മണിക്കൂറുകളോളം നീണ്ട ക്യൂ, കടുത്ത നിയന്ത്രണം; എൻബിഎ ഫൈനൽ കാണാനെത്തിയ ട്രംപിനെ കൂവിവിളിച്ച് ആരാധകർ

മത്സരം ആരംഭിക്കുന്നതിന് മുൻപ്, സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തുള്ള വൻ സ്ക്രീനിൽ (ജംബോട്രോൺ) യുഎസ് പ്രസിഡന്റിനെ കാണിക്കുന്നു|Photo Credit: Getty Images
ന്യൂയോർക്ക്: എൻബിഎ ഫൈനൽ ചരിത്രത്തിൽ മത്സരം കാണാനെത്തുന്ന ആദ്യ സിറ്റിംഗ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി. എന്നാൽ, ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന മത്സരത്തിനിടെ കാണികൾ ട്രംപിനെ കനത്ത രീതിയിൽ കൂവിവിളിച്ചാണ് വരവേറ്റത്.
പ്രസിഡന്റിന്റെ വരവിനെത്തുടർന്ന് ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ കാരണം സ്റ്റേഡിയത്തിന് പുറത്ത് രണ്ട് ബ്ലോക്കുകളോളം നീണ്ട ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ദേശീയഗാനാലാപനത്തിനിടെ സ്റ്റേഡിയത്തിലെ വൻ സ്ക്രീനുകളിൽ മിലിട്ടറി സല്യൂട്ട് നൽകുന്ന ട്രംപിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് വലിയ രീതിയിൽ കൂവലുണ്ടായത്. എന്നാൽ, ഈ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ ട്രംപ്, അവിടെ ഉയർന്നത് ഭൂരിഭാഗവും തന്നെ പിന്തുണയ്ക്കുന്ന ആവേശത്തോടെയുള്ള വിളികളായിരുന്നു എന്ന് മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ കൊച്ചുമകൾ കൈ ട്രംപ്, നിക്സ് ടീം ഉടമ ജെയിംസ് ഡോളൻ എന്നിവർക്കൊപ്പമാണ് ട്രംപ് മത്സരം കണ്ടത്. ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡഫി, ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരും ഒപ്പമുണ്ടായിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപ് ജനിച്ചുവളർന്നത് ന്യൂയോർക്കിലെ ക്വീൻസിലാണെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ സ്വാധീനമുള്ള ജന്മനാടുമായി അദ്ദേഹം എപ്പോഴും അത്ര നല്ല ബന്ധത്തിലല്ല.
സുരക്ഷാ വലയത്തിൽ ശൂന്യമായി ബാറുകൾ, വാച്ച് പാർട്ടികൾ മാറ്റി
ന്യൂജേഴ്‌സിയിലെ ഗോൾഫ് ക്ലബ്ബിൽ നിന്നും മറൈൻ വൺ ഹെലികോപ്റ്ററിൽ മൻഹാട്ടനിൽ എത്തിയ ട്രംപ്, പിന്നീട് ഔദ്യോഗിക വാഹനവ്യൂഹത്തിലാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ട്രംപിന്റെ വരവോടെ മാഡിസൺ സ്ക്വയർ ഗാർഡന് ചുറ്റുമുള്ള തെരുവുകളിൽ കാൽനട-വാഹന ഗതാഗതങ്ങൾ പൂർണ്ണമായി നിരോധിച്ചു.
ആയിരക്കണക്കിന് ന്യൂയോർക്ക് പൊലീസുകാരെയും നൂറുകണക്കിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഓരോ ബ്ലോക്കിലും ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ച് വിമാനത്താവളങ്ങൾക്ക് സമാനമായ കടുത്ത പരിശോധനയാണ് ഏർപ്പെടുത്തിയത്.
സാധാരണഗതിയിൽ ഫൈനൽ മത്സരദിവസങ്ങളിൽ വലിയ ലാഭം കൊയ്യാറുള്ള സ്റ്റേഡിയത്തിന് പരിസരത്തെ ബാറുകളും പബ്ബുകളും കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം ആളൊഴിഞ്ഞ് ശൂന്യമായി കിടന്നു. നിയന്ത്രണങ്ങൾ നിക്സ് ടീമിന്റെ ആവേശം കെടുത്തുന്നതാണെന്ന് ആരാധകർ പരാതിപ്പെട്ടു.
സുരക്ഷാ കാരണങ്ങളാൽ മാഡിസൺ സ്ക്വയറിന് പുറത്ത് നടത്താനിരുന്ന ഔദ്യോഗിക 'വാച്ച് പാർട്ടി' റദ്ദാക്കിയതിനെത്തുടർന്ന് ആരാധകർ സമീപത്തെ ബ്രയന്റ് പാർക്കിലാണ് ഒത്തുകൂടിയത്. നിക്സ് ടീമിന്റെ ഓറഞ്ചും നീലയും ജേഴ്സിയണിഞ്ഞ് പതിനായിരക്കണക്കിന് ആരാധകരാണ് തെരുവുകളിൽ കളി കാണാൻ തടിച്ചുകൂടിയത്.
ചിലർ കെട്ടിടങ്ങളുടെ മുകളിലും മറ്റും കയറി ലാപ്ടോപ്പിൽ കളി കാണുന്ന കാഴ്ച്ചയും ഉണ്ടായിരുന്നു. ഈ സുരക്ഷാ ബുദ്ധിമുട്ടുകൾ തികച്ചും അലോസരപ്പെടുത്തുന്നതാണെന്ന് ഭൂരിഭാഗം പേരും പറഞ്ഞപ്പോൾ, ട്രംപ് മത്സരം കാണാൻ എത്തിയത് നല്ലൊരു കാര്യമാണെന്ന് അഭിപ്രായപ്പെട്ട ആരാധകരുമുണ്ടായിരുന്നു.
റെക്കോർഡ് ടിക്കറ്റ് നിരക്കും നിക്സിന്റെ തോൽവിയും
1999-ന് ശേഷം ആദ്യമായി ഫൈനലിൽ പ്രവേശിച്ച ന്യൂയോർക്ക് നിക്സിന്റെ മത്സരം കാണാൻ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനാൽ ടിക്കറ്റ് നിരക്കുകൾ റെക്കോർഡ് ഉയരത്തിലായിരുന്നു. ഓൺലൈൻ റീസെയിൽ സൈറ്റുകളിൽ കളി കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് തന്നെ 10,000 ഡോളറിലധികം (ഏകദേശം 9 ലക്ഷത്തിലധികം രൂപ) ആയിരുന്നു.
മികച്ച സീറ്റുകൾക്ക് ഒരു ലക്ഷം ഡോളർ വരെ വില ഉയർന്നു. ടിക്കറ്റ് നിരക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ "ടെലിവിഷനിൽ കളി കാണുന്നത് ഏതാണ്ട് സൗജന്യമാണ്, അതാണ് ജീവിതരീതി" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നഗരസഭ മേയർ സോഹ്റാൻ മംദാനി താൻ 1,000 ഡോളർ നൽകിയാണ് ടിക്കറ്റ് എടുത്തതെന്ന് വ്യക്തമാക്കി.
അതേസമയം, ഏഴ് മത്സരങ്ങളുള്ള ഫൈനൽ പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ സാൻ അന്റോണിയോ സ്പർസ് 115-111 എന്ന സ്കോറിന് ന്യൂയോർക്ക് നിക്സിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പരയിൽ നിക്സിന്റെ ലീഡ് 2-1 ആയി കുറഞ്ഞു.
ട്രേസി മോർഗൻ, ടീന ഫേ, ബെൻ സ്റ്റില്ലർ, തിമോത്തി ഷാലമേ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളും മത്സരം കാണാൻ എത്തിയിരുന്നു. ടീമിനോടുള്ള ആദരസൂചകമായി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഉൾപ്പെടെയുള്ള ന്യൂയോർക്കിലെ പ്രമുഖ ആകാശചുംബികളായ കെട്ടിടങ്ങൾ ഓറഞ്ച്, നീല വെളിച്ചങ്ങളാൽ അലങ്കരിച്ചിരുന്നു.









0 comments