ഇടിക്കൂട്ടിൽ ഇനി മുഴക്കമില്ല ; ബോക്‌സിങ് ഇതിഹാസം ജോർജ് ഫോർമാൻ വിടവാങ്ങി

1974ൽ നടന്ന പ്രശസ്--തമായ ബോക്--സിങ് മത്സരത്തിൽ ജോർജ് ഫോർമാനെ മുഹമ്മദ് അലി ഇടിച്ചിടുന്നു
ന്യൂയോർക്ക് : ഇടിക്കൂട്ടിൽ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കിയ അമേരിക്കൻ ബോക്‌സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. രണ്ടുതവണ ലോക ഹെവിവെയ്‌റ്റ് ബോക്‌സിങ് കിരീടം നേടി. 46–-ാം വയസ്സിലാണ് രണ്ടാമത്തെ കിരീടം. ഈ നേട്ടം കൈവരിക്കുന്ന പ്രായംകൂടിയ താരമായി. 1968ൽ ഒളിമ്പിക്‌സ് സ്വർണം നേടുമ്പോൾ 19 വയസ്സായിരുന്നു. ഫോർമാനും മുഹമ്മദലിയും തമ്മിൽ 1974ൽ നടന്ന വിഖ്യാതമായ പോരാട്ടം ‘കാട്ടിലെ മുഴക്കം’ എന്ന പേരിൽ പ്രശസ്‌തമായി. എട്ടു റൗണ്ടിനൊടുവിൽ മുഹമ്മദലി ഫോർമാനെ വീഴ്‌ത്തി. 60,000 പേർ കാണികളായ മത്സരം അക്കാലത്ത് ഏറ്റവും കൂടുതൽപേർ ടെലിവിഷനിൽ കണ്ട മത്സരവുമായിരുന്നു. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാന സ്‌പോർട്‌സ് മത്സരമെന്നും ഇതിനെ വിലയിരുത്തപ്പെട്ടു.
ടെക്‌സാസിൽ 1949ൽ ജനിച്ച ഫോർമാൻ കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നത്. അമ്മയ്‌ക്കും ആറ് സഹോദരങ്ങൾക്കുമൊപ്പം ഹൂസ്‌റ്റണിലേക്ക് താമസംമാറി. കൊച്ചു ഫോർമാന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. തെരുവായിരുന്നു പിന്നീട് ജീവിതം. അവിടെനിന്ന് പൊരുതിക്കയറി വരികയായിരുന്നു. 16–-ാംവയസ്സിൽ ജന്മനാടായ ടെക്‌സാസിലേക്ക് തിരിച്ചുപോയതാണ് ജീവിതം മാറ്റിമറിച്ചത്. ബോക്‌സറായി വളർന്ന ആറടി നാലിഞ്ചുകാരൻ 19–-ാംവയസ്സിൽ ഒളിമ്പിക്‌സ് വേദിയിലെത്തി. 1968ൽ മെക്‌സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്‌സിൽ സ്വർണവുമായി തിളങ്ങി.
‘ബിഗ് ജോർജ്’ എന്ന പേരിൽ ഇടിക്കൂട്ടിൽ ഏകപക്ഷീയ വിജയങ്ങൾ നേടുന്ന ബോക്‌സറെയാണ് പിന്നീട് കണ്ടത്. 1973ൽ ജമൈക്കയിലെ കിങ്സ്‌റ്റണിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യനായ ജോ ഫ്രേസിയറെ തോൽപ്പിച്ച് ആദ്യമായി ലോക കിരീടം സ്വന്തമാക്കി. 1977ൽ ജിമ്മി യങ്ങിനോട് തോറ്റതോടെ വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ, പത്തുവർഷത്തിനുശേഷം ഇടിക്കൂട്ടിൽ തിരിച്ചെത്തി. 1994ൽ 46 വയസ്സുള്ളപ്പോൾ ഇരുപത്താറുകാരനായ മൈക്കൽ മൂറെയെ കീഴടക്കി ലോക ചാമ്പ്യനായി. 1997ൽ അവസാന മത്സരത്തിനിറങ്ങി. 81 മത്സരങ്ങൾക്ക് ഇറങ്ങിയതിൽ 76 വിജയങ്ങൾ സ്വന്തമാക്കി. അഞ്ച് തോൽവിമാത്രം.
കളം വിട്ടശേഷം അറിയപ്പെടുന്ന സംരംഭകനായും രംഗത്തുണ്ടായിരുന്നു. അതിനിടെ ‘ബൈ ജോർജ്’ എന്ന ആത്മകഥയെഴുതി. അഞ്ചുതവണ വിവാഹിതനായി. മേരി ജോൺ മാർട്ടെല്ലിയാണ് അവസാനകാലത്ത് കൂടെയുണ്ടായിരുന്നത്. അഞ്ച് ആൺമക്കളും ഏഴ് പെൺമക്കളുമുണ്ടായിരുന്നു.
0 comments