ഫോർമുല വൺ
വേഗതയെ വെല്ലുവിളിച്ച 75 വർഷങ്ങൾ

PHOTO: Facebook/F1

അക്ഷയ് കെ പി
Published on Mar 16, 2025, 04:22 PM | 2 min read
ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള കായിക വിനോദമായ ഫോർമുല വൺ കാറോട്ട മത്സരത്തിന് 75 വയസിന്റെ കുതിപ്പ്. 2025ലെ പതിപ്പിന് ഓസ്ട്രേലിയയിലെ ആൽബർട്ട് പാർക്ക് സർക്യൂട്ടിൽ കൊടി ഉയർന്നതോടെ ഫോർമുല വൺ വജ്ര ജൂബിലി മറികടക്കുകയാണ്.
1950ൽ ആരംഭിച്ചത് മുതൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായികവിനോദങ്ങളിൽ ഒന്നാണ് ഫോർമുല വൺ അഥവാ എഫ് വൺ. എൻജിൻ നിർമാതാക്കളുടെ ലോക ചാമ്പ്യൻഷിപ്പും യൂറോപ്യൻ ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പും ചേർന്ന് രണ്ടാം ലോകയുദ്ധത്തിന് ശേഷം വേഗതയുടെ എഫ് വൺ രൂപപ്പെടുകയായിരുന്നു. ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിലായിരുന്നു ആദ്യ റേസ്. മത്സരത്തിൽ ആൽഫാ റോമിയോ കാറിൽ ഗൈസേപ്പേ ഫരിന കിരീടമണിഞ്ഞു.
എഫ് വൺ തുടങ്ങിയ വർഷം മുതൽക്കുതന്നെ മോട്ടോർ സ്‌പോർട്ടിന്റെ ഏറ്റവും ആവേശഭരിതമായ രൂപമായി അത് മാറി. മിന്നൽ വേഗമുള്ള കാറുകളും അത്യാധുനിക സാങ്കേതികവിദ്യയും ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരുമെല്ലാം അണിനിരന്നപ്പോൾ എഫ് വൺ വേഗതയുടെ വിസ്‌മയമായി.
കഴിഞ്ഞ 75 വർഷക്കാലയളവിൽ ജുവാൻ മാനുവൽ ഫാൻജിയോ, നിക്കി ലൗഡാ, അയർട്ടൺ സെന്ന, മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൺ, മാക്‌സ് വെസ്‌തപ്പൻ തുടങ്ങിയ ലോകചാമ്പ്യന്മാർ നിമിഷങ്ങളുടെ വ്യതാസത്തിൽ വേഗകിരീടങ്ങൾ സ്വന്തമാക്കി. അവർ പോഡിയത്തിൽ കയറി നിന്ന് ഷാമ്പെയ്‌ൻ ബോട്ടിൽ പൊട്ടിച്ചപ്പോൾ ലോകവും അവരോടൊപ്പം ആർത്തുവിളിച്ചു.
ഫോർമുല വൺ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ മത്സരത്തിന് 1.81 ലക്ഷംകോടി രൂപയുടെ വിപണിമൂല്യമാണുള്ളത്. ഓരോ കൺസ്‌ട്രക്‌ടർമാർക്കും ഓരോ വർഷവും ഏകദേശം 2500 കോടി രൂപയാണ് ചിലവ്.
ഡ്രൈവർമാരുടെ ശമ്പളവും വളരെ വലുതാണ്. നിലവിലെ ചാമ്പ്യനായ വെസ്‌തപ്പന്റെ വാർഷിക ശമ്പളം ഓരോവർഷവും ഏകദേശം 550 കോടി രൂപയെങ്കിലും വരും. അതിശയമില്ല, അവരുടെ മരണവേഗത്തിന്റെ വിലയും കൂടിയാണിത്. ഈ മരണപ്പാച്ചിലിൽ അയർട്ടൻ സെന്നയെ പോലുള്ളവർ ട്രാക്കുകളിൽ മരണത്തെ പുൽകി.
ഓരോ തവണയും പുതുക്കിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോർമുല വൺ മോട്ടോർ സ്‌പോർട്ടിൽ അപരാജിതമായി മുന്നേറുകയാണ്. മൊണോക്കോ മുതൽ സിംഗപ്പൂർ വരെയുള്ള ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ ഫോർമുല വൺ സർക്യൂട്ടുകൾ നീണ്ട് പരന്ന് കിടക്കുന്നു.
ഹൈബ്രിഡ് എഞ്ചിനുകളുടെ വരവ്, മത്സരത്തിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം എന്നിവയിലൂടെ എഫ് വൺ കായിക വിനോദങ്ങളുടെ റാങ്കിങ്ങിൽ മുന്നിൽ ഒന്നാമത് തുടരുകയാണ്. ഫോർമുല വണ്ണിന്റെ വേഗം പോലെ തന്നെ ഒരോ തലമുറയിലും ആരാധകരും കൂടിക്കൊണ്ടിരിക്കുന്നു.
0 comments