സിക്‌സർ സൂര്യവംശി


Sports Desk
Published on Jul 04, 2025, 12:00 AM | 1 min read
നോർതാംപ്‌ടൺ
കൗമാരക്കാരൻ വൈഭവ് സൂര്യവംശിക്ക് മറ്റൊരു റെക്കോഡ് കൂടി. അണ്ടർ 19 ഏകദിന ക്രിക്കറ്റിലെ ഒരുമത്സരത്തിൽ കൂടുതൽ സിക്‌സർ പറത്തുന്ന ഇന്ത്യൻ താരമായി പതിനാലുകാരൻ. ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തിലാണ് നേട്ടം. ഇടംകൈയൻ ഒമ്പത് സിക്‌സർ പറത്തി. മൻദീപ് സിങ്ങിന്റെ റെക്കോഡാണ് തിരുത്തിയത്.
മത്സരത്തിൽ 31 പന്തിൽ 86 റണ്ണാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഒമ്പത് സിക്‌സറിനൊപ്പം ആറ് ഫോറും കണ്ടെത്തി. കളിയിൽ നാല് വിക്കറ്റിനായിരുന്നു ജയം. 269 റൺ ലക്ഷ്യം 34.3 ഓവറിൽ നേടി. 42 പന്തിൽ പുറത്താകാതെ 43 റണ്ണെടുത്ത കൗശിക് ചൗഹാനും തിളങ്ങി.
മൂന്ന് കളിയിൽ 179 റണ്ണാണ് സൂര്യവംശി നേടിയത്. 213ആണ് ബാറ്റിങ് പ്രഹരശേഷി.
അഞ്ച് മത്സര പരമ്പരയിൽ നാലാമത്തേത് നാളെയാണ്. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര കിട്ടും. നിലവിൽ 2–-1ന് മുന്നിലാണ്.









0 comments