കായികനയം പ്രാവർത്തികമാകുന്നു കായികം കുതിക്കും ഇടവേളയില്ലാതെ

SPORTS
avatar
എസ് കിരൺബാബു

Published on Mar 24, 2025, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികമേഖല അടിമുടി പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ സമഗ്രപദ്ധതി തയ്യാറാക്കുന്നു. ഇതിനായുള്ള കേരള സ്പോർട്സ് ആക്ട് ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി കായികതാരങ്ങളെ കണ്ടെത്തുന്നതിനും രാജ്യാന്തരമത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പരിശീലനം നൽകുന്നതിനുമായി സംസ്ഥാനത്ത് ദേശീയ അക്കാദമികളുടെ ശൃംഖല സ്ഥാപിക്കും. രാജ്യാന്തര പരിശീലകരുടെയും വിദഗ്ധരുടെയും സേവനം ലഭ്യമാക്കും. തെരഞ്ഞെടുത്ത താരങ്ങളെ തുടർച്ചയായി വിലയിരുത്താൻ തുടർ മൂല്യനിർണയവും നടത്തും. പരിശീലകരുടെ പ്രകടനം വിലയിരുത്താനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും.


സംസ്ഥാനത്തിന്റെ മെഡൽസാധ്യത അനുസരിച്ച് കായിക ഇനങ്ങളുടെ മുൻഗണനാപട്ടിക തയ്യാറാക്കിയാകും പരിശീലനം. സംസ്ഥാന സർക്കാർ രൂപംനൽകിയ കായികനയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി സ്‌പോർട്‌സ് കൗൺസിലിന്റെയും സ്‌പോർട്‌സ് ഡയറക്ടറേറ്റിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കായികതാരങ്ങളുടെ മികവും അഭിരുചിയും വിലയിരുത്താൻ സ്‌പോർട്‌സ് ടാലന്റ് ഐഡന്റിഫിക്കേഷൻ പ്രോട്ടോകോൾ എന്ന പേരിൽ പുതിയ പ്രക്രിയയും നടപ്പാക്കും.


കായികപ്രതിഭകളെ കണ്ടെത്തൽ, സമഗ്രപരിശോധന, ശാരീരികവും മാനസികവുമായ തുടർച്ചയായ വിലയിരുത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്ര പ്രക്രിയയാണിത്. സ്‌പോട്‌സ് താരങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാനും പ്രത്യേകം പരാതിപരിഹാര സംവിധാനം നിലവിൽവരും.

ലോക പ്രശസ്തമായ അക്കാദമികളിലെ നിക്ഷേപം ശേഖരിച്ച് എലൈറ്റ് അക്കാദമികൾ രൂപീകരിക്കുന്നതും ആലോചിക്കുന്നുണ്ട്. എല്ലാ വർഷവും സാമ്പത്തിക സ്‌പോർട്‌സ് സർവേയും നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്‌പോർട്‌സ് കേരള സ്‌കൂൾ ഗെയിംസ്, ‌‌സ്‌പോർട്‌സ് കേരള സർവകലാശാലാ ഗെയിംസ് എന്നിവയും സംഘടിപ്പിക്കും.


പ്രാദേശികതലത്തിലും 
സ്‌പോർട്‌സ് കൗൺസിൽ


സംസ്ഥാനത്ത് പ്രാദേശികതലത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കാൻ 14 ജില്ലയിലായി 820 പഞ്ചായത്ത് സ്പോർ‌ട്സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം– 62, കൊല്ലം– 40, പത്തനംതിട്ട-53, ആലപ്പുഴ- 65, കോട്ടയം- 61, ഇടുക്കി- 49, എറണാകുളം- 55, തൃശൂർ– 84, പാലക്കാട്- 87, മലപ്പുറം- 81, കോഴിക്കോട്– 70, വയനാട്- 23, കണ്ണൂർ- 71, കാസർകോട്-–-19 എന്നിങ്ങനെയാണ്‌ കണക്ക്‌. കേരള കായികരംഗത്ത് വലിയ സ്വാധീനമുള്ള സ്‌പോർട്‌സ് കൗൺസിലിന് കൂടുതൽ അധികാരങ്ങളും അവകാശങ്ങളും അനുവദിക്കാൻ കഴിയുന്ന ഭേദഗതികളും ബില്ലിലുണ്ട്.



deshabhimani section

Related News

0 comments
Sort by

Home