പിന്നിട്ടുനിന്ന ഗോകുലത്തിന് സമനില നൽകി ഷിൽക്കി
മിന്നൽ ഷിൽക്കി ; ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് സമനില
ഒഡിഷ എഫ്സിക്കെതിരെ ഗോകുലം കേരളയുടെ സമനില ഗോൾ നേടിയ ഷിൽക്കിയുടെ (വലത്ത്) ആഹ്ലാദം /ഫോട്ടോ: ബിനുരാജ്
ആർ അജയ്ഘോഷ്
Published on Jan 11, 2025, 12:15 AM | 1 min read
കോഴിക്കോട്
പത്തൊമ്പതുകാരി ഷിൽക്കി ദേവിയുടെ മനോഹര ഗോളിൽ ചാമ്പ്യൻമാരായ ഒഡിഷ എഫ്‌സിയെ തളച്ച് ഗോകുലം കേരള. ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോൾ പുതിയ സീസണിലെ ആദ്യ കളിയിൽ മൂന്നുതവണ ജേതാക്കളായ ഗോകുലവും നിലവിലെ ചാമ്പ്യൻമാരായ ഒഡിഷയും ഓരോ ഗോളടിച്ച് പിരിഞ്ഞു.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ആതിഥേയരെ 87–-ാം മിനിറ്റിലാണ് മധ്യനിര താരം ഷിൽക്കി ഒപ്പമെത്തിച്ചത്. ഒഡിഷയ്‌ക്കായി ലിൻഡ കോം വല കുലുക്കി.
പൂർണ ആധിപത്യവുമായി തുടക്കംമുതൽ ആക്രമിച്ച് കളിച്ച ഗോകുലത്തെയാണ് മൈതാനത്ത് കണ്ടത്. കഴിഞ്ഞ സീസണിൽ ഗോൾവേട്ടയിൽ ഒന്നാമതുണ്ടായ ഉഗാണ്ടൻ സ്‌ട്രൈക്കർ ഫസീലയും പുതുതായി ടീമിലെത്തിയ കെനിയൻ മുന്നേറ്റതാരം കാതറിനും ഒഡിഷയുടെ ഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും ലക്ഷ്യം പിഴച്ചു.
പ്രതിരോധ മതിൽ തകർത്ത് മുന്നേറിയ ഗോകുലത്തെ തടഞ്ഞ് ഗോൾകീപ്പർ ശ്രേയ പലകുറി സന്ദർശകരുടെ രക്ഷകയായി. പത്താംമിനിറ്റിൽ ബോക്‌സിന് വലതുഭാഗത്തുനിന്ന് ഫസീല നീട്ടിനൽകിയ പന്ത് ശ്രേയ തട്ടിയകറ്റി. 61–-ാംമിനിറ്റിൽ ലിൻഡയിലൂടെ ഒഡിഷ ലീഡെടുത്തു. ബോക്‌സിനകത്ത് ലഭിച്ച പല അവസരങ്ങളും ഗോകുലം പാഴാക്കി. ഗോളെന്ന് ഉറച്ച പന്ത് ഫസീല ബാറിന് മുകളിലൂടെ പായിച്ചു. എന്നാൽ, പിന്നാലെ ഷിൽക്കി സമനില സമ്മാനിച്ചു. ബോക്‌സിൽ ഒഡിഷൻ താരത്തിന്റെ കാലിനിടയിലൂടെ പന്തെടുത്ത് തിരിഞ്ഞുനിന്നെടുത്ത ഷോട്ട് മലബാറിയൻസിന് ആശ്വാസം പകർന്ന് വലയിൽ വിശ്രമിച്ചു.
മണിപ്പുർ സ്വദേശിയായ ഷിൽക്കിയാണ് കളിയിലെ താരം. ഇന്ത്യൻ ടീമിലെ പ്രധാന താരം കൂടിയാണ്. അവസാന സീസണിൽ രണ്ട് പോയിന്റിന് നഷ്‌ടമായ കിരീടം തിരിച്ചുപിടിക്കാൻ കളത്തിലിറങ്ങിയ ഗോകുലത്തിന് ആദ്യകളിയിൽ ഒരു പോയിന്റാണ് സമ്പാദ്യം. 15ന് ബംഗളൂരുവിൽ കർണാടക കിക്ക്‌സ്‌റ്റാർട്ട് എഫ്‌സിക്കെതിരെയാണ് അടുത്ത കളി.
0 comments