും ഉളവാക്കി. അലംഘനീയമായ ഗോത്രസംസ്കൃതിയുടെ കാവലാളാണ് താനെന്ന തിരിച്ചറിവോടെ നിസ്സംഗനായി മൂപ്പൻ നിശ്ശബ്ദത പാലിച്ചു.

“ഇത് നേരത്തെ അറിയാമായിരുന്നെങ്കിൽ എന്തിനാ ഞങ്ങളെ ഇത്ര കഷ്ടപ്പെട്ട് വിളിച്ചുകൊണ്ടുവന്നത്”? ഞാൻ ചിന്നനോട് കയർത്തു.
“സാറെ, മല്ലിയോട് എല്ലാം പറഞ്ഞ് സമ്മതിപ്പിച്ചിരുന്നതാ, ആ പാട്ടിമാര് പറഞ്ഞ് മാറ്റീതാ”.

അടർക്കളത്തിൽ ആയുധം നഷ്ടപ്പെട്ട് ചകിതനായി നിൽക്കുന്ന പടയാളിയെപ്പോലെ ചിന്നൻ നിസ്സഹായനായി ഞങ്ങളെ നോക്കി. ഡോക്ടർ അകത്ത് കടന്നാൽ കോളനി മുഴുവൻ അവരെ ഒറ്റപ്പെടുത്തി പുറത്താക്കും. അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ എന്തുചെയ്യണമെന്നറിയാതെ ഞാനും സുരേഷും സ്തംഭിച്ചു.

ഞങ്ങൾ കുടിലിന്റെ വശത്തേക്ക് മാറിനിന്നു. മങ്ങിയ നിലാവെട്ടത്തിൽ ചിന്നന്റെ ഈറ്റകുടിൽ ഒരു പ്രേതഭവനം പോലെ തോന്നിച്ചു. അപ്പോഴാണ് ഇരുണ്ട നിറത്തോടെ ഒരു പാമ്പ് സുരേഷിന്റെ കാൽചുവട്ടിലേക്ക് സാവധാനം ഇഴഞ്ഞെത്തുന്നപോലെ തോന്നിയത്‌  . ചാടി മാറി. ടോർച്ചിന്റെ വെട്ടത്തിൽ തെളിഞ്ഞ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ചു. അത് പാമ്പായിരുന്നില്ല. കുടിലിനകത്തു നിന്നും പുറത്തേക്ക് ഒഴുകി വന്ന ചോരയായിരുന്നു.

“വലിയ ബ്ലീഡിംഗ് ഉണ്ട്. അത് ഉടനെ നിർത്തിയില്ലെങ്കിൽ അപകടമാണ്.” സുരേഷിന്റെ ആകുലമായ വാക്കുകൾക്ക് പക്ഷേ ആർക്കും ഉത്തരമുണ്ടായില്ല. സമയം അരിച്ചരിച്ച് നീങ്ങി. ബ്ലീഡിംഗ് നിർത്തുന്നതിനായി എന്ത്ചെയ്യണമെന്ന് സുരേഷ് കുടിലിന് പുറത്ത് നിന്ന് ഉറക്കെ  പറഞ്ഞു. പഞ്ഞിയും വേദനസംഹാരികളും ചിന്നൻ വശം കുടിലിനകത്തേക്ക് കൈമാറി. കുടിലിനകത്തു നിന്നും പാട്ടിമാരുടെ അവ്യക്ത സ്വരങ്ങൾ ഉയർന്നു.

അനിശ്ചിതതത്വത്തിന്റെ മുൾമുനയിലൂടെ നിമിഷങ്ങൾ കൊഴിഞ്ഞുവീണു. ആതുരമായ ഒരിടവേളയെ കീറിമുറിച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കുടിലിനകത്തുനിന്നും ഉയർന്നു. ചുറ്റും നിന്നിരുന്നവരുടെ മുഖത്ത് നിലാപുഞ്ചിരി തെളിഞ്ഞു. സുരേഷ് പക്ഷേ ആശങ്കാകുലനായിരുന്നു. പ്രതീക്ഷിച്ചപോലെ സംഭവിച്ചിരിക്കുന്നു. മല്ലിപോയി.

“കുഞ്ഞിനെ രക്ഷിക്കണം. അതിന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റണം”.
സുരേഷിന്റെ സ്വരം അല്പം കടുത്തതായി. ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു. പക്ഷേ മൂപ്പനും ചിന്നനും യോജിച്ചില്ല. ആശുപത്രിയിൽ പോകാൻ അവർക്കാർക്കും സമ്മതമല്ലായിരുന്നു.

കുഞ്ഞുങ്ങളുള്ള മുതുവാസ്ത്രീകൾ കുടിയിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം അവർ ഏറ്റെടുക്കാം എന്ന് ഉറപ്പ് നൽകി. പുലരാൻ അധികം സമയം ഉണ്ടായിരുന്നില്ല. മൂപ്പന്റെ കുടിലിൽ കിടന്ന്‌ തെല്ലൊന്ന് മയങ്ങി. വെളിച്ചം പരക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾതിരിച്ചുനടന്നു.

ചിന്നൻ കുടിലിനുപുറത്തേക്ക് കൊണ്ടുവന്ന വാടിയ കാട്ടുകദളിപ്പൂപോലെയുള്ള കുഞ്ഞിനെ സുരേഷ് പരിശോധിച്ചു. കുഞ്ഞിനെ എങ്ങനെ നോക്കണം എന്നതിന്റെ ചെറിയ ക്ലാസ്സും കൊടുത്തു. മൂപ്പനോടും ചിന്നനോടും യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഞങ്ങൾക്ക് കൂട്ട് വന്ന മല്ലനും പൊന്നനും തിരിച്ചുപോകുമ്പോൾ കുറെ പാൽപ്പൊടിയും മറ്റ് പോഷകാഹാര മരുന്നുകളും വാങ്ങിക്കൊടുത്തുവിട്ടു. കുഞ്ഞിന്റെ വിശേഷങ്ങൾ രണ്ട് ദിവസം കഴിഞ്ഞുവന്ന് പറയാൻ മൂപ്പനെ ചുമതലപ്പെടുത്തി.

നാലാംനാളിലാണ്‌  മൂപ്പൻ നാട്ടിലേക്കിറങ്ങി വന്നത്. കുഞ്ഞ് സുഖമായിരിക്കുന്നു എന്നറിയിച്ചു. അതുകേട്ടപ്പോൾ സന്തോഷം  തോന്നി. മാരന്റെ പെണ്ണ് നീലിയാണ് കുഞ്ഞിനെ പ്രധാനമായും നോക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് ഓഫീസിൽവന്ന ചിന്നൻ സന്തോഷവാനായിരുന്നു. “കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവരൂ നമുക്ക് വിശദമായി പരിശോധിക്കാം”. സുരേഷിന്റെ വാക്കുകൾക്ക് പക്ഷേ ഒരു ചെറുചിരിയിൽ ചിന്നൻ മറുപടി ഒതുക്കി. മാസങ്ങൾ കടന്ന് പോയി. പയ്യെ പയ്യെ കുഞ്ഞിന്റെ വിശേഷങ്ങൾ വാർത്തയല്ലാതായി.

മൂന്ന് മാസത്തിനൊടുവിലൊരു ദിവസം ക്വാർട്ടേഴ്സിൽ വന്ന മൂപ്പൻ പറഞ്ഞു. “കുട്ടി നല്ല ഉസാറാണ് ചാറേ, ഇപ്പം ചിരിക്കണൊണ്ട്”. മനസ്സിലൊരു കുളിർമഴ പെയ്തു. പിന്നെയും ഒരു മാസത്തിനുശേഷമാണ്‌  ആ കോളനിയിലേക്ക് പോയത്.  നാലുനാൾ നിർത്താതെ പെയ്ത മഴക്കൊടുവിലൊരുദിവസമായിരുന്നു. നനഞ്ഞൊലിച്ച് അവശരായാണ് മലയംപ്പെട്ടികോളനിയിലേക്കുള്ള കയറ്റം കയറിയത്.

മൂന്ന് മാസത്തിനൊടുവിലൊരു ദിവസം ക്വാർട്ടേഴ്സിൽ വന്ന മൂപ്പൻ പറഞ്ഞു. “കുട്ടി നല്ല ഉസാറാണ് ചാറേ, ഇപ്പം ചിരിക്കണൊണ്ട്”. മനസ്സിലൊരു കുളിർമഴ പെയ്തു. പിന്നെയും ഒരു മാസത്തിനുശേഷമാണ്‌  ആ കോളനിയിലേക്ക് പോയത്.  നാലുനാൾ നിർത്താതെ പെയ്ത മഴക്കൊടുവിലൊരുദിവസമായിരുന്നു. നനഞ്ഞൊലിച്ച് അവശരായാണ് മലയംപ്പെട്ടികോളനിയിലേക്കുള്ള കയറ്റം കയറിയത്. അപ്പോൾ നിരപ്പിൽകുടിയിലെ മിക്കവരും  തടിച്ചുകൂടി നിൽപ്പുണ്ട്‌. ദൂരക്കാഴ്ചയിൽ കാഞ്ചിയപ്പൻ കിളയ്‌ക്കുന്നപോലെ തോന്നി.  ഏതെങ്കിലും ചെടി നടാനായിരിക്കുമെന്നാണ്‌ കരുതിയത്‌. ആൾക്കൂട്ടത്തിലേക്ക് നടന്നടുത്ത് ചെറുചിരിയോടെയാണ്‌ തിരക്കിയത്‌.
“എന്താമൂപ്പാ വല്ല സേവനവാരോ മറ്റോ ആണോ”?

ഒരു കൊച്ചുമൺകൂനയുടെ നടുവിലായി അപ്പോൾ നട്ട ഒരു കുഞ്ഞുവാഴത്തൈയുടെ മൂട്ടിലേക്ക് വെട്ടിയിട്ട പച്ചമണ്ണ് മൺവെട്ടിയുടെ മാടുകൊണ്ടമർത്തി, തന്റെ സ്വതഃസിദ്ധമായ നിസ്സംഗതയോടെ കാഞ്ചിയപ്പൻ പറഞ്ഞു. “അത് ചത്തു ചാറെ, തൂറ്റലുപിടിച്ച്‌”. കുറച്ച്മാറി ഒരു കരിമരുതിൽ ചാരി ചിന്നൻ നിന്നിരുന്നു.അകലെ താഴ്വാരത്തിലപ്പോൾ  ഒരു മലമുഴക്കിയുടെ ദീനവിലാപം മുഴങ്ങി .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top