print edition ഒറ്റക്കളമോ

കനത്ത ചൂടിനെ തുടർന്ന് നോർവെ താരങ്ങൾ പരിശീലനത്തിനിടെ വിശ്രമിക്കുന്നു
മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും മനോഹര ലോകകപ്പെന്നാണ് ഫിഫയുടെ ഉറപ്പ്. അമേരിക്കയും കാനഡയും മെക്‌സിക്കോയും ഒരുപോലെ തയ്യാറായി. 48 ടീമുകളും അവസാനവട്ട ഒരുക്കം പൂർത്തിയാക്കി. ആയുധങ്ങളെ ഒരിക്കൽക്കൂടി മിനുക്കി. ലോകകപ്പ് കിരീടം സ്വപ്‌നമായെത്തുന്ന രാജ്യങ്ങളും പോരടിച്ച് മുന്നേറാനെത്തുന്നവരും ആദ്യമായി ലോകവേദിയിൽ കാലുകുത്താൻ കാത്തിരുന്നവരുമെല്ലാം ഒരു ചുവട് അരികെയെത്തി. എല്ലാവരുടെയും കാത്തിരിപ്പിന് ഇനി ഒരു ദിവസം മാത്രം ബാക്കി.
ഏറ്റവും മികച്ചതായിരിക്കുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റീനോ പറയുന്നു. പക്ഷേ, കളത്തിൽ ചെറുതല്ലാത്തവിധം ആശങ്കകൾ ഉയരുകയാണ്. കൂട്ടായ്‌മയുടെ ആനന്ദം അവിടെ കാണുന്നില്ല. പന്തുരുളാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ഇറാനിലെ കാണികൾക്കുള്ള അമേരിക്കയിലേക്കുള്ള വിലക്ക് ഒഴിവാക്കിയ നടപടി ഫിഫ വീണ്ടും മരവിപ്പിച്ചു. ഇറാൻ ടീമിലെ പല അംഗങ്ങൾക്കും വിസ ലഭിച്ചിട്ടില്ല.
48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പിൽ കാൽഭാഗത്തോളം രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കുണ്ട്. കടുത്ത നിയന്ത്രണങ്ങളും വിസാ പ്രശ്‌നങ്ങളും വേറെ. വൻതുക കെട്ടിവച്ചാണ് അൾജീരിയ, സെനെഗൽ, ഐവറി കോസ്‌റ്റ്, കേപ് വെർദെ, ടുണീഷ്യ രാജ്യങ്ങളിലെ കാണികൾക്ക് കഴിഞ്ഞ മാസം വിസ ലഭിച്ചത്. റഫറിമാർക്കും മാധ്യമ പ്രവർത്തകർക്കുമെല്ലാം ഇതേ ആശങ്കയുണ്ട്. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വന്നശേഷം സൊമാലിയപോലുള്ള രാജ്യങ്ങൾക്ക് സന്പൂർണ വിലക്കാണ്. കളിക്കാർ, ആരാധകർ, റഫറിമാർ അങ്ങനെ ആരും സ്വതന്ത്രരല്ല. എവിടെയാണ് ഒരുമയുടെ കളമെന്ന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റൻ ക്രെയ്‌ഗ് ഫോസ്‌റ്റർ ചോദിക്കുന്നു.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ബോംബാക്രമണത്തിൽ തകർന്നുപോയ കുരുന്നു ജീവനുകളുടെ ഓർമകളുമായാണ് ഇറാൻ എത്തുന്നത്. അതിസമ്മർദത്തിലാണ് ഇറാൻ ടീം അമേരിക്കയിൽ കളിക്കുക. അടിമുടി രാഷ്‌ട്രീയവത്‌കരിക്കപ്പെട്ട ലോകകപ്പാണ് നടക്കാൻ പോകുന്നത്. അധിനിവേശത്തിന് ഇരയായ രാജ്യങ്ങളും കളിക്കാനെത്തുന്ന ലോകകപ്പാണിതെന്ന് ഫോസ്‌റ്റർ പറഞ്ഞു.
ചൂടാണ് മറ്റൊരു ഘടകം. മൂന്ന് രാജ്യങ്ങളിൽനിന്നുള്ള 16 സ്‌റ്റേഡിയങ്ങളിൽ 14ലും അപകടകരമായ രീതിയിലാണ് ചൂടുയരുന്നത്. വളരെയധികം ചെലവേറിയ ലോകകപ്പാണിത്. അമേരിക്കയിൽ ടിക്കറ്റ് നിരക്ക് കുതിച്ചു. സ്‌റ്റേഡിയങ്ങൾ തമ്മിലുള്ള അന്തരം കളിക്കാർക്കും കാണികൾക്കും ബുദ്ധിമുട്ടായി മാറും. അതേസമയം, ഫിഫയ്‌ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ലോകകപ്പായി മാറാൻ പോവുകയാണ് ഇൗ പതിപ്പ്. ഉയർന്ന ടിക്കറ്റ് നിരക്കും സംപ്രേക്ഷണാവകാശവും വഴി വൻതുക ഇതിനകം സ്വന്തമാക്കി.
മെക്‌സിക്കോയിലെ ഐതിഹാസികമായ അസ്‌റ്റെക സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. ഇന്ത്യൻ സമയം നാളെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്പോൾ അസ്‌റ്റെക സ്‌റ്റേഡിയം പുതിയ ചരിത്രമെഴുതുകയാണ്. മൂന്ന് വ്യത്യസ്‌ത ലോകകപ്പുകളുടെ ഉദ്‌ഘാടന വേദി. അതേസമയം, ലോകകപ്പിലെ 70 ശതമാനം മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്.










0 comments