നാളെ മുതൽ കാറുകളുടെ ഇരമ്പം; ഫോർമുല വണ്ണിന് തുടക്കമാകുന്നു

PHOTO: Facebook/F1
മെൽബൺ: ഫോർമുല വൺ കാറോട്ട മത്സരത്തിന് നാളെ തുടക്കമാകും. ഓസ്‌ട്രേലിയൻ ഗ്രാൻ പ്രീയോടെയാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. മെൽബൺ ഗ്രാൻ പ്രീ സർക്യൂട്ടിൽ ഇന്ത്യൻ സമയം രാത്രി 9.30 ഓടെയാണ് മത്സരം ആരംഭിക്കുക.
2019ന് ശേഷം ആദ്യമായാണ് ഫോർമുല വണ്ണിന് ഓസ്‌ട്രേലിയയിൽ തുടക്കമാകുന്നത്. അബുദാബിയിൽ ആയിരിക്കും ഈ വർഷത്തെ അവസാന ഗ്രാൻ പ്രീ. ഫാൻകോഡ് ആപ്പ് വഴി ഇന്ത്യയിലെ ആരാധകർക്ക് റേസുകൾ കാണാൻ സാധിക്കും.
ലൂയിസ് ഹാമിൾട്ടൺ മെഴ്‌സിഡസ് വിട്ട് ഫെരാരിയിൽ എത്തിയത് തന്നെയാണ് ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാമിൽട്ടണിന്റെ കൂടുമാറ്റം ഞെട്ടലോടെയായിരുന്നു കായികലോകം വീക്ഷിച്ചതും. 2007ന് ശേഷം വ്യക്തിഗത ലോക ചാമ്പ്യൻഷിപ്പ് നേടാൻ സാധിക്കാത്ത ഫെരാരി ഹാമിൽട്ടണിലൂടെ അതിന് പരിഹാരം കാണാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏഴ് തവണ ലോകചാമ്പ്യനായ ഡ്രൈവറാണ് ഹാമിൽട്ടൺ.
സർക്യൂട്ടിലെ ഹാമിൽട്ടന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ലോകചാമ്പ്യനായ മാക്‌സ് വെസ്‌താപ്പൻ തന്നെയാണ് ഇത്തവണത്തേയും ഫേവറേറ്റ്. തുടർച്ചയായ അഞ്ചാം കിരീടം നേടാൻ വേണ്ടിയാണ് റെഡ് ബുൾ ഡ്രൈവർ ഇക്കുറി തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ചില റേസുകളിൽ വെസ്‌താപ്പൻ പതറിയിരുന്നെങ്കിലും കിരീടം തന്റെ ഷെൽഫിൽ തന്നെ എത്തിക്കുമെന്ന് താരം ആദ്യമേ ഉറപ്പാക്കിയിരുന്നു.
ലാൻഡോ നോറിസ്, ഓസ്‌കാർ പിയാസ്‌ട്രി, ചാൾസ് ലെക്‌റക്, ജോർജ് റസൽ, ഫെർണാണ്ടോ അലൊൻസോ, കാർലോസ് സെയ്‌ൻസ് തുടങ്ങിയ ഡ്രൈവർമാരാണ് മറ്റ് പ്രധാന താരങ്ങൾ.
0 comments