പാരിസ് ഡയമണ്ട് ലീഗ്; എട്ടുവർഷത്തിന് ശേഷം തിരിച്ചെത്തി നീരജ് ചോപ്ര

നീരജ് ചോപ്ര
പാരിസ്: എട്ടുവർഷത്തിന് ശേഷം പാരിസ് ഡയമണ്ട് ലീഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നീരജ് ചോപ്ര തിരിച്ചെത്തി. ജൂൺ 20 ന് സ്റ്റേഡ് സെബാസ്റ്റ്യൻ-ചാർലിറ്റിയിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിൽ നിലവിലെ ജാവലിൻ ത്രോ ലോക ചാമ്പ്യൻ നീരജ് ചോപ്ര പങ്കെടുക്കും.
സീസണിലെ ആദ്യ പ്രധാന കിരീടം ലക്ഷ്യമിട്ടാണ് താരം ഇറങ്ങുന്നത്. എട്ട് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര തിരിച്ചെത്തുന്നത്. ഒളിമ്പിക് ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം കഴിഞ്ഞ വർഷം പാരിസ് ഡിഎൽ ഒഴിവാക്കിയിരുന്നു. 2017 ൽ പാരിസ് ഡിഎല്ലിൽ അവസാനമായി മത്സരിച്ച അദ്ദേഹം 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനം നേടിയിരുന്നു. പാരീസ് ഡിഎല്ലിന്റെ സംഘാടകർ ഇതുവരെ മത്സരാർഥികളുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. നീരജ് ചോപ്രയും രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സും മത്സരാർഥികളിൽ ഉൾപ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദോഹ ഡയമണ്ട് ലീഗിൽ പുരുഷവിഭാഗം ജാവലിൻ ത്രോയിൽ 90.23 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര രണ്ടാംസ്ഥാനം നേടിയിരുന്നു. 11 പേർ പങ്കെടുത്ത മത്സരത്തിൽ മൂന്നാമത്തെ ത്രോയിലാണ് 90 മീറ്റർ മറികടന്ന് താരം ദേശീയ റെക്കോഡ് പുതുക്കിയത്.
പാരിസ് ഡിഎൽ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം, ജൂൺ 24 ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടക്കുന്ന ഗോൾഡൻ സ്പൈക്ക് 2025 അത്‌ലറ്റിക്‌സ് മീറ്റിലും ചോപ്ര മത്സരിക്കും.
0 comments