Deshabhimani

മരുന്നടിച്ച്‌ ഇന്ത്യ

World Anti Doping Agency
avatar
Sports Desk

Published on Jun 22, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ കായിക രംഗത്ത്‌ വ്യാപക മരുന്നടിയെന്ന്‌ ലോക ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) റിപ്പോർട്ട്‌. 2023ലെ കണക്കുകൾ പ്രകാരം നിരോധിത മരുന്നുകളുടെ ഉപയോഗം കൂടുതൽ കണ്ടെത്തിയത്‌ ഇന്ത്യൻ കായിക താരങ്ങളിലാണ്‌. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) വാഡയുടെ പട്ടികയിൽ ഒന്നാമത്‌ നിൽക്കുന്നു. 5606 സാമ്പിളുകളാണ്‌ നാഡ പരിശോധിച്ചത്‌. അതിൽ 213 സാമ്പിളുകൾ പോസിറ്റീവായി (3.8 ശതമാനം). ആയിരത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത്‌.


ഇത്‌ രണ്ടാംതവണയാണ്‌ മരുന്നടിക്കാരുടെ എണ്ണം 200 കടക്കുന്നത്‌. 2019ൽ 224 കേസുകളായിരുന്നു. 5.6 ശതമാനം. പരിശോധിച്ചത്‌ 4004 സാമ്പികളുകൾ. 5.6 ശതമാനം പോസിറ്റീവായി. വാഡയുടെ കണക്കുപ്രകാരം 2022ൽ 3865 പരിശോധനകളാണ്‌ നടന്നത്‌. അന്ന്‌ പോസിറ്റീവായത്‌ 3.2 ശതമാനം.


പതിവുപോലെ അത്‌ലറ്റിക്‌സിലാണ്‌ കൂടുതൽ മരുന്നടി–-61 എണ്ണം. അതിൽ 47 എണ്ണം മത്സരങ്ങൾക്കിടെയാണ്‌. ദേശീയ മരുന്ന്‌ പരിശോധനാ ലാബിന്റെ (എൻഡിടിഎൽ) റിപ്പോർട്ട്‌ പ്രകാരം 2023ൽ 1223 സാമ്പിളുകളാണ്‌ ആകെ പരിശോധിച്ചത്‌. ഭാരോദ്വഹനമാണ്‌ തൊട്ടുപിന്നിൽ. 38 പേരാണ്‌ മരുന്നടിച്ചത്‌. അതിൽ 26 എണ്ണം മത്സരങ്ങൾക്കിടെ നടത്തിയ പരിശോധനയിലായിരുന്നു. ആകെ പരിശോധിച്ചത്‌ 451 സാമ്പിളുകൾ. ശതമാനം കൂടുതൽ ഭാരോദ്വഹനത്തിലാണ്‌–-8.4. പവർലിഫ്‌റ്റിങ്‌ (28), ഗുസ്‌തി (10), ജൂഡോ (6), സൈക്ലിങ്‌ (5), പാരാ അത്‌ലറ്റിക്‌സ്‌ (5), ബോഡി ബിൽഡിങ്‌ (5) എന്നിവയാണ്‌ തൊട്ടുപിന്നിൽ.


2009ൽ നാഡ നിലവിൽനിന്നശേഷം ഇത്രയും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നത്‌ ആദ്യമായാണ്‌. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 12.5 ശതമാനം കൂടുതൽ. 2023ലെ പോസിറ്റിവിറ്റി നിരക്ക്‌ മറ്റ്‌ രാജ്യങ്ങളേക്കാൾ കൂടുതലാണ്‌. ചൈന (28,197 സാമ്പിളുകൾ, 0.2 ശതമാനം), അമേരിക്ക (6798, 1.0 ശതമാനം), ഫ്രാൻസ്‌ (11368, 0.9 ശതമാനം), ജർമനി (15153, 0.4 ശതമാനം), റഷ്യ (10395, 1.0 ശതമാനം). മരുന്നടിക്കാരുടെ എണ്ണത്തിൽ ഫ്രാൻസ്‌ (105), റഷ്യ (99), അമേരിക്ക (66), ചൈന (60), ജർമനി (57) എന്നീ രാജ്യങ്ങളും ഇന്ത്യക്കുപിന്നിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home