ഏഴുപേർ മത്സരരംഗത്ത് , വോട്ടെടുപ്പ് നാളെ
ചരിത്രമാകുമോ കോവെൻട്രി ; ഒളിമ്പിക് കമ്മിറ്റി തലപ്പത്ത് ആദ്യ വനിതയെത്തുമോ

image credit olympics.com
ഏതൻസ് : ഒളിമ്പിക്‌സ് നീന്തലിൽ സ്വർണം നേടിയ കിർസ്‌റ്റി കോവെൻട്രി പുതിയ ചരിത്രമെഴുതുമോ? ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്തേക്ക് നാളെ വോട്ടെടുപ്പ് നടക്കും. ഗ്രീസിൽ ഐഒസി യോഗം തുടങ്ങി.
സിംബാബ്‌വേക്കാരിയായ കോവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാകിന് പിൻഗാമിയാകാൻ രംഗത്തുള്ളത്. ലോക അത്‌ലറ്റിക്‌സ് സംഘടനയുടെ പ്രസിഡന്റ് ബ്രിട്ടന്റെ ഓട്ടക്കാരൻ സെബാസ്‌റ്റ്യൻ കോയും മുൻ പ്രസിഡന്റ് അന്റോണിയോ സമരാഞ്ചിന്റെ മകൻ സമരാഞ്ച് ജൂനിയറുമാണ് കോവെൻട്രിക്ക് വെല്ലുവിളി. 109 ഐഒസി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക.
ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണ് നാൽപ്പത്തൊന്നുകാരിയായ കോവെൻട്രി. ആഫ്രിക്കയിൽനിന്നുള്ള ആദ്യ പ്രസിഡന്റ് എന്ന ബഹുമതിയും ലഭിക്കും. രണ്ട് സ്വർണമടക്കം ഏഴ് ഒളിമ്പിക് മെഡലുകളാണ് സമ്പാദ്യം.
സെബാസ്‌റ്റ്യൻ കോയും സാധ്യതാപട്ടികയിൽ മുന്നിലാണ്. 1980, 1984 ഒളിമ്പിക്‌സുകളിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരമാണ് ഇപ്പോൾ 68 വയസ്സുള്ള സെബാസ്‌റ്റ്യൻ കോ.
ജോർദാൻ രാജകുമാരൻ ഫൈസൽ അൽ ഹുസൈന, ഡേവിഡ് ലപ്പാർട്ടിയന്റ് (ഫ്രാൻസ്), മോറിനറി വാട്ടനബെ (ജപ്പാൻ), ജൊഹാൻ എലിയാഷ് (സ്വീഡൻ) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. ജൂൺ 23ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും. എട്ട് വർഷമാണ് കാലാവധി. നാല് വർഷംകൂടി തുടരാൻ വ്യവസ്ഥയുണ്ട്. ജർമൻകാരനായ നിലവിലെ പ്രസിഡന്റ് തോമസ് ബാക് 12 വർഷമായി ഈ പദവിയിൽ തുടരുന്നു.
ഇന്ത്യയെ സംബന്ധിച്ച് പുതിയ പ്രസിഡന്റ് ആരെന്നത് നിർണായകമാണ്. 2036 ഒളിമ്പിക്‌സിനായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രസിഡന്റിന്റെ തീരുമാനം നിർണായകമാകും.
0 comments