ഞെട്ടിച്ച് വിഘ്നേഷ്

ചെന്നൈ: അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ മലയാളി സ്‌പിന്നർ വിഘ്നേഷ് പുത്തൂർ ഞെട്ടിച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ മൂന്ന് വിക്കറ്റെടുത്ത് ഇടംകൈയൻ ബൗളർ അരങ്ങേറ്റം ഗംഭീരമാക്കി. ഋതുരാജ് ഗെയ്‌ക്ക്‌വാദ് (53), ശിവം ദുബെ (9), ദീപക് ഹൂഡ (3) എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. നാല് ഓവറിൽ വിട്ടുകൊടുത്തത് 32 റൺ. അവസാന ഓവറിലാണ് രണ്ട് സിക്‌സർ അടക്കം 15 റൺ അടിച്ചത്. കേരള സീനിയർ ടീമിനുവേണ്ടി കളിക്കാതെയാണ് ഐപിഎൽ അരങ്ങേറ്റം. രോഹിത് ശർമയ്‌ക്കുപകരം സ്വാധീനതാരമായാണ് പന്തെറിയാനെത്തിയത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്.
പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. ലീഗിലെ മികച്ച പ്രകടനമാണ് മുംബൈ ടീമിലെത്തിച്ചത്. പന്ത് തിരിക്കാൻ വിരലുകൾക്കുപകരം കൈക്കുഴ ഉപയോഗിക്കുന്ന ചൈനാമാൻ രീതിയാണ് ഇരുപത്തിനാലുകാരന്റെ സവിശേഷത. പെരിന്തൽമണ്ണയിലെയും മലപ്പുറത്തെയും സാധാരണ മൈതാനങ്ങളിൽ കളിച്ചാണ് തുടക്കം. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർവീട്ടിൽ സുനിലിന്റെയും കെ പി ബിന്ദുവിന്റെയും മകനാണ്.
0 comments