Deshabhimani

ചാമ്പ്യൻസ്‌ ലീഗിൽ 
അഴ്‌സണൽ x പിഎസ്‌ജി ; ആദ്യപാദ സെമി ഇന്ന് ലണ്ടനിൽ

Champions League football
avatar
Sports Desk

Published on Apr 29, 2025, 12:00 AM | 1 min read


ലണ്ടൻ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ അഴ്‌സണൽ ഇന്ന്‌ പിഎസ്‌ജിയെ നേരിടും. അഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തിലാണ്‌ ആദ്യപാദ പോരാട്ടം. കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇരുടീമുകളും തകർപ്പൻ പ്രകടനവുമായാണ്‌ അവസാന നാലിൽ ഇടംപിടിച്ചത്‌. നിലവിലെ ജേതാക്കളും പ്രതാപശാലികളുമായ റയൽ മാഡ്രിഡിനെ ഇരുപാദ ക്വാർട്ടറിൽ 5–-1ന്‌ തകർത്താണ്‌ പീരങ്കിപ്പടയുടെ വരവ്‌. ഫ്രഞ്ച്‌ ലീഗ്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയാകട്ടെ ആസ്റ്റൺ വില്ലയെ 5–-4ന്‌ മറികടന്നു.


പതിനാറ്‌ വർഷത്തിനുശേഷമാണ്‌ അഴ്‌സണൽ ചാമ്പ്യൻസ്‌ ലീഗ്‌ സെമി കളിക്കുന്നത്‌. ഇതുവരെയും യൂറോപ്പിന്റെ ചാമ്പ്യൻമാരായില്ലെന്ന ചീത്തപ്പേര്‌ മായ്‌ക്കാനാണ്‌ മൈക്കേൽ അർടേറ്റയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്തുള്ള ടീം ചാമ്പ്യൻസ്‌ ലീഗിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു. ബുകായോ സാക്ക, ക്യാപ്‌റ്റൻ മാർട്ടിൻ ഒദേഗാർദ്‌ തുടങ്ങിയ യുവനിരയിലാണ്‌ പ്രതീക്ഷ.


മറുഭാഗത്ത്‌ ലൂയിസ്‌ എൻറിക്വെയ്‌ക്ക്‌ കീഴിൽ ഫ്രാൻസിൽ ആറ്‌ കളി ശേഷിക്കെ കിരീടമുയർത്തിയ പിഎസ്‌ജിയുടെ അവസാന ആറ്‌ സീസണുകൾക്കിടെയുള്ള നാലാം സെമിയാണ്‌. ഫ്രഞ്ച്‌ ലീഗിൽ മുപ്പത്‌ കളിയിൽ അജയ്യരായ ടീം അവസാനത്തേതിൽ നീസിനോട്‌ തോറ്റാണ്‌ വരുന്നത്‌. ദിസിരെ ദുവെ, ഉസ്‌മാൻ ഡെംബെലെ എന്നിവർ അണിനിരക്കുന്ന മുന്നേറ്റനിരയാണ്‌ കരുത്ത്‌.



deshabhimani section

Related News

View More
0 comments
Sort by

Home