വിസ്‌മയം വൈഭവം ; വൈഭവ് സൂര്യവംശിക്ക് 35 പന്തിൽ സെഞ്ചുറി


Sports Desk
Published on Apr 29, 2025, 12:00 AM | 2 min read
ജയ്‌പുർ : ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ഒരു പതിനാലുകാരൻ. 35 പന്തിൽ സെഞ്ചുറി. അതിൽ 11 സിക്‌സറും ഏഴ് ഫോറും. സെഞ്ചുറി പൂർത്തിയാക്കിയത് സിക്‌സർ പറത്തി. ട്വന്റി 20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി. ആ അത്ഭുതബാലന്റെ പേര് വൈഭവ് സൂര്യവംശി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായം ബാറ്റിനാൽ എഴുതിച്ചേർത്താണ് മടക്കം.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. തോൽവികളിൽ തളർന്നുവീണ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റിന്റെ ജയവുമൊരുക്കി. 210 റൺ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 15.5 ഓവറിലാണ് ജയംകുറിച്ചത്. ഗുജറാത്ത് നാലിന് 209 റണ്ണെടുത്തു.
ഐപിഎൽ ചരിത്രത്തിലെ 18 വർഷത്തിനിടയിൽ ഇത്തരമൊരു ബാറ്റിങ് പ്രകടനം ആദ്യം. ട്വന്റി 20 ക്രിക്കറ്റിൽ ഇത്രയും ചെറുപ്പത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരം. 14 വർഷവും 32 ദിവസവുമാണ് പ്രായം. മഹാരാഷ്‌ട്രയുടെ വിജയ് സോളിന്റെ പേരിലുള്ള റെക്കോഡ് തിരുത്തി. 18 വർഷവും 118 ദിവസവുമായിരുന്നു സെഞ്ചുറി നേടുമ്പോൾ സോളിന്റെ പ്രായം.
37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ പേരിലായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി. ഐപിഎല്ലിൽ വെസ്‌റ്റിൻഡീസുകാരൻ ക്രിസ് ഗെയ്‌ലിനുപിന്നിൽ രണ്ടാമനായി സൂര്യവംശി. ഗെയ്‌ൽ 30 പന്തിലാണ് സെഞ്ചുറി നേടിയത്.
ഗുജറാത്തിനെതിരെ രണ്ടുംകൽപ്പിച്ചായിരുന്നു സൂര്യവംശി ബാറ്റ് വീശിയത്. നേരിട്ട മൂന്നാം പന്തിൽ സിക്‌സർ. നാലാംഓവർ എറിയാനെത്തിയ ഇശാന്ത് ശർമയെ മൂന്ന് സിക്‌സറിനും രണ്ട് ഫോറിനും ശിക്ഷിച്ചു. വാഷിങ്‌ടൺ സുന്ദറിനെ തുടർച്ചയായ രണ്ട് സിക്‌സറും ഫോറും പറത്തിയായിരുന്നു അർധസെഞ്ചുറി. 17 പന്തിലായിരുന്നു നേട്ടം. പത്താം ഓവറിലാണ് അത്ഭുതപ്രകടനം കണ്ടത്. കരിം ജാനതിന്റെ ഒരോവറിൽ 30 റണ്ണാണ് നേടിയത്. മൂന്നുവീതം സിക്‌സറും ഫോറും. അടുത്ത ഓവറിൽ വിഖ്യാത സ്‌പിന്നർ റഷീദ് ഖാനെ സിക്‌സറിന് തൊടുത്ത് സെഞ്ചുറി. കുട്ടിത്തം വിട്ടുമാറാത്ത മുഖത്ത് പുഞ്ചിരി വിടർന്നു. ഗുജറാത്ത് താരങ്ങളും അവനെ അഭിനന്ദിച്ചു. പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ ബൗൾഡായി മടങ്ങുമ്പോഴേക്കും രാജസ്ഥാനെ ജയത്തിന് അരികെ എത്തിച്ചിരുന്നു.
യശ്വസി ജയ്‌സ്വാളും (40 പന്തിൽ 70) റിയാൻ പരാഗും (15 പന്തിൽ 32) ജയം പൂർത്തിയാക്കി.
ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെയും (50 പന്തിൽ 84) ജോസ് ബട്‌ലറുടെയും (26 പന്തിൽ 50) തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഗുജറാത്ത് 209 റണ്ണടിച്ചത്. പരിക്കുമാറാത്ത സഞ്‌ജു സാംസൺ രാജസ്ഥാൻ നിരയിലുണ്ടായിരുന്നില്ല.
‘അത്ഭുത ബാലൻ’
വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ അണ്ടർ 19 ടീമിൽ തിളങ്ങിയ ബീഹാറുകാരൻ. പതിമൂന്നാം വയസിൽ ഐപിഎൽ ചരിത്രത്തിൽ ലേല പട്ടികയിൽ ഇടംപിടിച്ചപ്പോൾ അത് ചരിത്രമായി. 1.10 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ഇടംകൈയൻ ബാറ്ററെ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ അരങ്ങേറിയതോടെ ഐപിഎൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി.
നാലാംവയസ്സിൽ കളിതുടങ്ങിയതാണ് വൈഭവ്. 2011ൽ ബിഹാറിലെ തജ്‌പുരിലാണ് ജനനം. മകന്റെ ക്രിക്കറ്റ് ഭ്രമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ് പ്രോത്സാഹനം നൽകിയത്. വീട്ടുമുറ്റം കളമാക്കി. ഒമ്പതാം വയസ്സിൽ അക്കാദമിയിൽ. രണ്ടരവർഷംകൊണ്ട് ബിഹാർ അണ്ടർ 16 ടീമിൽ ഇടം. ഈ സീസണിൽ സീനിയർ ടീമിനായി അരങ്ങേറി. രഞ്‌ജി കളിച്ചു. ടൂർണമെന്റ് കളിക്കുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ്. ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ 58 പന്തിൽ സെഞ്ചുറി അടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ഐപിഎല്ലിൽ മൂന്ന് കളിയിൽ നേടിയത് 151 റൺ.









0 comments