വൈഭവ് ആറാടുന്നു; യൂത്ത് ക്രിക്കറ്റിൽ ചരിത്രമെഴുതി താരം

ബ്രിസ്‌ബെയ്ൻ: യൂത്ത് ക്രിക്കറ്റിൽ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി കുതിപ്പ് തുടരുന്നു. യൂത്ത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന പുതുചരിത്രമാണ് വൈഭവ് ബുധനാഴ്ച സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവിന്റെ നേട്ടം.
10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സറുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. 21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സറുകളടിച്ച ഇന്ത്യൻ താരം ഉൻമുക്ത് ചന്ദിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും വൈഭവിന്റെ പേരിലാണ്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യൻ അണ്ടർ 19നായി 52 പന്തിലാണ് ഇടംകൈയൻ മൂന്നക്കം കണ്ടത്. പാകിസ്ഥാന്റെ കമ്രാം ഗുലാമിന്റെ 53 പന്തിലുള്ള റെക്കോഡ് തിരുത്തിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ സെഞ്ചുറി നേടിയും ബിഹാറുകാരൻ അമ്പരപ്പിച്ചിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം യൂത്ത് ഏകദിന മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ അണ്ടർ 19 ടീം ജയിച്ചത്. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിങ്സ് 249 റൺസിൽ അവസാനിച്ചു.









0 comments