ചരിത്രം 
കോവെൻട്രി

Kirsty Coventry

image credit olympics.com

വെബ് ഡെസ്ക്

Published on Mar 21, 2025, 01:00 AM | 1 min read


ഏതൻസ്‌ : ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത്‌ ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. സിംബാബ്‌വേയുടെ മുൻ ഒളിമ്പിക്‌സ്‌ ജേത്രിയായ നീന്തൽതാരം കിർസ്‌റ്റി കൊവെൻട്രി വോട്ടെടുപ്പിൽ ആദ്യറൗണ്ടിൽ വിജയിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കക്കാരികൂടിയാണ്‌. സിംബാബ്‌വേയിലെ കായികമന്ത്രിയായിരുന്ന കോവെൻട്രി അടക്കം ഏഴുപേരാണ്‌ തോമസ്‌ ബാകിന്‌ പിൻഗാമിയാകാൻ രംഗത്തുണ്ടായിരുന്നത്‌.


സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന ലോക അത്‌ലറ്റിക്‌സ്‌ സംഘടനയുടെ പ്രസിഡന്റ്‌ ബ്രിട്ടന്റെ ഓട്ടക്കാരൻ സെബാസ്‌റ്റ്യൻ കോയെയും മുൻ പ്രസിഡന്റ്‌ അന്റോണിയോ സമരാഞ്ചിന്റെ മകൻ സമരാഞ്ച്‌ ജൂനിയറിനെയും മറികടന്നാണ്‌ നാൽപ്പത്തൊന്നുകാരിയുടെ വിജയം. 109 ഐഒസി അംഗങ്ങളിൽ 97 പേർ വോട്ടുചെയ്‌തു. കോവെൻട്രിക്ക്‌ 49 വോട്ട്‌ കിട്ടി. സമറാഞ്ചിന്‌ 28. ഐഒസിയുടെ പത്താമത്തെ പ്രസിഡന്റാണ്‌. ഏറ്റവും പ്രായകുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും സ്വന്തമാക്കി. നീന്തലിൽ രണ്ട്‌ സ്വർണമടക്കം ഏഴ്‌ ഒളിമ്പിക്‌ മെഡലുകളാണ്‌ സമ്പാദ്യം. 2004, 2008 ഒളിമ്പിക്‌സുകളിൽ 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലാണ്‌ സ്വർണം. ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ സ്വർണവും അഞ്ച്‌ വെള്ളിയും നേടി.


ജോർദാൻ രാജകുമാരൻ ഫൈസൽ അൽ ഹുസൈൻ, ഡേവിഡ്‌ ലപ്പാർട്ടിയന്റ്‌ (ഫ്രാൻസ്‌), മോറിനറി വാട്ടനബെ (ജപ്പാൻ), ജൊഹാൻ എലിയാഷ്‌ (സ്വീഡൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ജൂൺ 23ന്‌ പുതിയ പ്രസിഡന്റ്‌ ചുമതലയേൽക്കും. എട്ട്‌ വർഷമാണ്‌ കാലാവധി. നാല്‌ വർഷംകൂടി തുടരാൻ വ്യവസ്ഥയുണ്ട്‌. ജർമൻകാരനായ നിലവിലെ പ്രസിഡന്റ്‌ തോമസ്‌ ബാക്‌ 12 വർഷമായി ഈ പദവിയിൽ തുടരുന്നു.




deshabhimani section

Related News

0 comments
Sort by

Home