വനിതാ പ്രീമിയർ ക്രിക്കറ്റ് ; ബംഗളൂരുവിന് രണ്ടാംജയം

വഡോദര
വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് രണ്ടാംജയം. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു.
സ്‌കോർ: ഡൽഹി 141 (19.3), ബംഗളൂരു 146/2 (16.2)
അനായാസം റണ്ണടിച്ചാണ് ബംഗളൂരുവിന്റെ ജയം. ഓപ്പണർമാരായ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ഡാനി വ്യാറ്റ് ഹോഡ്‌ജും 10 ഓവറിൽ 102 റണ്ണടിച്ചുകൂട്ടി. സ്‌മൃതി 27 പന്തിൽ അർധസെഞ്ചുറി നേടി. ഹോഡ്‌ജ് 42 റണ്ണെടുത്തു. സ്‌മൃതി 47 പന്തിൽ 81 റൺ നേടി. അതിൽ 10 ഫോറും മൂന്ന് സിക്‌സറുമുണ്ട്. ഓപ്പണിങ് കൂട്ടുകെട്ട് 107 റണ്ണടിച്ചു. എല്ലിസെ പെറിയും (7) റിച്ചാഘോഷും (11) വിജയത്തിലെത്തിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഡൽഹി നിരയിൽ 34 റണ്ണെടുത്ത ജെമീമ റോഡ്രിഗസിനാണ് ഉയർന്ന സ്‌കോർ. ഓപ്പണർ ഷെഫാലി വർമ ആദ്യപന്തിൽ പുറത്തായത് തിരിച്ചടിയായി. ക്യാപ്‌റ്റൻ മെഗ് ലാന്നിങ് 17 റണ്ണെടുത്തു. ബംഗളൂരുവിനായി രേണുകാസിങ്ങും ജോർജിയ വെയർഹാമും മൂന്ന് വിക്കറ്റ്‌വീതം വീഴ്‌ത്തി. മലയാളി ബൗളർ വി ജെ ജോഷിത രണ്ട് ഓവറിൽ 21 റൺ വഴങ്ങി.
Related News

0 comments