ഇറ്റാലിയൻ ലീഗ് ഫോട്ടോഫിനിഷിലേക്ക് ; ഒരുകളി ശേഷിക്കെ നാപോളി 79, ഇന്റർ 78

നാപോളിയുടെ സ്-കോട് മക്-ടോമിനിയെ വീഴ്-ത്തുന്ന പാർമയുടെ ദെൽ പ്രാറ്റോ

Sports Desk
Published on May 20, 2025, 04:20 AM | 1 min read
സാൻസിറോ
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരുകളി ശേഷിക്കെ നാപോളിയും ഇന്റർ മിലാനും കിരീടത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്. ഒന്നാമതുള്ള നാപോളിക്ക് 79ഉം രണ്ടാമതുള്ള ഇന്ററിന് 78ഉം പോയിന്റാണുള്ളത്. കഴിഞ്ഞദിവസം ഇരുടീമുകളും സമനിലയിൽ കുരുങ്ങുകയായിരുന്നു. നാപോളിയെ പാർമ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. ഇന്റർ ലാസിയോയുമായുള്ള കളിയിൽ 2–-2ന് പിരിഞ്ഞു.
അവസാന കളിയിൽ കാഗ്ലിയാരിയാണ് നാപോളിയുടെ എതിരാളി. നിലവിലെ ചാമ്പ്യൻമാരായ ഇന്റർ കോമോയെ നേരിടും. ജയിച്ചാൽ നാപോളിക്ക് ചാമ്പ്യൻമാരാകാം.
പതിനാറാം സ്ഥാനത്തുള്ള പാർമയ്‌ക്കെതിരെ മോശംപ്രകടനമായിരുന്നു നാപോളിയുടേത്. തരംതാഴ്‌ത്തൽ മേഖലയിൽനിന്ന് രണ്ടുപടിമാത്രം മുന്നിലുള്ള ടീമാണ് പാർമ. കളിയിൽ നിയന്ത്രണം നേടിയെങ്കിലും നാപോളി മുന്നേറ്റത്തിന് ഗോൾ കീപ്പർ സിയോ സുസുക്കിയെമാത്രം കീഴടക്കാനായില്ല. സ്‌കോട് മക്‌ടോമിനിയുടെ ഫ്രീകിക്ക് സുസുക്കി തട്ടിയകറ്റി. മറുവശത്ത് ഇന്റർ മിലാൻ ലാസിയയോട് സമനില വഴങ്ങിയപ്പോഴാണ് നാപോളി ആശ്വസിച്ചത്. നാപോളി ആരാധകരും കളിക്കാരും അത് ആഘോഷിക്കുകയുംചെയ്‌തു.
നാപോളിയെ മറികടക്കാനുള്ള സുവർണവാസരമായിരുന്നു ഇന്റർ പാഴാക്കിയത്. യാൻ ഓറെൽ ബിസെക്കിന്റെ ഗോളിൽ ഇന്ററാണ് സ്വന്തം തട്ടകത്തിൽ ലീഡ് നേടിയത്. എന്നാൽ, കളി തീരാൻ ഇരുപത് മിനിറ്റ് ശേഷിക്കെ പെഡ്രോ ലാസിയോയെ ഒപ്പമെത്തിച്ചു. ഇന്റർ വിട്ടുകൊടുത്തില്ല. ഏഴ് മിനിറ്റിനുള്ളിൽ ഡെൻസെൽ ഡംഫ്രിസിന്റെ ഗോളിൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. വിജയാഘോഷം തുടങ്ങുന്നതിനിടെയാണ് റഫറി പെനൽറ്റിക്ക് വിസിലൂതിയത്. പെഡ്രോയെ കാസ്‌റ്റല്ലനോസ് ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്ക് എടുത്ത പെഡ്രോ തന്റെ രണ്ടാം ഗോളിലൂടെ ഇന്ററിന്റെ മോഹം ചാമ്പലാക്കി.
കളിയിൽ പരിശീലകൻ സിമിയോണി ഇൻസാഗിക്ക് ചുവപ്പുകാർഡ് കിട്ടി. പാർമയ്‌ക്കെതിരായ കളിയിൽ നാപോളി കോച്ച് അന്റോണിയോ കോന്റെയ്‌ക്കുനേരെയും നടപടിയുണ്ടായി. ഇരുവർക്കും അവസാന മത്സരത്തിൽ വരയ്‌ക്കരികിൽ നിൽക്കാനാകില്ല.
0 comments