തലപ്പത്ത്‌ ആഫ്രിക്കൻ 
സുവർണറാണി

Kirsty Coventry

image credit olympics.com

വെബ് ഡെസ്ക്

Published on Mar 22, 2025, 12:30 AM | 1 min read


ഏതൻസ്‌ : ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയുടെ (ഐഒസി) 131 വർഷത്തെ ചരിത്രമാണ്‌ നീന്തൽതാരമായ കിർസ്‌റ്റി കോവെൻട്രി തിരുത്തിയത്‌. പ്രസിഡന്റാകുന്ന പ്രഥമ വനിതയാണ്‌. ആഫ്രിക്കയിൽനിന്ന്‌ ഈ പദവിയിൽ ഒരാളെത്തുന്നതും ആദ്യം. 41 വയസ്സുള്ള സിംബാബ്‌വേക്കാരി അഞ്ച്‌ ഒളിമ്പിക്‌സിൽ പങ്കെടുത്ത്‌ രണ്ട്‌ സ്വർണമടക്കം ഏഴ്‌ മെഡൽ നേടിയ താരമാണ്‌.


ഏഴ്‌ വർഷമായി സിംബാബ്‌വേയുടെ സ്‌പോർട്‌സ്‌, യുവജന, സാംസ്‌കാരിക മന്ത്രിയാണ്‌. ആഫ്രിക്കയുടെ സ്വർണറാണിയിൽനിന്ന്‌ ഐഒസിയുടെ തലപ്പത്തേക്കുള്ള വളർച്ച അതിവേഗമായിരുന്നു. നീന്തൽക്കുളത്തിൽ മെഡൽവാരിയ അതേ ആവേശത്തോടെയുള്ള പ്രവർത്തന മികവാണ്‌ നേട്ടമായത്‌. ഏഴുപേർ അണിനിരന്ന വോട്ടെടുപ്പിൽ ആദ്യറൗണ്ടിൽ വിജയം സാധ്യമാകുമെന്ന്‌ ആരും കരുതിയതല്ല.


സ്‌കൂൾ വിദ്യാർഥിയായിരിക്കെയാണ്‌ സിഡ്‌നിയിൽ 2000ൽ നടന്ന ഒളിമ്പിക്‌സിൽ അരങ്ങേറിയത്‌. ആ വർഷം സെമിയിലെത്തി വരവറിയിച്ചു. 2004 എതൻസ്‌ ഒളിമ്പിക്‌സിൽ ഓരോ സർ്വണവും വെള്ളിയും വെങ്കലവുമായി തിളങ്ങി. 2008 ബീജിങ്ങിൽ ഒരു സ്വർണവും നാല്‌ വെള്ളിയും കിട്ടി. ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ സ്വർണവും അഞ്ച്‌ വെള്ളിയുമുണ്ട്‌. 2016 റിയോ ഒളിമ്പിക്‌സോടെ നീന്തൽക്കുളം വിട്ടു. തുടർന്നാണ്‌ ഭരണരംഗത്തേക്ക്‌ ചുവടുറപ്പിച്ചത്‌. ഒളിമ്പിക്‌ കമ്മിറ്റി അംഗമായി തുടരവേ 2018 മുതൽ സ്‌പോർട്‌സ്‌ മന്ത്രിസ്ഥാനത്തെത്തി. മുൻ പ്രസിഡന്റ്‌ അന്റോണിയോ സമരാഞ്ചിന്റെ മകൻ സമരാഞ്ച്‌ ജൂനിയറിനെയും ലോക അത്‌ലറ്റിക്‌സ്‌ സംഘടനയുടെ പ്രസിഡന്റ്‌ ബ്രിട്ടന്റെ ഓട്ടക്കാരൻ സെബാസ്‌റ്റ്യൻ കോയെയും മറികടന്നാണ്‌ വിജയം. ജുൺ 24ന്‌ നിലവിലെ പ്രസിഡന്റ്‌ തോമസ്‌ ബാകിന്റെ പിൻഗാമിയായി ചുമതലയേൽക്കും.


2004 ഏതൻസ്‌ ഒളിമ്പിക്‌സ്‌

200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്‌ സ്വർണം, 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്‌ വെള്ളി, 200 മീറ്റർ ഇൻഡിവിഡ്വൽ മെഡ്‌ലെ വെങ്കലം.


2008 ബീജിങ്

200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്‌ സ്വർണം, 200 മീറ്റർ ഇൻഡിവിഡ്വൽ മെഡ്‌ലെ വെള്ളി, 400 മീറ്റർ ഇൻഡിവിഡ്വൽ മെഡ്‌ലെ വെള്ളി, 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്‌ വെള്ളി.



deshabhimani section

Related News

0 comments
Sort by

Home