നാട്ടിക സ്‌കൂളിൽ പുതിയ സിന്തറ്റിക് ട്രാക്ക്

തൃപ്രയാർ (തൃശൂർ) : ആൻസി സോജനെന്ന രാജ്യാന്തര അത്‌ലീറ്റിനെ വളർത്തിയ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്‌കൂളിന് സർക്കാരിന്റെ സമ്മാനം. മൂന്ന് കോടി രൂപ ചെലവിൽ പുതിയ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്‌തു. എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് നിർമിക്കുന്ന പതിനാലാമത്തെ സിന്തറ്റിക് ട്രാക്കാണ്.
ആറ് ലൈനുകൾ ഉള്ള 200 മീറ്റർ ട്രാക്കാണ് നിർമിച്ചത്. പന്തുകളിക്കാൻ മൈതാനം പുല്ലുപിടിപ്പിച്ച് മനോഹരമാക്കി. ലോങ്‌ജമ്പ് പിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കായികതാരങ്ങൾക്ക് ഡ്രെസിങ് റൂമുമുണ്ട്. നാട്ടിക എംഎൽഎയായിരുന്ന ഗീത ഗോപി മുൻകൈ എടുത്ത് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. തുടർന്ന് സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കൂടുതൽ തുക വകയിരുത്തി പദ്ധതി യാഥാർഥ്യമാക്കിയത്.
സ്‌കൂൾ മൈതാനങ്ങൾ നവീകരിക്കാൻ സർക്കാർ 132 കോടി ചെലവിട്ടു. അതിൽ 36 എണ്ണം പൂർത്തിയായി. 36 എണ്ണത്തിൽ നിർമാണം നടക്കുന്നു. കുന്നംകുളത്ത് സർക്കാർ നിർമിച്ച സിന്തറ്റിക് ട്രാക്കിൽ സംസ്ഥാന കായികമേള നടന്നിരുന്നു. സംസ്ഥാന കായികമേളയിൽ അറുപതോളം സ്വർണവും ദേശീയ കായികമേളയിൽ അമ്പതോളം മെഡലുകളും നേടിയ നാട്ടിക സ്‌കൂളിലെ കായികതാരങ്ങളുടെ കുതിപ്പിന് പുതിയ ട്രാക്ക് വഴിയൊരുക്കും. നാല് കിലോമീറ്റർ അകലെയുള്ള വലപ്പാട് സ്‌കൂൾ മൈതാനത്തെയാണ് കുട്ടികൾ ആശ്രയിച്ചിരുന്നത്. അവിടെ ഒരുകോടി രൂപയുടെ നിർമാണപ്രവൃത്തിയും ആരംഭിച്ചു.
0 comments