ഫോർമുല വൺ; ഓസ്‌ട്രേലിയയിലെ നഷ്ടം ചൈനയിൽ നേടി ഓസ്‌കാർ പിയാസ്‌ട്രി

ഓസ്കാർ പിയാസ്ട്രി. PHOTO: Facebook/Formula 1
ഷാങ്‌ഹായ്: ചൈനീസ് ഗ്രാൻ പ്രീ കാറോട്ട മത്സരത്തിൽ മക്‌ലാറന്റെ ഓസ്‌കാർ പിയാസ്‌ട്രിക്ക് ജയം. ഒരു മണിക്കൂർ 30 മിനുട്ട് 55 സെക്കൻഡ് കൊണ്ടാണ് പിയാസ്ട്രി റേസ് പൂർത്തിയാക്കിയത്. കഴിഞ്ഞ ആഴ്‌ച സീസണിലെ ആദ്യ ഗ്രാൻ പ്രീയായ ഓസ്‌ട്രേലിയൻ ജിപിയിൽ പിയാസ്‌ട്രിക്ക് ഒൻപതാമത് എത്താനേ സാധിച്ചിരുന്നുള്ളൂ. റേസിന്റെ തുടക്കത്തിൽ മുന്നിലുണ്ടായിരുന്നെങ്കിലും പിന്നീട് കാർ സർക്യൂട്ടിന് പുറത്തേക്ക് പോയത് ഡ്രൈവർക്ക് തിരിച്ചടിയാവുകയായിരുന്നു.
മക്‌ലാറന്റെ തന്നെ ലാൻഡോ നോറിസാണ് റേസിൽ രണ്ടാമതെത്തിയത്. മെഴ്‌സിഡസിന്റെ ജോർജ് റസൽ മൂന്നാമത് ഫിനിഷ് ചെയ്തപ്പോൾ, റെഡ് ബുള്ളിന്റെ മാക്‌സ് വെസ്‌താപ്പൻ നാലാമതായി.
’ഈ വിജയം കഴിഞ്ഞാഴ്‌ച തന്നെ എനിക്ക് അർഹതപ്പെട്ടതായിരുന്നു, ഞാൻ ഒരുപാട് സന്തോഷവനാണ്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ടീം മികച്ച പ്രകടനം കാഴചവച്ചു. വളരെ സന്തോഷവനാണ്’– മത്സരശേഷം ഓസ്‌കാർ പിയാസ്ട്രി പറഞ്ഞു.
തുടർച്ചയായ രണ്ട് പോഡിയം ഫിനിഷുകളോടെ ലാൻഡോ നോറിസാണ് ഫോർമുല വൺ ടേബിളിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ലാൻഡോയ്‌ക്ക് 44 പോയിന്റുണ്ട്. 36 പോയിന്റോടെ നിലവിലെ ചാമ്പ്യനായ മാക്‌സ് വെസ്തതപ്പൻ രണ്ടാമതാണ്. 35 പോയിന്റോടെ ജോർജ് റസൽ മൂന്നാമതും 34 പോയിന്റോടെ ഓസ്‌കാർ പിയാസ്‌ട്രി നാലാമതും നിലയുറപ്പിക്കുന്നു. മക്‌ലാറൻ തന്നെയാണ് കൺസ്‌ട്രക്കർമാരുടെ പട്ടികയിൽ മുന്നിൽ.
0 comments